ഓർമ പുസ്തകത്തിലെ ഒരേടിന്റെ
നേർ പകുതികളാണ് നമ്മുടെ ഡിപികൾ
ഉള്ളിൽ സ്നേഹത്തിന്റെ ഉറവ
കിനിഞ്ഞിരുന്ന പകലിൽ എടുത്തവ.
ചിത്രത്തിന്റെ നേർ പകുതിയിലെ
എന്നെ ഞാനും
മറു പകുതിയിലെ നിന്നെ
നീയും ഡിപിയാക്കി.
നമ്മുടെ തിരക്കുകളിലും
വിദൂരങ്ങളിലിരുന്ന് ഒരേ ഫോണിലെ
വാട്സാപ്പ് ഡിപികളായി
അവ പരസ്പരം മിണ്ടി.
ഡിപി കൊള്ളാലോ എന്നൊരുത്തൻ.
അവനറിയില്ലല്ലോ,
എന്റെ കവിളിലെ ചുവപ്പ്
നിന്നെ തൊട്ട് നിൽക്കുന്നത് കൊണ്ടാണെന്ന്.
കണ്ണിലെ തിളക്കം
നിന്നെ കണ്ടതിന്റെ പ്രകാശമാണെന്ന്.
ചിരി, നിന്നോട് മിണ്ടാൻ
തിടുക്കപ്പെടുന്ന ചുണ്ടുകളാണെന്ന്.
ഡിപി ഇടാൻ നേരം
തൊട്ടടുത്തു നിൽക്കുന്നയാളെ കാണാതിരിക്കാൻ
രണ്ട് പേരും സൂക്ഷ്മം പാലിച്ചിരുന്നു.
വാട്സാപ്പിൽ പോലും അടുത്തടുത്തിരിക്കാൻ നേരം
ആരുമില്ലെന്ന് ചുറ്റും നോക്കിയുറപ്പിച്ചു.
ഇടയ്ക്കെപ്പോഴോ മെസേജുകളിൽ പെട്ട്
നമ്മൾ വാട്സാപ്പിൽ അകലത്തിലായി.
പിന്നെപ്പോഴോ ജീവിതത്തിലും.
മിണ്ടണമെന്ന് തോന്നുന്ന ദിവസങ്ങളിൽ
നിന്റെ ഡിപിയിലെ അരികിലെ
എന്നെയോർത്ത് ഒന്നൂടെ ചേർന്നിരുന്നു.
നീ ദൂരേക്ക് മാഞ്ഞപ്പോഴും
ഞാനവിടെത്തന്നെ ഇരുത്തം തുടർന്നു.
എന്നത്തേയും പോലെ…!