ഒരുമിച്ച്…. ….വീണ്ടെടുക്കണം

ഒരുമിച്ച്….

നമുക്കിനി കാറ്റായാൽ മതി

പൂത്തമരത്തിന്റെ 

ഇളം തളിരിൽനിന്നുണരണം.

പതിയെ പൂക്കളോട് 

കിന്നാരം പറഞ്ഞ്

വാനിലേക്കുയരണം.

ഞാനേത് നീയേത്

എന്നറിയാൻ വയ്യാത്തിടം

ഇഴചേർന്ന് പാറണം.

മലമടക്കുകളിൽ

സംഗീതമാകണം.

മേഘക്കുഞ്ഞുങ്ങളെ പുൽകണം.

ഊർന്നു വീഴുന്ന

മഴത്തുള്ളിക്കിലുക്കങ്ങളോടൊപ്പം

കലമ്പണം.

മണ്ണിനെ മുത്തണം

പച്ച ഗന്ധത്തിൽ ഉന്മാദിയാകണം.

കടൽച്ചൂരിൽ പറക്കണം

പറന്ന തിരകളെ തലോടിയൊതുക്കണം

പിന്നെ ആകാശവും ഭൂമിയും

അളന്നെടുക്കണം.

….വീണ്ടെടുക്കണം 

എന്റെ അക്ഷരങ്ങള്‍

വാരിക്കുഴിയുടെ

ആഴമറിഞ്ഞു

അഴികള്‍ക്കു സ്വന്തമായി

അകലങ്ങളില്‍ അപരിചിതരായി.

ഞാന്‍ കാഴ്ച്ചബഗ്ലാവിലെത്തിയ

അഞ്ചു വയസ്സുകാരി.

ഉയര്‍ന്ന,നീണ്ട,കുറുകിയ

അവയവങ്ങള്‍, ഞാന്‍

നടന്നു കണ്ടു

ഒന്ന് തൊടാന്‍ കൈ നീട്ടി

കമ്പിവലക്കൂടുകള്‍

ബന്ധനങ്ങള്‍ അകലങ്ങള്‍

എന്റെ സിംഹവും പുള്ളിപ്പുലിയും

പതിവിലേറെ നിശബ്ദര്‍

ഞാനറിയുന്നു

ഈ നിസ്സഹായതയുടെ

കമ്പിയഴികളെ.

ഈ കിടങ്ങിന്റെ ആഴത്തെ

എങ്കിലും

ഈ കൂട് ഞാന്‍ തകര്‍ക്കും

ഈ സിംഹങ്ങളെ

പുള്ളിപ്പുലികളെ

ഞാന്‍

സ്വതന്ത്രമാക്കും.

എനിക്ക് ഗര്‍ജ്ജിക്കാന്‍

ഞാനവയെ വീണ്ടെടുക്കും

കാഴ്ചകള്‍ സ്വന്തമാക്കും.

ഇംഗ്ലീഷിലും മലയാളത്തിലും കവിതകൾ എഴുതുന്നു. നർത്തകിയായ സീന കവിതകളുടെ നൃത്താവിഷ്കാരം നടത്താറുണ്ട്. അന്താരാഷ്ട്ര ബഹുഭാഷാ കവിസമ്മേളനത്തിൽ പങ്കെടുത്ത് കവിതകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാന്തര ബിരുദം. കാപ്പ് ഗവണ്മെന്റ് സ്‌കൂളിൽ അധ്യാപികയാണ്. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം സ്വദേശി.