ഗലേറിയ ഗാലന്റ് അവാർഡ്, വയലാർ അവാർഡ്, കെ.സുരേന്ദ്രൻ നോവൽ പുരസ്ക്കാരം, എ.പി. കളയ്ക്കാട് പുരസ്ക്കാരം, മലയാറ്റൂർ പുരസ്കാരം, മാവേലിക്കര വായനാ പുരസ്ക്കാരം എന്നിവയാണ് സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന നോവൽ കരസ്ഥമാക്കിയത്. ആൽഫ, ഫ്രാൻസിസ് ഇട്ടിക്കോര, ശോഭാശക്തിയുടെ മ് എന്ന കൃതിയുടെയും ചാരുനിവേദിതയുടെ തപ്പുതാളങ്ങളുടെയും മലയാള വിവർത്തനം, തമിഴ് മൊഴിയഴക് എന്ന അഭിമുഖ സമാഹാരം, സി വി ശ്രീരാമനും കാലവും എന്ന അഭിമുഖ പുസ്തകം, സിറാജുന്നിസ എന്ന കഥാസമാഹാരം എന്നിവയാണ് മറ്റു കൃതികൾ

അധിനിവേശത്തിന്റെ കയ്പുനീര്‍

ഓർമ്മകളുടെ ജാലകം എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചു. കഥാപുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ദുബായിൽ ജോലി ചെയ്യുന്നു.

'ദയവായി ഇനി എന്നെ കാണാന്‍ വരരുത്.'

'ഞാനൊരു ശല്യമായോ?'

'അതു കൊണ്ടല്ല, മറവി എനിക്കൊരു അനുഗ്രഹമാണ്. ഓര്‍മ്മകള്‍ മുഴുവന്‍ തിരിച്ചു കിട്ടിയാല്‍ പിന്നെ ജീവിതത്തില്‍ നഷ്ടപ്പെട്ടവയെക്കുറിച്ചോര്‍ത്ത് ഒരുപാട് കരയേണ്ടി വരും.'

'നഷ്ടപ്പെട്ടതെല്ലാം എനിക്കു തിരിച്ചു തരാന്‍ കഴിഞ്ഞാലോ?'

'വേണ്ട. അതിനു വേണ്ടി നിനക്കു പലതും നഷ്ടപ്പെടുത്തേണ്ടി വരും. പരമകാരുണ്യവാന്‍ എന്നെ ചില ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിച്ചിട്ടുണ്ട്. ഞാനതുമായി മുന്നോട്ടു പോയിക്കൊള്ളാം.'

'സാറെന്താണ് ഉദ്ദേശിച്ചത്?'

'പ്രത്യേകിച്ചൊന്നുമല്ല. ഈ ലോകം മനുഷ്യര്‍ക്കു വേണ്ടി മാത്രമുള്ളതല്ലല്ലോ. എല്ലാ ജീവികളുമായി ഇടപഴകുക. അവയ്ക്കു പറയാനുള്ളത് കേള്‍ക്കുക. അവയോടു സംസാരിക്കുക. നേരത്തെ ഒരു നായ എന്നെ നോക്കി നിന്നതു കണ്ടോ? ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കുമറിയാവുന്ന ഒരു ഭാഷയുണ്ട്. ആ ഭാഷയില്‍ ഞങ്ങള്‍ സംസാരിക്കാറുണ്ട്. ഉറുമ്പുകളോട് ഉറുമ്പുകളുടെ ഭാഷയില്‍. പറവകളോട് പറവകളുടെ ഭാഷയില്‍. നാഥന്റെ കാരുണ്യത്തെക്കുറിച്ച് സംസാരിക്കുക മാത്രമാണ് ഞാനിപ്പോള്‍ ചെയ്യുന്നത്. നീ തന്ന പൂച്ചെണ്ടിന് നന്ദി. നിന്റെ സ്‌നേഹം നിറഞ്ഞ വാക്കുകള്‍ക്കും നന്ദി.'


ഉഗാണ്ടയിലെ ഇരുണ്ട ലോകത്തു നിന്ന് അധിനിവേശത്തിന്റെ ഇരയായ ഒരു മനുഷ്യന്‍ സംസാരിക്കുന്നത് ഇങ്ങനെയാണ്. അതും അസ്വാതന്ത്ര്യത്തിന്റെ കടുത്ത വരള്‍ച്ചയുടെ ജ്വലനലോകത്തു നിന്ന് നാം കണ്ടിട്ടില്ലാത്തതായ ചില കാഴ്ചകള്‍. ഇനി മറ്റൊരു കാഴ്ചയിലേക്ക് പ്രവേശിക്കാം. അത് ഇങ്ങനെയാണ്,

‘പട്ടാളക്കാര്‍ പറമ്പിന്റെ തെക്കേയറ്റത്ത് വേഗത്തില്‍ ഒരു കുഴിയെടുത്തു. കുറച്ചു മുമ്പ് മഴ പെയ്തതിനാല്‍ അവര്‍ക്കത് എളുപ്പത്തില്‍ കഴിഞ്ഞു. അമ്മയെ പിടിച്ചുമാറ്റി പെട്രോമാക്‌സിന്റെ വെളിച്ചത്തില്‍ അവര്‍ അച്ഛനെയും എടുത്ത് നടന്നു. ഞാന്‍ കൂടെച്ചെല്ലാന്‍ തുടങ്ങിയപ്പോള്‍ തടഞ്ഞു. അമ്മ ദയനീയമായി അവരെ നോക്കി. പിന്നെ വിതുമ്പിക്കൊണ്ട് നിസ്സഹായയായി കെഞ്ചി:

'ഞങ്ങള്‍ക്ക് ഒരു സഹായം ചെയ്തു തരാമോ?''

'എന്താ?''

'ഞങ്ങളെ മൂന്നുപേരെയും കൂടി ആ കുഴിയിലിട്ട് മൂടാമോ?'

അവര്‍ ഒന്നും മിണ്ടാതെ നീങ്ങി. അകലെ പെട്രോമാക്‌സിന്റെ വെളിച്ചത്തില്‍ അച്ഛനെ കുഴിയിലേക്ക് ഇറക്കുന്നതും മണ്ണിട്ട് മൂടുന്നതും ഞങ്ങള്‍ അവ്യക്തമായി കണ്ടു. അപ്പോഴേക്കും സൂര്യന്‍ ഉദിക്കാന്‍ തുടങ്ങിയിരുന്നു. എല്ലാം കഴിഞ്ഞ് പട്ടാളക്കാര്‍ മടങ്ങാന്‍ തുടങ്ങുമ്പോള്‍ മനു അടുത്തുചെന്ന് 'എന്നെ ഒന്ന് ഈ വണ്ടിയില്‍ കയറ്റാമോ?' എന്നു ചോദിച്ചു.

ക്യാപ്റ്റന്‍ മനുവിനെ വണ്ടിയില്‍ കയറ്റി അല്പദൂരം ഓടിച്ചു. പിന്നീട് അവനെയെടുത്ത് എന്റെ കൈയിലേക്കു തരുമ്പോള്‍ അയാളുടെ കണ്ണുനിറഞ്ഞിരുന്നു.

'അങ്കിള്‍ ഈ 'ഉഹുറു' എന്ന വാക്കിന് എന്താ അര്‍ത്ഥം?''

ഞാന്‍ അവന്റെ ചോദ്യം കേട്ട് ഭയന്ന് തല താഴ്ത്തി. ക്യാപ്റ്റന്‍ ഞെട്ടി. അയാള്‍ എന്തു മറുപടി പറയണമെന്നറിയാതെ അവന്റെ നെറുകയില്‍ തലോടി.

'അങ്ങനെയൊരു വാക്ക് സ്വഹിലി ഭാഷയിലിപ്പോള്‍ ഇല്ല മോനേ…'

'പിന്നെ നിങ്ങളെന്തിനാ എന്റെ അച്ഛനെ കൊന്നത്?'

അവന്‍ ഉറക്കെ വാവിട്ടുകരഞ്ഞു. രണ്ട് കുഞ്ഞിക്കൈകള്‍ കൊണ്ടും അയാളുടെ മുഖത്ത് ആഞ്ഞാഞ്ഞടിച്ചു. ക്യാപ്റ്റന്‍ ഒരുവിധത്തില്‍ അവന്റെ പിടിവിടുവിച്ചുകൊണ്ട് വണ്ടി സ്റ്റാര്‍ട്ടു ചെയ്ത് പോയി. അപ്പോള്‍ അവന്റെ ചോദ്യം എന്റെ നേരെയായി.

'ചേച്ചീ ചേച്ചീ, പറ 'ഉഹുറു' എന്ന വാക്കിന് എന്താ അര്‍ത്ഥം'…'


ടി.ഡി രാമകൃഷ്ണന്റെ ‘മാമാ ആഫ്രിക്ക’ എന്ന നോവലിനെക്കുറിച്ച് ഒരു പശ്ചാത്തലവിവരണം പറയുമ്പോള്‍ അതു കടലു കടന്ന് കറുത്ത ഭൂഖണ്ഡത്തിലാണ് എത്തി നില്‍ക്കുന്നത്. പാശ്ചാത്യരുടെയും പൗരസ്ത്യരുടെയും കൊടുംഭീകരതയ്ക്കും അതിനുമപ്പുറത്ത് പ്രകൃതിയുടെ കൊടും താണ്ഡവങ്ങള്‍ക്കുമിടയില്‍ നിന്നാണ് ഈ നോവല്‍ സംസാരിക്കുന്നത്. ഭാഷയ്ക്കും അതിരുകള്‍ക്കുമപ്പുറത്ത് അതു നിര്‍മ്മിച്ചെടുക്കുന്ന അതിര് മനസ്സുകളിലാണ്. മനുഷ്യനെ എങ്ങനെ ജീവിതവുമായി അതു കോര്‍ത്തിണക്കുന്നു എന്നതിന്റെ ഉത്തരമാണ് പലേടത്തും നമുക്കു കാണാന്‍ കഴിയുക. സ്വാതന്ത്ര്യമില്ലാത്ത ജീവിതത്തെക്കുറിച്ച് അത് സംസാരിക്കുന്നത് മരണമെന്ന മറുപടിയിലൂടെയാണ്. നോവലിലെ പ്രധാന കഥാപാത്രമായ താരാ വിശ്വനാഥിന്റെ അച്ഛനെ പട്ടാളക്കാര്‍ പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തി അവളുടെ കുടുംബത്തിന് മുന്നില്‍ വെച്ചു സംസ്‌കരിക്കുന്ന രംഗത്തോടെയാണ് നോവല്‍ ആരംഭിക്കുന്നത്. അത് വല്ലാത്തൊരു കാഴ്ചയാണ്. മലയാളം അത്തരമൊരു രംഗത്തിന്, ഏതു തരം വിപ്ലവത്തിലും സാക്ഷ്യം വഹിച്ചിട്ടില്ല. നാം കണ്ടതൊക്കെയും നമുക്ക് സ്വീകരിക്കാവുന്ന വിപ്ലവം മാത്രമായിരുന്നു. അതിനപ്പുറത്തുള്ള വിപ്ലവ പ്രവര്‍ത്തനങ്ങളിലൂടെ അട്ടിമറി നടത്താന്‍ നാം ശ്രമിച്ചിട്ടില്ല. എന്നാല്‍ യുഗാണ്ടയില്‍ അതായിരുന്നില്ല സ്ഥിതി. താരയുടെ അച്ഛന്‍ വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചായിരുന്നു അവളുടെ അച്ഛനെ പട്ടാളക്കാര്‍ പിടിച്ചുകൊണ്ടുപോയത്. ലോകത്ത് ആദ്യമായി തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍വന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിങ്ങളുടെ രാജ്യത്തല്ലേ എന്നവര്‍ പരിഹസിക്കുമ്പോള്‍ വായനക്കാര്‍ അടക്കം ഒന്നു ചൂളുന്നുണ്ട്. ചുവപ്പ് എല്ലാം കമ്മ്യൂണിസമാണ് അവര്‍ക്ക്. കമ്യൂണിസമെന്നാല്‍ അവര്‍ക്ക് വിപ്ലവമാണ്. ചുവപ്പില്‍ പൊതിഞ്ഞ രാമായണം പിടിച്ചെടുക്കുമ്പോള്‍ അതു വായിക്കേണ്ടത്, വിപ്ലവത്താല്‍ പൊതിഞ്ഞ ആത്മീയത എന്നയര്‍ത്ഥത്തില്‍ വേണം.

യുഗാണ്ടയുടെ ഭരണാധിപനായിരുന്ന ഇദി അമീന്റെ കാലത്താണ് മാമാ ആഫ്രിക്ക താര വിശ്വനാഥാല്‍ എഴുതപ്പെടുന്നത്. ചരിത്രം അമീനെ കാണുന്നതു ക്രൂരനായ ഒരു ഭരണാധികാരിയായാണു. അനേകമാളുകള്‍ അമീന്റെ ദുര്‍ഭരണത്തില്‍ കൊല്ലപ്പെട്ടു. ഏഷ്യന്‍ വംശജരെ പുറത്താക്കി വംശീയ ശുദ്ധികരണം തന്നെ നടത്തപ്പെട്ടു. എതിരാളിയുടെ ശരീരാവയവങ്ങള്‍ മുറിച്ചെടുത്ത് കഴുത്തില്‍ തൂക്കി നടക്കുന്നതു അദ്ദേഹത്തിന്റെ വിനോദമായിരുന്നു. അക്കാലത്താണ്, യുഗാണ്ടയില്‍ ഒരു എഴുത്തുകാരി ഉയര്‍ന്നു വരുന്നത്. പേര് താര വിശ്വനാഥ്. ഒരു 'മുയ്ന്തി' എഴുത്തുകാരി. 'മുയ്ന്തി' എന്നാല്‍ ഇന്ത്യക്കാരി എന്നര്‍ത്ഥം. മലയാളത്തില്‍ ചിന്തിച്ച്, മലയാളത്തില്‍ എഴുതി, പിന്നീട് സ്വാഹിലിയിലും ഇംഗ്ലീഷിലും തര്‍ജ്ജമ ചെയ്ത് ആഫ്രിക്കന്‍ സാഹിത്യത്തില്‍ ഒരു ബദല്‍ സ്വരമായി നിന്ന ഒരെഴുത്തുകാരി. അവരുടെ കഥയാണ് ടി.ഡി. രാമകൃഷ്ണന്റെ'മാമ ആഫ്രിക്ക'.


ഈദി അമീന് വേണ്ടത് ഒരു ഇന്ത്യാക്കാരിയുടെ ഉടലാണ്. അത് വെറുതെ പോരാ. അവള്‍ ആ ശരീരം കൊണ്ടും മനസ്സുകൊണ്ടും ഒരു കറുത്തവനെ കാമിക്കുകയും പ്രണയിക്കുകയും വേണം. അതിനൊരു കാരണമുണ്ട്. ഇന്ത്യക്കാര്‍ തദ്ദേശിയരായ കറുത്തവനെ രണ്ടാംകിട പൗരന്മാരായി കണക്കാക്കിയിരുന്നു എന്നും അവര്‍ ഒരിക്കല്‍ പോലും മിശ്രവിവാഹത്തിനു തയ്യാറായിരുന്നില്ല എന്നതു കൊണ്ടുമായിരുന്നു ഈദി അമീന്‍ ഇന്ത്യക്കാരെ മുഴുവന്‍ യുഗാണ്ടയില്‍ നിന്ന് ഓടിച്ചത്. ആ പലായനത്തെ പ്രതിരോധിക്കുകയാണ് താരവിശ്വനാഥ്. വലിയൊരു എഴുത്തുകാരിയായാണ് അവള്‍ മരിക്കുന്നത്; അതും എയ്ഡ്‌സ് ബാധിച്ച്. ഇങ്ങനെ മരിക്കുന്ന ആദ്യത്തെ ആഫ്രിക്കന്‍ എഴുത്തുകാരിയായിരിക്കും താരാ വിശ്വനാഥ്. നോവലില്‍ സത്യമേത് മിഥ്യയേത് എന്നൊരു സങ്കോചം തുടക്കം മുതലേ ഉടലെടുക്കുന്നുണ്ട്. ചരിത്രം പറയുകയും ചരിത്രത്തോടൊപ്പം സഞ്ചരിക്കുകയും ചെയ്തു കൊണ്ട് വായനക്കാരനും വിശ്വസിക്കുന്നു. താര എന്ന എഴുത്തുകാരിയും ചരിത്രത്തിന്റെ ഭാഗമാണ്. ഇന്തോ-ആഫ്രിക്കന്‍ അധിനിവേശത്തിന്റെ ചരിത്രം. അതു രാജ്യത്തിന്റെ മാത്രമല്ല, ജീവിതത്തിന്റെയും രാഷ്ട്രീയത്തിന്റെയുമൊക്കെ ഭാഗമാണ്.

അവരുടെ നാലു രാഷ്ട്രീയ കവിതകളിലൊരെണ്ണം ഇങ്ങനെയാണ്:-

'ഈ ശരീരം എന്റേത് മാത്രമാണ്.

നൂറു ശതമാനം എന്റേതു മാത്രം

ഇതില്‍ മറ്റൊരാള്‍ക്കും ഒരവകാശവുമില്ല

ഇതെന്റെ സ്വതന്ത്ര്യ റിപ്പബ്ലിക്കാണ്

ഞാന്‍ അനുവദിക്കാതെ ആര്‍ക്കും ഇവിടേക്ക് പ്രവേശനമില്ല,

മാതാപിതാക്കളായാലും സഹോദരങ്ങളായാലും

കാമുകനോ ഭര്‍ത്താവോ ആരായാലും

അതിക്രമിച്ചു കടക്കുന്നവര്‍ ശിക്ഷിക്കപ്പെടും, സംശയമില്ല' 


നോവലിസ്റ്റിന്റെ ചില രചനാതന്ത്രങ്ങളെ നമുക്കൊന്നു പരിശോധിച്ചു നോക്കാം. വാസ്തവത്തില്‍ ഇതൊരു നോവലാണോ എന്നു ചോദിച്ചാല്‍ അതെയെന്നും അല്ലെന്നും ഉത്തരം പറയേണ്ടി വരും. കാരണം, ഇതൊരു ജീവിതകഥയാണ്. താര വിശ്വനാഥ് എന്ന ഒരു എഴുത്തുകാരിയുടെ കഥ. അതിലേക്കുള്ള നോവലിസ്റ്റിന്റെ പ്രവേശനം വളരെ സത്യസന്ധമായി തന്നെ ആവിര്‍ഭവിക്കുന്നു. കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ഇരുന്ന് ഒരു ഡിഗ്രി വിദ്യാര്‍ത്ഥി ഒരു ഉഗാണ്ടന്‍ തൂലികാ സുഹൃത്തിനു കത്തെഴുതുന്നു. വെറും എട്ടോ ഒമ്പതോ മാസം നീണ്ടു നിന്ന തൂലികാ പ്രണയം. കൃത്യമായി പറഞ്ഞാല്‍ തന്റെ പത്തൊമ്പതാം വയസ്സില്‍ 'മിറര്‍' മാസികയില്‍ കണ്ട പെന്‍പാല്‍ ക്ലബിലെ മേല്‍വിലാസങ്ങള്‍ക്കൊന്നിനയച്ച കത്തിന് യുഗാണ്ടയിലെ കംപാലയിലുള്ള മക്കാരേറെ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചു കൊണ്ടിരുന്ന ഒരു പെണ്‍കുട്ടിയുടെ മലയാളത്തിലുള്ള മറുപടി ആണ് ഈ നോവല്‍ എഴുതുവാനുള്ള സാധ്യത നോവലിസ്റ്റിനു തുറന്നു കൊടുത്തത്. താര വിശ്വനാഥ് എന്ന ആഫ്രിക്കന്‍ എഴുത്തുകാരി തന്റെ നോട്ട് ബുക്കില്‍ മലയാളത്തിലെഴുതി സ്വാഹിലിയിലും ഇംഗ്ലീഷിലും വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ച ‘മാമ ആഫ്രിക്ക’  ആത്മകഥ രൂപത്തില്‍ ഉള്ള നോവലെറ്റും, കഥകളും കവിതകളും കറുപ്പിനും വെളുപ്പിനുമിടയില്‍ എന്ന ആത്മകഥയും ചേര്‍ത്ത രീതിയിലാണ് ഈ നോവല്‍ എഴുതപ്പെട്ടിട്ടുള്ളത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വെച്ച് സോഫിയ എന്ന ഒരു പബ്ലിഷിംഗ് എക്‌സിക്യൂട്ടീവിനെ എഴുത്തുകാരനും പഴയ തൂലികാ പ്രണയത്തില്‍ വീണ ഡിഗ്രിക്കാരനുമായ രാമു (അതായത് ടി ഡി രാമകൃഷ്ണന്‍ എന്ന് പറയാതെ പറയുന്ന ആള്‍) കണ്ടു മുട്ടുന്നു. സോഫിയ താന്‍ പ്രണയിച്ച താരാ വിശ്വനാഥിന്റെ മകള്‍ ആണെന്ന് അയാള്‍ തിരിച്ചറിയുന്നു. സോഫിയയ്ക്ക് മലയാളം അറിയില്ല. എന്നാല്‍ അമ്മ സൂക്ഷിച്ചു വെച്ച മലയാളം മാനുസ്‌ക്രിപ്റ്റുകള്‍ എഡിറ്റു ചെയ്യാന്‍ അവള്‍ അയാളെ ക്ഷണിക്കുന്നു. അങ്ങിനെ അയാള്‍ എഡിറ്റു ചെയ്യുന്ന ഒരു ലഘു നോവലും ഒരു അഭിമുഖവും ഏതാനും കഥകളും കവിതകളും ഒരു അപൂര്‍ണ്ണമായ ആത്മകഥയുമാണ് വാസ്തവത്തില്‍ ഈ നോവല്‍. താരാവിശ്വനാഥിന്റെ ഈദി അമീന്‍ കാലത്തെ അനുഭവങ്ങള്‍ എന്ന നിലയ്ക്കുള്ള ഒരു ആത്മകഥ എന്ന നിലയ്ക്കാണ് ഈ നോവല്‍ വായനക്കാരനെ ഗ്രസിക്കുന്നത്.


കറുപ്പും വെളുപ്പും തമ്മിലുള്ള യുദ്ധം അതല്ലെങ്കില്‍ വംശീയതയുടെ കത്തിജ്വലിക്കുന്ന അസ്വാതന്ത്ര്യം അതാണ് ഈ നോവലിന്റെ അടിസ്ഥാനം. ഈദി അമീന്‍ എന്ന ഭരണാധികാരി പോലും കറുത്തവന്‍ എന്ന് കടുത്ത ഭാഷയില്‍ അധിക്ഷേപിച്ച ഏഷ്യക്കാരെ മുഴുവന്‍ രാജ്യത്തു നിന്നു പുറത്താക്കാനാണ് ശ്രമിച്ചത്. പ്രതിഷേധിച്ചവരെ കൊന്നു തള്ളി. പ്രതിരോധിച്ചവരുടെ ശരീരത്തിലെ അവയവങ്ങള്‍ വെട്ടിയെടുത്തു. അതു മറ്റുള്ളവര്‍ക്കു മറുപടിയായി പ്രദര്‍ശിപ്പിച്ചു. കറുത്ത വര്‍ഗക്കാരനോടുള്ള മലയാളിയുടെ വെറുപ്പും അറപ്പും, വിപ്ലവത്തിനു തന്നെ പ്രേരിപ്പിക്കുന്നതായി ഈദി അമീന്‍ സൂചിപ്പിക്കുന്നതായി കാണാം. 

കൊല്ലപ്പെടുന്നതിന് മുന്നേ ഇദി അമീന്‍ താരയുടെ അച്ഛനായ ഡോക്ടര്‍ പണിക്കരോട് പറയുന്നു, എനിക്ക് പകരമൊരു വെള്ളക്കാരനായിരുന്നെങ്കില്‍ മകളെയും വേണമെങ്കില്‍ ഭാര്യയേയും അവന്റെ മുന്നില്‍ കാഴ്ച വെച്ച് നീ വണങ്ങി നില്‍ക്കുമായിരുന്നില്ലേ? എന്നെ കറുത്തവനെന്നാക്ഷേപിക്കാന്‍ നിനക്കെങ്ങനെ ധൈര്യം വന്നു? ഇദി അമീന്റെ കിളിക്കൂടില്‍ ആദ്യ രാത്രിയില്‍ സന്ദര്‍ശനത്തിനെത്തുന്ന താരയോടും അയാള്‍ ഇത് തന്നെ പറയുന്നു. 'നിങ്ങള്‍ ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് കറുത്ത പുരുഷന്മാരെ അത്ര വെറുപ്പാണ്. നിങ്ങള്‍ പേടിയാണെന്നാണ് പറയുക, സത്യമതല്ല വെറുപ്പാണ്. നിങ്ങള്‍ ഞങ്ങളെ മനുഷ്യരായി കണക്കാക്കുന്നില്ല.' കറുത്തവരെ വെറുക്കുമ്പോഴും ആഫ്രിക്കയില്‍ കച്ചവടം ചെയ്തു അവരുടെ സമ്പത്ത് മുഴുവന്‍ തട്ടിയെടുക്കുന്നവരായിട്ടാണ് നോവലില്‍ ഏഷ്യന്‍ വംശജരെ പ്രത്യേകിച്ച് ഇന്ത്യക്കാരെ ചിത്രീകരിക്കുന്നത്. ഇന്ത്യയില്‍ ബ്രിട്ടീഷ്‌കാര്‍ എത്തുമ്പോള്‍ ഈ വംശീയവെറി അത്ര ശക്തമായിരുന്നില്ല. എന്നാല്‍ മറിച്ച് ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടിയ യുഗാണ്ടയില്‍ പോലും ഏഷ്യന്‍വംശജര്‍ പുലര്‍ത്തിയ വംശീയ വിദ്വേഷത്തിന്റെ ബാക്കിപത്രമാണ് താരയും അവരുടെ എഴുത്തുകളും.


പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ ഈ നോവലില്‍ ഒരു കുത്തൊഴുക്കു പോലെ പടര്‍ന്നൊഴുകുന്നുണ്ട്. എന്നാല്‍ സുഖകരമെന്ന് ഒരിക്കലും അനുഭവിക്കാന്‍ കഴിയാത്ത ഭീതിയുടെ വല്ലാത്തൊരു അരക്ഷിതാവസ്ഥയാണ് ഈ കൃതി തുറന്നിടുന്നത്. ആഫ്രിക്കന്‍ ലോകത്തെ മലയാളത്തിനു മുന്നില്‍ മലര്‍ക്കെ തുറന്നിടുകയാണിത്. ആഫ്രിക്കയോടുള്ള മലയാളിയുടെ മനോഭാവമാറ്റം രണ്ടു തരത്തിലാണ്. ഒന്നിന് ഒരു ആഗോള സ്വഭാവമുണ്ട്. കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളോടുള്ള അനുഭാവവും ഐക്യപ്പെടലും ജനങ്ങളും സാഹിത്യവുമായി കൂടുതല്‍ അടുത്ത് ഇടപഴകിയതും ആഗോള സ്വഭാവത്തിലുള്ള പരിണാമത്തിന് കാരണമാണ്. അടിമകളായെത്തി ഉടമകളുടെ പലായനകാലത്തുപോലും രക്ഷ കിട്ടാതെ ബലിയര്‍പ്പിക്കപ്പെട്ട പ്രാദേശികമായ ഐക്യപ്പെടലാണ് രണ്ടാമത്തേത്. ഇതില്‍ ഏതിലാണ് താര വിശ്വനാഥ് നിലകൊള്ളുന്നതെന്നു വായനക്കാര്‍ തന്നെ തീരുമാനിക്കേണ്ടിയിരിക്കുന്നു. പെണ്ണിന്റെ ധീരമായ ചെറുത്തുനില്‍പ്പ്, ഫെമിനിസത്തിന്റെ ശക്തമായ രചന, സാഹചര്യങ്ങളോടുള്ള പടപ്പുറപ്പാട് എന്നീ തലങ്ങളിലൊക്കെയും കഥാപാത്രം വായനക്കാരനെ അതിശയിപ്പിക്കുന്നു. പ്രത്യേകിച്ച്, ഇരുണ്ട ഭൂഖണ്ഡം ലോകത്തിനു കൊളുത്തി നല്‍കിയ മഹാമാരിയുടെ ചുഴിയില്‍ പെട്ട് കഥാനായികയും കാലയവനികയിലേക്ക് കൂപ്പുകുത്തുമ്പോള്‍.


എയിഡ്‌സ് ബാധിതയായ താരയുടെ ആത്മകഥയുടെ അവസാനഭാഗം ഇങ്ങനെ എത്തി നില്‍ക്കുന്നു,

'എന്റെ ആത്മകഥ ഇങ്ങനെ അപൂര്‍ണ്ണമായി അവസാനിപ്പിക്കുന്നതില്‍ വിഷമമുണ്ട്. ക്ഷമിക്കണം. ഡോക്ടര്‍മാര്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണെനിക്ക് അനുവദിച്ചിരിക്കുന്നത്. അതിനു മുന്‍പ് ഇത് പ്രസിദ്ധീകരിച്ചു കാണണമെന്നാണ് എന്റെ ആഗ്രഹം.

നോവല്‍ അവസാനിക്കുന്നു.’

സോഫിയ മൂകാസയുടെ 'എന്റെ അമ്മ' എന്ന പേരിലൊരു കുറിപ്പോടു കൂടിയാണ് രാമകൃഷ്ണന്‍ പക്ഷേ തന്റെ നോവല്‍ അവസാനിപ്പിക്കുന്നത്. പീഡനത്തിന്റെയും പ്രേമത്തിന്റെയും രതിയുടെയും പ്രകൃതിയുടെയും രാഷ്ട്രീയത്തിന്റെയും സര്‍വ്വോപരി കറുപ്പിന്റെയും വെളുപ്പിന്റെയും ജാതിയുടെയും മതത്തിന്റെയും അമ്മ സംസ്‌ക്കാരം നിറഞ്ഞ ആഫ്രിക്കയിലെ യുഗാണ്ടയെക്കുറിച്ച് ഇനിയും അറിയപ്പെടാത് ഏടുകള്‍ നമുക്കുണ്ടെന്നറിയാം. എന്നാല്‍ ഒരുകാര്യമുറപ്പ്. നാം അറിഞ്ഞതൊന്നുമല്ല, ആഫ്രിക്കയിലെ യുഗാണ്ടയെന്ന് ഈ നോവല്‍ അടിവരയിടുന്നു. അധിനിവേശത്തിന്റെ കറുത്ത ഇടനാഴിയില്‍ വച്ച് പൊടുന്നനെ പ്രകാശം നഷ്ടപ്പെട്ടവരെ പോലെ വായനക്കാരനും നിലയ്ക്കുമ്പോള്‍ നോവലിസ്റ്റ് സോഫിയ എഴുതിയ കുറിപ്പിലൂടെ ഇങ്ങനെ പറയുന്നു,

'എഴുത്തുകാര്‍ ലോകത്തിലെവിടെയും സെന്‍സര്‍ ചെയ്യപ്പെടും!'


Login | Register

To post comments for this article