കുപ്പായ കീശ

ഞാൻ കീശ ഇല്ലാത്ത ഒരു കുപ്പായമാണ്.
എവിടെ വേണമെങ്കിലും തൂക്കിയിടാം.
ആരും കൈകടത്തില്ല.
എന്തുകൊണ്ട് കീശ വെക്കുന്നില്ല
എന്ന് ചോദിച്ചാൽ എനിക്കൊന്നും പറയാനില്ല.
അതല്ല, എനിക്കൊന്നും സൂക്ഷിക്കാനില്ല.
എത്ര അലക്കിയിട്ടും നിറം വരാത്തത്
എത്ര തേച്ചിട്ടും ചുളിവ് മാറാത്തത്
ആരും ഇട്ടു നോക്കാത്തത്, മുഷിഞ്ഞത്.
വേണം, ജീവിതത്തിനൊരു കീശ.
എങ്കിലേ എടുത്തുപൊക്കാൻ ആളുണ്ടാകൂ,
തിരുമ്പാനും തിരിച്ചറിയാനും ആളുണ്ടാകൂ.
 
 

ഇരുപതിലേറെ പുസ്തകങ്ങൾ. കവിതയ്ക്കു മഹാകവി കുട്ടമത്ത് അവാർഡ്, കഥക്ക് കമലാ സുരയ്യ അവാർഡ്, തിരക്കഥക്ക്‌ സെവൻ ആർട്സ് ചിത്രഭൂമി അവാർഡ്, നോവലിന് കൈരളി ബുക്ക്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കാസറഗോഡ് ജില്ലയിലെ നീലേശ്വരം സ്വദേശി.