തമിഴ് മലയാളം എഴുത്തുകാരൻ. കേരളത്തിന്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയിലെ തിരുനൽവേലി സ്വദേശി. ആന ഡോക്‌ടർ, നൂറു സിംഹാസനങ്ങൾ, വിഷ്ണുപുരം, ഇരവ്, റബ്ബർ, പിന്തുടരും നിഴലിന് കുറൾ, കന്യാകുമാരി, കാട്, കൊറ്റവൈ തുടങ്ങിയ നോവലുകളും നിരവധി ചെറുകഥാസമാഹാരങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആനയോളം വലിയ ആകുലതകൾ

മീനുകൾ ചുംബിക്കുന്നു എന്ന നോവലും പ്രണയപ്പാതി എന്ന പ്രണയക്കുറിപ്പുകളുടെ സമാഹാരവും പ്രസിദ്ധീകരിച്ചു. പത്രപ്രവർത്തകയും കോളംനിസ്റ്റും

കാട്ടിൽ പോകുമ്പോൾ ഒരുപക്ഷെ മനുഷ്യൻ ഏറ്റവുമധികം കാണാൻ ആഗ്രഹിക്കുന്ന മൃഗം ഏതെന്ന ചോദ്യത്തിന് ആന എന്നാകും ഉത്തരം. അതുപോലെ മുന്നിൽ തൊട്ടടുത്ത് വന്നാൽ ഏറ്റവും കൂടുതൽ പേടി തോന്നുന്നതും ആനയെന്ന ഭീമാകാരനോട് തന്നെ. ഒരേ സമയം ഇഷ്ടപ്പെടുകയും ഭയപ്പെടുകയും ചെയ്യുന്ന മലയാളിയുടെ പ്രിയപ്പെട്ട മൃഗം അല്ലെങ്കിലും വേറെ ഏതുണ്ട്? പക്ഷെ ആ പ്രിയപ്പെട്ട മൃഗത്തോട് നന്മ മാത്രമാണോ മനുഷ്യൻ ചെയ്യുന്നത്? എത്രയോ വാർത്തകളാണ് ചുറ്റും. കാട്ടിൽ നിന്നും നാട്ടിലേക്കിറങ്ങുന്ന ആനകൾ, കാലൊടിഞ്ഞു വയ്യാതെ ചരിയുന്ന ആനകൾ, പട്ടിണി, പരിവട്ടം, മനുഷ്യന്റെ ഉപദ്രവം... കാട്ടിലേക്ക് അതിക്രമിച്ച് കടക്കുന്ന മനുഷ്യൻ ബാക്കി വച്ച മാലിന്യങ്ങളിൽ നിന്നും തീരാ ദുരന്തമനുഭവിക്കുന്ന മൃഗങ്ങളിൽ ഏറ്റവുമധികമുള്ളതും ആനകൾ തന്നെയാകും. ഇതൊക്കെ തന്നെയാണ് പ്രശസ്ത സാഹിത്യകാരനായ ജയമോഹന്റെ 'ആനഡോക്ടർ' എന്ന നോവൽ പറയുന്നതും. 

"മാനുഷികമായ സകല പോരായ്മകളും നാട്ടിൽ അഴിച്ചു വച്ച് അക്കമഹാദേവിയെ പോലെ നഗ്നയായി കാട്ടിലേക്ക് വരൂ എന്ന് ഈ അതിശയ പുസ്തകം ക്ഷണിക്കുന്നു. 'കാട്ടിലേക്കുള്ള ഈ തീർത്ഥാടനത്തിന് ശേഷം എനിക്ക് കാട് പഴയ കാടല്ല. ഉന്നതമായ അർത്ഥത്തിൽ കാട് കാട്ടുന്ന നോവൽ" എന്ന് ആമുഖത്തിൽ കൽപ്പറ്റ നാരായണൻ പറയുന്നത് അക്ഷരാർത്ഥമാണ്.

"ഇതൊരു ആധുനിക സാഹിത്യം അല്ല. ശരിക്കു പറഞ്ഞാൽ ഇതൊരു പുരാണമാണ്. മഹാന്മാരെയും മഹാവീരന്മാരെയും കഥകളിലൂടെ ചരിത്രത്തിൽ നിർത്തുക എന്നതാണ് പൗരാണികന്റെ കർമം. ഇതൊരു പ്രചരണ കഥയാണ്. അതുകൊണ്ട് ഇതിനു കോപ്പിറൈറ്റ് ഇല്ല. തമിഴ്‌നാട്ടിൽ മുപ്പതോളം പ്രസിദ്ധീകരണങ്ങളും വ്യക്തികളും ഇത് അച്ചടിച്ചു വിതരണം ചെയ്‌തിട്ടുണ്ട്. ഇന്നും തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന കഥയാണിത്. ധാരാളം സ്കൂളുകളിൽ ഇത് പാഠമാണ്. 2002 ൽ ഡോക്‌ടർ കെ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ സഹപ്രവർത്തകർ ഒഴിച്ച് മറ്റാരും അറിഞ്ഞിരുന്നില്ല. ഇന്ന് കൊല്ലംതോറും ഡോക്‌ടർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് യോഗങ്ങൾ നടക്കുന്നു. പുരാണത്തിന്റെ ശക്തി അതാണ്."- എന്ന് ജയമോഹൻ തന്റെ നോവലിനെ കുറിച്ച് പറയുന്നുണ്ട്. ഈ രണ്ടു പാരഗ്രാഫുകളിൽ നിന്നും വായിച്ചെടുക്കാം ആനഡോക്ടർ പറയുന്നതും കണ്ടെത്തുന്നതും. 

തമിഴ്‌നാട്ടിലെ പ്രശസ്തനാണെങ്കിൽ പോലും പ്രശസ്തി ഇഷ്ടമല്ലാതിരുന്ന ഡോക്ടർ കെ യുടെ ഒരു ജീവിത ചരിത്രമാണ് നോവൽ രൂപത്തിൽ ജയമോഹൻ എഴുതിയിരിക്കുന്നത്. ആന എന്ന ജീവിയോട് വല്ലാത്ത ഇഷ്ടമായിരുന്നു ഡോക്ടർ കെയ്ക്ക്. ആനയ്ക്ക് മാത്രമല്ല, കാടിനും അവിടുത്തെ മൃഗങ്ങൾക്കും കെയോട് സംസാരിക്കാൻ പ്രത്യേക ഭാഷയുണ്ടായിരുന്നു. അവർക്ക് മാത്രം മനസ്സിലാകുന്ന ഭാഷ. അതിൽ അവർ സംസാരിക്കുകയും സങ്കടങ്ങൾ പങ്കിടുകയും ചെയ്തു. അദ്ദേഹം അവരെ പരിചരിക്കുകയും ഭയപ്പെടാതെ ഏതു കാട്ടിലേയ്ക്കും ഉഗ്രകാട്ടു മൃഗങ്ങളുടെ ഇടയിലേക്ക് വരെ ഇറങ്ങി നടക്കുകയും ചെയ്തു. 

"അവർക്ക് കാടു എന്നത് വെറും ഡേറ്റയാണ്. കാടിന്റെ ഒരു പ്രശ്നവും അവർക്ക് പറഞ്ഞാൽ മനസിലാവുകയുമില്ല." ഡോക്ടർ കെ നോവലിലെ ആഖ്യാതാവായ നായക കഥാപാത്രത്തോട് പറയുന്ന വാചകമാണിത്. കാടിന്റെ കാവൽക്കാരനായി എത്തപ്പെടുന്ന ഒരാൾ കാടിന്റെ ആത്മാവിനെ കണ്ടെത്താൻ ഉള്ളിലെന്തോ വിളികൾ ഉള്ളയാൾ ആണ് അയാൾ. പക്ഷെ പുളയ്ക്കുന്ന പുഴുക്കളെ കണ്ടാൽ പോലും അറപ്പും വെറുപ്പും തോന്നുന്ന അയാളിലേക്ക് പുഴുക്കൾ എന്നാൽ അത്ര ചെറിയ ജീവികൾ അല്ലെന്നും മനുഷ്യന്റെ ശരീരത്തെ ഒടുങ്ങാത്ത വിശപ്പോടെ ഭക്ഷിക്കുന്ന ഉദാരമതികളായ ജീവികളാണെന്നും അവ തനിക്ക് മക്കളെ പോലെയാണെന്നും കെ പറഞ്ഞു കൊടുക്കുന്നതോടെ കാടിനെ കണ്ടെത്തലിലേയ്ക്ക് അയാൾ എത്തിപ്പെടുന്നു. ഡോക്ടർ കെ അയാൾക്ക് ഗുരുവും പിതാവും സുഹൃത്തും ഒക്കെയായിരുന്നു. കാടിനെ കണ്ടെത്താൻ അത്ര എളുപ്പമാണോ? അതിനു പുറം ലോകവുമായുള്ള ഐഹികബന്ധങ്ങൾ വെറും പുറം പാളികൾ മാത്രമാണെന്ന് മനസിലാക്കണമെന്നും അയാൾക്ക് എപ്പോഴൊക്കെയോ മനസ്സിലാകുന്നുണ്ട്. ഡോക്ടർ കെയ്ക്ക് വേണ്ടി പദ്മശ്രീ ഏർപ്പെടുത്താൻ ശ്രമിക്കുന്നതും അതുകൊണ്ടു തന്നെയാണ്. പക്ഷെ വെറുമൊരു പദ്‌മശ്രീയുടെ അർത്ഥമില്ലായ്മ മനസ്സിലാക്കുന്നതോടെ അയാളിലേക്ക് വീണ്ടും കാട് വന്നു പൂക്കുന്നു.

"ദൈവം നല്ല ക്രിയേറ്റിവ് മൂഡിലിരിക്കുമ്പോൾ ഉണ്ടാക്കിയതാവണം ആനയെ." ഡോക്ടർ കെയുടെ അഭിപ്രായമാണ്. ഓരോ കാരണങ്ങൾ കൊണ്ടും അത്രമേൽ മികച്ച ഒരു മൃഗമാണ് ആനയെന്നു കെ പറയുന്നുണ്ട്. പക്ഷെ നാട്ടുകാർ എങ്ങനെയാണ് ആനയെന്ന മൃഗത്തെ കൈകാര്യം ചെയ്യുന്നത്? പ്രത്യേകിച്ച് മാന്യമല്ലാത്ത മലയാളിയുടെ കാടൻ സംസ്കാരത്തെ ഡോക്ടർ കെ കണക്കറ്റു പരിഹസിക്കുന്നുമുണ്ട് നോവലിലൂടെ. കാടിനുള്ളിലേക്ക് വലിഞ്ഞു കയറുന്ന മനുഷ്യൻ കുടിച്ചു വലിച്ചെറിയുന്ന മദ്യ കുപ്പി കഷ്ണങ്ങൾ കാലുകൾ തറച്ചു നാളുകൾ ഒരേ നിൽപ്പ് തുടർന്ന് കാലു ചീഞ്ഞളിഞ്ഞ ആനകളെ കുറിച്ച് പറയുമ്പോൾ കെയ്ക്കും നോവലിലെ വക്താവിനും കരച്ചിൽ വരുന്നുണ്ടായിരുന്നിരിക്കണം. എത്രയോ നാളത്തെ ചീയലിനു ശേഷം പുറത്തേയ്ക്ക് വമിയ്ക്കുന്ന പുഴുക്കളിൽ നിന്നും എപ്പോഴോ ജീവനും അടർന്നു പോകുന്നു. അതുവരെ ആനയനുഭവിക്കുന്ന വേദന. നാടിന്റെ അടുത്തുള്ള കാടിന്റെ അടുത്ത് താമസിക്കുന്നത് കൊണ്ടാണ് കൂടുതലും ആനകൾക്ക് ഇത്തരത്തിൽ ഇരയാക്കപ്പെടേണ്ടി വരുന്നത്. ഡോക്ടർ കെ ഇത്തരത്തിൽ വേദനിക്കുന്ന എത്രയോ ആനകളെ തിരഞ്ഞു പോയിട്ടുണ്ട്! അവയുടെ കാലിൽ നിന്നും പുഴുക്കളെ പുറത്തെടുത്തു കളഞ്ഞു മുറിവ് വൃത്തിയാക്കി അവയെ രക്ഷപെടുത്തിയിരിക്കുന്നു. തന്റെ ജീവിത നിയോഗം തന്നെ അതായിരുന്നുവെന്നു ഡോക്ടർ കെ കണ്ടെത്തിയിരുന്നു. 

ഒരു തരത്തിൽ പറഞ്ഞാൽ ഒരു പുരാണ വായന തന്നെയാണ് ആനഡോക്ടർ. ജീവനുള്ള കഥപാത്രങ്ങളെ ഇതിഹാസ തുല്യമാക്കി വളർത്തുകയും അവരിൽ നിന്നും മറ്റുള്ളവർക്ക് ജീവിതത്തിൽ പഠിക്കാൻ എന്തെങ്കിലുമൊക്കെ ഉണ്ടാവുകയും ചെയ്യുമ്പോഴാണല്ലോ അത് പുരാണമാകേണ്ടത്. മാന്യമല്ലാത്ത പെരുമാറുന്ന മനുഷ്യന്റെ പല ഇടപെടീലുകളെയും ഈ പുസ്തകം ചോദ്യം ചെയ്യുന്നുണ്ട്. മുഖത്തിനു നേരെ വിരൽ ചൂണ്ടുകയും, ഇനി മേലിൽ അത് ആവർത്തിക്കരുതെന്ന് പറയുകയും ചെയ്യുന്നുണ്ട്. ഒപ്പം അവനവനിലെ കാടിനെ ബോധ്യപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നുണ്ട്. ഒരുപക്ഷെ ആനഡോക്ടർ വായിച്ചു തീരുമ്പോൾ നമുക്ക് നമ്മളെ കണ്ടെത്താൻ എളുപ്പമാകും എന്നും വ്യാഖ്യാനിക്കാം. 

ആനഡോക്ടർ ഒരു നന്മയുള്ള കഥയാണ്. കാടിനെ അടുത്തറിയാനും കാടിന്റെ നിലവിളികൾ കേൾക്കാനും പഠിപ്പിക്കുന്ന നോവൽ. ജയമോഹന്റെ നോവലുകൾ എല്ലാം തന്നെയും അല്ലെങ്കിലും നിസംഗരുടെയും നിസ്സഹായത അനുഭവിക്കുന്നവരുടെയും കഥകളാണ്. മറ്റാരും പറയാനില്ലാത്തവർക്കു വേണ്ടി നോവലിസ്റ്റ് സംസാരിക്കാറുണ്ട്. കാട്ടിലെ ഏറ്റവും നിസംഗരാക്കപ്പെട്ട ആനകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പറയാൻ അതുകൊണ്ടു തന്നെ ജയമോഹൻ മികച്ച ആളാണ്. ഡോക്ടർ കെ എന്ന കഥാപാത്രം ഒരു വെറും സൃഷ്ടിയല്ല. ജീവിച്ചിരുന്ന ഒരു വ്യക്തിത്വം തന്നെയായിരുന്നു. അദ്ദേഹത്തെ കുറിച്ച് ഇപ്പോൾ പല പാഠപുസ്തകങ്ങളിലും റെഫറൻസുകൾ തമിഴ് നാട്ടിൽ കൊടുക്കാറുണ്ട്. ആനഡോക്ടർ എന്ന ഈ പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകത കോപ്പി റൈറ്റ് ഇല്ലാതെ ആർക്കു വേണമെങ്കിലും എവിടെയും പ്രസിദ്ധീകരിക്കാൻ കഴിയുന്ന നിയമ രീതിയാണ് ഇതിനുള്ളത് എന്നാണ്. യാതൊരു നിയമത്തിന്റെയും നിയന്ത്രണമില്ലാതെ ആനഡോക്ടർ എല്ലാവരാലും വായിക്കണമെന്ന് നോവലിസ്റ്റ് അത്രയ്ക്ക് ആഗ്രഹിക്കുന്നത് കൊണ്ട് തന്നെയാകാം അത്. അല്ലെങ്കിലും നന്മയുള്ള, നന്മയെ കുറിച്ച പറയുന്ന കഥകൾക്ക് എന്ത് നിയമം നോക്കണമെന്നാണ്! ഡോക്ടർ കെയെ പോലെയുള്ള മനുഷ്യർ ഇനിയും എവിടെയെങ്കിലുമൊക്കെ ഉണ്ടാകാൻ ഇത്തരം പുസ്തകങ്ങളുടെ വായന ആനയോളം  വ്യാപിക്കേണ്ടതുമുണ്ട്. 


Login | Register

To post comments for this article