എന്റെ വായന : സമുദ്രശില (നോവല്‍)

ജീവിതം പലപ്പോഴും മനസ്സിനെ നോവിപ്പിക്കുന്ന സമസ്യകളുടെ ഒരു പെരുമഴക്കാലം ആണ് . ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി വീര്‍പ്പുമുട്ടിക്കഴിയുന്ന ജന്മങ്ങള്‍ ആണ് മനുഷ്യര്‍. എന്താണ് പ്രണയം, എന്താണ് ജീവിതം എന്ന് നിര്‍വ്വചിക്കാന്‍ കഴിയാതെ മനുഷ്യര്‍ ഇന്നും അതില്‍ ഗവേഷണം നടത്തുന്നു. ബുദ്ധന്‍ ജീവിതകാലം മുഴുവന്‍ സത്യം തേടി അലഞ്ഞതും ഒടുവില്‍ ബോധോദയം ഉണ്ടായതും കഥയും ജീവിതവും ഇഴചേര്‍ന്ന ഒരു മിത്തായി അവശേഷിക്കുന്നു. ഇവിടെയാണ്, ഈ ചുറ്റുപാടുകളില്‍ ആണ് എന്താണ് “ഉപാധികളില്ലാത്ത സ്നേഹം ” എന്ന അന്വേഷണവുമായി ശ്രീ സുഭാഷ് ചന്ദ്രന്‍ മുന്നോട്ട് വരുന്നത്. വേദ കാലഘട്ടത്തിലെ ഇതിഹാസ കഥയില്‍ നിന്നും, വേദ വ്യാസനില്‍ നിന്നും ഒരു തുടർച്ചയായി, വ്യക്തമായി പറയുകയാണെങ്കില്‍ വ്യാസന്റെ തന്നെ അവതാരമായി സുഭാഷ് ചന്ദ്രന്‍ തന്നെ സ്വയം പ്രതിഷ്ഠിച്ചുകൊണ്ടു വ്യാസനാല്‍ പൂര്‍ണ്ണമാക്കാന്‍ കഴിയാതെ പോയ അംബയുടെ ജീവിതത്തെ എഴുതാനും അത് വഴി അംബ വ്യാസനോടു ചോദിക്കുന്നതായി നവയുഗ വ്യാസന്‍ കരുതുന്ന ആ ചോദ്യം, എന്താണ് ഉപാധികളില്ലാത്ത സ്നേഹം ? എന്നതിന്റെ ഉത്തരം തേടുകയും ചെയ്യുകയാണ് ഈ നോവലിലൂടെ . വ്യാസനും, അംബയും യുഗങ്ങള്‍ തോറും ജന്മമെടുക്കുകയും ഉത്തരം തേടുകയും ചെയ്തുവെങ്കിലും വ്യാസൻ അന്നു പറഞ്ഞതുപോലെ ഒടുവില്‍ കലിയുഗത്തിന്റെ ഈ അര്‍ദ്ധപാതിയില്‍ അതോ അവസാനപാദത്തിലോ ഉത്തരം കിട്ടുകയും ചെയ്യുകയാണിവിടെ.

നൂറു വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും സംഭവിച്ച പ്രളയം. അതിനെ അടയാളപ്പെടുത്തുക എന്നതൊരു എഴുത്തുകാരന്റെ ബാധ്യത ആണ് . ഇന്ന് സ്മൃതിയിലേക്ക് മറഞ്ഞതോ, മുന്‍ നിരയില്‍ നിന്നും മാറിക്കഴിഞ്ഞതോ ആയ ഒട്ടുമിക്ക പഴയ എഴുത്തുകാരുടെയും നോവലുകളിലും മറ്റും തൊണ്ണൂറ്റൊന്‍പതിലെ പ്രളയം പൂർവ്വ സ്മരണ ഉണര്‍ത്തുന്ന ചിന്തയായി അവര്‍ ഉപയോഗിച്ച് വന്നതായി പഴയ നോവലുകളില്‍ പലതും നമുക്ക് പറഞ്ഞു തരുന്നുണ്ട്. പുതിയ എഴുത്തുകാര്‍ ഭാഗ്യവാന്മാര്‍ ആണ് . കാരണം അവര്‍ക്ക് അത് ഓര്‍മ്മയിലെ ചിത്രങ്ങള്‍ അല്ല നേര്‍ക്കാഴ്ചയാണ്. അതുകൊണ്ടു തന്നെ അതിനെ അടയാളപ്പെടുത്തി വയ്ക്കുക നാളെയുടെ വായനയില്‍ ഇന്നത്തെ പഴയ വായനയിൽ നിന്നും തുലോം വ്യത്യസ്തമാകുമല്ലോ. .  സുഭാഷ് ചന്ദ്രന്റെ ഏറ്റവും പുതിയ നോവല്‍ “സമുദ്രശില”, പ്രമേയം കൊണ്ട് എവിടെ നില്ക്കുന്നു , ഭാഷ കൊണ്ട് എവിടെ നില്ക്കുന്നു എന്നൊക്കെ പരിശോധിക്കേണ്ടത് ഗവേഷക വിദ്യാര്‍ത്ഥികള്‍ ആണ്. “മനുഷ്യനു ഒരാമുഖം” എന്ന പുസ്തകത്തിലൂടെ പ്രശസ്തനായ എഴുത്തുകാരന്‍ ആണ് മലയാളികള്‍ക്ക് സുഭാഷ് ചന്ദ്രന്‍. ചെറിയ പ്രായത്തില്‍ തന്നെ കേന്ദ്ര, കേരള സാഹിത്യഅക്കാദമി അവാര്‍ഡുകള്‍ നേടി മലയാളസാഹിത്യരംഗത്ത് തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവല്‍ ആയ സമുദ്രശിലയുടെ കവര്‍ പേജില്‍ തന്നെ അവകാശപ്പെടുന്നത് ‘മനുഷ്യനു ഒരാമുഖത്തിന്റെ സൃഷ്ടാവില്‍ നിന്നും മറ്റൊരു ക്ലാസിക് നോവല്‍’ എന്നാണ് . ശരിക്കും സുഭാഷ് ചന്ദ്രന്റെ ആരാധകര്‍ക്ക് ആഹ്ലാദിക്കാന്‍ ഇതിലും നല്ലൊരു ക്യാപ്ഷന്‍ ഇല്ല തന്നെ.

ഈ നോവലില്‍ സുഭാഷ് ചന്ദ്രന്‍ നേരിട്ടു കഥാപാത്രമായി നിന്നുകൊണ്ടു തന്റെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ശൈലിയാണ് കടമെടുത്തിരിക്കുന്നത് എന്നു കാണാം. ഒരു വിദൂഷകന്റെ വേഷമല്ല മറിച്ച് നായകന്റെ വേഷം തന്നെയാണ് ഇതില്‍ എഴുത്തുകാരനുള്ളത്. തന്നെ ഉറക്കം കെടുത്തിയ ഒരു സ്വപ്നം . അതില്‍ പ്രതിപാദിക്കുന്ന പേരുകള്‍. അവയെല്ലാം നേരിട്ട് തന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം. ഒരിക്കല്‍, വെള്ളിയാങ്കല്‍ എന്ന കടല്‍പ്പാറയിലേക്ക് എഴുത്തുകാരനും കൂട്ടുകാരും ചേര്‍ന്ന് നടത്തിയ യാത്രയുടെ കുറിപ്പ് വായിച്ച് , എഴുത്തുകാരനെ തേടി വരുന്ന അംബ എന്ന സ്ത്രീയും അവരുടെ സെറിബ്രല്‍ പള്‍സി ബാധിച്ച കൗമാരക്കാരനായ മകനും ആണ് ഇതിലെ രണ്ട് പ്രധാന കഥാപാത്രങ്ങള്‍. ഇവര്‍ക്കിടയിലൂടെ സഞ്ചരിക്കുന്ന നോവലില്‍, ഇവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണികള്‍ ആകുന്ന മറ്റു ചിലര്‍ കൂടി വരുന്നുണ്ട്. അംബയുടെ ജീവിതത്തെ അംബയെക്കൊണ്ടു പറയിക്കുവാനും അംബയിലേക്കുള്ള എഴുത്തുകാരന്റെ ബന്ധങ്ങളെയും ഇടപെടലുകളെയും ബന്ധിപ്പിക്കുന്ന മറ്റു ഘടകങ്ങളെയും ചേര്‍ത്തു സുഭാഷ് ചന്ദ്രന്‍ വളരെ നല്ല രീതിയില്‍ ഈ നോവല്‍ എഴുതിയിരിക്കുന്നു .

എന്താണ് ഉപാധികള്‍ ഇല്ലാത്ത സ്നേഹം എന്നതിനുള്ള ഉത്തരം വായനക്കാരെ ബോധ്യപ്പെടുത്തുന്നതില്‍ നവയുഗ വ്യാസന്‍ വിജയിച്ചുവോ എന്നത് വായന നല്‍കുന്ന ഒരു സാധ്യത മാത്രമാണു . വെള്ളിയാങ്കല്ലില്‍, തന്റെ കാമുകനുമായി വിവാഹത്തിന് പത്തു ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഒരു രാത്രി മുഴുവന്‍ കഴിച്ചുകൂട്ടുമ്പോള്‍, അവര്‍ തമ്മില്‍ പ്രണയം പങ്കുവയ്ക്കുമ്പോള്‍ ഇടയിലേക്ക് അവന്‍ കൊണ്ട് വരുന്ന ഗര്‍ഭനിരോധന ഉറകളെ അംബയും അവനും ചേര്‍ന്ന് ഊതിപ്പെരുപ്പിച്ചു കെട്ടി കടലിലേക്ക് പറത്തിവിട്ട ശേഷം പരമമായ പ്രണയ ലീലകളില്‍ മുഴുകുമ്പോള്‍ അംബ പറയുന്നു ഇതാണ് “ഉപാധികളില്ലാത്ത പ്രണയം” എന്നു . അതേ സമയം വേദ വ്യാസനോടു അംബ ചോദിക്കുന്നു. ഒരു പക്ഷേ എന്നെയും വിചിത്രവീര്യനെ കൊണ്ട് വിവാഹം കഴിപ്പിച്ചിരുന്നു എങ്കില്‍ താങ്കള്‍ക്ക് എന്നിലും പുത്രയോഗം നല്‍കേണ്ടി വന്നിരുന്നെങ്കില്‍ എനിക്കു പിറക്കുന്നത് എങ്ങനെ ഉള്ള കുഞ്ഞാകും എന്നു . അത് സ്വേച്ഛയോടെ കൈകാലുകള്‍ ചലിപ്പിക്കാന്‍ കഴിയാത്ത ഒരു കുഞ്ഞാകും എന്നായിരുന്നു . നവയുഗ അംബയില്‍ പിറന്നതോ സെറിബ്രല്‍ പൾസി പിടിപെട്ട ഒരു മകന്‍ മാത്രം. ഒടുവില്‍ അവന് അവന്‍ തിരഞ്ഞ ആഗ്രഹം നിറവേറ്റി അവനെയും കൊണ്ട് അവള്‍ മരണത്തിലേക്ക് പോകുമ്പോള്‍ നവയുഗ വ്യാസനോടു അവള്‍ പറയുന്നതു “ഉപാധികള്‍ ഇല്ലാത്ത സ്നേഹം എന്നത് സ്വയം ഒരു ഉപാധിയായി തീരും” എന്നാണ് . വായനക്കാര്‍ തീരുമാനിക്കട്ടെ എന്താണ് ഉപാധികള്‍ ഇല്ലാത്ത സ്നേഹം എന്നത് . അതല്ലെങ്കില്‍ ഇനിയും വ്യാസന്‍മാര്‍, അംബമാര്‍ ജനിക്കട്ടെ വീണ്ടും വീണ്ടും .

സുഭാഷ് ചന്ദ്രനെ പോലുള്ള അനുഗ്രഹീതരായ എഴുത്തുകാരെ വായിക്കുമ്പോള്‍ വായനക്കാര്‍ വളരെയധികം പ്രതീക്ഷകൾ വച്ചു പുലര്‍ത്തുമെങ്കില്‍ അതിനവരെ കുറ്റം പറയുക സാധ്യമല്ല . ജീവിതത്തിനു ഒരു ഉത്തരം ആണ് ഓരോ വായനക്കാരും തങ്ങളുടെ വായനകളില്‍ തേടുക. പക്ഷേ പഴയ എഴുത്തുകാര്‍ ഉപേക്ഷിച്ചു പോയ അതേ ഇടത്തു തന്നെയാണ് പുതിയ കാല എഴുത്തുകാരും നില്‍ക്കുന്നതെങ്കില്‍ പിന്നെ ആശയ്ക്ക് എന്തുണ്ട് വക? പേരന്‍പന്‍ എന്ന സിനിമയില്‍ തന്റെ മകളുടെ ലൈംഗിക ചോദനകള്‍ ഉണ്ടാകാന്‍ കാരണമാകുന്നത് സിനിമയിലെ പ്രണയരംഗങ്ങള്‍ ആണ്  എന്നു കണ്ട അതിലെ അച്ഛന്‍ കഥാപാത്രം ടീ വി നിര്‍ത്തി വയ്പ്പിക്കുന്നുണ്ട് . ഒടുവില്‍ ആ മകള്‍ക്കായി ഒരു ലൈംഗിക പങ്കാളിയെ വാടകയ്ക്ക് എടുക്കുവാന്‍ വേശ്യാലയത്തില്‍ വരെ പോകുകയും ചെയ്യുന്നു . എങ്കിലും ഒടുവില്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ ഒരു വേശ്യാ സ്ത്രീയെ അയാള്‍ മകള്‍ക്കും തനിക്കും വേണ്ടി ഇണയാക്കിക്കൊണ്ടു തന്റെ സാമൂഹ്യ ബോധം തിരക്കഥാകൃത്ത് പൂര്‍ത്തിയാക്കി. ഇവിടെ സുഭാഷ് ചന്ദ്രന്‍ പക്ഷേ അത്ര വിശാലതയുള്ള ഒരാള്‍ ആയിരുന്നില്ല . അതുകൊണ്ടു തന്നെ, മൊബൈല്‍ ഫോണ്‍ അമിതോപയോഗം ആണ് കുട്ടികളെ മുഴുവന്‍ ലൈംഗിക അരാജകത്വത്തിലേക്ക് തള്ളിവിടുന്നത് എന്ന്‍ ലോകത്തോട് പറയാന്‍ അദ്ദേഹം ശ്രമിക്കുന്നു. ഇവിടെ മകന്റെ ലൈംഗിക ചോദനകളെ പ്രമുഖയായ ഒരു തെറാപ്പിസ്റ്റ് പറഞ്ഞു കൊടുത്ത ശാസ്ത്രീയ മാര്‍ഗ്ഗങ്ങളില്‍ക്കൂടി അടക്കുക എഴുത്തുകാരനിലെ സാമൂഹിക ബോധം അനുവദിക്കാഞ്ഞിട്ടാകാം ഇന്ന് കുട്ടികള്‍ ഏറ്റവും അധികം സന്ദര്‍ശിക്കുന്ന അശ്ലീല സൈറ്റ് ആയ ഇന്‍സെസ്റ്റ് സൈറ്റിലെ സ്ഥിരം സന്ദര്‍ശകനാണ് മകനെന്ന് തിരിച്ചറിയുന്ന അംബ തന്റെ ക്യാന്‍സര്‍ രോഗം തിരിച്ചറിഞ്ഞു കഴിഞ്ഞപ്പോള്‍ മകനെയും കൂട്ടി മരണത്തിലേക്ക് പോകാന്‍ തീരുമാനിപ്പിക്കുന്നതും മരിക്കും മുന്നേ മകന് ആവശ്യമുള്ളതൊക്കെ നല്കി യാത്ര ശുഭ പര്യവസാനിയാക്കുന്നതും . ബോധപൂര്‍വ്വം അദ്ദേഹം ഇതില്‍ പ്രളയത്തിന് കാരണമായി ഈ ഒരു വിഷയം സൂചിപ്പിക്കാന്‍ ഒരു അവ്യക്ത സൂചന നല്കുന്നുണ്ട് . സോദാം ഗൊമേറ യുടെ ഗന്ധക മഴയിലേക്ക് മത ചിന്ത നടന്നതിന്റെ മലയാണ്മ ചിന്തയായി ഇതിനെ നോക്കിക്കാണാൻ ഉള്ള നിഗൂഢ ശ്രമമായി ഇത് തോന്നിപ്പിക്കുന്നുണ്ട്. ചുവന്ന ചന്ദ്രനും പ്രളയവും ഈ ജീവിതവും കൂട്ടിയിണക്കുവാന്‍ ഒരു വ്യഗ്രത വരികള്‍ പങ്ക് വയ്ക്കുന്നുണ്ട്.

സമൂഹത്തിനു കൊടുക്കാന്‍ ഇതിലും നല്ല ഉപദേശങ്ങളും മാര്‍ഗ്ഗങ്ങളും ഉണ്ട് എന്നത് എന്തുകൊണ്ട് മറന്നു പോകുന്ന എഴുത്തുകാരാണ് നമുക്കുള്ളത്. കേരളത്തിലെ ഒരു വിദ്യാലയത്തിലെ ഒരു അധ്യാപിക പങ്കുവച്ച ഒരു വിഷയം ഇത്തരം രോഗമുള്ള തന്റെ ആൺകുട്ടിക്ക് സ്വന്തം കൈകള്‍ കൊണ്ട് ശുക്ലസ്രാവം വരുത്തിക്കൊടുക്കേണ്ടി വരുന്ന ഒരമ്മയുടെ കഥയാണ് . അത് ഒരു രോഗമാണ് . രോഗിയെ ശുശ്രൂക്ഷിക്കുന്നതിന്റെ ഒരു ഭാഗം മാത്രമാണത് . അതിനെ പാപമായി കാണുന്ന ഒരു ലോകത്തേക്ക് എങ്ങനെയാണ് പുതിയ തലമുറയെ വഴി നടത്താന്‍ കഴിയുക? തികച്ചും സദാചാരജഡിലമായ ഒരു കാലഘട്ടത്തെ നാം ഇപ്പൊഴും ചുമക്കുകയാണ് എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. നവോത്ഥാനം എന്നത് എഴുത്തുകാര്‍ക്കും ഒരു കീറാമുട്ടി തന്നെയാണെന്ന് തോന്നിപ്പിക്കുന്നു ഇത്തരം വായനകള്‍.

സാമൂഹ്യ ബോധം എന്നത് പഴഞ്ചന്‍ ആണെങ്കിലും സുഭാഷ് ചന്ദ്രന്‍ നല്ലൊരു എഴുത്തുകാരന്‍ ആണ് . തന്നെ എങ്ങനെ പ്രമോട്ട് ചെയ്യണം എന്നതിന് അദ്ദേഹത്തിന് കൃത്യമായ വീക്ഷണങ്ങള്‍ ഉണ്ട് . തന്റെ നോവലില്‍ തന്നെ സ്വയം വാഴ്ത്തിപ്പാടുന്ന ഒരു എഴുത്തുകാരന്‍. ഒരുപക്ഷേ മലയാളിക്ക് അതൊരു പുതുമയുള്ള കാഴ്ചയാകും . നാര്‍സിസം എന്നതിന്റെ ഉത്തമോദാഹരണം ആയി ഇതിനെ കാണാന്‍ കഴിയും . അതിനായി അദ്ദേഹം തിരഞ്ഞെടുക്കുന്ന സങ്കേതങ്ങള്‍ വളരെ രസാവഹമാണ് . കേരള പോലീസിലെ വിരലടയാള വിദഗ്ധന്‍, വൈക്കം മുഹമ്മദ് ബഷീറിന്റെ മകന്‍ എന്നിവരിലൂടെയും അംബയിലൂടെയും പിന്നെ കുറേയൊക്കെ സ്വയവും അദ്ദേഹം തന്നെ ആവോളം പ്രൊജക്റ്റ് ചെയ്യുന്നുണ്ട് . ഒരു മലയാള സിനിമയിലെ കഥാപാത്രം പറയുന്ന ഒരു വാക്യം പലപ്പോഴും ഓര്‍മ്മയില്‍ വരുത്തുന്നുണ്ട് അദ്ദേഹത്തിന്റെ ചില വരികള്‍ കാണുമ്പോള്‍. “ഞാനെന്നെ സരോജ് കുമാര്‍ എന്നു വിളിക്കും.”

തന്റെ സമകാലികരെ കളിയാക്കാനും അദ്ദേഹം ശ്രമിക്കുന്ന കാഴ്ച കാണാന്‍ കഴിഞ്ഞു . പ്രശസ്തയായ ഒരു എഴുത്തുകാരിയെ പേര് പറയാതെ അവരുടെ ഭാവവാഹാദികളെ എടുത്തു പറഞ്ഞു കളിയാക്കുന്ന രംഗം വളരെ അരോചകമായി അനുഭവപ്പെട്ടു എന്നു പറയാതിരിക്കാന്‍ വയ്യ. വളരെ നല്ലൊരു വായന നല്കും എന്ന തോന്നലില്‍ ഒറ്റയിരുപ്പില്‍ തീര്‍ക്കണം എന്നു കരുതി തുടങ്ങിയ വായന പലപ്പോഴും മടക്കി വയ്ക്കാന്‍ പ്രേരിപ്പിച്ച ഒന്നായി മാറി എന്നത് ഖേദകരമായ ഒരു വസ്തുതയാണ് വായനയില്‍ സംഭവിക്കുമ്പോള്‍. ഒരാള്‍ക്ക് എക്കാലവും ഒരുപോലെ നല്ലത് എഴുതാന്‍ കഴിയുകയില്ല എന്ന പൊതുബോധത്തോടെ ,ഇതിലും നല്ലതൊന്നു വരാനിരിക്കുന്നതേയുള്ളൂ എന്ന ശുഭാപ്തി വിശ്വാസത്തോടെ ആശംസകള്‍ നേരുന്നു .

സമുദ്രശില (നോവല്‍)
സുഭാഷ് ചന്ദ്രന്‍
മാതൃഭൂമി ബുക്സ്
വില : 325 രൂപ
ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി എഴുതുന്നു. കനൽ ചിന്തുകൾ എന്ന കവിതാ സമാഹാരം ആദ്യ പുസ്തകം. ദുബായിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥൻ. വർക്കല സ്വദേശി.