നിവേദിത എന്ന നോവലിന് പുറമെ കുട്ടികളുടെ മനസ്സറിയുക എന്ന പുസ്തകവാറും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാതൃഭൂമിയിൽ സബ് എഡിറ്റർ. കെ.ദാമോദരൻ പഠന ഗവേഷണ കേന്ദ്രത്തിന്റെ സാഹിത്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്. പാലക്കാടു സ്വദേശി.

ഒരു കർമയോഗിനിയുടെ തേജസുറ്റ ജീവിതം

'കുഞ്ഞനിലയും ആൽമരവും' 'ഉത്തരധ്രുവത്തിൽ നിന്നൊരു കുഞ്ഞുമേഘം ' എന്നീ ബാലസാഹിത്യ കൃതികൾ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ എഴുതുന്നു. തിരുവനന്തപുരത്തു ബാങ്ക് ഉദ്യോഗസ്ഥ.

മാർഗരറ്റ് എലിസബത്ത് നോബിൾ എന്ന ജന്മം കൊണ്ട് പാശ്ചാത്യയും കർമം കൊണ്ട് പൗരസ്ത്യയുമായ നിവേദിതയെ കുറിച്ച് അധികം പുസ്തകങ്ങളൊന്നും രചിക്കപ്പെട്ടിട്ടില്ല. ശ്രീരാമകൃഷ്ണന്റെ, സ്വാമി വിവേകാനന്ദന്റെ ശിഷ്യയായി ഭാരതഭൂമിക്ക് വേണ്ടി ഇവിടേക്ക് കടന്നുവന്ന് ഒടുവിൽ 1911 ഒക്ടോബർ 13 ന് ശരീരമുക്തയായ മഹതി. സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയശേഷം ഒരു കാഴ്ച്ചക്കും അവരുടെ മനസിൽ എന്തെങ്കിലും ചലനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല. ആ ഒരേ ഒരു സൂര്യനു ചുറ്റും അവർ പ്രദക്ഷിണം വച്ചു.

സംഭവബഹുലമായ ജീവിതമായിരുന്നു മാർഗരറ്റിന്റേത്. പ്രവർത്തന മേഖലയും വൈവിധ്യം ഉള്ളതായിരുന്നു. സാമൂഹ്യ പ്രവർത്തക, അധ്യാപിക, എഴുത്തുകാരി കൂടാതെ സ്വാമി വിവേകാനന്ദന്റെ ശിഷ്യ. ആ ജീവിതത്തിനിടയിൽ തന്നെ അവർ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലും നിർണായകമായി ഇടപെട്ടു പ്രവർത്തിച്ചു. ബംഗാളിൽ പ്ലേഗ് പൊട്ടിപ്പുറപ്പെട്ടപ്പോൾ അവിടെ  സ്വയം സന്നദ്ധ പ്രവർത്തകയായി മാറി. ടാഗോറിന്റെ, ഡോ. ജഗദിഷ് ചന്ദ്ര ബോസിന്റെ ഒക്കെ പ്രിയപ്പെട്ട സുഹൃത്ത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരനായകന്മാരുമായി കത്തിടപാടുകൾ... സുബ്രമണ്യ ഭാരതിയുടെ വരെ യാഥാസ്ഥിതിക ചിന്തകൾക്കുമേൽ ശക്തമായ പ്രഹരമേൽപ്പിച്ച നിവേദിതയെക്കുറിച്ച് പരാമർശിക്കുന്ന പല പുസ്തകങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ നിവേദിതയെക്കുറിച്ച് ഒരു നോവൽ എന്ന ചിന്ത, ആ ചിന്ത പോലും അത്രയേറെ ശ്രമകരമാണ്. കാരണം നിവേദിത എന്നാൽ സ്വാമി വിവേകാനന്ദൻ എന്നാണ് അർത്ഥം. വിവേകാനന്ദൻ എന്നാൽ രാമകൃഷ്ണ പരമഹംസരും. അപ്പോൾ അവരെക്കുറിച്ച് ഒരു നോവൽ എന്ന് ചിന്തിച്ച്, അത്രയും ദുഷ്കരമായ ഒരു രചനക്ക് ധൈര്യപ്പെട്ടത് പത്രപ്രവർത്തകയായ ബീനാ ഗോവിന്ദ് ആണ്. ഒരു ജീവചരിത്രത്തിന്റെ വിരസമായ പതിഞ്ഞ താളത്തിനെ മറികടന്ന് നോവലിന്റെ വികസിച്ച പ്രമേയതലത്തിലൂടെ ബീന സഞ്ചരിക്കുന്നു ഇതിൽ.

സാധാരണ ഒരു നോവലിൽ  ഫാന്റസി ഏത് പരിധിയും ലംഘിച്ച് കടന്നു പോകാം. പക്ഷേ ഇവിടെ അത് സാധിക്കില്ല; കാരണം ഇത് നിവേദിതയുടെ കഥയാണ്. അതിനാൽ തന്നെ സ്വാമി വിവേകാനന്ദന്റേയും.

ജീവചരിത്ര രചന രണ്ടുവര കോപ്പിബുക്കിൽ ജീവിതം പകർത്തിവക്കുന്ന വിരസമായ ഒരു എഴുത്താണ് പലപ്പോഴും സമ്മാനിക്കാറ്. എന്നാൽ ഇവിടെ എഴുത്തുകാരി ഭാവനയെ കൂട്ടുപിടിച്ച് നിവേദിതയുടെ ജീവിതത്തിലെ നിർണ്ണായക മുഹൂർത്തങ്ങളെ എത്ര മനോഹരമായാണ് ചിത്രീകരിക്കുന്നത്. വിവേകാനന്ദസ്വാമിജി മുപ്പത്തിഒമ്പതാമത് വയസ്സിൽ സമാധിയാകുന്നു. ഏറ്റവും തേജസുറ്റ ഒരു പുരുഷനെയാണ് ലോകം അദ്ദേഹത്തിൽ കണ്ടത്. ആ വ്യക്തിപ്രഭാവത്തോട് അസാധാരണമായ മേധാശക്തിയും  ഒരു കർമയോഗിനിയുടെ തേജസുറ്റ ജീവിതവും    ജ്ഞാനമാർജിക്കുവാനുള്ള മനസുമുള്ള ഉൽപതിഷ്ണുവായ ഒരു സ്ത്രീക്ക് സ്വാഭാവികമായി രൂപപ്പെടാവുന്ന ഒരു വികാരം,  അത് പ്രണയമെന്ന നിലയിലേക്ക് എത്തുന്നുവോ എന്ന്   സംശയിക്കുമ്പോഴൊക്കെത്തന്നെ സ്വാമിജി വളരെ സമർത്ഥമായി ഇടപെടുകയും അവരെ ജ്ഞാനമാർഗത്തിൽ ഉറപ്പിച്ചു നിർത്തുകയും ചെയ്യുന്നുണ്ട്. മാർഗരറ്റിൽ നിന്ന് നിവേദിതയിലേക്കുള്ള വളർച്ചയും അമേരിക്കൻ ഐക്യനാടുകളിൽ ആയിരക്കണക്കിന് ആളുകളെ ആകർഷിച്ച ഹിന്ദു സന്യാസിയിൽ നിന്ന് സ്വയം അറിയുന്ന വിവേകാനന്ദനിലേക്കുള്ള ദൂരവും  നമുക്കിവിടെ വായിച്ചെടുക്കാം.

ഇടക്ക് മാർഗരറ്റ് സ്വയം ഇങ്ങനെ പറയുന്നുണ്ട്, "പ്രതിരോധം സാധാരണക്കാരന്റെ വഴിയാണ്. സന്യാസിയുടേത് പരിത്യാഗവും." പരിത്യാഗിയായ ആ സന്യാസിയിൽ മാർഗരറ്റ് സ്വന്തം അഭയം കണ്ടെത്തി.

തുടർന്ന് വായിക്കാം, "സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതുന്ന അയർലണ്ടിലായിരുന്നു കുട്ടിക്കാലം. സ്കോലണ്ടുകാരായ പൂർവ്വികർ അഞ്ചു തലമുറകളായി അയർലണ്ടിലായിരുന്നു താമസം. ഇംഗ്ലണ്ട് അടിച്ചേൽപ്പിച്ച അടിമത്തത്തിൽ ശ്വാസം മുട്ടിയ ഒരു ജനതയുടെ അടിയറവും പ്രതിഷേധവും കണ്ടാണ് അവൾ വളർന്നത്. "

മാർഗരറ്റിൽ നിന്ന് നിവേദിതയിലേക്കുള്ള രൂപാന്തരണത്തിന് ഈ പൈതൃകവും ഒരു കാരണമായിട്ടുണ്ടാവും.

പിന്നീട് സ്വാമി വിവേകാനന്ദൻ നിവേദിതയെ പരാമർശിക്കുന്നത് ഇപ്രകാരമാണ്, "സത്യത്തിൽ തത്പരരായ സ്ത്രീകൾ രാജ്യത്തിന്റെ കാവൽ മാലാഖമാരായിരിക്കും". പാശ്ചാത്യ ലോകത്തിൽ നിന്നും സ്വന്തം ഗുരുവിന്റെ രാജ്യത്തിലേക്കുള്ള മാർഗരറ്റിന്റെ യാത്ര ബീനാ ഗോവിന്ദ് ഇപ്രകാരം ഹൃദയസ്പർശിയായി എഴുതിയിരിക്കുന്നു.

"പ്രിയപ്പെട്ടവരെ ഒരു നോക്കുകൂടി കാണാൻ അവർ ഓടിക്കിതച്ച് ഡെക്കിലെത്തി. സൈറൺ മുഴങ്ങിയപ്പോൾ കണ്ണീർ മറച്ച കാഴ്ചകളിലേക്ക് മാർഗററ്റ് കൈകൾ ആഞ്ഞുവീശി. സമുദ്രത്തിന്റെ അനന്ത നീലിമയിൽ മൊംബാസ്സ ഒരു പൊട്ടു പോലെ ഒഴുകി മറഞ്ഞു." നിവേദിതക്ക് ഭാരതത്തിൽ കൂട്ടായി  രണ്ട് വിദേശ വനിതകൾ ഉണ്ടായിരുന്നു,  മിസിസ് സാറാ ഓൾബുളും മിസ് ജോസഫൈൻ മക്ലോഡും.

ഏതൊരു സ്ത്രീയേയും പോലെ ഒരു സാധാരണ  സ്ത്രീ മാത്രമാകുമോ നിവേദിത എന്ന് വായനക്കിടയിൽ സന്ദേഹം തോന്നിപ്പിച്ച ഒരു സന്ദർഭം ഉണ്ട്. സ്വാമി വിവേകാനന്ദനോട് നിവേദിതയുടെ സമീപനത്തിൽ സ്വാർത്ഥതയുടെ അംശം കലരുന്നുവോ എന്ന സന്ദേഹത്തിൽ സാറ പറയുന്ന ഭാഗം, "സ്വാമി പറയാറുണ്ട്, അപക്വമായ മനസോടെ എന്നെ നോക്കുന്ന സ്ത്രീ ആ നിമിഷം ഒരു മരത്തവളയായി മാറും എന്ന്. മാർഗരറ്റിന്റെ മുഖത്ത് രക്തം വറ്റുന്നത് സാറ ശ്രദ്ധിച്ചു. അവർ വാത്സല്യത്തോടെ മാർഗരറ്റിനെ ചേർത്ത് തഴുകി. നമ്മൾ ഭാഗ്യവതികളാണ് മാർഗരറ്റ്, ആ മഹാപുരുഷന്റെ സഹയാത്രികരാവാൻ ദൈവം അനുഗ്രഹിച്ച് വിട്ടവർ. മാർഗരറ്റ് ധ്യാനനിരതയായി. ദക്ഷിണേശ്വരത്തിന് മുകളിൽ ചക്രവാളം സ്വർണം കലർന്ന ചുവപ്പാർന്നു."

അധ്യായം പതിനൊന്ന് ഓരോ വായനക്കാരനേയും പിടിച്ചുലക്കുന്ന ഒന്നാണ്. വിധവാഗ്രാമത്തിലെ പെൺകുട്ടിയുടെ വർണ്ണന.  അവൾ കുടം അരുവിയിൽ മുട്ടിച്ച് ആട്ടിക്കളിച്ചുകൊണ്ട് വെള്ളം നിറക്കുന്നതും കാട്ടു നാരകത്തിന്റെ കൊമ്പുകളിൽ ചാഞ്ചാടുന്ന മാടത്തകൾക്കു നേരെ വെള്ളം വീശിയെറിഞ്ഞ് അവയുമായി കളിക്കുന്നതും. ഒടുവിലവൾ വിധവാശ്രമത്തിലെ ഒരു കൊച്ചു വിധവക്കുട്ടിയാണെന്ന് അറിയുമ്പോൾ ഉള്ളു പിടക്കും. തല മൊട്ടയടിച്ച്, ചന്ദനം തേച്ച്.. അതിലും ഭീകരമായ മറ്റൊരു വിവരണം നിവേദിത കേൾക്കുന്നുണ്ട്, "അപശകുനങ്ങളാണെങ്കിലും ജമീന്ദാർ ഭവനങ്ങളിൽ രാത്രികാലങ്ങളിൽ വിധവാശ്രമത്തിലെ സ്ത്രീകൾ നിഷിദ്ധരല്ല".

പിന്നെയും വിവരണം നീളുന്നു,  ഭർത്താവ് മരിച്ച സ്ത്രീയെ പച്ചമുളയിൽ ചേർത്തുകെട്ടി കത്തുന്ന ചിതയിൽ വലിച്ചെറിയുന്നത് മുതൽ ഭർത്താവിന്റെ ജഡത്തോടൊപ്പം ജീവനോടെ മണ്ണിൽ മറവു ചെയ്യുന്നത്ര ക്രൂരമായ പ്രവർത്തികൾ വരെ. ആചാരം എന്ന വാക്കിന്റെ പിൻബലത്തിൽ മാത്രം നടന്നിരുന്ന ക്രൂരതകൾ. ഇന്ന് വീണ്ടും കേരളത്തിലെ സാമൂഹ്യാവസ്ഥ കാണുമ്പോൾ ഭീതി തോന്നുന്നു. നാലു തലമുറകൾ കൂടി കഴിഞ്ഞാൽ ആചാരത്തിന്റെ, വിശ്വാസത്തിന്റെ പേരിൽ നമ്മളും...? 

വംഗനാടിന്റെ ഭംഗി വർണ്ണിക്കാൻ ഇടം കിട്ടുമ്പോഴൊക്കെ ബീന ഗോവിന്ദ് സമർത്ഥമായി അത് കൈകാര്യം ചെയ്യുന്നുണ്ട്. പല അദ്ധ്യായങ്ങളും വംഗനാടിനെ നമുക്ക് മുന്നിൽ വരച്ചിടുന്നുണ്ട്, ഒപ്പം നിവേദിതയേയും.

"കഴുത്തു മുതൽ പാദം വരെ നീളുന്ന വെളുത്ത കുപ്പായം, രുദ്രാക്ഷമാല, നീലിമയാർന്ന കണ്ണുകൾ, ഉയർന്ന കവിളെല്ലുകൾ, ചതുരാകൃതിയിലുള്ള ചിമ്പുകം... വെണ്ണക്കല്ലിൽ കൊത്തിയെടുത്ത തപസ്വിനിയുടെ രൂപം ഞാനെങ്ങനെ വർണിക്കാനാണ്?"

പ്രശസ്ത ചിത്രകാരനായ അബനീന്ദ്ര ടാഗോറിന്റെ വരികൾ.

യേശുവിന്റെ ഒടുവിലത്തെ അത്താഴത്തെ അനുസ്മരിപ്പിക്കത്തക്കവിധം ഗുരുവും ശിഷ്യയെ ഊട്ടുന്നുണ്ട്. വെള്ളയരിച്ചോറ്, ഉരുളക്കിഴങ്ങ് കറി, പയറുമെഴുക്ക് പുരട്ടി, തൈര് ഗോതമ്പ് പായസം. അടുത്തിരുന്ന് വിവേകാനന്ദൻ നിവേദിതയെ ഊട്ടി. കഴിച്ചു കഴിഞ്ഞപ്പോൾ കൈ കഴുകാൻ വെള്ളമൊഴിച്ചു കൊടുക്കുകയും തോർത്തുകൊണ്ട് കൈ തുടക്കുകയും ചെയ്തു.

അങ്ങാണ് ഗുരു, യേശു ശിഷ്യന്മാരുടെ കാൽ കഴുകിയിട്ടുണ്ട്...നിവേദിതയുടെ ശബ്ദം അടഞ്ഞു പോയി. അവസാനത്തെ അത്താഴം.

"ജൂലായ് നാല്, 1902സ്വാമി മരിച്ചു "

എന്ന വരികൾ ദ്യോതിപ്പിക്കുന്ന മറ്റൊന്നുകൂടിയുണ്ട്. അത് നിവേദിതയുടെ തന്നെ മരണമാണ്. 

ഗുരുവിന്റെ മരണശേഷം സ്വാതന്ത്ര്യ സമരങ്ങളിൽ ഭാരതത്തിനുവേണ്ടി നിലകൊണ്ട നിവേദിത, അവരെക്കാണാൻ വരുന്ന കവി സുബ്രഹ്മണ്യ ഭാരതിയോട് ചോദിക്കുന്ന ചോദ്യം

"സ്ത്രീക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്ന താങ്കൾക്ക് ഭാരതമാതാവിന്റെ സ്വാതന്ത്ര്യത്തെപ്പറ്റി പറയാൻ എന്ത് അർഹതയാണുള്ളത്? അതിൽ എന്ത് ആത്മാർത്ഥതയാണുള്ളത്? "

ഈ ചോദ്യം കാലങ്ങൾ കടന്ന് ഇന്നും അതേ ഗൗരവത്തോടെ സമൂഹത്തിനു നേരെ ചൂണ്ടപ്പെട്ടിരിക്കുന്നു. യഥാർത്ഥ എഴുത്തുകൾ കാലം അതിജീവിക്കുന്നവയാണ് എന്നുമാത്രം   ഇപ്പോൾ പറയാം.

ഒടുവിൽ സുഹൃത്ത് ഡോ ജഗദീഷ് ചന്ദ്രബോസിന്റെ വീട്ടിൽ വച്ച് രക്താതിസാരത്തിന് അടിപ്പെട്ടു നിവേദിത.

പതിയെ, പുഷ്പത്തിലെ ഇതളുകൾ കൊഴിയുന്ന ലാഘവത്തോടെ ഗുരുവിന്റെ കൈപിടിച്ച് നിവേദിത ഭൂമിയിലെ കർമം പൂർത്തിയാക്കി മടങ്ങുന്നു.

"1911 ഒക്ടോബർ 13. ഡാർജിലിങ്.

ഭാരതത്തിനു വേണ്ടി തന്റെ എല്ലാം സമർപ്പിച്ച സിസ്റ്റർ നിവേദിത, ദേവകൾക്ക് പ്രിയപ്പെട്ടവൾ, ഇവിടെ, ഹിമാലയത്തിന്റെ മടിത്തട്ടിൽ വിശ്രമിക്കുന്നു"എന്ന വരികളിൽ നോവൽ അവസാനിക്കുമ്പോൾ ഒരു കർമയോഗിനിയുടെ തേജസുറ്റ ജീവിതം നമുക്ക് പ്രചോദനമായി മുന്നിൽ. കാവ്യാത്മകമായ ഭാഷ, ഓരോ വാക്കും  വായിക്കാൻ പ്രേരിപ്പിക്കുന്നത്. ഒരു ജീവചരിത്രത്തിന്റെ മടുപ്പിക്കുന്ന കെണിയിൽ പെടുത്താതെ കയ്യടക്കത്തോടെ അത് കാഴ്ചവച്ച ബീനാ ഗോവിന്ദിന് എന്നും അഭിമാനിക്കാൻ ഈ ഒരു രചനയിൽ  ധാരാളമുണ്ട്. മാതൃഭൂമി ബുക്സ് ആണ് നിവേദിത എന്ന നോവലിന്റെ പ്രസാധകർ.


Login | Register

To post comments for this article