ഇന്ന് എന്നപേരിലുള്ള ഇൻലന്റ് മാസികയുടെ പത്രാധിപർ.
ഇരുട്ടറ കവിതകൾ, പോലീസ് ക്യാമ്പിലെ എഴുത്തു ജീവിതം, കണിശം മുത്തശ്ശി തുടങ്ങിയവ പ്രധാന കൃതികൾ.

നിശബ്ദമായി നാനൂറുകടന്ന്

സാങ്കേതിക വിദ്യകളും സാംസ്ക്കാരിക ഇടങ്ങളും ഏറെ മാറ്റങ്ങൾ സ്വീകരിച്ചു മുന്നേറുന്ന ഈ കാലത്ത്‌ മൂന്നര പതിറ്റാണ്ടായി മുടക്കമില്ലാതെ ഒരു ഇൻലന്റ് മാസിക പ്രസിദ്ധീകരിക്കുന്നത് വിസ്മയമാണ്. പതിവുപോലെ ആരവങ്ങൾ ഒന്നുമില്ലാതെ ലോക റിക്കോഡായി ഇന്ന് ന്റെ നാനൂറിലധികം ലക്കങ്ങൾ പുറത്തിറങ്ങി കഴിഞ്ഞ വേളയിൽ മണമ്പൂര്‍ രാജന്‍ ബാബുവുമായി കവി സർഗ്ഗ റോയി നടത്തിയ അഭിമുഖം നിശബ്ദമായി നാനൂറിലേക്ക്


1981 ഇല്‍ ആരംഭിച്ച ' ഇന്ന് മാസിക ' അതിന്റെ യാത്ര ഗംഭീരമായി മുന്നോട്ടു നീങ്ങുന്നു. ഒരു ഇന്‍ലാന്‍ഡ്‌  മാസിക തുടങ്ങാനുണ്ടായ സാഹചര്യം  എന്താണ്? ഇപ്പോഴും തുടരുന്ന ഈ വിജയത്തിന്റെ പിന്നിലുള്ള ശക്തി ഏതാണ്?


എന്‍റെ ഗ്രാമത്തിലെ വായനശാലയില്‍ നിന്നും തുടങ്ങിയ ഒരു കൈയെഴുത്തു മാസിക 'സംഗമം' ആണ് പിന്നീട് 'ഇന്ന്' എന്ന ഇന്‍ലാന്‍ഡ്‌ മാസികയായി മാറിയത്. ഗ്രാമവാസികള്‍ അന്ന് മുതല്‍ക്കേ ഹൃദയത്തിലേറ്റി കൈയെഴുത്തുമാസിക, ജോലി കിട്ടി പോയപ്പോള്‍ തടസ്സപ്പെട്ടു. അതിനിടയിലാണ് വടകര ഭാഗത്ത്‌ നിന്നും യാദൃശ്ചികമായി 'സുലേഖ' എന്ന് പറയുന്ന ഒരു ഇന്‍ലാന്‍ഡ്‌ ലെറ്റര്‍  കാണാനിടയാകുന്നത്. അപ്പോള്‍ ഇതുപോലെ എനിക്കും ഇറക്കാമല്ലോ എന്ന് കരുതി സംഗമം ഒരു ഏഴെട്ടു ലക്കം ഇറക്കി. പിന്നീട് രജിസ്ട്രഷന് അപേക്ഷിച്ചപ്പോള്‍ ആ പേര് കിട്ടിയില്ല. കിട്ടിയ പേര് 'ഇന്ന്' എന്നതായിരുന്നു.1981 ഡിസംബറിലാണ് ആദ്യലക്കം പ്രസിദ്ധപ്പെടുത്തുന്നത്. ജനങ്ങളില്‍ നിന്നും കിട്ടുന്ന പിന്തുണകൊണ്ടാണ് അത് മുന്നോട്ടു പോകുന്നത്. പിന്നെ രചനകളോടൊക്കെ  നീതി പുലര്‍ത്തുന്നു എന്നതാണ്. അതില്‍ തന്നെ ഏറ്റവും പ്രസിദ്ധരായ എഴുത്തുകാരും എഴുതിത്തുടങ്ങുന്നവരും അതില്‍ രചനകള്‍ നല്കാറുണ്ട്. പുതുതായി എഴുതിയ ആളിന്‍റെ ആയാലും രചന നന്നായാല്‍ അതില്‍ വരും. അതിനു വേറെ  മാനദണ്ഡങ്ങള്‍ ഒന്നും തന്നെയില്ല. രചന നല്ലതായിരിക്കണം എന്നത് മാത്രം. 


വായനക്കാരും എഴുത്തുകാരും നല്‍കുന്ന സ്നേഹത്തിന്‍റെയും സഹകരണത്തിന്റെയും പ്രതീകമായാണ് ഇതിപ്പോള്‍ മുപ്പത്തിയാറാം വര്‍ഷത്തിലും നിലനില്ക്കുന്നത്. ഇതിനോടകം നാനൂറ്റി ഇരുപത്തിയഞ്ചിൽ അധികം ലക്കങ്ങൾ. ഇത്രയും ലക്കങ്ങള്‍ എത്തിച്ചേര്‍ന്ന ഒരു ഇന്‍ലണ്ട് മാസിക ഈ ഭൂലോകത്തില്‍ ഇല്ല. അതുകൊണ്ട് ഇത് ലോക റെക്കോര്‍ഡുകളുടെ കൂട്ടത്തില്‍ വരാം. ഞാന്‍ ഒരു നിമിത്തം മാത്രം . സഹൃദയത്വം നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു കൂട്ടം വായനക്കാരാണ് ഇന്നിനെ നിലനിര്‍ത്തുന്നത്.


എഴുത്തിന്‍റെ വഴിയിലേക്ക് വരാനുണ്ടായ സാഹചര്യം ഒന്ന് ഓര്‍ത്തെടുക്കാമോ? കുട്ടിക്കാലം മുതല്‍ തന്നെ കവിതയോട് ഒരു അടുപ്പം തോന്നിയിരുന്നോ?


എന്‍റെ അച്ഛന്‍ കവിതകളുടെ ഒരു ആരാധകനായിരുന്നു. കുമാരനാശാന്‍റെ എല്ലാ കൃതികളും അദ്ദേഹം വാങ്ങി ചൊല്ലിത്തരാറുണ്ടായിരുന്നു. പശുവിനു പുല്ലുപറിയ്ക്കുമ്പോഴും വീട്ടില്‍ മറ്റു  ജോലികള്‍ ചെയ്യുന്നതിനിടയിലും ഒക്കെ പദ്യങ്ങള്‍ ചൊല്ലി കേള്‍പ്പിക്കുമായിരുന്നു.അങ്ങനെ ആ കവിതകളോട് ഒരു ആഭിമുഖ്യം ഉണ്ടായിരുന്നു. എന്‍റെ  അച്ഛന്‍ ഏറെ പ്രത്യേകതകളുള്ള ഒരാളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. വളരെ തുറന്ന  സമീപനം എടുക്കുകയും ഉത്സവങ്ങള്‍ക്കൊക്കെ കൊണ്ടു പോകുകയും എല്ലാം വിവരിച്ചു തരികയും കൂട്ടുകാരനെപ്പോലെ പെരുമാറുകയും ഒക്കെ ചെയ്യുമായിരുന്ന ആളായിരുന്നു അച്ഛന്‍.സാഹിത്യ ലോകത്ത് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞു എങ്കില്‍ അത് അച്ഛനില്‍ നിന്നും കിട്ടിയ പ്രചോദനം തന്നെയാണ്.


കവി എന്ന നിലയിലാണല്ലോ അറിയപ്പെടുന്നത്. എന്നാല്‍  കഥകളും എഴുതാറുണ്ട്. കവിതാ രചനയിലാണോ  അതോ കഥ എഴുതുമ്പോഴാണോ  കൂടുതല്‍ സംതൃപ്തി  തോന്നുക?


രചന അത് ഏതായാലും സംതൃപ്തി നല്‍കും. എന്നാല്‍  കവിത എഴുതുമ്പോള്‍ കിട്ടുന്ന ആഹ്ലാദം വേറെ ഏതു രചനയിലും കിട്ടില്ലാ എന്നാണു  എന്‍റെ  അനുഭവം. സാഹിത്യരൂപങ്ങളില്‍ ഏറ്റവും  ശ്രേഷ്ഠമായത് കവിതയാണ്  എന്ന് തന്നെയാണ് എന്റെ തോന്നല്‍.  മറ്റു ശാഖകളില്‍ എഴുതുന്നവര്‍ പോലും കവിത എഴുതാന്‍ ശ്രമിക്കുന്നത് അതുകൊണ്ട് തന്നെയാണ്. ശില്‍പികള്‍, ചിത്രകാരന്മാര്‍ ഒക്കെ അവരുടെ മേഖലകളില്‍ ഔന്നത്യത്തില്‍ നില്‍ക്കുമ്പോഴും അതില്‍ നിന്നുമൊക്കെ അപ്പുറമായ എന്തൊക്കെയോ കവിതയില്‍ നിന്നും കിട്ടുമെന്ന് വിചാരിച്ച് , നിരൂപകര്‍ പോലും കവിത എഴുതുന്ന ഒരു കാലഘട്ടമാണ്. അപ്പോള്‍ ഏറ്റവും ശ്രേഷ്ടമായ സാഹിത്യരൂപം ഇപ്പോഴും കവിത തന്നെയാണെന്നാണ് എന്റെ തോന്നല്‍.

 

കവിയരങ്ങുകളിലും മറ്റും കവിത നന്നായി ചൊല്ലുന്നത് കേള്‍ക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ സദസ്സില്‍ കവിത ചൊല്ലുന്നതാണോ അതോ മുതിര്‍ന്നവര്‍ക്ക് ചൊല്ലിക്കൊടുക്കുന്നതാണോ കൂടുതല്‍ ഇഷ്ടം?


കവിത സ്വീകരിക്കുന്ന ഏതു മനസ്സിലേയ്ക്കും കവിത നല്‍കുന്നതില്‍ വിരോധമില്ല.അത് കുട്ടികളാണോ മുതിര്‍ന്നവരാണോ എന്നില്ല. ആസ്വാദകര്‍ക്ക്  അതിഷ്ടമാണെങ്കില്‍ അത് നല്‍കുക എന്നതാണ്. 


ഈ ആസ്വാദനശേഷി കുട്ടികളിലും  മുതിര്‍ന്നവരിലും  എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നതായാണ്തോന്നിയിട്ടുള്ളത്?


കുട്ടികളെ സംബന്ധിച്ചിടത്തോളം  അവര്‍ നിഷ്കളങ്കരാണ്. അവരുടെ മനസ്സ്, പലരും പറയാറുള്ളതുപോലെ ഒന്നും എഴുതാത്ത സ്ലേറ്റ് പോലെയാണ്. അപ്പോള്‍ അതിലേയ്ക്ക് നിവേദിയ്ക്കപ്പെടുന്ന വാക്കുകള്‍ അതെ രൂപത്തില്‍ തന്നെ സ്വീകരിയ്ക്കപ്പെടും. മുതിര്‍ന്നവര്‍ പലപ്പോഴും സ്വീകരിയ്ക്കുന്നത്, അവര്‍ക്ക് ഉറച്ചുപോയ ചില ധാരണകള്‍ ഉണ്ട്, ആ ധാരണകളുടെമേല്‍  ആണ് ഈ ആശയങ്ങളെ അവര്‍ കെട്ടിപ്പൊക്കുന്നത്‌. എങ്കിലും വളരെ പക്വത വന്ന വായനക്കാരെ സംബന്ധിച്ചിടത്തോളം, അവര്‍ കവിതയുടെ സ്ഥിര ആസ്വാദകരാണെങ്കില്‍ അവരുടെ മനസ്സില്‍ എത്തുന്നത് ചാരിതാര്‍ത്ഥ്യജനകമായ ഒരു കാര്യമാണ്.


കവിതകളില്‍ ന്യൂ ജനറേഷന്‍ കവിത, സൈബര്‍ ലോകത്തെ കവിതകള്‍, വൃത്താലങ്കാരങ്ങളിലൂന്നിയ കവിതകള്‍ എന്നിങ്ങനെ ഉള്ള വേര്‍തിരിവ് കാണുന്നു, ഇത്തരം വേര്‍തിരിവുകള്‍ എക്കാലവും ഉള്ളതല്ലേ?


രണ്ടുജാതി  കവിതകളേ  ഉള്ളു.നല്ല കവിതകളും നല്ലതല്ലാത്ത കവിതകളും. മറ്റുള്ളതൊക്കെ  ആ  കാലഘട്ടത്തെ  പഠിക്കാന്‍ ഒരു പക്ഷെ നിരൂപകര്‍ക്കോ കുട്ടികള്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ  ഒക്കെ പ്രയോജനപ്പെടും എന്നതല്ലാതെ അതിനെ സംബന്ധിച്ച്  എഴുത്തുകാര്‍ വ്യാകുലപ്പെടേണ്ട  കാര്യമില്ല. കവിത നല്ലതാണെങ്കില്‍  ഏതു കാലത്തും അത് സ്വീകരിയ്ക്കപ്പെടും .യഥാര്‍ത്ഥ കവിതയിലേയ്ക്ക് എത്താനുള്ള  ഏതു മാര്‍ഗ്ഗവും നല്ലത് തന്നെ . യഥാര്‍ത്ഥ കവിതയില്‍ എത്തിച്ചേരണം അതാണ്‌ വേണ്ടത്.


 ഇഷ്ടവിഷയമായ  കവിതയിലേയ്ക്ക് തിരിഞ്ഞപ്പോള്‍ അദ്ദേഹം ഏറെ  വാചാലനായി. ഒരു പവിത്രമായ സൃഷ്ടിയെക്കുറിച്ച് അദ്ദേഹം അത്രയും മനോഹരമായി പറഞ്ഞു തരികയായിരുന്നു. വൃത്തം, അലങ്കാരം നോക്കിയല്ല യഥാര്‍ത്ഥ കവികള്‍ കവിത എഴുതുന്നത്. അതൊക്കെ എഴുതിക്കഴിയുമ്പോള്‍ അതിലുണ്ടാകുന്നതാണെന്ന് അദ്ദേഹം കരുതുന്നു.  അതിങ്ങനെ വരണം അങ്ങനെ ആവണം എന്നൊക്കെ കരുതി അല്ല എഴുതേണ്ടത്. ബോധപൂര്‍വം എഴുതേണ്ട ഒന്നേ  അല്ല കവിത. അതിങ്ങു വരികയാണ്. ആശയമായല്ല, വാക്കുകളായി തന്നെ. ആശയവും വാക്കുകളും കൂടി ഒന്നായി വാര്‍ത്തെടുക്കപ്പെട്ട്  വരികയാണ്.  ഈ വാക്കുകളില്‍ ഒരു കവിത പിറക്കുന്നതിന്റെ ഒരു താളവും മഹത്വവും നിര്‍വൃതിയുമൊക്കെ ദര്‍ശിക്കാന്‍ നമുക്ക് കഴിയും.


ബോധപൂര്‍വ്വമുള്ള  കവിതയെഴുത്ത് യഥാര്‍ത്ഥ കവിതയിലേയ്ക്കുള്ള ഒരു ഹോം വര്‍ക്കായി എടുത്താല്‍ മതി. അങ്ങനെ എഴുതുന്നതില്‍ തെറ്റില്ല  എന്നും അദ്ദേഹം പറയുന്നു. പക്ഷേ, ഇങ്ങനെ വളരെ സ്വാഭാവികമായി കവിത എഴുതുന്നവര്‍ പോലും കവിതയില്‍ ഒരു നിര്‍മ്മാണം ഉണ്ടെന്നു പറയാറുണ്ട്‌. അത് യാഥാര്‍ത്ഥമല്ല, വരും തലമുറയെ പറ്റിക്കലാണ്. അങ്ങനെയല്ല, വളരെ സ്വാഭാവികമായാണ് കവിത ഉണ്ടാകുന്നത്. ഒരു ബസില്‍ യാത്ര ചെയ്യുമ്പോഴോ നടന്നു പോകുമ്പോള്‍ കാണുന്ന കാഴ്ചയിലോ ഒക്കെ കവിത ജനിക്കാം. അത് വരികളായി തന്നെ വന്നു നിറയുകയാണുണ്ടാവുന്നത്. അതായത് കവിതയെഴുത്തില്‍ ഒരു സ്വാഭാവികത എന്നൊരു സംഗതിയുണ്ട്


ഫേസ് ബുക്കിലും മറ്റും എഴുതുന്നവരെക്കുറിച്ച് എന്താണ് പറയാനുള്ളത് ?


മറ്റ് അവസരങ്ങള്‍ ലഭിക്കാത്തവര്‍ക്കും എഴുതിവരുന്ന കുട്ടികള്‍ക്കും അവയൊക്കെ ഒരു സാന്ത്വനം തന്നെയാണ്. ഒരു അഭയസ്ഥാനം. പക്ഷെ അതാണ്‌ അന്തിമം എന്ന് വിചാരിച്ചാല്‍ അവര്‍ കുഴപ്പത്തിലാകും. അതൊരു വേദിയാണ്. സോഷ്യല്‍ മീഡിയ എന്ന് പറയുന്നത് ഒരു പക്ഷെ  നാവില്ലാത്തവരുടെ നാവാണ് .കണ്ണില്ലാത്തവരുടെ കണ്ണാണ്, കാതില്ലാത്തവരുടെ കാതാണ്. പൊതുധാരയിലേയ്ക്ക് എത്തപ്പെടുന്നതിനു മുന്‍പുള്ള അവരുടെ ഹോം വര്‍ക്ക്‌ ചെയ്യുന്നതിനുള്ള  സ്ഥലമാണ് എന്നാണ് ഞാന്‍ കരുതുന്നത്. അതിനാല്‍ അതിനെ  നിരസിക്കേണ്ട  കാര്യമൊന്നുമില്ല . സമയമുള്ളവര്‍ക്കു അതൊക്കെ ആകാം.


പുതിയ തലമുറയുടെ മാധ്യമം എന്നതുകൊണ്ടാണോ അതിലേയ്ക്ക് വരാത്തത്?


ഒരുപാട് സമയം ഇതിനൊക്കെ വേണമെന്നാണ് എന്‍റെ ധാരണ. ഞാന്‍ കാണാറുമില്ല. അത് വേണ്ടാന്നു വച്ചിട്ടല്ല, സമയപരിമിതി തന്നെയാണ്. എനിക്ക് ധാരാളം കത്തുകള്‍ ഇപ്പോഴും തപാലില്‍ വരുകയും ധാരാളം കത്തുകള്‍ ഞാന്‍ അയയ്ക്കുകയും ചെയ്യുന്നു. ഒരു കത്ത് കിട്ടുമ്പോഴുണ്ടാകുന്ന സൗഖ്യം ഇവയ്ക്കൊന്നും കിട്ടില്ലായെന്നാണ് എനിക്കിപ്പോഴും തോന്നുന്നത്. ഒരു പക്ഷെ ഒരു പഴയ തലമുറയുടെ പതിനിധി ആയതുകൊണ്ടാവാം അങ്ങനെ ഒക്കെ തോന്നുന്നത്. പക്ഷേ ഏറ്റവും  പുതിയ തലമുറയുടെ വരെ കവിതകള്‍ വായിയ്ക്കുന്ന ഒരാളാണ്  ഞാന്‍. ബാലപംക്തിയിലെഴുതുന്ന കുട്ടികളുടെ രചന വരെ വായിയ്ക്കുന്ന ഒരാളാണ്  ഞാന്‍.

ഫേസ് ബുക്കും ഒരു വേദിയാണ്, അതില്‍ സംശയമില്ല.


മലയാളത്തിലെ കവിതാ രീതികളെക്കുറിച്ച് .?


ഒറിജിനല്‍ പോയട്രി മാത്രമേ കാലാതീതമായി നില്ക്കൂ. ബാലചന്ദ്രന്‍ ചുള്ളിക്കാട് വളരെനാളുകള്‍ക്ക് ശേഷം എഴുതിയ ഒരു കവിതയാണ് 'കാലധര്‍മ്മം', നല്ല ഒന്നാന്തരം കവിത, വൃത്തബദ്ധമായ കവിത. ഞാന്‍ രണ്ടു രീതിയിലും കവിത എഴുതാറുണ്ട് . ഗദ്യരീതിയിലും അല്ലാതെയും. അത് മനപൂര്‍വ്വം അങ്ങനെ എഴുതുന്നതല്ല. ചില ആശയങ്ങള്‍ അങ്ങനെ വരുന്നതാണ്. ചിലവ താളത്തിലും ഈണത്തിലും കുറുകിയ വൃത്തത്തിലുമൊക്കെയാവും  വരിക. മലയാളത്തില്‍ അയ്യപ്പപണിക്കര്‍ പരീക്ഷണ കവിതകള്‍ ഒരുപാട് എഴുതിയിട്ടുണ്ട്. ഒപ്പം നല്ല മുറുകുന്ന വൃത്തത്തില്‍ 

'ഹേ ഗഗാറിന്‍ ഗഗനചാരി   

പഥികനെന്‍ വഴി വിട്ടു നില്‍ക്കിന്‍ ' 

എന്നും അദ്ദേഹം പാടി.

അദ്ദേഹത്തിന് രണ്ടും സാധ്യമാണ്. താളബോധമുള്ളവര്‍ എഴുതുന്ന ഗദ്യത്തോളം നല്ലതാവില്ല അതില്ലാത്തവരുടെ ഗദ്യം  

എന്ന് ഞാന്‍ വിചാരിക്കുന്നു.

അതിനു ഉദാഹരണങ്ങളാണ്  എ .അയ്യപ്പന്‍, സച്ചിദാനന്ദന്‍, കെ.ജി ശങ്കരപ്പിള്ള. ഇവരൊക്കെ നല്ല ഈണത്തിലും താളത്തിലും എഴുതിയവരാണ്. അതിനാല്‍ അവര്‍ക്ക് വൃത്തത്തെ ഭേദിക്കാനൊരു കഴിവുണ്ട്. ആ ഗദ്യത്തിലും അതിന്റേതായ ഒരു താളമുണ്ട്. ചമ്പുക്കള്‍ ഒക്കെ ഗദ്യത്തിലായിരുന്നുവല്ലോ. അതൊക്കെ  കവിതയുടെ  വിവിധ ഭാവങ്ങള്‍ തന്നെയാണ്. 


തങ്ങളുടെ രചനകള്‍ ആനുകാലികങ്ങളിലും മറ്റും നിരസിയ്ക്കപ്പെടുന്നു എന്നൊരു ചിന്ത പുതിയ എഴുത്തുകാരില്‍ നിലനില്‍ക്കുന്നുണ്ട്. അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?


മലയാളത്തിലെ കാവ്യാസ്വാദകര്‍ വളരെ വികാരമുള്ളവരാണ്.. നല്ല രചനകളെ അവര്‍ എന്നും സ്വീകരിച്ചിട്ടേയുള്ളു. കവിത നല്ലതായാല്‍ മലയാളി വായനക്കാരന്‍ സ്വീകരിക്കുക തന്നെ ചെയ്യുമെന്നാണ് എന്റെ ഒരു തോന്നല്‍. അതിനാല്‍ എഴുതുന്നവരെ സംബന്ധിച്ചിടത്തോളം അങ്ങനെ ഒരു വ്യാകുലതയുടെ  ആവശ്യമില്ല. നമുക്ക് അര്‍ഹതപ്പെട്ടത് എന്നായാലും കിട്ടും. കിട്ടിയില്ലെങ്കില്‍ നമുക്ക് അത്രയേ അര്‍ഹതയുള്ളൂ എന്ന് സമാധാനിക്കാനും പറ്റണം. ഒരു പത്രാധിപരുടെ സങ്കല്പങ്ങള്‍, മാനസികാവസ്ഥ എന്നിവയൊക്കെ അടിസ്ഥാനമാക്കിയാവും ഒരു രചന സ്വീകരിക്കപ്പെടുകയും നിരസിയ്ക്കുകയും ചെയ്യുന്നത്. നല്ല രചനകള്‍ ചിലപ്പോള്‍ തള്ളിക്കളഞ്ഞു എന്ന് വരാം. എം ടി വാസുദേവന്‍ നായര്‍ സബ് എഡിറ്ററായി മാതൃഭൂമിയില്‍ ചുമതലയേല്‍ക്കുമ്പോള്‍ ചീഫ് എഡിറ്റര്‍ എം.വി. കൃഷ്ണ വാര്യര്‍ അദ്ദേഹത്തിനു നല്‍കിയ ഉപദേശം 'അച്ചടിയ്ക്കുന്ന ഒരു സാധനം കുറഞ്ഞ പക്ഷം നമ്മള്‍ക്കെങ്കിലും മനസ്സിലാകണം ' എന്നാണ്.  


കാലമാണ് നിശ്ചയിക്കുന്നത് ഈ കവിത നിലനില്ക്കണമോ വേണ്ടയോ എന്ന്. നമ്മള്‍ ജീവിച്ചിരിക്കുമ്പോള്‍ ചെയ്യുന്നതൊന്നും മരിച്ചുപോകുമ്പോള്‍ ചെയ്യാന്‍ കഴിയില്ല. അപ്പോള്‍ നിലനില്ക്കുന്നത് കൃതിയാണ്.  അര്‍ഹതപ്പെട്ടതാണെങ്കില്‍ അത് നിലനില്ക്കുകതന്നെ ചെയ്യും. ഇതൊക്കെ തിരിച്ചറിയുന്നവരായിരുന്നു പണ്ടത്തെ കവികള്‍ . ഇടശ്ശേരി  ഒരിക്കല്‍ പറഞ്ഞു, ' നിങ്ങള്‍ എന്ത് വേണമോ പറഞ്ഞുകൊള്ളൂ , ഇത് മറ്റൊന്നിന്റെ പകര്‍പ്പാണെന്നു മാത്രം പറയരുത്. എന്റെ കാലത്ത് ഞാന്‍ അറിയപ്പെട്ടില്ലെന്നു വരാം '. അതുപോലെതന്നെയാണ്സംഭവിച്ചതും. ഇടശ്ശേരി കവിതകള്‍ ഇന്നും നിലനില്‍ക്കുന്നു. 


കവിയാകുന്ന നിമിഷങ്ങളെക്കുറിച്ചു വിവരിക്കാമോ ?


പരമപ്രധാനമായ കാര്യം മനസ്സില്‍ കവിത തോന്നുന്ന ഒരു അവസ്ഥ ഉണ്ടോ എന്നതാണ്. ആ അവസ്ഥ നമുക്ക് അനിര്‍വചനീയമായ ഒരു സന്തോഷം, ആഹ്ലാദം അത് വേറൊരാളോട് പറഞ്ഞു ബോധ്യപ്പെടുത്താന്‍ പറ്റുകയില്ല. എഴുതാത്തൊരാളോട് പറഞ്ഞാല്‍ അവര്‍ക്ക് മനസ്സിലാകുകയില്ല എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. എഴുതുന്ന സമാനമനസ്കര്‍ക്കേ അത് മനസ്സിലാകൂ. ഒരു പക്ഷെ  പി . കുഞ്ഞിരാമന്‍ നായരെ പ്പോലെ ഒരുതരം ഭ്രാന്ത്‌ തോന്നുന്ന രീതിയില്‍  ഒരു  ഉന്മാദ അവസ്ഥ രചനയുടെ  മുഹൂര്‍ത്തങ്ങളില്‍ ഉണ്ട് എന്ന് തോന്നുന്നു. അതുകഴിഞ്ഞാല്‍ കവിയും ഇരുകാലില്‍ നടക്കുന്ന ഒരു ചെറിയ ജന്തു തന്നെയാണ്. എഴുതുന്ന ആ നിമിഷങ്ങളില്‍ അങ്ങനെ അല്ല. ആ ഒരു അവസ്ഥ രചനയുടെ ഘട്ടത്തിലുണ്ട്. ആ ഒരു ലഹരി നമ്മുടെ ഉള്ളില്‍ നിലനില്‍ക്കുന്നുവെങ്കില്‍ ഭയക്കേണ്ടതില്ല.


നല്ല കവിത നല്ലതല്ലാത്ത കവിത ഇങ്ങനെ ഒരു തരംതിരിവ് പറഞ്ഞുവല്ലോ. നല്ലകവിതയെ എങ്ങനെ തിരിച്ചറിയാന്‍ കഴിയും ?


അത് ആപേക്ഷികമാണ്. എനിക്ക് നല്ലതായ ഒരു കവിത വേറൊരാള്‍ക്ക് നല്ലതായിക്കൊള്ളണമെന്നില്ല ഓരോരുത്തരുടെയും ആസ്വാദനത്തിനു ഒരു മാനദണ്ഡമുണ്ട് എങ്കിലും എല്ലാപേരും നല്ലതെന്ന് പറയുന്ന ഒരു രചന  നല്ലത് തന്നെയാണ്. എന്താണ്  മാനദണ്ഡം എന്നൊന്നും പറയാന്‍ കഴിയില്ല . വിശദീകരണത്തിനു അതീതമാണ്.


എഴുതി വരുന്ന പുതിയ തലമുറയ്ക്ക് നല്‍കാനുള്ള സന്ദേശം എന്താണ്?


എഴുത്ത് എന്ന് പറയുന്നത് ഒരു നിസ്സാര സംഗതിയല്ല. പുതിയ ആള്‍ക്കാരെ മാറ്റി നിര്‍ത്താറുമില്ല. രചനയുടെ കരുത്താണ് അടിസ്ഥാനം. ധാരാളം വായിക്കുക , ധാരാളം എഴുതുക .ലോകത്തെ നിരീക്ഷിക്കുക സഹജീവികളെ നിരീക്ഷിക്കുക . സഹജീവികളോട് ആര്‍ദ്രമായ ഒരു സമീപനം ഉണ്ടാവുക. ഇത് ഒരു സന്ദേശമൊന്നുമല്ല.


1948 ഒക്ടോബറില്‍ തിരുവനന്തപുരം ജില്ലയിലെ മണമ്പൂരില്‍ ജനിച്ച രാജന്‍ബാബു മലപ്പുറം ജില്ലാ പോലീസ്ഓഫീസില്‍ നിന്നും അട്മിനിസ്ട്രെറ്റിവ് അസിസ്റ്റന്‍റ് ആയി വിരമിച്ചശേഷം സാഹിത്യ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു.  സുമാ രാജന്‍ബാബു  ഭാര്യയും ഇമ, നിതാന്ത് എന്നിവര്‍ മക്കളുമാണ്.


Bi

<

Biju G Nath

വളരെ നല്ല ഒരു അഭിപ്രായമായിരുന്നു കവിയുടേത് . തീര്‍ച്ചയായും നവകാല കവിതകളോടും എഴുത്തുകാരോടും ഇത്ര സൌമ്യതയോടെ കവിയുടെ കാലഘട്ടം സംസാരിക്കാറില്ല അല്ലെങ്കില്‍ അവരെ കാണാറില്ല എന്നത് കവിയുടെ ഔന്നത്യം വിളിച്ചറിയിക്കുന്നു . തസ്രാക്കിനും സര്‍ഗ്ഗയ്ക്കും അഭിനന്ദനങ്ങള്‍ ഇങ്ങനെ ഒരു അഭിമുഖം തയ്യാറാക്കിയതില്‍
Posted on : 05/13/17 10:13 am

Login | Register

To post comments for this article