എത്ര പെട്ടെന്നാണ് നാം അനാഥരാകുന്നത്

പോപ്ലാർ മരങ്ങൾക്കിടയിലൂടെ
സൂര്യൻ പുഞ്ചിരിച്ച
തെളിമയുള്ള ഒരുപകൽ

ചതുപ്പിൻ്റെയപ്പുറത്തെ പാടത്ത്
മഞ്ഞവെയിൽ പൂത്തുനിന്നിരുന്നു

പതിയെ പൊതിയാൻ തുടങ്ങുന്ന
മഞ്ഞുപാളികൾക്കിടയിലൂടെ
പുൽത്തലപ്പിലെ കൊച്ചുപൂക്കൾ
ചിരിച്ചുകൊണ്ടിരുന്നു

ചതുപ്പിലെ കുറ്റിക്കാട്ടിൽ
പാത്തകളുടെ ചിറകടികളിൽ,
കുളക്കോഴികളുടെ കാൽപ്പെരുക്കങ്ങളിൽ
അസ്വസ്ഥരായി കരിയിലകൾ
കരഞ്ഞുകൊണ്ടുമിരുന്നു

ദൂരെ മഞ്ഞുമൂടിയ കാർപാത്ത്യൻ
മലനിരകൾ മേഘങ്ങളെ പുണർന്ന്
ആലസ്യത്തിൽ അമർന്നുകിടന്നു.

അതിനുമപ്പുറം
കടലിരമ്പുന്നുണ്ടായിരിക്കാം.

ഹരിതാഭമായ എൻ്റെ ചുറ്റുപാടുകളുടെ
ഉണർവിൻ്റെ സ്വച്ഛതയിലേക്ക്
ഉരുകിയൊലിച്ചതുപോലെ ഒരു സൂര്യൻ
പൊടുന്നനെ താണിറങ്ങി
കാഴ്ചകളെയപ്പാടെ മറച്ചു കളഞ്ഞു.

പ്രിയപ്പെട്ടവളേ,
നീ എവിടേക്കാണ് അപ്രത്യക്ഷയായത് ?

മഞ്ഞവെയിൽ പൂക്കുന്നത് കാണാൻ
സൂര്യകാന്തിപ്പാടങ്ങൾക്കരികിലേക്ക്
നിന്നെ ഞാനാണല്ലോ കൊണ്ടുപോയത്.

എനിക്കറിയില്ല,
ഈ വിങ്ങുന്ന വേദനകളിലേക്ക്
ഇരമ്പുന്ന ഞരക്കങ്ങളിലേക്ക്
ആരാണ് കൊണ്ടെത്തിച്ചതെന്ന്

പ്രിയേ,
എൻ്റെ ഓർമ്മകളിലിപ്പോൾ
മങ്ങിയ ചിത്രം പോലെ തെളിയുന്നുണ്ട്,
ആ ദിവസം

മഞ്ഞപ്പാടങ്ങൾക്കരികിലേക്ക് നീ നടക്കുമ്പോൾ
ഞാനാ ബർച്ച് മരങ്ങളുടെ
ചുവട്ടിലിരിക്കുകയായിരുന്നു.

ഇവിടെ തൊട്ടരികിലെ കട്ടിലിൽ
ദേഹം മുഴുവൻ മുറിവുകളോടെ കിടക്കുന്ന
വിഷാദവാനായ ആ ബാലനാണല്ലോ
നിനക്ക് തൊട്ടു മുൻപേ
ആടുകളുമായി അതുവഴി കടന്നു പോയത്

നമ്മുടെ സമാഗമത്തിന് ശേഷം
എത്ര ദിവസങ്ങൾ മാഞ്ഞുപോയിരിക്കുന്നു,
ഒന്നും ഓർമ്മ വരുന്നതേയില്ല .

തിരിഞ്ഞു നോക്കുന്നേരം
നിൻ്റെ നീണ്ട ഉടുപ്പിലാകെ
അഗ്നിജ്വാലകൾ പൂക്കുന്നതുകണ്ടു
എന്നാണവൻ പറഞ്ഞത്,
ബർച്ച് മരത്തിൻ്റെ ചുവട്ടിൽ
ഞാൻ വീണു കിടക്കുന്നതും

പ്രിയപ്പെട്ടവളെ
എനിക്കരികിലേക്ക് വരുന്നവരെല്ലാം
മൂകരും ബധിരരുമാണോ?
നിസ്സംഗമായ മൗനം മാത്രം നിറയുന്നു.

ഇടയ്ക്കിടെ ഉയരുന്ന
ചക്രക്കസേരകളുടെ ഒച്ചയല്ലാതെ
മറ്റൊരനക്കവും ഇവിടെ ഉയരുന്നില്ല.

ഇവിടെ ഞാൻ തനിച്ചാണ്
ആ ബാലനല്ലാതെ
മറ്റാരും ആരും എന്നെ ഗൗനിക്കുന്നതേയില്ല

തകർന്നുപോയ അവൻ്റെ ഗ്രാമത്തിൽ
പോകാനിടമില്ലെന്നതുകൊണ്ടുമാത്രം
“ഇവിടമെന്താണ് ആരും തകർക്കാത്തത് ?”
എന്നവൻ കണ്ണ് നിറയ്ക്കുമ്പോൾ
അവനെ ആശ്വസിപ്പിക്കുന്നതെങ്ങനെ?

നമ്മുടെ ജീവിതങ്ങൾ
എത്ര പൊടുന്നനെയാണ് ചിതറിപ്പോകുന്നത്..,
നാം തികച്ചും അനാഥരാകുന്നത്!!

തൃശ്ശൂർ ജില്ലയിൽ വെങ്ങിണിശ്ശേരിയിൽ താമസിക്കുന്നു. വെങ്ങിണിശ്ശേരി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി.  കവിതയെ പ്രണയിച്ചവൾ, പ്രണയത്തിലകപ്പെട്ടതിന്റെ ഏഴാം നാൾ, കുൽധരയിൽ ഒരു പകൽ, തുടങ്ങിയ കവിതാ സമാഹാരങ്ങളും , രാമകവി v/s തെക്കേടത്തമ്മ (2 ഇന്ത്യൻ പൗരന്മാരുടെ കലികാല ചിന്തകൾ) എന്ന പേരിൽ ഒരു കഥാസമാഹാരവും പുറത്തിറങ്ങിയിട്ടുണ്ട്. ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും കവിതകളും കഥകളും ലേഖനങ്ങളും എഴുതുന്നു.