പ്രണയാനന്തരം

പ്രണയം ..!
പ്രളയമായ് സ്നേഹം
പ്രാപിക്കുന്ന
പ്രക്രിയ

കുത്തൊഴുക്കിൽ
തട്ടിത്തകർന്ന്
പൊട്ടിച്ചിതറി
ധൂമമായ്
പൊടിഞ്ഞില്ലാതാകുന്ന
ധാർഷ്ഠ്യമായിരിക്കുമത് –
പലപ്പോഴും..!

പ്രണയവിസ്ഫോടനം
നടന്നാൽ പിന്നെ,
കുതിരയ്ക്ക്
മുഖക്കുടുക്ക്
കെട്ടിയ പ്രതീതിയായിരിക്കും..
മുന്നോട്ടുള്ള വഴി മാത്രമേ
കാഴ്ച്ചയിൽ തെളിയൂ ..

വളഞ്ഞും പുളഞ്ഞും
മുന്നേറുമ്പോൾ
ഇടത്തും വലത്തുമൊന്നും
കാണാത്തവിധമത്
വൻമതിലുകൾ തീർക്കുന്നു ..

അച്ചനില്ല
അമ്മയില്ല –
അമ്മിഞ്ഞപ്പാലുമില്ല..
താരാട്ടു പാട്ടില്ല
താളമേളങ്ങളില്ല …
കണ്ണിലൊരു മുഖവും
കാതിലൊരു സ്വരവും മാത്രം !

ഈണമായ് ശ്രുതിയായ്
ഇണയുടെ തേനൂറുംവാക്കും
വശ്യമാം നോക്കും
നില്പുമിരിപ്പും നടപ്പുംകിടപ്പും
കുതിപ്പുംകിതപ്പും മാത്രം ..

അരുതായ്കകളില്ല !
അതിർത്തിക്കല്ലുകൾ
സൗകര്യമനുസരിച്ച്
ഊരിമാറ്റപ്പെടുന്നു..
പുനസ്ഥാപിക്കപ്പെടുന്നു..
പാടെപിഴുതെറിയപ്പെടുന്നു..

റെയിൽപാളം പോലെ
കൂട്ടിമുട്ടില്ലെന്നുറപ്പായാൽ
നടുറോട്ടിലിട്ടു കൊല്ലുന്നത്ര
പകയായതുപരിണമിക്കുന്നു ..

തൂങ്ങിയാടി ആത്മാവുകൾ
ഉടലൂരുമ്പോൾ
പ്രണയം സാഫല്യപ്പെടുന്നു..!

“പ്രാണനിൽ” നിന്നും
ഉത്‌ഭവിച്ചതിനാലാകാം,
ചില പ്രണയങ്ങളിങ്ങനെ
ദേഹം വിട്ടൊഴിഞ്ഞ്
പ്രാണനിലേക്കുതന്നെ
ചേക്കേറുന്നത് !

ജീവിതത്തിലൊന്നിച്ചാൽ തന്നെ,
പുറംചാടുന്ന തനിനിറത്തിൽ
മധുരമെല്ലാം ചോർന്നൊലിച്ച്
കയ്പ്പുരസം പുരളുന്ന
കാല്പനികതയൊട്ടുമില്ലാത്ത
കാപട്യമാണ് പ്രണയം ..!

ഒരിക്കലുമൊരുമിക്കില്ലെന്ന്
കാലം ആണയിട്ടതിൽപ്പിന്നെ
താലിച്ചരടുകൊണ്ട് ബന്ധിക്കപ്പെട്ടവളു(നു)മൊത്ത്
ഖനീഭവിച്ച ദു:ഖവുംപേറി
ഖനിക്കുള്ളിലെ
ഘനാന്ധകാരത്തിൽ
കാലംകഴിക്കുന്നവർ…

എങ്കിലും,
ചിലപ്രണയങ്ങൾ മാത്രം
നിത്യവസന്തമായങ്ങനെ
പൂക്കൾ പൊഴിക്കുന്നു.

പാലക്കാട് ജില്ലയിൽ മണ്ണാർക്കാടിനടുത്ത് പുഞ്ചക്കോട് സ്വദേശി. UAE -യിൽ 25 വർഷമായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളിലും ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും എഴുതിവരുന്നു.