ആദ്യ നോവലാണ് ഇൻജുറി ടൈം. റവന്യൂ വകുപ്പിൽ തഹസിൽദാരായി റിട്ടയർ ചെയ്തു. ശാസ്താം കോട്ട മുതുപിലാക്കാട് സ്വദേശി. പിറവം കളമ്പൂർ മുല്ലശ്ശേരി മഠത്തിൽ താമസിക്കുന്നു.

പുത്തൻ കഥാപരിസരം; പുതുമയുടെ നോവൽ

കൊടിയടയാളം, ഭൂമിസ്മശാനം, ഐസ് 196 *C, മുതലലായിനി, വെള്ളിമൂങ്ങ (നോവലുകൾ), ബീജബാങ്കിലെ പെൺകുട്ടി, ഒറ്റക്കാലുള്ള പ്രേതം (നോവലൈറ്റുകൾ), ഇരുട്ടുപത്രാധിപർ, രാത്രിയിൽ ഓട്ടോയിൽ ഒരു മനുഷ്യൻ (കഥാസമാഹാരങ്ങൾ), തസ്കരൻ മണിയൻപിള്ളയുടെ ആത്മകഥ (ജീവചരിത്രം), സ്പെസിബി (യാത്രാവിവരണം), വാട്ടർ ബോഡി, പ്രഭാകരൻ പരമ്പര എന്നിവ പ്രധാന കൃതികൾ. വി പി ശിവകുമാർ അവാർഡ്, സാഹിത്യ അക്കാദമി ഗീത ഹിരണ്യൻ എൻഡോവ്മെന്റ്, അബുദാബി ശക്തി അവാർഡ്, ആശാൻ പ്രൈസ്, കുങ്കുമം കഥ, നോവൽ അവാർഡുകൾ മുതലായവ കരസ്ഥമാക്കിയിട്ടുണ്ട്.
രണ്ടു സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ ഒറ്റക്കയ്യൻ ചലച്ചിത്രം എഴുതി സംവിധാനം ചെയ്തു. ചിതറിയവർ എന്ന ചിത്രത്തിന്റെ തിരക്കഥയും അപ്സ് ആന്റ് ഡൗൺസിനെ സംഭാഷണവും എഴുതി. മലയാള മനോരമയിൽ ചീഫ് സബ് എഡിറ്റർ .

സാഹിത്യത്തിൽ ഭാഗ്യാന്വേഷണം നടത്തിയ ഒരു ജ്യേഷ്ഠസുഹൃത്ത് എനിക്കുണ്ടായിരുന്നു.  കഥ, കവിത എല്ലാം പരീക്ഷിച്ചു. അദ്ദേഹത്തിന്റെ കഥകൾ തരക്കേടില്ലാത്തതായിരുന്നു. പക്ഷേ ക്ഷമ ഉണ്ടായില്ല. നിരൂപണത്തിലേക്ക് കടന്നു. നിരൂപണത്തിന്റെ കാലം കഴിയുന്ന അവസരമായിരുന്നു. സാഹിത്യം തന്നെ വിട്ടു. പിന്നെ സാഹിത്യം കാണുന്നതോ അതേ കുറിച്ച് സംസാരിക്കുന്നതോ കലിയായി.  സാഹിത്യത്തെ കുറിച്ച്  സംസാരിക്കുന്നത് എനിക്ക് താൽപര്യമില്ലാത്ത കാര്യമായതിനാൽ ആ ബന്ധം മുറിയാതെ പോയി.

ആൾ നിരീക്ഷണങ്ങളുടെ ഉസ്താദാണ്. തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ ലോഡ്ജ് മുറി ഒരു പരീക്ഷണശാലയായിരുന്നു. ഞാനന്ന് എഴുത്ത് തുടങ്ങിയിട്ടേയുള്ളൂ. അദ്ദേഹം ഒരു ദിവസം സ്വയം നടത്തിയ ചോദ്യോത്തര പംക്തിയിലേക്ക് വരാം. അദ്ദേഹം ചോദിച്ചു.

ഒരു നല്ല രചന എങ്ങനെയാണ് അളക്കുന്നത്?

മറുപടി ആശാൻ തന്നെ പറഞ്ഞു കൊള്ളും. പുള്ളി പറഞ്ഞു: പൊതുവായി ചില മാനദണ്ഡമുണ്ട്. എല്ലാ പുസ്തകത്തെയും ഇതു വച്ച് അളക്കാനാവില്ല. എങ്കിലും വായിച്ചു മുന്നേറുന്തോറും  ഇമ്പമുണ്ടാവുക എന്നതാണ് 80 ശതമാനം നല്ല പുസ്തകങ്ങളുടെയും മാനദണ്ഡം.

മുന്നിൽ കിടന്ന പൈങ്കിളി വാരികയിൽ ഖണ്ഡശഃ വരുന്ന ഒരു ജനപ്രിയ നോവലിസ്റ്റിന്റെ നോവൽ എടുത്തു കാണിച്ചു കൊണ്ട് സ്വയം അതിനെ ഖണ്ഡിച്ചു കൊണ്ടു പറഞ്ഞു:

എങ്കിൽ ഈ നോവലിസ്റ്റ് എഴുതുന്നത് എന്തു കൊണ്ട് നല്ല കൃതിയാകുന്നില്ല.  അസാമാന്യമായ വർണനകളാണ്. ഹൈറേഞ്ച് ഇത്ര മാത്രം സ്പഷ്ടമായി, ഇമ്പമായി രേഖപ്പെടുത്തുന്ന ആളില്ല. നല്ലൊരു കഥയാണ്. പുസ്തകമായാൽ ആധിമധ്യാന്തമുണ്ടാകും. പിന്നെന്താണ് ഇവ ചരിത്രത്തിൽ അടയാളപ്പെടുത്താതെ പോകുന്നത്?

ആശാൻ തന്നെ കാരണം പറഞ്ഞു: സിംഗിൾ പെറ്റൽ മാത്രമേയുള്ളൂ. ഒരു താമര പോലെ പെറ്റലുകൾ അഥവാ അതിന്റെ ഇതളുകൾ പല അടുക്കുകൾ കൊണ്ടുള്ളതാകണം.  അവ വായനക്കാരന്റെ മനസ്സിൽ കിടന്ന് നൃത്തം ചെയ്യണം. സൂര്യകാന്തിയെ പോലെ സൂര്യനൊപ്പം എന്ന പോലെ മനുഷ്യമനസ്സിലിരുന്ന് ചലിച്ചു കൊണ്ടിരിക്കണം.

അതെങ്ങനെ പറ്റും? അതായിരുന്നു ഞാൻ ചോദിച്ചത്.

പുള്ളി കൈമലർത്തിയിട്ടു പറഞ്ഞു: ആ. അതറിയാമായിരുന്നെങ്കിൽ അതൊരു തിയറിയാകുമായിരുന്നു. ആ തിയറി പഠിച്ച് എല്ലാവരും നല്ല സൃഷ്ടിയുണ്ടാക്കുമായിരുന്നു. അതൊരു തിയറിയല്ലല്ലോ. സ്വയം ഉരുത്തിരിഞ്ഞ് വരണം. അത് വരുമോയെന്ന പ്രാർഥനയാണല്ലോ എഴുത്ത്.


എഴുതാനിരിക്കുമ്പോൾ ആ ഉപമ എനിക്ക് പാഠമായി തോന്നിയിട്ടുണ്ട്.  എഴുതാൻ നോക്കുമ്പോൾ, ഇടയ്ക്ക് നമ്മൾ നോക്കും. അതിൽ ജീവിതം ഇതളിട്ട് വിരിയുന്നുണ്ടോ? ആ ഇതളുകൾക്കിടയിലൂടെ ജീവിതത്തിന്റെ സൂക്ഷ്മത വായനക്കാരന് ലഭിക്കുമോ? ശരിയാണ്. പക്ഷേ ഇത്തരം ചോദ്യം ചോദിക്കാനേ എഴുത്തുകാരനാകൂ. ഉത്തരം കൃത്യമാകണമെന്നില്ല. എഴുത്തിനുള്ള പരിശ്രമം, വിവരം ശേഖരിക്കൽ, പല വട്ടം പകർത്തിയെഴുത്ത് തുടങ്ങിയവയൊക്കെയേ എഴുത്തുകാരന് ചെയ്യാനാകൂ.

സ്വയമറിയാതെ പൂവിതളുകൾ പോലെ അക്ഷരങ്ങളും അതിലെ കഥാപാത്രങ്ങളുമൊക്കെ ചേർന്ന് ഒരു ലോകമുണ്ടാവുകയും, അത് സ്വയം സ്പന്ദിക്കുകയും എഴുതിയ ആളിനെ തന്നെ വിസ്മയിപ്പിച്ചു കൊണ്ട് സ്വയം വളരുകയും ചെയ്യണം. അത് എങ്ങനെയാണ് നടക്കുന്നത്? ആ രസതന്ത്രം മനുഷ്യതലത്തിനപ്പുറമാണ്.

എങ്കിലും കയ്യടക്കവും നിരന്തരമായ പരിശ്രമവും വഴി ആ കൃതി ശരാശരിക്കു മേൽ ഒരൽപം ഉയർത്തി നിർത്താൻ കഴിയുമെന്ന് തോന്നുന്നു. വായനാക്ഷമത, അക്ഷരത്തിലെ ഉൽസാഹം, കഥയുടെ വളർച്ച മുതലായവ കൃത്രിമല്ലാതെ തന്നെ സ്വാഭാവികമായി ഉരുത്തിരിഞ്ഞു വരണം. അവ നിരന്തരമുള്ള  എഴുത്തുപരിശീലനത്തിലൂടെ ഒരു പരിധി വരെ ലഭിക്കുമെന്നതാണ്  അനുഭവം. പക്ഷേ അതിനപ്പുറമുള്ള വളർച്ചയാണ് നമ്മുടെ കയ്യിലല്ലെന്ന് പറഞ്ഞത്.

ശ്രീ രമേശൻ മുല്ലശേരിയുടെ ബർബീരകം  എന്ന നോവലാണ് എന്റെ മുന്നിലുള്ളത്. ഇവിടെ മേൽപറഞ്ഞ ഉൽസാഹങ്ങളെ നോവലിസ്റ്റ് പല തലത്തിൽ അണിനിരത്തുന്നുണ്ട്. നിരന്തര പരിശ്രമവും ഉൽസാഹവും വിവര ശേഖരണവും, വിഷയം തിരഞ്ഞെടുത്തതിലെ പുതുമയുമെല്ലാം ഈ നോവലിന്റെ  വ്യത്യസ്തമാക്കുന്നു.   ട്രാൻസ്ജെൻഡറുടെ ജീവിതത്തെ അധികരിച്ച് അധികം നോവലുകൾ മലയാളത്തിലുണ്ടായിട്ടുണ്ടോ? ഈ നോവൽ അത്തരത്തിൽ ഒന്നാണ്. ശ്രീ രമേശൻ ഒരുപാട് പുസ്തകങ്ങൾ എഴുതിക്കൂട്ടിയുള്ള ആളല്ല. പക്ഷേ നോവലെഴുത്തിന്റെ രസതന്ത്രം അദ്ദേഹത്തിന് പാകമാകുന്നുണ്ട്. എന്തു കൊണ്ടെന്നാൽ ഭിന്നലിംഗക്കാരെ കുറിച്ചുള്ള ഈ നോവൽ അദ്ദേഹം അവതരിപ്പിക്കുന്നത് വളരെ മാന്യമായാണ്. ഭിന്നലിംഗക്കാരുടെ വ്യക്തിത്വത്തെ മാനിക്കുകയും അവരിലും ചിന്താഗരിമയുള്ളവർ ഉണ്ടെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന നോവലാണിത്. കഥ നേരെ പറഞ്ഞു പോവുകയല്ല, അതിന് നിഗൂഡതയുടെ ആവരണമിടുന്നു. അതേ സമയം ഉദ്വേഗത്തിന്റെ മുൻമുനയിലേക്ക് ക്ളൈമാക്സ് കൊണ്ടു പോകുന്നു. നിലവാരമില്ലായ്മയിലേയ്ക്ക് വിവരണം പാളുന്നുമില്ല.  ഇനിയിപ്പോൾ ഭിന്നലിംഗക്കാരുടെ കഥ പറയാം എന്ന മട്ടിലുള്ള ഏച്ചുകെട്ടല്ല. സുന്ദരമായി ഒരു കഥ പറയാൻ ശ്രമിക്കുകയും, ആ കഥയെ വിദഗ്ധമായി മുന്നോട്ട് ചലിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്.

വായനാക്ഷമതയാണ് എടുത്തു പറയേണ്ട മറ്റൊരു ഗുണം.

അർജുനന്റെയും  നാഗവംശത്തിൽ പെട്ട ഉലൂപിയുടെയും മകനാണ് ഇരാവാൻ. പുരാണത്തിലെ ഇരാവാൻ കുരുക്ഷേത്രയുദ്ധത്തിലെ എട്ടാം ദിന യുദ്ധത്തിൽ കൊല്ലപ്പെടുന്നു.  ദക്ഷിണേന്ത്യയിലെ വ്യാഖ്യാനത്തിൽ പതിനെട്ടാം ദിവസത്തിലെ യുദ്ധത്തിന്റെ അന്ന് രാവിലെയും ഇരാവാൻ ഉണ്ട്. അദ്ദേഹം യുദ്ധവിജയത്തിന് സ്വയം ബലിയാകാൻ മുന്നോട്ടു വന്നു. നിഷാദനായ ഘടോൽചന്റെ പുത്രനായ ബർബീരകനാകട്ടെ, ദുർബലപക്ഷത്തു നിന്ന് അടരാടാനുള്ള അമ്മയുടെ നിർദേശം അനുസരിച്ച് എത്തുന്നു. പക്ഷേ പാണ്ഡവർ വിജയിക്കുമ്പോൾ, കൗരവർ ദുർബലരാകും. സ്വാഭാവികമായും ബർബീരകൻ പക്ഷം മാറേണ്ടി വരും. അത് മനസ്സിലാക്കി കൃഷ്ണൻ, അവന്റെ നിഷ്കളങ്കത ചൂഷണം ചെയ്ത് അവനെ യുദ്ധവിജയത്തിന് ബലി നൽകുന്നു. ഉന്നത കുലത്തിൽ പിറന്നവരുടെ കിടമൽസരങ്ങൾക്ക്,  എന്നും നിഷ്കളങ്കരായ, സാധാരണ മനുഷ്യരുടെ ബലിദാനം വേണ്ടി വരുന്നു. ബലിയിൽ ജീവൻ പോകുന്നവരുടെ  വ്യക്തിത്വം ഉയർന്നതായിരുന്നു. പറയുന്ന വാക്കിൽ ഉറച്ചു നിന്നതും സത്യസന്ധത വെടിയാതിരുന്നതുമാണ് അവരുടെ മഹിമ. നീതിക്കപ്പുറം അവൻ സ്വന്തം ജീവനെ വലുതായി കണ്ടില്ല. ഒരുപാടു പ്രതിഭകളെ വച്ച് ഒരു കളിയും ജയിക്കില്ല.. ആരുമെന്ന് നോവലിസ്റ്റ് കൃഷ്ണനെ കൊണ്ട് യുധിഷ്ഠിരന് ഉപദേശം നൽകുന്നുണ്ട്. ആസൂത്രണമാണ് വിജയത്തിന്റെ അടിത്തറയെന്ന് കൃഷ്ണൻ മഹാഭാരതത്തിൽ കാണിച്ചു കൊടുത്തു.

ബലിയായ ബർബീരകന്റെ അറ്റ ശിരസ്സ്, ആയുധമെടുത്ത് എതിർനിരയെ ഹനിക്കാൻ കഷ്ടപ്പെടുന്ന അർജുനനെ കണ്ട് പരിഹസിച്ച് ചിരിക്കുന്നു. ആ നാണക്കേടിൽ അർജുനന്റെ രഥം ഉയർന്നു പോയി. കൃഷ്ണൻ ബർബീരകന്റെ ശിരസ് നിലത്തേയ്ക്ക് മറിച്ചിട്ടു. ക്ഷത്രിയന്റെ മരണകാഴ്ച പോലും നിഷാദന് നിഷിദ്ധമാക്കി. ഭയമായിരുന്നു ഭരണകൂടങ്ങൾക്ക്, ശിരസറ്റു പോയവന്റെ ചിരിയെ പോലുമെന്ന് നോവലിസ്റ്റ് പറയുന്നുണ്ട്.

പുന്നപ്ര വയലാർ സംഭവം പോലെ ചിലയിടത്തെ രാഷ്ട്രീയപരാമർശങ്ങൾ ഒഴിവാക്കിയിരുന്നെങ്കിലും ഈ നോവലിന്റെ രൂപഭദ്രതയെ അത്  ബാധിക്കുമായിരുന്നില്ല എന്നു തോന്നി.

ബർബീരകന്റെ ചോര പോരുകോഴികളായി മാറിയെന്ന് പഴമൊഴി. കോഴിപ്പോരും, മനുഷ്യന്റെ മനസ്സിലെ ഊഹക്കച്ചവടങ്ങളുടെ ഓഹരിക്കമ്പോളവും പത്രപ്രവർത്തനവുമെല്ലാം ഈ നോവലിൽ അനുബന്ധമായി വരുന്നുണ്ട്. എല്ലാ മനസ്സിലുമുണ്ട് ഓർമയും മറവിയും സന്ധിക്കുന്ന ഒരിടം എന്ന് നോവലിസ്റ്റ് പറയുന്നതു പോലെ, ഏതു മനസ്സിലും നല്ലതും ഇരുണ്ടതുമായ വശമുണ്ട്. അവയെ പുതുമയാർന്ന്, ഊർജസ്വലതയോടെ തെല്ല് യുദ്ധോത്സുകതയോടെ തന്നെ  അവതരിപ്പിക്കാൻ നോവലിസ്റ്റിന് കഴിഞ്ഞു.  ആവശ്യമില്ലാതെ സാഹിത്യം ഭാഷയിൽ കുത്തിച്ചെലുത്താതെ കഥ പറന്ന് മുന്നേറാൻ അദ്ദേഹം ശ്രമിച്ചു. പ്രണയവും വിരഹവുമെല്ലാം സ്വാഭാവികമായി അവതരിപ്പിച്ചു. കൂവഗത്തെ ഉൽസവത്തിനിടെയാണ് ഇതിന്റെ ക്ളൈമാക്സ് തയാർ ചെയ്തിരിക്കുന്നത്.

വിഷ്ണുപാർഥസാരഥി എന്ന പ്രധാന കഥാപാത്രത്തെ ചോര ബർബരീകശിരസ്സു പോലെ, കാട്ടു കമ്പിൽ കുത്തി നിർത്തിയ അറുത്തെതുടത്ത ശരസിലെ ഇമയടയാത്ത കണ്ണുകളുമായി വന്ന് കൂവഗക്കാഴ്ചകൾ കാണുകയാണെന്ന് നോവലിസ്റ്റ് പറയുന്നു. വായനക്കാരും ബർബീരകശിരസ്സു പോലെ വേറൊരു തലത്തിൽ നിന്ന് ഈ നോവലിനെ വായിക്കാൻ ശ്രമിച്ചാൽ, മറ്റൊരു തലം ഉയർന്നു വരും. ആദ്യം പറഞ്ഞ താമരയുടെ ഇതളുകൾ പോലെ നോവലിന്റെ വൈചിത്ര്യം അനുഭവിപ്പിക്കാനുള്ള സാധ്യത അപ്പോൾ ഉരുത്തിരിഞ്ഞേക്കും. നോവലിസ്റ്റിന്റെ പുതുമയാർന്ന സമീപനങ്ങൾക്കും ഒട്ടുമേ ബോറടിപ്പാത്ത ആഖ്യാനത്തിനും ഹസ്തദാനം നൽകിക്കൊണ്ടും വിജയം ആശംസിച്ചു കൊണ്ടും   ഈ നോവൽ വായനക്കാരുടെ സമക്ഷം നൽകുന്നു.Login | Register

To post comments for this article