കത്തുവാള്‍ ലഹള

മൈര് ഇന്നവനെ തീര്‍ക്കണം.

കൈകള്‍ മാറിമാറി വീശി 

രണ്ടു ചുവടപ്പുറത്ത് അമ്മാവന്‍ 

പേടിച്ചിട്ടുണ്ടാവണം 

ഇരുട്ട് കൂടെ നടന്നു മിണ്ടാതെ

രണ്ടു ചുവടു പിന്നിലായിരുന്നു ഞാന്‍.

വെയിലു പെയ്തു നനയ്ക്കുമ്പോള്‍ 

തെളിയുന്ന വെള്ളിമീശനൂല്‍  തടവി 

അമ്മാവന് പിന്നാലെ നടന്നു.

കാണാന്‍ പോവുന്ന ആളെ  

അയാളുടെ ഇതുവരെയുള്ള ജീവിതത്തെ

നാല് വാക്കുകള്‍ കൊണ്ടെഴുതി അമ്മാവന്‍ 

അടിമപ്പെട്ടുപോയി ഞാനതില്‍.

നിന്റെ കയ്യില്‍ ആയുധം വല്ലോമുണ്ടോ?

കൈകള്‍ കൊണ്ട് ഇരുട്ടിനിട്ടു താങ്ങി അമ്മാവന്‍

മുതുകില്‍ കൂനുള്ള ഒരാളെപ്പോലെ 

മുന്നോട്ടു നടക്കുന്നു ഞാന്‍.

കൂനു പോലെ മുതുകില്‍ കത്തുവാളിന്റെ തണുപ്പ്

ഉണ്ടെന്നോ ഇല്ലെന്നോ ഞാനൊന്നു മൂളി

ആരുടെയൊക്കെയോ നടുവില്‍ 

നിശ്ശബ്ദതയെ 

അടയാളപ്പെടുത്തിയ അച്ഛനെ ഓര്‍ത്തു.

തലേന്ന് പഠിച്ച 

പത്മവ്യൂഹത്തിന്റെ കഥയോര്‍ത്തു.

അച്ഛനെയോര്‍ത്തു.

മുതുകിലെ തണുപ്പിനെ തൊട്ട് 

ഭയത്തെ ജപിച്ചകറ്റി

കാലുകളെ താളത്തില്‍ ചലിപ്പിച്ച്

കമ്യൂണിസ്റ്റ് പച്ചയ്ക്കിടയില്‍ വൃത്തം വരയ്ക്കുന്നു കത്തുവാള്‍

അരണ്ടവെളിച്ചത്തിന്റെ അധികാരമുള്ള 

മദ്യശാലയില്‍ ഒരാളിരിക്കുന്നു

മൈരനാവണം.

അയാള്‍ക്ക് ചുറ്റും ഒട്ടേറെ ആളുകള്‍

മൈരന്മാരാവണം

അയാള്‍ മദ്യക്കുപ്പികളെ വിചാരണ നടത്തുന്നു.

അവരും വിചാരണ നടത്തുന്നു

അയാള്‍ ചുണ്ടിനു തീ കൊളുത്തി

അമ്മാവനും ചുണ്ടിലേക്ക് തീയിറ്റി

അയാള്‍ ഉള്ളിലേക്ക് ശ്വാസം ആഞ്ഞു വലിച്ചു

അമ്മാവനും ശ്വാസം ഉള്ളിലേക്ക് ആഞ്ഞടിച്ചു

അയാള്‍ കുപ്പി ഉള്ളിലേക്ക് ഒഴിയാന്‍ വിട്ടു

അമ്മാവന്‍ അയാളുടെ മേശയ്ക്ക് നേരെ നിന്നു

അമ്മാവന്റെ കൈയ്ക്ക് നീളം വച്ചു

അയാളുടെ കൈയ്ക്കും നീളം വച്ചു

രണ്ടു കൈകളുടേയും വിടവ് ചോര്‍ന്ന നേരത്ത് ഞാന്‍ കണ്ണ് പൊത്തി

അളിയാ നീയെന്താ ഇവിടെ?

അമ്മാവനയാളിലേക്ക്  മുല്ലവള്ളിയായ് പടര്‍ന്നേക്കും.

മുതുകില്‍ ലോഹത്തണുപ്പ് ആഴ്ന്നു പോയി

മുതികില്‍ നിന്നത് ഇറങ്ങിപ്പോയി

ഞാനിപ്പോള്‍ അവര്‍ക്ക് നടുവില്‍ 

ആദ്യ കവിള്‍ കടിച്ചിറക്കുമ്പോള്‍ 

അച്ഛനെയോര്‍ത്തു

മൈര് ഇന്നവനെ തീര്‍ക്കണം

തിരിച്ചു നടക്കുമ്പോള്‍ സ്വയം പറഞ്ഞു

മുതുകിലിരുന്ന് കത്തുവാള്‍ എന്തോ മിണ്ടി

വായുവില്‍ ചോര മണത്തു

പത്തനംതിട്ട സ്വദേശി. ദുബായിൽ താമസം. കവിതസമാഹാരങ്ങൾ - ഉന്മത്തതകളുടെ ക്രാഷ്ലാന്റിങ്ങുകൾ, ടെക്വീല, ഉളിപ്പേച്ച്, രാജാവിന്റെ വരവും കൽപ്പമൃഗവും, കള്ളിമുള്ളിന്റെ ഒച്ച. കഥാസമാഹാരം - ജിഗ്സ പസൽ. ആദി & ആത്മ (നോവൽ - ബാലസാഹിത്യം )