തെരുവിലേക്ക് തുറന്ന കരൾക്കാഴ്ചകൾ

തെരുവിലേക്ക് തുറന്ന് വെച്ച് ജാലകം
കരളിലേക്ക് തുറന്ന് വെച്ച ജാലകം പോലെയല്ല
കരളിനകത്ത് കനിവിൻറെ കറ കാണാം,
പ്രണയത്തിൻറെ ഉറവകൾ കാണാം
പിരിഞ്ഞ് പോയ സുഹൃത്തിനെ ചൊല്ലിയുള്ള നൊമ്പരം കാണാം
അടഞ്ഞ് പോയ ഓർമകളുടെ വാതിലുകൾ കാണാം
അനിയത്തിയുടെ വർണക്കുടകൾ കാണാം
പിഞ്ഞിപ്പോയ മയിൽപ്പീലികളും
ചെവിമുറിഞ്ഞ പുസ്തകങ്ങളും
പൊതിഞ്ഞ് വെച്ച മഞ്ചാടിക്കുരുക്കളും
പണ്ടെങ്ങോ കോറിവരച്ച ചിത്രങ്ങളും കാണാം
അമ്മ തന്നേച്ച് പോയ കറികളുടെ
ഗന്ധം പേറുന്ന ചുവരുകൾ കാണാം.

തെരുവ് മറ്റൊന്നാണ് തുറന്ന് വെക്കുന്നത്
അവിടെ ആലംബമറ്റവരുടെ
ദൈന്യത നിറഞ്ഞ മുഖങ്ങളാണ് നിറയെ
ബസ് കയറി ചത്ത നായുടെ ജഢം
ആരോ വലിച്ചെറിഞ്ഞ ചീഞ്ഞ തക്കാളി
ആലംബമറ്റ ഒരു അന്ധഗായകൻ
പീഢിക്കപ്പെട്ട ഒരു പെൺകുട്ടി
സൈക്കിൾ റിക്ഷയിൽ മയങ്ങുന്ന
ക്ഷയരോഗിയായ മധ്യവയസ്കൻ
വരണ്ട മുഖമുള്ള ചെരുപ്പുകുത്തി
ഉന്തുവണ്ടിയിൽ ചായ വിൽക്കുന്ന ചെറുപ്പക്കാരൻ
തോട്ടിപ്പണിക്കാർ ഉപേക്ഷിച്ച് പോയ
ഈർക്കിൽ ഇല്ലാത്ത ചൂല്
ആരോ ഉപേക്ഷിച്ച വാറ് പോയ ഒരു ചെരിപ്പ്

തെരുവും കരളും എൻറേതാണ്.

പയ്യന്നൂർ സ്വദേശി . ഭാരതീയ സ്റ്റേറ്റ് ബാങ്കിൽ നിന്ന് ചീഫ് മാനേജർ ആയി റിട്ടയർ ചെയ്തു. ഒരു കഥാപുസ്തകം പുറത്തിറക്കിയിട്ടുണ്ട്.