ഒരു വായനക്കാരന്‍ എഴുതിയ കഥകള്‍ (കഥകള്‍)

 
കഥകള്‍ മനുഷ്യരെ മയക്കുന്നതാകണം. അവന്റെ ചിന്തകളെ ഉത്തേജിപ്പിക്കുകയും അവന്റെ രസനകളെ ഊഷരമാക്കുകയും വേണം. ജീവസ്സുറ്റ കഥാപാത്രങ്ങള്‍ മുന്നില്‍ വന്നു നിന്നു വായനക്കാരനോടു സംവദിക്കണം. നോക്കൂ ഞാന്‍ ഇങ്ങനെയാണ്. നിങ്ങൾക്കെന്നെ വിലയിരുത്താം, വിമര്‍ശിക്കാം, സ്നേഹിക്കാം, വെറുക്കാം. ഈ ഒരു വായനാനുഭൂതി കഥകള്‍ക്ക് നല്കാന്‍ കഴിയുമ്പോള്‍ മാത്രമാണു കഥയും കഥാകാരനും വിജയിക്കുന്നത്. ബഷീറിന്റെ കഥകള്‍ വായിക്കുമ്പോള്‍ മനസ്സില്‍ ഉണ്ടാകുന്ന ഒരു അനുഭൂതിയല്ല എം ടി യുടെ കഥകള്‍ക്ക് നല്കാന്‍  കഴിയുക. അതിനു ഘടകവിപരീതമായ ഒരു അനുഭവം ആണ് മാധവിക്കുട്ടിയെ വായിക്കുമ്പോള്‍. സിതാരയെ വായിക്കുമ്പോള്‍ തോന്നുന്ന വികാരവും കെ ആര്‍ മീരയെ വായിക്കുമ്പോള്‍ ഉണ്ടാകുന്ന വികാരവും ഒന്നല്ല. ബിനോയിയെ വായിക്കുമ്പോള്‍ കിട്ടുന്ന സുഖം ഉണ്ണി ആറിലോ തിരിച്ചോ കിട്ടുകയില്ല. പക്ഷേ ഇവരൊക്കെ കഥകള്‍ കൊണ്ട് നമ്മെ കെട്ടിയിടുന്ന ഒരു അനുഭൂതിയുടെ വിവിധങ്ങളായ ആ മേഖലകള്‍ ഉണ്ടല്ലോ അവയുടെ സംഗീതമാണ് കഥയെ വായനാസുഖവും അനുഭൂതിദായകവും ആക്കി നിലനിർത്തുന്നത്. ആനന്ദിനെയും മേതിലിനെയും എന്‍ എസ് മാധവനെയും വായിക്കുന്നതുപോലെ അല്ല പെരുമ്പടവത്തിനെയോ സക്കറിയെയോ വായിക്കുമ്പോള്‍ ഉണ്ടാവുക. വി കെ എന്‍ കഥകള്‍ക്ക് പകരക്കാരനുമില്ല. അശ്ലീലമയം ആയി  കരുതി വായനയെ മടക്കി വയ്ക്കുന്ന പമ്മന്‍ നോവലുകളില്‍ നിന്നും എത്രയോ ദൂരെയാണ്, നേര്‍ വിപരീതമാണ് പമ്മന്‍ കഥകള്‍ . കഥകളില്‍ ഒരുപാടു പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു കാലമാണിത്. സോഷ്യല്‍ മീഡിയകള്‍ അടക്കമുള്ള പ്രതലങ്ങളില്‍ ഇന്ന് ഒരുപാട് എഴുത്തുകള്‍ നമുക്ക് വായിക്കാന്‍ കഴിയുന്നുണ്ട്. ഒട്ടനവധി ഗ്രൂപ്പുകള്‍ തന്നെ ഇന്ന് കഥയ്ക്കായി സോഷ്യല്‍ മീഡിയകളില്‍ ഉണ്ട്. ചിലതൊക്കെ വായനാസുഖം നല്കുന്നുണ്ട് എന്നാല്‍ പലപ്പോഴും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിൽ പലതും കെട്ടി എഴുന്നെള്ളിച്ചുകൊണ്ടു വന്നു ഓശാന പാടുന്ന എഴുത്തുകാരുടെ കോക്കസിനുള്ളില്‍ കിടന്നു ചക്രശ്വാസം വലിക്കുന്ന എഴുത്തുകാരുടെ ഇടമായി മാറുന്നുണ്ട്. ഒരു എഴുത്തുകാരനോ എഴുത്തുകാരിയോ ഉണ്ടാകും അവര്‍ക്ക് ചുറ്റും ഒരായിരം ഓശാനക്കാരും. അവര്‍ അവരുടേതായ മൃദു തടവും തലോടലുകളും കൊടുത്തു വളര്‍ത്തി എടുക്കുന്ന ഇത്തരം എഴുത്താളികള്‍ ഒരിയ്ക്കലും   ഒരു വിമര്‍ശനമോ തുറന്ന വായനയോ എതിര്‍ ശബ്ദമോ സഹിക്കാന്‍ കഴിയാത്ത ദുര്‍ബ്ബല ജീവികള്‍ ആണ്. രാജാവിനെക്കാള്‍ വലിയ രാജഭക്തിയുള്ള ഓശാനക്കാര്‍ക്ക്  രണ്ടാണ് പ്രശ്നം. ഒന്നു തങ്ങളുടെ ദൈവത്തെ വിമര്‍ശിച്ചു. രണ്ടാമത്തത് ഇവന്‍ / ഇവള്‍ ആരട ഇതൊക്കെ പറയാന്‍. വിമര്‍ശിക്കുന്നവരുടെ ജാതകം പരിശോധിച്ച്, അവര്‍ ഇട്ടിരിക്കുന്ന അടിവസ്ത്രത്തിന്റെ വരെ കുറവുകള്‍ കണ്ടെത്തി അവര്‍ ആ ശബ്ദം നിര്‍ത്തിക്കുകയോ ആട്ടിയോടിക്കുകയോ ചെയ്യും. ഗ്രൂപ്പ് മുതലാളിമാരുടെ കാകക്കണ്ണുകളില്‍ ഇവര്‍ക്ക് നേരെ ഉള്ള സഹതാപത്തിന്റെ ജലരേഖകകള്‍ കണ്ടേക്കാം.

കഥകളുടെ രചനാവൈഭവവും വായനാസുഖവും നല്‍കുന്ന കഥകള്‍ തത്ഫലമായി ഇന്ന് കുറഞ്ഞ് വരികയാണ്. ഇതിനൊരപവാദമായി ചുരുക്കം ചില എഴുത്തുകാര്‍ ഉണ്ട് എന്നത് സന്തോഷകരമായ ഒരു അനുഭവം ആണ്. അതിനാല്‍ത്തന്നെ നവീന്‍ എസ് എന്ന എഴുത്തുകാരന്റെ കഥകള്‍ വായിക്കുമ്പോള്‍ വെറും കഥകള്‍ വായിക്കുന്ന ഒരനുഭവം അല്ല, മറിച്ച് നമുക്ക് ചുറ്റും ഉള്ള, കാണുന്ന, അറിയുന്ന സംഭവങ്ങളെ, കാഴ്ചകളെ ഞൊടിയിടയില്‍ കഥയാക്കാന്‍ കഴിയുന്ന എഴുത്തുകാരന്റെ വൈഭവം കാണാന്‍ കഴിയും. അദ്ദേഹത്തിന്റെ രണ്ടാമത്തെ പുസ്തകം ആണ് ഞാന്‍ വായിക്കുന്നത്. ആദ്യത്തെ പുസ്തകത്തിനെക്കുറിച്ച് എഴുതുമ്പോൾ ഉപയോഗിച്ച വാക്കുകള്‍ തന്നെ ഇവിടെ ആവര്‍ത്തിച്ചതും അതിനാല്‍ ആണ്. ഇതിലെ ഓരോ കഥയും ഓരോ അനുഭവങ്ങള്‍ ആണ്. അവ ഓരോന്നും ഇരുത്തി ചിന്തിപ്പിക്കുന്നതും നോവിക്കുന്നതും അത്ഭുതം കൂറുന്നതുമാണ്.   എന്തുകൊണ്ടോ വായനക്കാര്‍ ഇഷ്ടപ്പെട്ടു പോകുന്ന ഒരു ഭാഷാ ചാതുര്യം ഈ കഥാകാരന്‍ ഉപയോഗിക്കുന്നുണ്ട്. ഓരോ കഥയുടെയും ഉള്ളിലേക്ക് കടന്നു ചെല്ലാനും ആ കഥകള്‍ , ശരിയാണല്ലോ ഇതെനിക്ക് പരിചയമുള്ളതാണ്, ഞാന്‍ അറിഞ്ഞതാണ് കണ്ടതാണ് എന്നൊരു തോന്നല്‍ ഉളവാക്കാനും ഉതകുന്നവയാണ്. ഓരോ കഥയുടെയും ബീജങ്ങള്‍ നമ്മുടെ കാഴ്ചകളില്‍ കുരുങ്ങിക്കിടക്കുന്നവയാണെങ്കിലും  അവയിലേക്ക് ഒരു കഥ നടന്നു കയറുന്നത് നമ്മള്‍ ചിന്തിക്കപ്പോലുമുണ്ടായിട്ടുണ്ടാകില്ല.

മനുഷ്യന്റെ മനസ്സൊരു കുരങ്ങനെപ്പോലെയാണ് എന്നു പറയാറുണ്ട്. അടക്കമില്ലാത്ത ആ മനസ്സ് പലപ്പോഴും ഓര്‍ക്കാപ്പുറങ്ങളിൽ അറിയാതെയോ അറിഞ്ഞോ കാട്ടിക്കൂട്ടുന്ന അബദ്ധങ്ങള്‍ ജീവിതം മുഴുവന്‍ അവര്‍ക്ക് വേദനയും ദുഖവും നല്‍കുന്ന ഒന്നായി തീരും. അത്തരം സംഭവങ്ങള്‍ വളരെ കൃത്യതയോടെ പറയുവാന്‍ നവീനിലെ കഥാകാരന് കഴിയുന്നുണ്ട്. ബുദ്ധിജീവി നാട്യമുള്ള, സാധാരണക്കാരന് വേണ്ടിയല്ലാതെ കഥയെഴുതുന്ന കഥാകാരന്‍മാര്‍ക്ക് മുന്നില്‍ നവീന്‍ വെറും ഒരു എഴുത്തുകാരന്‍ മാത്രമായിരിക്കും, പക്ഷേ ജീവിതത്തെ സ്നേഹിക്കുന്ന ഓരോ വായനക്കാരനും മുന്നില്‍ നവീന്റെ കഥകള്‍ ജീവനുള്ള കഥകള്‍ ആണ് . വായിച്ചു തീര്‍ന്നും വായനക്കാരന്‍ ഓര്‍ത്ത് വയ്ക്കുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്ന അനുഭവങ്ങളും അപകടങ്ങളും കഥകളിലൂടെ വായനക്കാരനില്‍ എത്തുന്നതിന് എഴുത്തുകാരന്‍ നിര്‍വ്വഹിക്കുന്ന ബുദ്ധിമുട്ട് ശരിയായ ദിശയിലും ശരിയായ രീതിയിലും സംവദിക്കപ്പെടുമ്പോൾ കഥയും കഥാകാരനും വിജയിക്കുന്നു. ആ അർത്ഥത്തില്‍ നവീന്‍ എസ് എന്ന എഴുത്തുകാരന്‍ വിജയിച്ച കഥാകാരനാണ് . സാധ്യതകളുടെ ഒരു പാട് താഴ്വരകള്‍ അയാളെ കാത്തിരിക്കുന്നുണ്ട് .

ഒരു വായനക്കാരന്‍ എഴുതിയ കഥകള്‍ (കഥകള്‍)
നവീന്‍ എസ്
ലോഗോസ് ബുക്സ്
വില : ₹ 140. 00

ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി എഴുതുന്നു. കനൽ ചിന്തുകൾ എന്ന കവിതാ സമാഹാരം ആദ്യ പുസ്തകം. ദുബായിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥൻ. വർക്കല സ്വദേശി.