ലിറ്റററി എഡിറ്റർ. കേരളത്തിലും ദുബായിലും മാധ്യമ പ്രവർത്തകനായിരുന്നു. കൊല്ലം സ്വദേശി.

തിരസ്ക്കരിക്കപ്പെട്ട ഒരാത്മാവിനെ വീണ്ടെടുത്തത്തിന്റെ ആഘോഷം

എന്നെക്കൊണ്ട് എന്തോ ഒരാശയം പ്രകാശിപ്പിക്കാനുണ്ടാകും ദൈവത്തിന്. അതുകൊണ്ടാകും ദൈവം ഇങ്ങനെതന്നെ എന്നെ സൃഷിടിച്ചത്. തന്നെ കുറിച്ച് ദസ്തയേവ്സ്കി സങ്കൽപ്പിച്ചത് ഇങ്ങനെയാണ്. ഒരാത്മഭാഷണത്തിന്റെ സ്വരത്തിലാണെന്ന് തോന്നിപോകും പെരുമ്പടവം ശ്രീധരൻ ഒരു സങ്കീർത്തനം പോലെ എന്ന നോവലിൽ ദസ്തയേവ്സ്കിയുടെ ചിന്തയെ ഇത്തരത്തിൽ പകർത്തിവച്ചത്. ആ പുസ്തകത്തിന്റെ നൂറാം പതിപ്പ് എന്ന മലയാളത്തിൽ അപൂർവമായ നേട്ടത്തിന്റെ നിറവിൽ പെരുമ്പടവം സംസാരിക്കുന്നു. 

ഇതുവരെയുള്ളതെല്ലാം അവിടെ നിൽക്കട്ടെ. നമുക്ക് വരാനിരിക്കുന്ന അത്ഭുതങ്ങളെ കുറിച്ച് സംസാരിക്കാം. ഇനിയെന്താണ് എഴുത്തുന്നത് ?

എഴുത്തുകാരൻ എന്ന നിലയിൽ കുമാരനാശാൻ അനുഭവിച്ച ആത്മീയവ്യഥകളെ കുറിച്ചാണ് ഞാൻ ഇപ്പോൾ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. ചില നേരങ്ങളിൽ എഴുതാൻ കഴിയാത്തതിനെ കുറിച്ച് അദ്ദേഹം അനുഭവിച്ച വിഷമം. എങ്ങനെയാണ് അതൊക്കെ മറികടന്ന് ഒരു കൃതി എഴുതി പൂർത്തിയാക്കുന്നത്. കുമാരനാശാൻ നെടുങ്കണ്ടത്തെ കുന്നിൻ മുകളിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചെമ്പകച്ചുവട്ടിൽ പോയി അങ്ങകലെ കടലിലേക്ക് നോക്കി നിൽക്കുമായിരുന്നു. അവിടെ നിന്നാണ് അദ്ദേത്തിന്റെ കാവ്യസങ്കല്പങ്ങൾ മുഴുവൻ ഉയർന്നുവന്നത്. ഒരു കടൽ പോലെ മനസ് കിടന്നു അലച്ച ആ നിമിഷങ്ങളിൽ ആശാൻ എങ്ങനെ ജീവിച്ചു. അതാണ് ഞാൻ എഴുതുന്ന പുതിയ നോവലിന്റെ പ്രതിപാദ്യം. പേര് അവനിവാഴ്‌വ് കിനാവ്.

എഴുതാൻ കഴിയാത്തതിനെ കുറിച്ചുള്ള ഇതേ വിഷമം അനുഭവിച്ചില്ലേ അടുത്തകാലം വരെ ?

ഉവ്വ്. ഉള്ളുപൊള്ളയായി പോയ ഒരു വർഷക്കാലമാണ് കടന്നുപോയത്. ഭാര്യ ലൈല മരിച്ചതോടെ ഞാൻ അപ്രതീക്ഷിതമായ വെള്ളപ്പൊക്കത്തിൽ പകുതി ഭാഗം അടർന്നുപോയ ഒരു ഭൂഖണ്ഡം പോലെ ആയിപ്പോയി. പത്തുപതിനൊന്നു വർഷമായി സുഖമില്ലാതെ ആയിട്ട്. രണ്ടു വർഷം കിടപ്പായിരുന്നു. അതിൽ അവസാനത്തെ ഒരുവർഷം തീരെ വായ്യാതെ കിടക്കുകയായിരുന്നു. ഭക്ഷണം കൊടുത്തും പരിചരിച്ചും ഒരു കൊച്ചുകുട്ടിയെ എന്നപോലെ  ഭാര്യയെ പരിചരിച്ചു. രാപകൽ ഞാൻ കൂടെ നിന്നു. ജീവിതത്തിൽ ചെയ്ത സൽകർമ്മം എന്ന് ഞാൻ കരുതുന്നത് അതാണ്. ഞാൻ അടുത്തുതന്നെ വേണം എപ്പോഴും. സാഹിത്യ അക്കാദമി പ്രസിഡന്റായി തിരക്കോടു തിരക്കായിരിക്കുമ്പോഴും മനസുകൊണ്ട് ഞാൻ അരികിലിരുന്നു. എവിടേക്കെങ്കിലും പോകേണ്ട അത്യാവശയമുണ്ടെകിൽ മുകളിലെ കടയിൽ പോയി തീപ്പെട്ടി വാങ്ങിവരട്ടെ എന്ന് പറഞ്ഞാണ് പോയിരുന്നത്. ചിലപ്പോൾ ദിവസങ്ങൾ കഴിഞ്ഞു ഞാൻ മടങ്ങി വരുവോളം ഉടൻ എത്തുമെന്ന ആ ഒരുറപ്പിൽ അവർ കഴിഞ്ഞു. പതിനാറാം വയസിൽ എന്നോടൊപ്പം ഇറങ്ങി വന്നയാളാണ്. വെറും പതിനെട്ടുകാരനായ ഞാൻ എഴുത്തുകാരനാണെന്ന് എനിക്ക് മാത്രം അറിയാവുന്ന ഒരു കാലത്താണ് അത്. ലോകത്തെ ഏറ്റവും വലിയ എഴുത്തുകാരൻ ആരാണെന്ന് ചോദിച്ചാൽ പെരുമ്പടവം ശ്രീധരൻ എന്നു പറഞ്ഞുകളയും. അത്രയ്ക്ക് എന്നെ സ്നേഹിച്ച ആളാണ്. എന്നെ വിട്ടുപിരിഞ്ഞത്. അതോടെ ഏകാന്തതയുടെ വലിയൊരു കിണറ്റിലേക്ക് എന്നെ തള്ളിയിട്ടതുപോലെ ആയി. ആരെങ്കിലുമൊക്കെ പറഞ്ഞും പിടിച്ചുകയറ്റിയും കരയ്‌ക്കെത്തുമ്പോൾ വീണ്ടും ഞാൻ എന്നെ അതിലേക്കു തന്നെ തള്ളിയിടുകയിരുന്നു. 

ഇത്തരം ആന്തരിക വ്യഥകളിൽ നിന്ന് എഴുത്തിനുള്ള പ്രചോദനം കിട്ടില്ലേ ?

ഒരു ദിവസം അടൂർ ഗോപാലകൃഷ്ണൻ എന്നെ വല്ലാതെ ശാസിച്ചു. ലോകത്തെ ഏറ്റവും സൗമ്യന്മാരിലൊരാളാണെന്നു ഓർക്കണം. അതിനുള്ള അടുപ്പം ഞങ്ങൾ തമ്മിലുണ്ട്. ഇങ്ങനെ ഇരുന്നാൽ പറ്റില്ല. ഉടൻ എന്തെങ്കിലും എഴുതണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഞാനാകെ വിഷമിച്ച് ചടഞ്ഞുകൂടി ഇരിക്കുകയാണ് എന്ന് മനസിലാക്കിയിട്ടാണ് അദ്ദേഹം ഇതൊക്കെ പറയുന്നത്. അദേഹത്തിന്റെ ഭാര്യ മരിച്ചു ഒരുവർഷമൊക്കെ കഴിഞ്ഞപ്പോൾ അടുത്ത സിനിമയുടെ പണികളിൽ മുഴുകി എന്നൊക്കെ പറഞ്ഞു. എന്നെ പ്രചോദിപ്പിക്കാൻ വേണ്ടിയാണ് അതൊക്കെ പറയുന്നത്. സ്നേഹം കൊണ്ട് അല്ലാതെന്ത്. എനിക്കതൊക്കെ മനസികാകുന്നുണ്ട്. എല്ലാം കേട്ടിരുന്ന ഞാൻ അദ്ദേഹത്തോട് മേഘസന്ദേശം വായിച്ചുണ്ടോന്ന് ചോദിച്ചു. ഉണ്ട്, പഠിച്ചിട്ടുണ്ട്. അതിൽ ഭാര്യ മരിച്ച വിഷമത്തിൽ വാവിട്ടു കട്രയുന്ന രാജാവിനെ കുറിച്ച് വർണ്ണിക്കുന്നുണ്ട്. പലരും സമാധാനിപ്പിച്ചു നോക്കി, രക്ഷയില്ല. മരണം സനാതന സത്യമാണെന്ന് കുലഗുരു വിശദീകരിച്ചു. എന്നിട്ടും രാജാവിന്റെ വിഷമം ശമിച്ചില്ല. ആ സന്ദർഭത്തിൽ കവി കാളിദാസന്റെ പ്രസ്താവനയുണ്ട് ആര് എന്തൊക്കെ പറഞ്ഞാലും അതൊന്നും രാജാവിന്റെ ഹൃദയത്തിലേക്ക് പ്രവേശിക്കുന്നില്ല. അവിടം ഭാര്യാവിയോഗവ്യദ്ധയാൽ നിറഞ്ഞിരിക്കുകയാണെന്നു. അതുതന്നെയാണ് എനിക്കും പറയാനുള്ളത്.

പിന്നെ എപ്പോഴാണ് പുതിയ നോവൽ എഴുതാൻ ആരംഭിച്ചത് ?

അതൊക്കെ ഒരു വെളിപാടുപോലെ സംഭവിക്കുന്നതാണ്. കുമാരനാശാൻ കുറിച്ച് മുൻപൊരിക്കൽ എഴുതിയതാണല്ലോ. അതിനുള്ളിൽ ഒരു തിര അടിക്കുന്നുണ്ടായിരുന്നു. അത് കണ്ടില്ലെന്നു നടിക്കാനാകാത്ത നിലയിലെത്തിയപ്പോൾ എഴുതി തുടങ്ങി. നേരത്തെ പറഞ്ഞപോലെ ചിലരുടെയെല്ലാം അതിസമ്മർദ്ദവുമുണ്ട്. 

എഴുത്തിൽ ഈ വെളിപാട് അഭയം മുതലുള്ളതാണല്ലോ ?

അതേ. മദ്രാസിലി നിന്ന് തിരികെ നാട്ടിലെത്തി കലാവേദി എന്ന മാസിക തുടങ്ങി. ഇടയ്ക്കുവച്ചു അത് മുടങ്ങി. ഭാര്യ രണ്ടാമത് ഗർഭിണിയാണ്. ജീവിക്കാൻ ഒരു മാർഗവും ഇല്ലാതെയായി. ഇതിനിടയിൽ ഞാൻ ഒരു നോവൽ എഴുതി പൂർത്തിയായ സമയത്താണ് ഭാര്യയെ പ്രസവത്തിന് ആശുപത്രിയിൽ ആക്കുന്നത്. കുഞ്ഞുമായി എങ്ങോട്ടുപോകുമെന്നോ എന്ത് ചെയ്യുമെന്നോ ഒരെത്തും പിടിയുമില്ലാതെ ഞാൻ ഞാൻ വിഷം കുടിച്ചു ആത്മഹത്യ ചെയാൻ തീരുമാനിച്ചു. രാത്രിയിൽ മൂവാറ്റുപുഴ ആറിന്റെ തീരത്തെ മണൽപ്പരപ്പിൽ കിടന്നു മരിക്കേണ്ടതെങ്ങനെ എന്ന് ആലോചിക്കുകയായിരുന്നു ഞാൻ. അപ്പോൾ ഒരു സ്ത്രീ  ശബ്ദം; മരിക്കുകയൊന്നും വേണ്ട. പോയി ആ നോവൽ മിനുക്കി എഴുത് എന്ന് പറയുന്നു. എനിക്ക് ആലി പിടികിട്ടി. എന്റെ നോവലിലെ നായികയാണ്. കഥയിൽ അവർ ആത്മഹത്യ ചെയ്തതാണ്. എന്നോട് ആത്മഹത്യ ചെയ്യരുതെന്ന് പറയുന്ന നിങ്ങൾ എന്തിനു അത് ചെയ്തു എന്ന് ഞാൻ ചോദിച്ചു. ആയുസ്സിന്റെ വൃക്ഷത്തിൽ നിന്ന് എന്റെ പേരെഴുതിയ ഇല ഭൂമിയിൽ വീഴുന്നതിന്റെ ശബ്ദം ഞാൻ കേട്ട് എന്ന് അവർ മറുപടി തന്നു. ഏതൊക്കെ എന്റെ തോന്നലായിരിക്കാം. എന്തായാലും ഞാൻ ആ നോവൽ മിനുക്കിയെടുത്തു. അതാണ് അഭയം.

ജീവിതം അഭയം തന്നു തുടങ്ങിയത് അന്നുമുതലാണോ ?

കുട്ടിക്കാലത്ത് കവിതകളായിരുന്നു എഴുതിയിരുന്നത്. സന്ധ്യ, കുന്നിൻ ചരുവിലെ പൂക്കൾ ഒക്കെയായിരുന്നു വിഷയം. ദീപികയിലും കൗമുദിയിലുമൊക്കെ അച്ചടിച്ചു വരുകയും ചെയ്യുമായിരുന്നു. ഏതോ ഒരപകർഷതയിൽ കള്ളപ്പേരിലായിരുന്നു എഴുതിയിരുന്നത്. സർപ്പങ്ങളെ ആരാധിക്കുന്ന ഒരു വീട്ടുകാർ ഉണ്ടായിരുന്നു നാട്ടിൽ. സർപ്പാരാധന ഐശ്വര്യദായകമാണെന്ന് വിശ്വാസം ഉണ്ടെങ്കിലും ആ കുടുംബത്തിൽ ദുരിതങ്ങളായിരുന്നു സംഭവിച്ചുകൊണ്ടിരുന്നത്. അതുവച്ചു ഞാനൊരു നോവലെഴുതി, സർപ്പക്കാവ് എന്ന പേരിൽ. അത് ജനയുഗം ആഴ്ചപ്പതിപ്പിലാണ് പ്രസിദ്ധീകരിച്ചു വന്നത്. കാമ്പിശ്ശേരി കരുണാകരൻ പത്രാധിപരായ ജനയുഗത്തിൽ വലിയ എഴുത്തുകാരായ ജി.ശങ്കരക്കുറുപ്പ്, തകഴി, കേശവദേവ് തുടങ്ങിയവരൊക്കെ എഴുതുന്ന കാലത്താണ് എനിക്ക് ഈ ഭാഗ്യം കിട്ടുന്നത്. അരക്ഷിതാവസ്ഥയും ദാരിദ്രവുമൊക്കെ കൂടെപ്പിറപ്പുപോലെ ഉള്ളപ്പോഴും എവിടെയൊക്കെയോ എന്നെ മുന്നോട്ടു നടത്തുന്ന ഒരു അജ്ഞാത കരം ഉണ്ടായിരുന്നു. 

സർപ്പക്കാവിനു ശേഷം അഭയം പ്രസിദ്ധീകരിക്കുന്നതിനിടയിലെ കാലത്തെ കുറിച്ചൊന്നു പറയാമോ ?

ഞാൻ ചെറുകിട പ്രസംഗങ്ങളുടെ നടക്കുന്ന കാലമാണ്. ഒരിടത്തെ പ്രസംഗം കഴിഞ്ഞു പോകാൻ നിൽക്കുമ്പോൾ ഒരു പെൺകുട്ടി ഓട്ടോഗ്രാഫ് ചോദിച്ചു. അതെന്താ എന്ന് എനിക്ക് അറിയില്ലായിരുന്നു. ഒരു നോട്ടുബുക്ക്‌ നീട്ടി അതിൽ ഒപ്പിട്ടുതരാണ് ആവശ്യപ്പെട്ടു. അതൊരു ഉടമ്പടിയാണ് തീരുകയാണെന്ന് കരുതിയില്ല.  സർപ്പക്കാവ് വായിച്ചിട്ടു എനിക്ക് കത്തെഴുതി. നല്ല വായനാശീലമുള്ള ആ പെൺകുട്ടിയുമായി ഞാൻ അടുപ്പത്തിലായി. അക്കാലത്തു മദ്രാസിൽ നിന്നിറങ്ങുന്ന ഒരു സിനിമാ വാരികയിൽ ലേഖനവും ഫീച്ചറും എല്ലാം എഴുതുന്നതും ഞാനായിരുന്നു. നാട്ടിൽ നിന്ന് പോകാൻ തീരുമാനിച്ചു അതിന്റെ ഉടമയ്ക്ക് ഒരു കത്തയച്ചു. അതൊന്നും ശരിയാകില്ല എന്ന് അദ്ദേഹം പറഞ്ഞെങ്കിലും കാശൊന്നും കൂടുതൽ തരേണ്ട എന്ന് പറഞ്ഞു അങ്ങ് ചെല്ലുകയായിരുന്നു. ഞാൻ ആദ്യമായി നാടുവിട്ടു പോകുകയാണ്. ഞാൻ പോകുന്നു തിരക്കേണ്ട എന്ന് വീട്ടിൽ കത്തെഴുതിവച്ചിട്ടു ആലുവ റെയിൽവെസ്റ്റേഷനിൽ എന്നേക്കാൾ മുന്നേ എത്തി കാത്തു നിന്ന് ആ പെൺകുട്ടി. കഴിഞ്ഞ വർഷ ഓഗസ്റ്റ് 15 നു മരിക്കും വരെ എന്നോടൊപ്പം ഉണ്ടായിരുന്നു ലൈല എനിക്ക് കൂട്ടായി.

മദ്രാസിൽ നിന്ന് തിരിച്ചു നാട്ടിലെത്തി. കലാവേദി എന്ന മാസിക തുടങ്ങിയതും അത് മുടങ്ങിയതുമൊക്കെ അക്കാലത്താണ്. അന്ന് തിരുവന്തപുരത്തുനിന്നിറങ്ങുന്ന സായാഹ്‌ന പത്രത്തിൽ ഏതാണ്ടെല്ലാം എഴുതുന്നത് ഞാനാണ്. അതിന്റെ ഉടമ എം.ടി. അപ്പനും നാടകമൊക്കെ എഴുതുന്ന തമലം തങ്കപ്പൻ എന്ന സുഹൃത്തും സഹായിച്ചു തിരുവന്തപുരത്ത് താമത്ത് ഒരു ചെറിയ വാടക വീട് സംഘടിപ്പിച്ചു. രണ്ടു കുഞ്ഞുങ്ങളുമായി ഞാനും ഭാര്യയായും അവിടെ താമസമായി. പൈസയ്ക്ക് വല്ലാതെ ബുദ്ധിമുട്ടുന്ന സമയമാണ്. എഴുതി പൂർത്തിയാക്കിയ അഭയം എന്ന നോവൽ കൈയിലുണ്ട്. ഫിലിം റിവ്യൂ എന്ന മാസികയുടെ എഡിറ്റർ ഒരു നോവൽ വേണമെന്ന് ആവശ്യപ്പെട്ടു. പത്തഞ്ഞൂറു രൂപ കിട്ടും. പക്ഷെ അഭയം കൊടുക്കാൻ ഭാര്യ സമ്മതിച്ചില്ല. അവൾ അത് പകർത്തിയെഴുതി കേരളശബ്ദം നോവൽ മത്സരത്തിന് അയച്ചുകൊടുത്തു. ഞാൻ അത് മറന്നു. ഏതാണ്ട് ഒരു വർഷത്തിന് ശേഷം അറിയിപ്പുവന്നു അഭയത്തിനു ഒന്നാം സ്ഥാനം. ആയിരം രൂപ സമ്മാനം. സാഹിത്യപ്രവർത്തക സഹകരണ സംഘം അത് പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. 

സിനിമയിലേക്കുള്ള വഴിതുറന്നതും അഭയത്തിലൂടെയല്ലേ ?

അഭയം വലിയ ജനസമ്മതി നേടിയ നോവലായി. അങ്ങനെയിരിക്കുമ്പോഴാണ് നിർമ്മാതാവ് ശോഭന പരമേശ്വരൻ നായർ അത് സിനിമയാക്കണം എന്ന ആവശ്യവുമായി വന്നത്. അവരെ നേരെചൊവ്വേ ഒന്നിറുത്തി ചായകൊടുക്കാൻ പോലും സൗകര്യമില്ലാത്ത വാടകവീട്ടിലാണ് ജി. വിവേകാനന്ദൻ അടക്കമുള്ളവർ വരുന്നത്. നവലിനു ഞാൻ 5000 ആവശ്യപ്പെട്ടു. അതാപം കടന്ന് കൈയ്യായിപ്പോയെന്നു അവർക്കു തോന്നി. പക്ഷെ സംവിധായകൻ രാമു കാര്യാട്ട് പറഞ്ഞു തർക്കിക്കേണ്ട. ചോദിക്കുന്ന പനാം കൊടുത്തേക്കെന്ന്. അങ്ങനെ കാശ് കിട്ടി. ഞാൻ ഓർക്കാപ്പുറത്ത് സിനിമാക്കാരനുമായി.  

മികച്ച തിരകകഥാകൃത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്ക്കാരം വരെ നേടിയ ആൾ ആ രംഗത്തുനിന്ന് മനപ്പൂർവ്വമെന്നോണം മാറിനിന്നത് എന്താണ് ?

കുറെ സിനിമകൾക്ക് വേണ്ടി എഴുതി. ഒരിക്കൽ ഒരു സിനിമാ സെറ്റിൽ വച്ച് പ്രേംനസീറിനോട് ഞാൻ പറഞ്ഞു തമലത്ത് ഒരു ആരാധിക താങ്കളെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചുവെന്നു. അതാണപ്പാ എന്ന് ചോദിച്ചപ്പോ എന്റെ ഭാര്യ തന്നെയാണെന്ന് പറഞ്ഞു. പിന്നീടൊരുദിവസം അദ്ദേഹം വിളിക്കുന്നു വീട്ടിലേക്കുള്ള വഴി ചോദിച്ചുകൊണ്ട്. ആരാധികയെ കാണാൻ വരുകയാണെന്നും പറഞ്ഞ്. പ്രേംനസീർ വന്നതറിഞ്ഞു അവിടമാകെ ആൾക്കൂട്ടമായി. ഇത്തരത്തിൽ നല്ല ഒരുപാടു സൗഹൃദങ്ങൾ സിനിമയിൽ നിന്ന് കിട്ടി. സെൻസർ ബോർഡ് അംഗമായും ഒക്കെ പ്രവർത്തിച്ചു. പക്ഷെ സിനിമ എനിക്ക് പറ്റിയ രംഗമാണ് എന്നൊരു തോന്നൽ ഉണ്ടായി. അങ്ങനെ പതിയെ ഒഴിഞ്ഞു നിന്ന്.

പേരെടുത്ത എഴുത്തുകാരനായിട്ടും സിനിമയിൽ നിന്ന് പേരുവെട്ടൽ അനുഭവിച്ചിട്ടുണ്ട് ഇല്ലേ ?

അറിഞ്ഞു വച്ചുകൊണ്ടു ചോദിക്കുമ്പോൾ ഒഴിഞ്ഞു മാറുന്നതെങ്ങളെ. മോഹൻ എന്ന സംവിധായകന് വേണ്ടി മംഗളം നേരുന്നു, സൂര്യ ദാഹം, നിറം മാറുന്ന നിഴലുകൾ എന്നീ ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. ഇനി ഒന്നുകൂടിയുണ്ട്. വിടപറയും മുൻപേ. എന്നാൽ എവിടെയും എന്റെ പേരില്ലാതെയാണ് സിനിമ പുറത്തുവന്നത്. അതോടെ ആ അദ്യായം ഞാൻ അടച്ചു. 

പിന്നീട് ഒരുപിടി നോവലുകലും ചെറുകഥകളും സാഹിത്യ അക്കാദമി അവാർഡ് അടക്കമായുള്ള പുരസ്‌കാരങ്ങളും. എങ്ങനെയായിരുന്നു ആ കാലം ?

മയലായാളത്തിലെ ഏറ്റവും വലിയ എഴുത്തുകാരുടെ കാലത്തു ജീവിക്കാനായി എന്നത് തന്നെയാണ് എന്റെ ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കാണുന്നത്. അന്തിവെയിലിലെ പൊന്നു എന്ന നോവലിന് ഗൾഫു മലയാളികൾക്ക് ഏറ്റവും ഇഷ്ടാപ്പെട്ട നോവലിനുള്ള പുരസ്ക്കാരം ലഭിച്ചു. ഇതേതുടർന്ന് പെരുമ്പടവത്ത് വായനശാലയിൽ സ്വീകരണവും വായനശാല വാർഷികവും സംഘടിപ്പിച്ചു നാട്ടുകാർ. എന്റെ സ്വീകാരം അവിടെ നിൽക്കട്ടെ, വാർഷികത്തിന് വരുന്നത് തകഴിയും പൊൻകുന്നം വർക്കിയും. അവർ മീട്ടിങ്ങൊക്കെ കഴിഞ്ഞു എന്റെ സൗകര്യങ്ങളൊന്നും മില്ലാത്ത വീട്ടിൽ കിടന്നുറങ്ങി. ബഷീറുമായും കുടുംബവുമായും നല്ല അടുപ്പത്തിലായിരുന്നു. വി.ടി.ഭട്ടതിരിപ്പാടും കുറ്റിപ്പുഴയും ഒക്കെ തിരുവന്തപുരത്തെ വീട്ടിൽ വരുമായിരുന്നു. ആ മഹാരഥന്മാരെക്കെ ഏറെ വാത്സല്യത്തോടെ എന്നെ ഒപ്പം നിർത്തി. കാക്കനാടനും എ അയ്യപ്പനും പോലുള്ള പറഞ്ഞാൽ കേൾക്കാത്തവർ പോലും എവിടെ വന്നു ചെറിയകുട്ടികളെ പോലെ പെരുമാറി. എന്റെ ഭാര്യ ലൈല അവരെയൊക്കെ സ്വന്തം സഹോദരങ്ങളെ പോലെ പരിചരിച്ചു. പൊതുവെ പുറംലോകവുമായി അധഇകം ഇടപാടില്ലാത്ത ഏകാകിയായ എനിക്ക് ഇതിനൊക്കെ അപ്പുറം എന്താണ് വേണ്ടത്. 

സാഹിത്യ വിമർശകർ വളമിട്ട് വളർത്തിയ ഏഴുകാരനായിരുന്നില്ലല്ലോ പെരുമ്പടവം ശ്രീധരൻ ?

അല്ല എന്ന് തന്നെയാണ് എന്റെയും വിശ്വാസം. ബഷീറിന്റെ ബാല്യകാല സഖിയാണ് ഞാൻ ആദ്യം വായിക്കുന്ന നോവൽ. അതിന്റെ ആമുഖത്തിൽ എം.പി.പോൾ സാറ് എഴുതിയിട്ടുണ്ട് ഏതു ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ഒരേടാണെന്നും ഇതിന്റെ വക്കിൽ രക്തം പൊടിഞ്ഞിട്ടുണ്ട് എന്നും. കട ജീവിതമാണെന്നും ജീവിതം തന്നെയാണ് കഥയെന്നും ഞാൻ അതിൽ,നിന്ന് മനസിലാക്കി. എന്റെ എഴുത്തിന്റെ സമവാക്യവും അതായി. എഴുത്തുകൊണ്ടു മാത്രമാണ് ഞാൻ എന്നെ വരെ ജീവിച്ചത്. ഏത്തടു എല്ലാ പുസ്തകങ്ങളും നല്ലതുപോലെ വായനക്കാർ സ്വീകരിച്ചു. എന്റെ വഴി ശരിയായിരുന്നു എന്നുതന്നെയാണ് ഞാൻ കരുതുന്നത്. 

എവിടെ വച്ചാണ് ദസ്തയേവ്സ്കിയുടെ മുന്നിൽ ചെന്നുപെട്ടത് ?

പെരുമ്പടവത്ത് വച്ചുതന്നെ. പതിനാറാം വയസിൽ. കുറ്റവും ശിക്ഷയും വായിച്ച് എന്റെ മനസ് കടൽ പോലെ ഇളകി മറിഞ്ഞു. അതോടെ ഈ മനുഷ്യനെ തേടിപ്പിടിച്ചു വായിക്കാൻ തുടണ്ടി. രണ്ടു വർഷത്തിനുള്ളിൽ മദ്രാസിലേക്ക് പോയി. പോകുമ്പോഴും വരുമ്പോഴുമൊക്കെ ദസ്തയേവ്സ്കി ഒപ്പമുണ്ട് എന്ന് വേണം കരുതാൻ. അദ്ദേഹം എഴുതിവച്ചിരിക്കുന്ന പീഡാനുഭവങ്ങളിലൂടെയാണല്ലോ എന്റെ ജീവിതം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കറങ്ങിത്തിരിഞ്ഞ് തിരുവന്തപുരത്തു എത്തി. അവിടെ പബ്ലിക് ലൈബ്രറിയിൽ നിന്നാണ് ദസ്തയേവ്സ്കിയെ കുറിച്ച് കൂടുതൽ വായിക്കുന്നത്. എക്കാലവും ഞാൻ ആത്മീയ ഗുരുവായി കരുത്തുന്ന കെ.സുരേന്ദ്രൻ എഴുതിയത് ഉൾപ്പടെ. അദ്ദേഹവും ഒത്തുള്ള വൈകുന്നേര നടത്തങ്ങളിൽ ഞാൻ എന്റെയുള്ളിലെ ദസ്തയേവ്സ്കിയെ പതിയെ പുറത്തേക്കെടുത്തു. അദ്ദേഹം ആധികാരികമായി സംശയങ്ങൾ മാറ്റിത്തന്നു. അങ്ങനെ പോകവേയാണ് ദീപികയുടെ വാർഷികപ്പതിപ്പിലേക്കു നോവൽ ആവഷ്യപ്പെട്ടത്. ദസ്തയേവ്സ്കിയെ കുറിച്ച് എഴുതാൻ തീരുമാനിച്ചു. എന്നാൽ മൂന്നുപേർ ഒന്നിച്ചിരിക്കണമായിരുന്നു ആ നോവൽ എഴുതാൻ എന്ന് ഞാൻ കരുതി. ദൈവവും ദസ്തയേവ്സ്കിയും ഞാനും. തിരുവനന്തപുരത്തും കോട്ടയത്തും തൃശൂരും പോയ ഇടത്തൊക്കെ ഇരുന്നു ഞാൻ എഴുതി. ആദ്യമെഴുതിയതു കീറിക്കളഞ്ഞു. എളുപ്പത്തിൽ പ്രസാദിക്കാത്ത ഒരു ദൈവത്തിനു മുന്നിൽ സ്വയം ബലിനൽകുന്നതു പോലെയായിരുന്നു എഴുത്ത്. അതിനിടെ ഉറക്കത്തിന്റെ നീല നീല അടരുകളിലേക്ക്‌ മുങ്ങിത്താണു പോയ ഒരു രാത്രിൽ ഏതോ വെളിപാടിലെന്നോണം ഞാൻ ഞെട്ടിയുണർന്നു. ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പുള്ളയാൾ എന്ന് ദസ്തയേവ്സ്കിയെ സങ്കൽപ്പിക്കാനായ ആ നിമിഷത്തിൽ എന്റെയുള്ളി ഒരു പ്രകാശം നിറയുന്നത് പോലെ തോന്നി. ദൈവവും ചെകുത്താനും മാറിമാറി ഭരിക്കുന്ന ഭൂഖണ്ഡമായ്  ദസ്തയേവ്സ്കിയുടെ ഹൃദയത്തെ കണ്ടു. ഞാൻ അവിടെ ജീവിച്ചു. അപ്പോഴേക്കും കോരിച്ചൊരിയുന്ന മഴയത്ത് എന്റെ മനസിലെ പച്ചക്കാടുകൾക്ക്‌ തീപിടിച്ച പോലെയായി. പെരുമ്പടവത്തെ അന്നത്തെ ചോർന്നൊലിക്കുന്ന വീട്ടിൽ പാതിരാത്രിയിൽ ഓടിനിടയിലൂടെ മഴവെള്ളം ഒഴുകിയിറങ്ങി കുതിർന്ന കടലാസിൽ നോവലിന്റെ അവസാന അദ്ധ്യായവും എഴുതിത്തീർക്കുകയായിരുന്നു ഞാൻ.


Login | Register

To post comments for this article