ഷാർജ ഗവൺമെന്റിന്റെ സാംസ്കാരിക പ്രതിനിധി ആയ മലയാളി. ഷാർജ രാജ്യാന്തര പുസ്തകമേളയുടെ ചുക്കാൻ പിടിക്കുന്നയാൾ. ഷാർജ ബുക്ക് അതോറിറ്റിയുടെ ഓർഗനൈസിങ് കമ്മറ്റിയിൽ അറബിയല്ലാത്ത ഏക അംഗം. ഔദ്യോഗികമായി പറഞ്ഞാൽ ഷാർജ ബുക്ക് ഫയർ അതോറിറ്റി എകസ്റ്റേണൽ അഫയെഴ്സ് എക്സിക്യൂട്ടീവ്. കണ്ണൂർ പെരിങ്ങോം സ്വദേശി.

​ഫെയറി ടെയ്ൽ

ഒരു സാധാരണക്കാരൻ ഒരു നാടിന്റെ സാംസ്ക്കാരിക പ്രതിനിധിയായി മാറിയ കഥയാണിത്. ഒരു ശരാശരിക്കാരനായി ജീവിച്ചുകൊണ്ട് വലിയ കാര്യങ്ങൾ ചെയ്യുന്നതെങ്ങനെ എന്ന ജീവിതപാഠവുമാണിത്.  ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം എന്ന സാംസ്ക്കാരിക മഹോത്സവത്തിന്റെ അമരക്കാരനായ മോഹൻ കുമാറുമായി തസറാക്.കോം  ന് വേണ്ടി എഴുത്തുകാരായ രാജേഷ് ചിത്തിരയും ജോസ് ലെറ്റ് ജോസഫും നടത്തിയ അഭിമുഖം. 


ഷാർജ ബുക്ക് ഫെയറിന്റെ മൂന്നര പതിറ്റാണ്ടിന്റെ ചരിത്രത്തോടൊപ്പം നിക്കുന്ന ആളല്ലേ. ഇപ്പോൾ ഇത് എവിടെയാണ് എത്തി നിൽക്കുന്നത് ?

ലോകത്തെ ഏറ്റവും വലിയ ബുക്ക് ഫെയർ ആണ് ഞങ്ങളുടെ ലക്ഷ്യം. അത് ഏതാണ്ട് അടുത്ത് എത്തിക്കഴിഞ്ഞു. ഇപ്പോൾ രണ്ടാം സ്ഥാനമാണ് ഉള്ളത്. ഫ്രാങ്ക്ഫുർട്ട് മേളയാണ് ഒന്നാം സ്ഥാനത്ത്. എന്നാൽ അത് പുസ്തകങ്ങളുടെ ട്രെയിഡ് ഫെയറാണ്. വായനക്കാർക്ക് വേണ്ടിയുള്ള പബ്ലിക് ഫെയർ എന്ന നിലയ്ക്ക് ഇപ്പോൾ തന്നെ നമ്മൾ മുന്നിലാണ്. രണ്ടര മില്യൺ ആൾക്കാരാണ് പത്തു ദിവസത്തിനുള്ളിൽ ഇവിടെ വന്നു പോകുന്നത്. നമുക്കിവിടെ പുസ്തക വിതരണക്കാരേക്കാൾ കൂടുതൽ പുസ്തക പ്രസാധകർ നേരിട്ടെത്തുന്ന തരത്തിൽ നടത്തണം. ഓക്സ്ഫോർഡ് അടക്കമുള്ള പ്രസാധകർക്ക് അവരുടെ പുസ്തകങ്ങൾ കെട്ടുകണക്കിന് വിറ്റുപോകുന്ന തരത്തിൽ  പുസ്തക വിതരണക്കാർ പങ്കെടുക്കുന്ന ഫ്രാങ്ക്ഫുർട്ട് പോലുള്ള ഇടങ്ങളോടാണ് താൽപര്യം. ആ രീതിയൊക്കെ ഞങ്ങൾ മാറ്റിയെടുത്തുക്കൊണ്ടിരിക്കുകയാണ്. 


പുസ്തകങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ലോകം മുഴുവൻ യാത്ര ചെയ്യുമ്പോൾ പുസ്തകങ്ങളുടെ ഭാവിയെക്കുറിച്ച് എന്താണ് മനസിലായത് ?

വായന കുറഞ്ഞു വരികയാണ് എന്ന കാര്യത്തിൽ സംശയമില്ല. കൂടുതൽ ആൾക്കാരെ വായനയിലേക്ക് കൊണ്ടുവരികയാണ് അതിനെ മറികടക്കാനുള്ള ഏക പോംവഴി. വായനയുടെ സംസ്ക്കാരം നിലനിർത്താനും തിരിച്ചു പിടിക്കാനുമാണ് ഷാർജ ഭരണാധികാരി ഡോ.ഷെയ്ഖ് സുൽത്താന്റെ നേതൃത്വത്തിൽ ലോകത്തിന്റെ മുഴുവൻ ഭാഗങ്ങളിലും അതിനുള്ള ശ്രമങ്ങൾ ഞങ്ങൾ  നടത്തികൊണ്ടിരിക്കുന്നത്. 

ഷാർജ ബുക്ക് ഫെയറിൽ രാവിലെ മുതൽ ഉച്ച വരെയുള്ള സമയം സ്‌കൂൾ കുട്ടികൾക്ക് വേണ്ടിയുള്ളതാണ്. അതു പോലെ ഷാർജ കുട്ടികളുടെ പുസ്തകോത്സവം എല്ലാക്കൊല്ലവും നടത്തുന്നു. അതിനിടയിൽ ഓർക്കാവുന്ന രസകരമായ കാര്യമാണ് ബൊളോണിയ ചിൽഡ്രൻസ്  ബുക്ക് ഫെയറിൽ കുട്ടികൾക്ക് പ്രവേശനം ഇല്ല എന്ന എന്നുള്ളത്. അത് ഒരു ട്രെയിഡ് ഫെയർ മാത്രമാണ്. 

വായന പ്രോത്സാഹിപ്പിക്കാനാണ് ഷാർജയിലെ എല്ലാ സ്വദേശി വീടുകളിലും ലൈബ്രറി സ്ഥാപിച്ചത്. അത് കണ്ടു വളരുന്ന കുട്ടികൾ വായന എന്ന സംസ്കാരത്തെ മുന്നോട്ടു കൊണ്ടു പോകും എന്ന് വിശ്വസിക്കാം. വായനയിൽ താൽപര്യമുള്ള കുട്ടികൾ ഉണ്ടെങ്കിൽ രക്ഷിതാക്കൾ പിന്നെ ആശങ്കപെടേണ്ട. അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി കൊടുത്താൽ മതി. 

ലോകത്താകമാനമുള്ള പുസ്തക മേളകൾ നോക്കിയാൽ ഫ്രാങ്ക്ഫുർട്ടിൽ ഹാൾ നമ്പർ എട്ട്‌ വലിയ സുരക്ഷാ പരിശോധനകൾക്കു മാത്രം കടക്കാൻ കഴിയുന്ന ഇടമായിരുന്നു. ഇത്തവണ ആ ഹാൾ ഉണ്ടായില്ല. അവിടെ ഉൾപ്പെടുത്തിയിരുന്നവരെ മറ്റു ഹാളുകളിലേക്ക് പുനർ വിന്യസിച്ചു. ലണ്ടൻ ഫെയർ വിശാലമായ പഴയ ഇടത്തിൽ നിന്ന് ഒളംബിയയിലെ ചെറിയ വേദിയിലെക്കു മാറ്റി. മോസ്‌കോ പുസ്തക മേള നാല് ഹാളുകളിൽ ആയിരുന്നു. വർഷാവർഷം ഓരോന്ന് കുറഞ്ഞ് ഇത്തവണ ഒന്നായി ചുരുങ്ങി. പുസ്തകമേളകൾക്ക് ജനപങ്കാളിത്തം കുറയുന്നു എന്നല്ലേ ഇതിൽ നിന്നെല്ലാം അനുമാനിക്കേണ്ടത്. അവിടെയാണ് ഷാർജ ബുക്ക് ഫെയർ വർഷം തോറും വലുതായിക്കൊണ്ടിരിക്കുന്നത്. ആറ് ഹാളുകളിലായി നടന്നിരുന്നിടത്ത് ഇത്തവണ ഏഴാം നമ്പർ ഹാൾ കൂടി എടുത്തിരിക്കുകയാണ്. മാത്രമല്ല 2019 ൽ ഷാർജ ആയിരിക്കും ലോക പുസ്തക തലസ്ഥാനം.


പുസ്തകമേള ആണെങ്കിലും സിനിമാക്കാർ അടക്കമുള്ളവർ പങ്കെടുക്കുന്ന വലിയൊരു ഉത്സവമാണല്ലോ ഷാർജയിൽ  ?

അതിനെന്താ തെറ്റ്. പത്തു പേരെയെടുത്താൽ അതിൽ വായിക്കുന്നവർ എത്രപേരുണ്ടാകും. മൂന്നോ നാലോ. ചിലപ്പോൾ  അത്ര തന്നെയുണ്ടാവില്ല. ആ പത്തു പേർക്കും സിനിമാ നടൻ മോഹൻ ലാലിനെ അറിയാം. എന്നാൽ എഴുത്തുകാരനായ എം. മുകുന്ദനെ അറിയാവുന്നവർ കുറവും. നിങ്ങൾ പറഞ്ഞതു പോലെ പാമുക്‌നെ നമ്മൾ മലയാളി വായനക്കാർക്ക് അറിയാം. പക്ഷെ നമ്മുടെ മുകുന്ദനെ മറ്റു രാജ്യങ്ങളിൽ എത്ര പേർക്ക് അറിയാം. വളരെ കുറച്ചു ആൾക്കാർ മാത്രം കൈകാര്യം ചെയ്യുന്ന നമ്മുടെ ഭാഷയുടെ പരിമിതിയാണിത്. അമിതാഭ് ബച്ചൻ വിശ്വപ്രസിദ്ധനാണ്. എന്നാൽ ബച്ചന്റെ പിതാവ് എത്രയോ മഹാനായ പണ്ഡിതനും കവിയുമായ ഹരിവംശ റായ് ബച്ചനെ എത്ര പേർക്കറിയാം. ലോകത്തു എവിടെയും സ്ഥിതി ഇതു തന്നെയാണ്. 

ഷാർജ ബുക്ക് ഫെയറിൽ മമ്മൂട്ടിയെ കൊണ്ടുവന്നപ്പോൾ പലരും ചോദിച്ചു എന്തിനെന്ന്. മമ്മൂട്ടിയെ കാണാൻ മാത്രം അവിടെ കൂടുന്ന ആയിരങ്ങൾ ബുക്ക് ഫെയറിന് ഒരിക്കലും വരുന്നവർ ആകണമെന്നില്ല. അവർ മമ്മൂട്ടിയെ കാണാൻ വരും. മമ്മൂട്ടി വായനയെ കുറിച്ച് പറയുന്നത് കേട്ട് കുറച്ചു പേർക്കെങ്കിലും വായനയിൽ താൽപര്യം ഉണ്ടാകില്ലേ. അതു പോലെ കാന്തപുരം അബൂബക്കർ മുസ്‌ലിയാർ. താങ്കൾ പറഞ്ഞാൽ അതുപോലെ ചെയ്യുന്ന വലിയൊരു വിഭാഗമുണ്ട്. അവരോട് പുസ്തക വായനയെ കുറിച്ച് പറയണം എന്ന് ഞാൻ ആവശ്യപ്പെട്ടു. അദ്ദേഹം വായനയുടെ പ്രാധാന്യത്തെക്കുറിച്ച് മനോഹരമായി പ്രസംഗിച്ചു. ഇതൊക്കയും വായനയെ പ്രോത്സാഹിപ്പിക്കാൻ ചെയുന്ന ഓരോ പണികളാണ്.

ഇത്രയധികം പുസ്തകങ്ങളുമായി ഇടപഴകുന്ന താങ്കളുടെ വായനാ രീതി എങ്ങനെയാണ്  ?

പാഷനും റെസ്പോൺസിബിലിറ്റിയും ഒന്നായി തീർന്നതാണ് എന്റെ ജീവിതം. ജോലിയുടെ ഭാഗമായും എന്റെ താത്പര്യ പ്രകാരവും ചെയുന്നത് വായന തന്നെയാണല്ലോ. ഞാൻ വായിക്കുന്നത് ആത്മകഥകൾ, പ്രചോദനപരമായ പുസ്തകങ്ങൾ ഒക്കെയാണ്. കഥയും നോവലും കവിതയും ഒന്നും വായിക്കാറില്ല. ഇല്ലെന്നല്ല വളരെ വളരെ അപൂർവ്വമായി മാത്രം. സ്റ്റീഫൻ കോവേയുടെ സെവൻ ഹാബിറ്റ്സ് ഓഡിയോ ബുക്ക് കാറിൽ പാട്ടിനു പകരം കേൾക്കും. റിച്ചാർഡ് ടെംപ്ലറുടെ ഏറ്റവും പുതിയ പുസ്തകമായ ദി റൂൾസ് ഓഫ് ലൈഫ് വായിച്ചു കഴിഞ്ഞു. റൂൾസ് ഓഫ് ലവും മികച്ച പുസ്തകമായിരുന്നു. 

ജോലി എന്ന നിലയിലും താൽപര്യം കൊണ്ടും പുസ്തകങ്ങളുമായി ഇത്രയധികം ഇടപഴകുന്ന ആളല്ലേ, ലോകത്ത് എന്തിനാണ് ഈ സാഹിത്യം  ?

മികച്ച പുസ്തകങ്ങൾ നമുക്ക് ജീവിതത്തെ കുറിച്ചും ലോകത്തെ കുറിച്ചും ഒരുപാട് അറിവുകൾ തരുന്നുണ്ടല്ലോ. ഈ അറിവുകൾ അല്ലേ ഒരു വ്യക്തിയെ കൂടുതൽ മികച്ച ഒരാളാക്കുന്നത്. അറിവ് ഉണ്ടായിട്ടു മാത്രം കാര്യമില്ല. അങ്ങനെ നോക്കിയാൽ സാഹിത്യം കൊണ്ട് പ്രയോജനം ഇല്ല എന്ന് തോന്നും. എന്നാൽ നോക്കൂ, പുസ്തകങ്ങളിൽ നിന്നും മറ്റും കിട്ടുന്ന അറിവിനെ ജീവിതത്തിൽ പ്രയോഗിക്കുമ്പോഴാണ് അതിന്റെ പ്രയോജനം കിട്ടുന്നത്. നമുക്കും മറ്റുള്ളവർക്കും ഉപയോഗ പ്രദമാകണം നമ്മുടെ അറിവുകൾ. കൊടുക്കാനുള്ള മനസുണ്ടാകണം. അതാണ് ഞാൻ പഠിച്ച ഫിലോസഫി. ചെറിയ ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താൻ കഴിയണം.  


ഈ പുസ്തക ലോകത്ത് സ്വാധീനം ചെലുത്തിയ വ്യക്തി ആരാണ്  ?

എന്താ സംശയം. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസ്മി തന്നെ. 78 വയസായി അദ്ദേഹത്തിന്. എന്നാലും ലോകത്തെ ഒട്ടുമിക്ക പുസ്തക മേളകൾക്കും പോകും. 60 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ലോകത്തെ പ്രധാന ഭാഷകളിൽ എല്ലാം പുസ്തകങ്ങൾ വിവർത്തനം ചെയ്തു വന്നിട്ടുണ്ട്. ഷാർജ ബുക്ക് ഫെയർ എന്നത് ആ ഒരാളുടെ ഊർജ്ജത്തിലാണ് നടക്കുന്നത്. എത്ര മില്യൺ ദിർഹം ചെലവിട്ടാണ് ഇത് നടത്തുന്നത്. ഞങ്ങൾ ഒക്കെ അദ്ദേഹത്തിന്റെ നിർദേശങ്ങൾ നടപ്പിലാകുന്നവർ മാത്രമാണെന്ന് കരുതിയാൽ മതി. ഡൽഹി പുസ്തക മേളയ്‌ക്കൊക്കെ ഞാൻ പോകുമ്പോൾ കാണുന്നതാണ് നമ്മുടെ നേതാക്കൾ പുറത്തെ വേദിയിൽ നൂറുകണക്കിന് മാധ്യമ പ്രവർത്തകരുടെ മുന്നിൽ ഉദ്ഘാടനം നടത്തി ഉടൻ തിരിച്ചു പോകും. സുൽത്താൻ അങ്ങനല്ല. രണ്ടു ദിവസം മുന്നേ എത്തി ഒരുക്കങ്ങൾക്ക് നേതൃത്വം നൽകും. സ്വന്തമായി പ്രസിദ്ധീകരണ സ്ഥാപനം ഉള്ള ലോകത്തെ ഏക ഭരണാധികാരികൂടിയാണ് ഡോ.സുൽത്താൻ.

ഇന്ത്യയുമായും അദ്ദേഹത്തിന് നല്ല അടുപ്പമാണ്. പണ്ട് ബോംബെ ആസ്ഥാനമാക്കി ബ്രിട്ടീഷുകാർ ഗൾഫ് ഭരിച്ചിരുന്നപ്പോൾ അറബികളെ കടൽ കൊള്ളക്കാരായി വിലകുറച്ചു കണ്ടിരുന്നു. ഈ പ്രചാരണം തിരുത്താൻ ഡോ.സുൽത്താൻ ചെറുപ്പകാലത്ത് ബോംബെ യൂണിവേഴ്സിറ്റി ആർക്കിവൈസിലെ രേഖകൾ കണ്ടെടുത്ത് പ്രസിദ്ധീകരിച്ചു. ഇന്ത്യയുമായി അറബികൾക്ക് കടൽ വഴി നല്ല വ്യാപാര ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന് മിത്ത് ഓഫ് അറബ് പൈറസി എന്ന തന്റെ ആദ്യ പുസ്തകത്തിലൂടെ അദ്ദേഹം സ്ഥാപിച്ചു. അന്ന് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുത്ത ബോംബെ യൂണിവേഴ്സിറ്റി വൈസ്ചാൻസലർ ഇപ്പോൾ റൂളേഴ്‌സ് ഓഫീസിൽ അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളിൽ ഒരാളാണ്.

ഷാർജ ഭരണാധികാരിയുടെ കേരള സന്ദർശനത്തിനു പിന്നിലെ യഥാർത്ഥ സൂത്രധാരൻ താങ്കൾ അല്ലേ  ?

അല്ലെന്ന് പറഞ്ഞാൽ അത് കപട വിനയമാകും. എന്റെയൊരു സ്വപ്നം യാഥാർഥ്യമാകാൻ ഞാൻ പരിശ്രമിച്ചു. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ഇടപെടലുകൾ വരെ വേണ്ട കാര്യമാണ് ഒരു ഭരണാധികാരി മറ്റൊരു നാട്ടിൽ പോവുക എന്നത്. 

ഞാൻ കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ ആണ് പഠിച്ചത്. ഷാർജ ഭരണാധികാരിയെ എന്റെ നാട്ടിൽ കൊണ്ടുപോയി ആദരിക്കുക എന്നത് ഒരു വലിയ സ്വപ്‌നമായിരുന്നു. ഇത്ര വലിയ പണ്ഡിതനായ ഒരു മനുഷ്യനെ, ഇത്ര നല്ല ഒരു ഭരണാധികാരിയെ നമ്മുടെ നാട് ആദരിക്കുക എന്നത് സ്വപ്‌നം കാണാം. പക്ഷേ നടപ്പിലാക്കാൻ എന്നെപ്പോലെരാൾക്കു കഴിയുമോ. നല്ല ഉദ്ദേശത്തോടെ നമ്മൾ സ്വപ്നം കണ്ടാൽ എല്ലാ സാഹചര്യങ്ങളും അനുകൂലമായി വരും എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഷാർജ ഭരണാധികാരിയുടെ കേരള സന്ദർശനം.

ഞാൻ ചെന്ന് വരൂ നമുക്ക് എന്റെ നാട്ടിൽ പോകാം എന്ന് വിളിച്ചു കൊണ്ടുപോകാൻ പറ്റുന്നതാണോ ഒരു രാഷ്ട്രത്തലവൻ. അതിനൊക്കെ അതിന്റെതായ പ്രോട്ടോക്കോളും ഡിപ്ലോമാറ്റിക്‌ രീതികളും ഉണ്ട്. ഞാൻ ആദ്യം ചെയ്തത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിസി ആയ ഡോ.സലാമിനെ ഷാർജ ബുക്ക് ഫെയറിൽ പ്രാസംഗികനായി ക്ഷണിച്ചു. വന്നപ്പോൾ അദ്ദേഹത്തിന് ഞാൻ ഷാർജ ഭരണാധികാരിയെ പറ്റി എഴുതി തയാറാക്കിവച്ചിരുന്ന വിശദമായ ലേഖനം കൊടുത്തു. ഇത്രയധികം പുസ്തകങ്ങൾ എഴുതിയ ആൾ. മികച്ച ഭരണാധികാരി. മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്ക് എല്ലാ പരിഗണനയും കൊടുക്കുന്ന വ്യക്തി തുടങ്ങിയ എല്ലാ കാര്യങ്ങളും പരിഗണിച്ചു അദ്ദേഹത്തിന് ഓണററി ഡീലീറ്റ് സമ്മാനിക്കണം എന്ന് ഞാൻ ആവശ്യപ്പെട്ടു. നിലവിൽ പതിനേഴ് ഡീലീറ്റുകൾ ഉണ്ട് അദ്ദേഹത്തിന്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ തന്നെ പഠിച്ച വിശിഷ്ട വ്യക്തികൾക്കാണ് അവർ ഡീലീറ്റ് നൽകി ആദരിക്കുക പതിവ്. അതില്ലാത്തപ്പോൾ മാത്രം മറ്റ് യൂണിവേഴ്‌സിറ്റികൾ. അതുമില്ലെങ്കിൽ മാത്രം ഇന്ത്യയിലെ മറ്റു സംസ്ഥാനത്ത് നിന്നുള്ളവർ എന്നതാണ് രീതി. ഇതെല്ലാം മറികടന്നാണ് ആദ്യമായൊരു വിദേശ ഭരണാധികാരിക്ക് നമ്മുടെ യൂണിവേഴ്‌സിറ്റി ഡീലീറ്റ് നൽകി ആദരിക്കാൻ സിഡിക്കേറ്റ് തീരുമാനിച്ചത്. മന്ത്രിയായിരുന്ന ഡോ.എം.കെ. മുനീറും ഇക്കാര്യത്തിൽ സഹായിച്ചു. കഴിഞ്ഞ ഫ്രാങ്ക്ഫുർട്ട് പുസ്തകമേളയിൽ വച്ച് മുനീർ ഷാർജ ഭരണാധികാരിയോട് ഡീലീറ്റ് സമ്മാനിക്കുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചു. അത് സ്വീകരിക്കാൻ കേരളത്തിൽ എത്താമെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു. ബാക്കിയെല്ലാം നയതന്ത്ര കാര്യങ്ങളാണ്. 

രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുൽ കലാമിനെ ഷാർജയിൽ കൊണ്ടു വന്നതും താങ്കൾ മുൻകൈയെടുത്തല്ലേ ? 

കലാമിനും ഷാർജ ഭരണാധികാരിക്കും ഒരുപാട് സാമ്യതകൾ ഉണ്ടായിരുന്നു. രണ്ടുപേരും നല്ല എഴുത്തുകാർ. നല്ല ഭരണാധികാരികൾ. ഇവർ തമ്മിൽ കാണണം എന്ന് ഞാൻ ആഗ്രഹിച്ചു. അങ്ങനെ എ.പി.ജെ. അബ്ദുൽ കലാമിനെ ഷാർജ ബുക്ക് ഫെയറിന് ക്ഷണിച്ചു. ഔദ്യോഗികമായ കീഴ്വഴക്കങ്ങൾ അനുസരിച്ചു നടപടികൾ പൂർത്തിയാക്കി. അദ്ദേഹത്തെ സ്വീകരിക്കാൻ ഷാർജ ഒരുങ്ങി. ഷാർജ ഭരണാധികാരിക്ക് ബുക്ക് ഫെയർ ഉദ്ഘാടനത്തിനു ശേഷം എട്ടുമണിക്ക് ക്ഷണിക്കപ്പെട്ട അതിഥികളോടൊത്തുള്ള അത്താഴ വിരുന്ന് എല്ലാ കൊല്ലവും ഉണ്ട്. അതിനു മുൻപ് അഞ്ചു മിനിട്ടാണ് എ.പി.ജെ. അബ്ദുൽ കലാമുമായി ഔദ്യോഗിക കൂടിക്കാഴ്ച്ച. അവർ ഇരുവരും സംസാരിച്ചു തുടങ്ങി. പുസ്തകങ്ങളും യാത്രകളും ഇന്ത്യയും അറബിനാടുകളുമായുള്ള ബന്ധവുമൊക്കെ. ഹിന്ദിയിലും ഇംഗ്ലീഷിലുമായി. അഞ്ചു മിനിറ്റ് ഷെഡ്യൂൾ ചെയ്തത് ഒരു മണിക്കൂർ ആയിട്ടും കഴിയുന്നില്ല. രണ്ടു ഭരണാധിപന്മാർ സുഹൃത്തുക്കളായി മാറുന്നതിന് ഞാൻ സാക്ഷിയായി. പിന്നീട് പലയിടത്തും എ.പി.ജെ. അബ്ദുൽ കലാം ഷാർജയെ കുറിച്ചും പുസ്തക മേളയെ കുറിച്ചും സംസാരിക്കുമായിരുന്നു. എല്ലാ വീടുകളിലും ഒരു ലൈബ്രറി എന്ന തന്റെ സ്വപ്നം ഷാർജയിൽ നടപ്പിലാക്കിയ ആളാണ് ഷെയ്ഖ് സുൽത്താനെന്നും അദ്ദേഹം പറഞ്ഞു. ആ കൂടിക്കാഴ്ച്ച എന്റെ ഒരു സ്വപനത്തിന്റെ സാക്ഷാൽക്കാരമായിരുന്നു എന്ന് എനിക്ക് അവകാശപ്പെടാം. 

ഇനിയും ബാക്കി നിക്കുന്ന സ്വപ്നമെന്താണ് ?

ഷാർജ ബുക്ക് ഫെയറിനെ ലോകത്തെ ഏറ്റവും വലിയ അന്താരാഷ്ര പുസ്തകോത്സവമാക്കി മാറ്റുക എന്നത് തന്നെ. 

സ്വപ്‌നങ്ങൾ ഒക്കെ നേട്ടങ്ങൾ ആകുകയാണല്ലോ. ഇതുവരെയുള്ള ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം എന്തൊക്കെയാണ്  ?

ജീവിതത്തിലെ സന്തോഷം തന്നെയാണ് ഏറ്റവും വലിയ നേട്ടം. 61 വയസ്സായി. എല്ലാത്തരത്തിലും സംതൃപ്തനാണ് ഞാൻ. ജീവിത സാഹചര്യങ്ങൾ എല്ലാം ഉണ്ട്. ഒന്നിനോടും അമിതമായ ആസക്തിയില്ല. മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി സൂക്ഷിക്കാൻ കഴിയുന്നുണ്ട്. ഓഫീസിൽ അറബികൾ വരെ പറയും വിഷമങ്ങളോ ടെൻഷനോ തോന്നിയാൽ എന്റെ ഓഫീസിലേക്ക് വന്ന് അൽപ്പനേരം ഇരുന്നാൽ സന്തോഷമായി ഇറങ്ങി പോകാം എന്ന്. അതിൽ കൂടുതൽ എനിക്ക് എന്താണ് വേണ്ടത്. ഷാർജയിലെ ഏറ്റവും മികച്ച ഗവൺമെന്റ് ഉദ്യോഗസ്ഥനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. ഇരുന്നൂറിൽ അധികം മികവിനുള്ള അംഗീകാരങ്ങളും  പലപ്പോഴായി കിട്ടിയിട്ടിണ്ട്. ഗവൺമെന്റ് ഓരോ പരിപാടി കഴിയുമ്പോഴും നന്നായി പ്രവർത്തിച്ചവർക്ക് മികവിനുള്ള അംഗീകാരം നൽകും. എന്റെ പേര് സ്ഥിരം ലിസ്റ്റിൽ ഇട്ടിരിക്കുകയാണെന്നു തോന്നുന്നു. 

​ഫ്ളാഷ്ബാക്ക്  ​

​എൺപതുകളുടെ തുടക്കം. മധ്യപൂർവേഷ്യൻ രാജ്യങ്ങൾ ആധുനികതയിലേക്ക് ചുവടുവയ്ക്കുന്ന കാലം. കമ്പ്യൂട്ടർ ഉപയോഗം സാധാരണക്കാർക്കിടയിൽ വ്യാപകമായി തുടങ്ങുന്നതേയുള്ളൂ. കൃത്യമായി പറഞ്ഞാൽ കണക്കുകൂട്ടാൻ മാത്രമുള്ള കമ്പ്യൂട്ടറിൽ കളികൾ കൂടി വരുന്ന കാലം. ഷാർജയിൽ കൺസ്ട്രക് ഷൻ കമ്പനി നടത്തുകയായിരുന്ന അബ്ദുൽ സെയ്യിദ് എന്ന സിറിയക്കാരൻ സ്വപ്നങ്ങൾ കാണാൻ തുടങ്ങി. കമ്പ്യൂട്ടർ ഗെയിമുകൾക്ക് സൗകര്യവും പുതിയ തൊഴിൽ സാധ്യത തേടുന്നവർക്കു അത് പഠിപ്പിച്ചു കൊടുക്കാനുമുള്ള ഒരു കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയാൽ രക്ഷപെടും. സെയ്യിദ് തായ്‌വാനിൽ പോയി പത്തിരുപത്തിയഞ്ചു കമ്പ്യൂട്ടറുകൾ കൊണ്ടുവന്നു. യുനെസ്‌കോ കമ്പ്യൂട്ടർ കൺസൾട്ടൻസി എന്നൊരു സ്ഥാപനവും തുടങ്ങി. യുഎഇ യിൽ ഇത്തരത്തിലുള്ള ആദ്യ സ്ഥാപനമായിരുന്നു അത്.

അതേസമയം തോമസ് വാൻഫ്‌ളീറ്റ് എന്ന സ്വീഡൻകാരൻ മറ്റൊരു സ്വപ്നത്തിനു പിന്നാലെ ആയിരുന്നു. ഗൾഫ് രാജ്യങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങൾ ആയിക്കൊണ്ടിരിക്കുകയാണ്. മേഖലയിലെ ആദ്യ വിമാനത്താവളം അടക്കം ഒരുപാടു സൗകര്യങ്ങൾ ഉള്ള ഷാർജയ്ക്ക് മുന്നേറാൻ സാധ്യതകൾ ഏറെയുണ്ട്. ഓസ്ട്രിയ, ജർമനി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് ടൂറിസ്റ്റുകൾ കൂടുതലും എത്തുന്നത്. നന്നായി ഇംഗ്ലീഷ് സംസാരിക്കാനും മറ്റും അറിയാവുന്ന ഒരാളെ ഒപ്പം കിട്ടിയിരുന്നെങ്കിൽ കുറെ കാര്യങ്ങൾ ചെയ്യാമായിരുന്നു. ഷാർജ ടൂറിസം വകുപ്പിൽ ഉന്നത ഉദ്യോഗസ്ഥനായ തോമസ് പല പദ്ധതികളും സ്വപ്നം കണ്ടുനടന്നു. 

കണ്ണൂർ പെരിങ്ങോം സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായ അച്ഛന്റെ വഴി പിൻതുടരാനായി പയ്യന്നൂർ കോളേജിൽ അകൗണ്ടൻസി പഠിച്ച ഒരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു. യുഎഇ യിൽ ജോലി ചെയുകയായിരുന്ന അമ്മാവൻ ബാലകൃഷ്‌ണൻ വിസ അയച്ചു കൊടുത്തപ്പോൾ അക്കാലത്തെ ഏതൊരു മലയാളിയെയും പോലെ ഗൾഫ് എന്ന സ്വപ്‌നവുമായി ആ ചെറുപ്പക്കാരനും യുഎഇ യിലേക്ക് വിമാനം കയറി. മോഹൻ കുമാർ എന്ന ആ പെരിങ്ങോംകാരൻ അബ്ദുൽ സെയ്യിദ് എന്ന സിറിയക്കാരനുമായും ചായ ഉണ്ടാക്കി കൊടുക്കുമായിരുന്ന മാധവൻ എന്ന ഒരാളുമായും തോമസ് വാൻഫ്‌ളീറ്റ് എന്ന സ്വീഡൻകാരനുമായും യുഎഇ യിൽ കണ്ടു മുട്ടിയ കഥയുടെ ക്ലൈമാക്സ് ഒരു ജീവിത വിജയത്തിന്റെ സാക്ഷ്യപത്രമാണ്. 

ഇന്ന് ലോകത്തെ ഏറ്റവും ജനസ്വാധീനമുള്ള ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ അണിയറയിൽ നിന്ന് ചുക്കാൻ പിടിക്കുന്നയാളാണ് മോഹൻ കുമാർ. ഷാർജ ഭരണാധികാരി ഷേയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ അടുപ്പക്കാരനും. 


​മൂന്നര പതിറ്റാണ്ടു മുൻപ് യുഎയിൽ എത്തിയ കാലം എങ്ങനെയായിരുന്നു ?

ഇപ്പോഴാണോ ഗൾഫിലേക്ക് വരുന്നത് എന്ന ചോദ്യമാണ് ആദ്യം കണ്ടപ്പോൾ പലരും ചോദിച്ചത്. നമ്മൾ വലിയ സ്വപനങ്ങളുമായാണ് ഒരു ജോലി തേടി ഗൾഫിലേക്ക് വന്നിരിക്കുന്നത്. ഇവിടെ എല്ലാം തീർന്ന മട്ടിലാണ് പുതിയതായി വരുന്നവരെ ഇപ്പോഴും ആൾക്കാർ സ്വീകരിക്കുന്നത്. സ്വപ്നങ്ങൾ കൈമുതലായുള്ളവന് അധ്വാനിക്കാൻ മനസുകൂടി ഉണ്ടെങ്കിൽ എങ്ങും ഒന്നും തീർന്നിട്ടില്ല.

ഇവിടെ ഒരു ജീവിതം തുടങ്ങിയത് എങ്ങനെയായിരുന്നു ?

യുനെസ്‌കോ കൺസ്ട്രക് ഷൻ കമ്പനിയിൽ അകൗണ്ട്സ് അസിസ്റ്റന്റ് ആയി ജോലികിട്ടി. പത്തു പതിനഞ്ചു ദിവസം കഷ്ട്ടിച്ച് ജോലി ചെയ്തിട്ടുണ്ടാവും. അതിനിടെ ഉടമ സിറിയക്കാരനായ അബ്ദുൽ സെയ്യിദ് കമ്പ്യൂട്ടർ സ്ഥാപനം തുടങ്ങി കഴിഞ്ഞിരുന്നു. എന്റെ രീതികൾ ഇഷ്‌ടപ്പെട്ടിട്ടായിരിക്കണം എന്നെ അങ്ങോട്ട് മാറ്റി. മറ്റൊരാൾ കൂടിയുണ്ടായിരുന്നു എനിക്കൊപ്പം. ഇറാനിൽ നിന്ന് ഒരാളെ കൊണ്ടുവന്ന് ഞങ്ങൾക്ക് പരിശീലനം തരാനും തീരുമാനിച്ചു. മാത്യു എന്നൊരു മലയാളി കൂടി ഉണ്ടായിരുന്നു അവിടെ. പുതിയതായി വിതരണത്തിനുള്ള ലൈസൻസ് കിട്ടിയ കമ്പ്യൂട്ടർ ഗെയിമിന്റെ വിതരണ ശൃംഖല വർധിപ്പിക്കുന്നതിന് പലയിടത്തേയ്ക്കും ഇമെയിൽ അയക്കാൻ സെക്രട്ടറിയായ മാത്യുവിനെ ചുമതലപ്പെടുത്തി. സെയ്യിദ് കൊടുത്ത കാറ്റലോഗ് നോക്കി മാത്യു ഇമെയിൽ അയച്ചുകൊണ്ടിരുന്നു. അക്കൂട്ടത്തിൽ ചിലത് ഇസ്രായേലിലേക്കും പോയി. പലസ്തീൻ പ്രശ്നമൊക്കെ സജീവമായി നിന്നിരുന്ന കാലമായിരുന്നു അത്. എന്തോ ഇസ്രായേൽ ബന്ധമുണ്ട് എന്ന തെറ്റിദ്ധാരണയിൽ സ്ഥാപനം പൂട്ടാൻ ഗവൺമെന്റ് നിർദേശിച്ചു. എല്ലാവരുടെയും പണിപോയി എന്ന് പറഞ്ഞാൽ മതിയല്ലോ.

അടുത്ത ജോലിക്കായുള്ള അന്വേഷണം തുടങ്ങിയോ ?

നാട്ടിൽ അത്യാവശ്യം ഭൂസ്വത്തൊക്കെയുള്ളതിനാൽ കുടുംബം പോറ്റാൻ ഒരു ജോലി അനിവാര്യമായിരുന്നില്ല. എന്നാൽ സ്വന്തമായൊരു ജീവിതം കെട്ടിപ്പടുക്കുക എന്ന സ്വപ്നം ഉള്ളതിനാൽ പാർട്ട് ടൈം ആയി പലയിടത്തും അകൗണ്ട്സ് ജോലികൾ ചെയ്തു. നല്ല കാശ് കിട്ടിത്തുടങ്ങി. അത്തരത്തിൽ കണക്കുകൾ ഒക്കെ നോക്കുന്ന ഇലക്ട്രോണിക് ഷോപ്പിൽ ഒരു മാധവേട്ടൻ ഉണ്ടായിരുന്നു. എനിക്ക് ചായയൊക്കെ ഉണ്ടാക്കി തരുന്ന ആൾ. അദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന ഒരു മലയാളി ഷാർജ ടൂറിസം വകുപ്പിൽ ഓഫീസ് ബോയ് ആയി ജോലി ചെയ്തിരുന്നു. അവരുടെ ഓഫീസിൽ ഒരു ഒഴിവുണ്ടെന്നു മാധവേട്ടൻ പറഞ്ഞു. 'ഓ.. ഗവൺമെന്റ് ജോലിയല്ലേ, അറബികളെ ആയിരിക്കില്ലേ അവർ നിയമിക്കുക' എന്ന് ചിന്തിച്ചു ഞാൻ ആവഴിക്ക് പോയില്ല. പലതവണ മാധവേട്ടൻ നിർബന്ധിച്ചപ്പോൾ അവിടെ ചെന്നു. ആ ഓഫീസിന്റെ ചുമതലക്കാരനായ തോമസ് വാൻഫ്‌ളീറ്റ് ആണ് എന്നെ ഇന്റർവ്യൂ ചെയ്തത്. സ്വന്തം കൈപ്പടയിൽ ഒരു ബയോഡേറ്റ എഴുതി കൊടുക്കാൻ പറഞ്ഞു. ഇംഗ്ലീഷ് പത്രങ്ങൾ സ്ഥിരമായി വായിച്ചു ശീലമുള്ളതിനാൽ അതൊന്നും ഒരു പ്രയാസമുള്ള കാര്യമായിരുന്നില്ല. ടെലക്സ് ഓപ്പറേറ്റ് ചെയ്യാനും അറിയേണ്ടതുണ്ടായിരുന്നു. യുനെസ്‌കോയിൽ ജോലിചെയ്ത കുറഞ്ഞ സമയത്തിനുള്ളിൽ അതും ഞാൻ പഠിച്ചിരുന്നു. പിന്നീട് അറിയിക്കാം എന്ന് പറഞ്ഞു മടക്കി അയച്ചു. രണ്ടു മൂന്ന് ദിവസങ്ങൾക്കു ശേഷം ഇലക്ട്രോണിക് ഷോപ്പിലേക്ക് എന്നെ അന്വേഷിച്ചു ഫോൺ വന്നു. കോണ്ടാക്ട്‌ നമ്പറായി ഞാൻ കൊടുത്തിരുന്നത് ഷോപ്പിലെ നമ്പരാണ്. അന്ന് മൊബൈൽ ഒന്നും ഇല്ലാത്ത കാലമല്ലേ. അങ്ങനെ അടുത്ത ദിവസം ഞാൻ കൾച്ചറൽ ആൻഡ് ടൂറിസത്തിന്റെ ഓഫീസിൽ ചെന്നു. അവർ കാര്യങ്ങൾ ഒക്കെ പറഞ്ഞു നിയമന ഉത്തരവ് തന്നു. ജീവിതത്തിലെ ഒരു പുതിയ കാലം തുടങ്ങുകയായിരുന്നു അവിടെ.

എന്തായിരുന്നു അവിടുത്തെ ജോലിയും ജീവിതവും ?

ചുരുക്കി പറഞ്ഞാൽ ഷാർജയുടെ ടൂറിസം പ്രമോഷൻ. ഒരുപാട് ഐഡിയകൾ ഉള്ള തോമസിനൊപ്പം ജോലി ചെയ്യുന്നത് രസകരമായിരുന്നു. ഷാർജയുടെ ടൂറിസം സ്പോട്ടുകളെ കുറിച്ച് ലീഫ്‌ലെറ്റുകൾ ഉണ്ടാക്കുക. അതിനു വേണ്ട ചിത്രങ്ങൾ എടുക്കുക. വിനോദ സഞ്ചാരികൾക്ക് വിസ ശരിയാക്കുക, യാത്രകളും താമസ സൗകര്യങ്ങളും ഏർപ്പാടാക്കുക ഒക്കെ ചെയ്യണം. ഒരു വർഷത്തോളം അതായിരുന്നു ജോലി. 

ഇന്നിപ്പോൾ ദുബായ് ആണല്ലോ ടൂറിസത്തിന്റെ കേന്ദ്രം  ?

അതേ, പുറന്നാടുകളിൽ ഗൾഫ് എന്നാൽ ദുബായ് ആണ്. അത്രയധികം വളർന്നു കഴിഞ്ഞു ദുബായ്. പണ്ട് ഞാനൊക്കെ വന്ന കാലത്തുപോലും ഷാർജയിൽ നിന്ന് ദുബായിലേക്കുള്ള റോഡ് കാറ്റടിച്ചു മണൽ മൂടിക്കിടക്കും. കാരണം ഇരുവശവും ഇന്നത്തെ പോലെ കെട്ടിടങ്ങളില്ല. റോഡിൽ വണ്ടിയുടെ രണ്ടു ടയറുകളുടെ ഭാഗം മാത്രമാണ് കാണാനുള്ളത്. ഷാർജയിൽ അന്ന് നല്ല റോഡുകളും പാലങ്ങളും ഒക്കെയുണ്ട്. ദുബായ് പതുക്കെ പതുക്കെ വളരുകയായിരുന്നു. ഇപ്പോൾ ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫ വരെ ആയി. ഇനി ദുബായ് എക്സ്പോ ട്വന്റി ട്വന്റി വരുമ്പോഴേക്കും വരുന്ന മാറ്റങ്ങൾ പ്രവചനാതീതമാണ്. ലോകത്തെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നാണ് ഇപ്പോൾ തന്നെ ദുബായ്. അതിനു പുറമെ ദുബായ് സൗത്ത്‌ എന്ന പേരിൽ പുതിയൊരു നഗരമാണ് ഇനി പടുത്തുയർത്തുന്നത്. 

ഇതെല്ലാം ദീർഘ വീക്ഷണമുള്ള ഒരു ഭരണാധികാരിയുടെ നേട്ടങ്ങളായി കാണണം. ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് എന്ന പുതിയ സാങ്കേതിക വിദ്യക്കായി ഒരു മന്ത്രിയെ നിയമിച്ചിരിക്കുകയാണ് ദുബായ്. ലോകത്താദ്യമായി ജനങ്ങളുടെ സുഖവും ക്ഷേമവും പരിപാലിക്കുന്നതിന് ഒരു വകുപ്പ് ഉണ്ടാക്കി മന്ത്രിയെ നിയമിച്ചില്ലേ. രാജ്യത്തെ ഓരോ ജനങ്ങളും സന്തോഷമായിരിക്കുക എന്നതാണ് ഭരണാധികാരിയുടെ ഉത്തരവാദിത്തം എന്ന് പറയുന്ന ആളാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം. അദ്ദേഹം എഴുതിയ പുതിയ പുസ്തകമാണ് റിഫ്ലക്ഷൻ ഓൺ ഹാപ്പിനെസ്സ്. എങ്ങനെ ഒരു രാജ്യത്തെ നയിക്കണമെന്നും വികസനത്തിലേക്ക് മുന്നേറാമെന്നും ഇതിൽ പറയുന്നുണ്ട്. ഒരു വ്യക്തിയുടെ വിജയത്തിനും ഇക്കാര്യങ്ങൾ ഒക്കെത്തന്നെ പ്രാവർത്തികമാക്കാം. ഏതൊരാളും ഈ പുസ്തകം വായിച്ചിരിക്കണം എന്നാണ് എന്റെ അഭിപ്രായം.


ടൂറിസം വകുപ്പിലെ ജോലിയിൽ നിന്ന് ബുക്ക് ഫെയറിലേക്ക് വരുന്നത് എങ്ങനെയാണ് ?

അന്ന് ജോലി ടൂറിസവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ആ സമയത്താണ് ഷാർജയിൽ ആദ്യമായി പുസ്തക മേള ആരംഭിക്കുന്നത്. ഷാർജ ഇസ്ലാമിക് ബുക്ക് ഫെയർ എന്നായിരുന്നു പേര്. മുഹമ്മദ് യാ ബിൻ മൂസ എന്നൊരാളായിരുന്നു അതിന്റെ ഡയറക്ടർ. അദ്ദേഹമാണ് പുസ്തകമേള എന്ന ആശയം ആദ്യം നടപ്പിലാക്കിയത്. പാലസ്തീനിയായ അദ്ദേഹം ഷാർജ ഭരണാധികാരിയുടെ സ്‌കൂൾ അദ്ധ്യാപകൻ കൂടി ആയിരുന്നു. ആദര സൂചകമായി ഏറെ പ്രായമായിട്ടും അദ്ദേഹത്തെ ഇപ്പോഴും റൂളേഴ്‌സ് ഓഫീസിൽ പ്രത്യേക പദവി നൽകി ഇരുത്തിയിട്ടുണ്ട്. 

ഞാൻ ഉൾപ്പെടുന്ന കൾച്ചറൽ ആൻഡ് ടൂറിസം വകുപ്പാണ് പുസ്തകമേള നടത്തിയത്. അതുകൊണ്ടുതന്നെ എനിക്ക് കുറെ ജോലികൾ ഉണ്ടായിരുന്നു. പിന്നീട് ഡോ.യൂസിഫ് ഫയദാബി എന്നൊരാൾ പുസ്തകമേളയുടെ ചുമതലക്കാരനായി. സുഡാൻ കാരനാണ് അദ്ദേഹം. മേളയുടെ ഏതാണ്ട് ഇരുപത്തിയഞ്ചു കൊല്ലത്തോളം അദ്ദേഹമായിരുന്നു ഡയറക്‌ടർ. അറബ് രാജ്യങ്ങളിൽ നിന്നുള്ള പുസ്തകങ്ങൾ മാത്രമായിരുന്നു അക്കാലത്ത്. തുടക്കം മുതൽ ഇന്റെർനാഷണൽ സെക്‌ഷൻ എന്ന പേരിൽ യുഎയ്ക്ക് പുറത്തുനിന്നുള്ള പുസ്തകങ്ങളുടെ കാര്യങ്ങളായിരുന്നു എന്റെ ചുമതല. പിന്നീട് ബുക്ക് ഫെയർ അതോറിറ്റിയുടെ ചെയർമാനായത് ഫിനാൻസ് കൺട്രോളറായിരുന്ന അഹമ്മദ് എന്ന അറബിയാണ്. ഞങ്ങൾ ഒരുമിച്ചു ജോലി ചെയ്തിട്ടുള്ളവർ ആയിരുന്നു. വ്യക്തിപരമായി വലിയ അടുപ്പക്കാരുമാണ്. അദ്ദേഹം വന്നതോടെ എന്റെ ചുമതലകൾ കൂടി. ബുക്ക് ഫെയറിന് ഒരു അന്താരാഷ്ട്ര നിലവാരം കൊണ്ടുവരാനുള്ള പദ്ധതികൾ മുന്നോട്ടുവച്ചു. ഇത്രയധികം  ഇന്ത്യാക്കാരുള്ള നാട്ടിൽ ഇന്ത്യൻ സമൂഹത്തിന് സ്വീകാര്യമായ രീതികൾ നടപ്പിലാക്കിയതോടെയാണ് പുസ്തകമേള വലിയ വിജയമായത്. 

​ഇക്കഴിഞ്ഞത് മുപ്പത്തിയാറാമത്തെ വർഷമാണ്. പുസ്തകമേള എന്ന ആശയത്തിന്റെ തുടക്കം മുതൽ ഇന്നുവരെ ഞാൻ ഒപ്പമുണ്ട്. ഈ ടീമിൽ മറ്റാർക്കും അവകാശപ്പെടാൻ ഇല്ലാത്ത ക്രെഡിറ്റാണത്. ഷാർജ ഭരണാധികാരിയും ഞാനും മാത്രമാണ് ഇതിന്റെ തുടക്കം മുതലുള്ളവർ. ഇപ്പോൾ ഷാർജ ബുക്ക് അതോറിറ്റിയുടെ ഓർഗനൈസിങ് കമ്മറ്റിയിൽ അറബിയല്ലാത്ത ഏക ആൾ ഞാനാണ്.  ​


​​ഇത്രയും തിരക്കുകൾക്കും യാത്രകൾക്കും ഇടയിൽ എങ്ങനെയാണ് ജീവിതം ക്രമപ്പെടുത്തിയിരിക്കുന്നത് ?

മുപ്പത്തിരണ്ടു വർഷങ്ങളായി പ്രവാസിയായിട്ട്. ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല. പറഞ്ഞല്ലോ നാട്ടിൽ അത്യാവശ്യം ഭൂസ്വത്തൊക്കെ ഉണ്ടായിരുന്നതിനാൽ ഒരുകാലത്തും പണത്തോടു ആർത്തി തോന്നിയിരുന്നില്ല. ഈ ജോലി കൊണ്ട് നല്ല നിലയ്ക്കുള്ള ജീവിത സാഹചര്യങ്ങളും ഉണ്ടാക്കി. ആകെ ഒരു മകളാണുള്ളത്. അശ്വതി. അവളുടെ വിവാഹാം കഴിഞ്ഞു. എയർഫോഴ്‌സിൽ വിങ് കമാണ്ടർ ആയ ജയരാജ് ആണ് മരുമകൻ. അവർ ബാഗ്ലൂരാണ് താമസം. അവർക്കു രണ്ടു കുട്ടികളാണുള്ളത്. മൂന്ന് വയസുകാരി ഉപാസനയും കൈക്കുഞ്ഞായ ഉജ്വലും. മകൾ കളിച്ചു വളർന്ന, പഠിച്ച, പാട്ടുപാടുകയും കെട്ടിപ്പിടിച്ചു കരയുകയും ചെയ്ത ഈ മുറികൾ വിട്ടുപോകാൻ തോന്നാത്തതുകൊണ്ട് മാത്രം കഴിഞ്ഞ പതിനേഴു വർഷമായി ഈ ഫ്ലാറ്റിൽ തന്നെയാണ് ഞാനും ഭാര്യ ഗീതയും താമസം. 

ഞാൻ രാവിലെ നാലരയ്ക്ക് എഴുന്നേൽക്കും. യോഗ ചെയ്യും ശാസ്ത്രീയ സംഗീതം പഠിക്കുന്നുണ്ട്. ദിവസവും പ്രാക്ടീസ് ചെയ്യും. അതുകഴിഞ്ഞു പുസ്തകം വായിക്കും. പിന്നെ ഒരു മണിക്കൂറോളം നടക്കാൻ പോകും. എന്നും വിളക്ക് കത്തിച്ചു പത്തുമിനിറ്റ് പ്രാർത്ഥിക്കും. അത് ഏകാഗ്രത വർദ്ധിക്കാൻ കാരണമായി. പണ്ടേ ടീ ഷർട്ടും സ്‌പോർട് ഷൂസുമാണ് വേഷം. ഓഫീസിൽ മാത്രം ഇപ്പോൾ കോട്ട് ഉപയോഗിക്കും. വിലകൂടിയ കാറോ വാച്ചോ ഒന്നും വേണ്ട. മിതമായ ആഹാരം. അച്ചാറും പപ്പടവും പഞ്ചസാരയും കഴിക്കില്ല. ജോലികളൊക്കെ കഴിഞ്ഞു രാത്രി ഭാര്യയുമായി ആൾത്തിരക്കില്ലാത്ത വഴികളിലൂടെ വേഗത കുറച്ച് വണ്ടിയോടിച്ചു പോകും. ചിലപ്പോൾ ഞങ്ങൾ പാട്ടുപാടും അല്ലെങ്കിൽ പാട്ടുകേൾക്കും. മകളെ കുറിച്ചും കൊച്ചുമക്കളെ കുറിച്ചും സഹോദരങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കും. ചുറ്റിത്തിരിഞ്ഞു പാതിരാത്രി കഴിഞ്ഞു വന്നുകിടന്നു ഉറങ്ങും. 


Login | Register

To post comments for this article