ഓഖി

പ്രണയം തലകീഴായിക്കിടക്കുന്നു;

നീല വിഹായസ്സു ഞാൻ കാണുന്നു.

മഴ മേഘങ്ങളെന്റെ കാഴ്ചകൾ മറയ്ക്കുന്നു;

നീല ജലാശയത്തിലേക്കാണ്ടു പോകുന്നു.

ആകാശ മണ്ഡലത്തിൽ നിന്നി

റങ്ങി വന്ന മാലാഖ കടലാഴങ്ങളിലേക്ക്;

പവിഴ പുറ്റുകൾക്കിടയിൽക്കി

ടന്നെന്നധരങ്ങളിൽ സ്പർശനം.

ഹിമ ശിഖരങ്ങൾക്കിടയിലൂടൊരു യാത്ര,

പ്രണയത്തിൻ നാഗമായ് 

ചുറ്റിവരിഞ്ഞുകിടന്നു ചുടുചുംബനം നൽകി 

രൗദ്രഭാവം പൂണ്ടവൾ! കുതറിത്തെറിക്കുന്നു.

വിശപ്പറിഞ്ഞവൾ, ചാരിത്ര്യത്തിന്റെ 

പുറംതോട് പൊട്ടിപ്പോയവൾ,

ആഴിയുടെ ആഴങ്ങളിലവൾ 

ചുഴിയായി ക്കറങ്ങിത്തിരിഞ്ഞവൾ

ചുഴലിക്കൊടുങ്കാറ്റായി അലറിക്കരഞ്ഞു.

ആരോ ഓഖിയെന്നു വിളിച്ചു.

മുന്നറിയിപ്പായവൾക്കടന്നു പോയി.

ഇനിയും വരുമൊരുനാൾ 

ഈരേഴു സമുദ്രമായ്

നിന്റെയത്യാഗ്രഹത്തിനൊരുതാക്കീതായ്.

ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും ആനുകാലികങ്ങളിലും ചെറുകഥകളും കവിതയും എഴുതുന്നു. കണ്ണൂർ മണത്തണ സ്വദേശി. ജില്ലാ ആയുർവ്വേദ ആശുപത്രിയിൽ ജോലി ചെയ്യുന്നു.