ഗലേറിയ ഗാലന്റ് അവാർഡ്, വയലാർ അവാർഡ്, കെ.സുരേന്ദ്രൻ നോവൽ പുരസ്ക്കാരം, എ.പി. കളയ്ക്കാട് പുരസ്ക്കാരം, മലയാറ്റൂർ പുരസ്കാരം, മാവേലിക്കര വായനാ പുരസ്ക്കാരം എന്നിവയാണ് സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന നോവൽ കരസ്ഥമാക്കിയത്. ആൽഫ, ഫ്രാൻസിസ് ഇട്ടിക്കോര, ശോഭാശക്തിയുടെ മ് എന്ന കൃതിയുടെയും ചാരുനിവേദിതയുടെ തപ്പുതാളങ്ങളുടെയും മലയാള വിവർത്തനം, തമിഴ് മൊഴിയഴക് എന്ന അഭിമുഖ സമാഹാരം, സി വി ശ്രീരാമനും കാലവും എന്ന അഭിമുഖ പുസ്തകം, സിറാജുന്നിസ എന്ന കഥാസമാഹാരം എന്നിവയാണ് മറ്റു കൃതികൾ

സുഗന്ധി ഹൃദയം കൊണ്ടെഴുതിയ കഥ

കവിത, യാത്രാവിവരണങ്ങൾ, പുസ്തകാസ്വാദനം എന്നിവയെഴുത്തുന്നു. കാസർഗോഡ് പടന്ന സർവീസ് സഹകരണ ബാങ്കിൽ ജോലി ചെയുന്നു.

സ്ത്രീയുടെ ഉടലുമാത്രം യാഥാർഥ്യവും മറ്റെല്ലാം മിഥ്യയുമായി കാണുന്ന പുരുഷന്റെ മുമ്പിൽ തന്റെ പ്രണയത്തിനു വേണ്ടി ജീവിതവും ജീവനും ഹോമിക്കാൻ തയാറാകുന്ന ധീരരായ സ്ത്രീകളുടെ കഥയാണ് ടി ഡി രാമകൃഷ്‌ണന്റെ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന നോവൽ. ദേവനായകി എന്ന മിത്തിനെ വർത്തമാന കാലത്തെ സ്ത്രീയുടെ പ്രതിരൂപമാക്കി മാറ്റിക്കൊണ്ട് ഏതു കാലഘട്ടത്തിലും അധികാരം എങ്ങനെയാണു സ്ത്രീകളെ നിശ്ശബ്ദരാക്കുന്നത് എന്ന് ഈ നോവൽ വ്യക്തമാക്കുന്നു. അധികാരത്തിന്റെ ഉന്മാദത്തിൽ മനുഷ്യത്തം മറന്നവർക്ക് നേരെ ഹിംസയെ ആയുധമാക്കാൻ തുനിഞ്ഞു പരാജയപ്പെടേണ്ടി വന്ന മനുഷ്യാവകാശ പ്രവർത്തകരുടെ കഥയാണ് സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയിലൂടെ ടി ഡി പറയുന്നത് എന്നും പറയാം. 

യുദ്ധവും സംഘട്ടനങ്ങളും ഉണങ്ങാത്ത മുറിപ്പാടുകൾ വീഴ്‌ത്തുന്ന ഒരിക്കലും അവസാനിക്കാത്ത ആത്മസംഘർഷങ്ങളാണ് ഈ പുസ്തകം വായനക്കാർക്ക് മുമ്പിൽ തുറന്നു വെക്കുന്നത്. വർത്തമാനകാലത്തും ഭൂതകാലത്തും ജീവിക്കുന്ന ദേവനായകിമാരുടെ കഥയായ ഈ സ്ത്രീപക്ഷ നോവൽ സമർപ്പിച്ചിരിക്കുന്നത് ഡോ. രജനി തിരണഗാമക്കാണ്. തമിഴ് വിമോചന പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ, കുറെ നോവുകൾ നിറഞ്ഞ ഈ നോവലിൽ, ഒരുപാട് കഥകളും ഉപകഥകളുമുണ്ട്. അത് കൊണ്ട് തന്നെ ഒറ്റവായനയിൽ ഒതുങ്ങുതല്ല ഇതിന്റെ അന്തസ്സത്ത.

ഗൾഫ് എന്ന സ്വപ്ന ലോകം തുറക്കുന്നതിനു മുമ്പ്, മലയാളികളുടെ അഭയ കേന്ദ്രമായിരുന്നു സിലോൺ എന്ന ശ്രീലങ്ക. കേരളീയർക്ക് ഇന്ത്യയിലെ പല പ്രധാനപ്പെട്ട സ്ഥലങ്ങളെക്കാളും വളരെ അടുത്താണ് ശ്രീലങ്ക. തിരുവനന്തപുരത്തു നിന്നും കാസർകോട്ടേയ്ക്ക് വരുന്നതിനേക്കാൾ പകുതി ദൂരമേ ജാഫ്‌നയിലേക്കുള്ളൂ. ഭാഷ, വിദ്യാഭ്യാസം, സംസ്കാരം ആഹാരരീതി എന്നിവയിലെല്ലാം തമിഴരേക്കാൾ നമുക്ക് അടുപ്പം കൂടുതലും ശ്രീലങ്കക്കാരോടാണ്. എന്നിട്ടും കാൽനൂറ്റാണ്ടോളം നീണ്ടുനിന്ന ശ്രീലങ്കൻ ആഭ്യന്തര കലഹം നമ്മെ ബാധിച്ചില്ല. കാരണം നമുക്കിടയിലൊരു കടലുണ്ട്. ശ്രീലങ്ക മറ്റൊരു രാജ്യമാണ്. അവിടെ എന്തുനടന്നാലും നമുക്കൊന്നുമില്ലെന്ന നിസ്സംഗത തന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെന്നും ആവേദനയാണ് ഈ നോവലെഴുതാൻ പ്രേരണയായതെന്നും നോവലിസ്റ്റ് ആമുഖത്തിൽ ചൂണ്ടിക്കാണിക്കുന്നു. എന്ന് വെച്ച് ഇതൊരു തമിഴ് വിമോചന പോരാട്ട ചരിത്രമല്ല. ഈ പശ്ചാത്തലത്തിലുള്ള ഒരു നോവൽ മാത്രമാണ്. 

ഈ നൂറ്റാണ്ടിലെ ഫാസിസം ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന സ്ത്രീകളെയും കുട്ടികളെയും കുറിച്ചാണ് നോവൽ പറയുന്നത്. ഗവണ്മെന്റ്, ഇയക്കം എന്നിവയുടെ ഫാസിസ്റ്റ് സ്വഭാവവും സമൂഹത്തിൽ അതുണ്ടാക്കുന്ന സംഘർഷങ്ങളും സമൂഹത്തിന്റെ നന്മയാഗ്രഹിക്കുന്ന ഒരുകൂട്ടം മനുഷ്യാവകാശ പ്രവർത്തകരുടെ കഥയുമാണ് ഇതിലെ പ്രമേയം. ശ്രീലങ്കയിലെ തമിഴ് വിമോചന പോരാട്ട പ്രസ്ഥാനമായ എൽ ടി ടി ഇ യുടെ ഉദയവും അസ്തമയവും ആ കാലഘട്ടത്തിൽ ശ്രീലങ്കയിലുണ്ടായ സംഘട്ടനങ്ങളും നമ്മളാരും മറന്നിട്ടില്ലല്ലോ.

ശ്രീലങ്കൻ ഗവണ്മെന്റിന്റെ മനുഷ്യാവകാശ ധ്വംസനങ്ങളെ വെള്ളപൂശാനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ സഹായത്തോടെ നിർമ്മിക്കുന്ന 'വിമൺ ബിഹൈൻഡ് ദി ഫാൾ ഓഫ് ടൈഗേഴ്‌സ്' എന്ന സിനിമയുടെ നിർമ്മാണ പ്രവർത്തനങ്ങളുമായി എത്തുന്ന പീറ്റർ ജീവാനന്ദവും സംഘവും കൊളോമ്പോയിൽ നിന്നും തൊണ്ണൂറ്റി അഞ്ചു കിലോമീറ്റർ ദൂരത്തുള്ള ഡിവൈൻ പേൾ അഥവാ ഡിപി എന്ന രഹസ്യ സങ്കേതത്തിൽ എത്തുന്നതോടെയാണ് നോവൽ തുടങ്ങുന്നത്. മുമ്പ് ഇതേ ആശയത്തിലുള്ള സിനിമയെടുക്കാൻ ആഗ്രഹിച്ചതും ഇയക്കത്തിന്റെ തീഷ്ണ സ്വഭാവങ്ങൾ മനസ്സിലാക്കിയതും ഒടുവിൽ തന്റെ കാമുകിയുടെ സഹായത്തോടെ രക്ഷപ്പെട്ടതുമൊക്കെ പീറ്റർ ഓർക്കുന്നു. ഇയക്കത്തിന്റെ പ്രവർത്തകയും ഇപ്പോൾ തടവ് പുള്ളിയുമായ തമിഴൊലി എന്ന പുലി നേതാവിൽ നിന്നും ഇയക്കത്തിന്റെ പ്രവർത്തകയും തന്റെ കാമുകിയുമായ സുഗന്ധിയിലേക്കുള്ള അന്വേഷണം പീറ്റർ ആരംഭിക്കുന്നു.

കറുപ്പ് എന്ന ഓൺലൈൻ മാസികയിൽ മീനാക്ഷി രാജാരത്തിനം എഴുതുന്ന 'ദേവനായകിയിൻ കതൈ' ആണ് നമ്മെ സഹസ്രാബ്ദങ്ങൾക്ക് പിന്നിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നത്. ഇതിന്റെ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും വേണ്ടി നോവലിസ്റ്റ് ഒരുപാട് സമയം വിനിയോഗിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാം. അവിടുന്നങ്ങോട്ട് നോവൽ നമ്മെ വേറൊരു ലോകത്തേക്ക് നയിക്കുകയാണ്. മിത്തും യാഥാർഥ്യവുമൊക്കെ കൂടിക്കലർന്ന കഥകളും ഉപകഥകളുമായി ഉദ്വേഗപൂർവ്വം മുന്നേറുന്ന നോവൽ ഒറ്റയിരിപ്പിന് വായിച്ചു തീർക്കാനാവില്ലതന്നെ. 

യോനീപൂജ നടത്തി അരത്താലികെട്ടി സ്ത്രീയെ സൂക്ഷിക്കുന്ന രാജസമ്പ്രദായത്തെയും പ്രസവിക്കാത്തത് സ്ത്രീയുടെ കുറ്റമാണെന്ന് പറയുന്ന സമൂഹത്തെയും രാജ്യഭരണത്തിൽ സ്ത്രീകൾക്ക് അഭിപ്രായം പറയാൻ അവകാശമില്ലെന്ന് പറയുന്ന പുരുഷ മേധാവിത്വത്തെയും ചോദ്യംചെയ്യുന്ന ദേവനായകിയെന്ന കഥാപാത്രം, സ്ത്രീകൾ പുരുഷന്മാരെ അനുസരിക്കുന്നത് ബുദ്ധിയില്ലാത്തത് കൊണ്ടല്ല എന്ന് തെളിയിക്കുന്നുമുണ്ട്. മാത്രവുമല്ല സംഭവ ബഹുലമായ ജീവിതകഥയിലൂടെ ദേവനായകിയെ സ്നേഹത്തിന്റെയും സഹനത്തിന്റെയും ത്യാഗത്തിന്റെയും ഉദാത്ത മാതൃകയായി ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. 

വംഗ രാജ്യത്തെ രാജകുമാരിയെ സിംഹം വിവാഹം ചെയ്തതിൽ നിന്നാണ് സിംഹളരുടെ ഉദ്ഭവം എന്നാണ് കഥയിൽ പറയുന്നത്. 

സഹോദരിയെയും മകളെയും വിവാഹം ചെയ്യാനുള്ള അവകാശത്തെ ഇതിലെ സ്ത്രീകൾ ചോദ്യം ചെയ്യുന്നുണ്ട്. ഓരോ യുദ്ധം കഴിയുന്തോറും ഓരോ സ്ത്രീയെ കൊണ്ടുവരുന്ന രാജാവ്, സ്ത്രീക്കും പുരുഷനും രണ്ടു നിയമങ്ങൾ ഉണ്ടാക്കുന്നത് ശരിയല്ല എന്ന പ്രതിഷേധത്തിൽ നിന്നാണ് രാജകുമാരനുമായി ദേവനായകി രതിയിൽ ഏർപ്പെടുന്നത്. ഒടുവിൽ ഒരു പാട് പീഡനങ്ങൾക്കിരയാക്കുമ്പോൾ അദൃശ്യശക്തി കൈവന്നെന്ന പോലെ അവൾ ആകാശത്തേക്കുയരുകയും ചെയ്യുന്നു. പോകും മുമ്പേ ഇനിയും തമിഴകത്തെ ഏതെങ്കിലും പെണ്ണിന്റെ ഉടലോ മനസ്സോ വേദനിച്ചാൽ ആ നഗരം താൻ ചുട്ടുകരിക്കുമെന്നു പറയുന്നുണ്ട്. സമാന രീതിയിലുള്ള പീഡനങ്ങൾക്ക് സുഗന്ധിയും ഇരയാകുന്നുണ്ട്. ഒടുവിൽ ജാഫ്‌നയിൽ നിന്ന് രക്ഷപ്പെട്ട് അവർ കാനഡയിലെത്തുന്നു. അവളുടെ അമ്മയുടെ സുഹൃത്തിന്റെ സഹായത്തോടെ അമ്മ പറഞ്ഞു കൊടുത്ത മിത്തുകളും സുസാന സുപിന എന്ന പ്രാചീന കൃതി വായിച്ചുള്ള അറിവും വെച്ച് സുഗന്ധി 

ഓൺലൈൻ മാഗസിനിൽ രാജാരത്തിനത്തിന്റെ പേരിൽ കഥയെഴുതുന്നു. സുഗന്ധിയുടെ യഥാർത്ഥ പേര് ആണ്ടാൾ ദേവനായകി എന്നാണ്. ഇയക്കത്തിൽ ചേർന്നതിനു ശേഷമാണ് സുഗന്ധി എന്ന പേര് സ്വീകരിച്ചത്. ഈ മിത്തുകളൊക്കെ കൂട്ടിച്ചേർത്ത സുഗന്ധി സ്വാഭാവികമായും താൻ ദേവനായകിയുടെ പുനരവതാരമാണെന്നു വിശ്വസിക്കുകയും സ്വയം ജീവത്യാഗത്തിന് തയ്യാറെടുക്കുകയും ചെയ്യുന്നു.

പുരുഷന്റെ പട്ടവേശി, തേവിടി പ്രയോഗങ്ങൾ, ലൈംഗിക പീഡനങ്ങൾ, നിർബ്ബന്ധിത വിവാഹങ്ങൾ, സ്ത്രീയുടെ വ്യക്തിത്വത്തെയും അവളുടെ അധികാരത്തെയും ചോദ്യം ചെയ്യുന്ന പുരുഷ സമൂഹം എന്നിവയെ നോവൽ തുറന്നു കാണിക്കുന്നു. ഇയക്കത്തിന്റെയും ഗവൺമെന്റിന്റെയും ഫാസിസത്തിന് ഇരകളാകേണ്ടിവന്ന ഡോക്ടർ രജനി തിരണ ഗാമ, പൂമണി, ജൂലി, മീനാക്ഷി രത്തിനം, സുഗന്ധി, അരുൾ, യമുന എന്നിവരുടെ കഥ ശ്രീലങ്കയിലെ മുഴുവൻ സ്ത്രീകളുടെയും ചൂഷണത്തിന്റെയും പീഡനത്തിന്റെയും കഥയാണ്. താൻ ദേവനായകിയുടെ പുനർജന്മമാണെന്നു വിശ്വസിക്കുന്ന സുഗന്ധി ചാവേറായി പൊട്ടിത്തെറിക്കുമ്പോൾ ശ്രീലങ്കയിലെത്തിയ ശേഷം പരിചയപ്പെട്ട പുതിയ കൂട്ടുകാരി ഗർഭിണിയാണെന്നറിഞ്ഞിട്ടും അവളുടെ സുരക്ഷ ഉറപ്പു വരുത്താതെ പേടിച്ചു നാടുവിടുകയാണ് പീറ്റർ. വിമാനം പറന്നുയർന്നപ്പോൾ പീറ്റർ ദേവനായകിയെ കാണുന്നു. കത്തിയെരിയുന്ന കൊളംബിയയിൽ നിന്ന് ഒരുകാൽ സിരി ഗിയയിലും മറ്റേകാൽ ശ്രീപാദ മലയിലും വെച്ച് കാന്തല്ലൂരിലേക്ക് അവൾ ആകാശത്തിലൂടെ പീറ്ററിനൊപ്പം നടക്കുന്നത് പോലെ. അതോടൊപ്പം അവളെഴുതി, അരുൾമൊഴി പാടിയ ഗാനത്തിന്റെ വരികൾ പീറ്ററിന്റെ ചെവിയിൽ മുഴങ്ങുന്നു.. 

കനവ് തുലൈന്തവൾ ഞാൻ

കവിതൈ മറന്നവൾ ഞാൻ 

കാതൽ കരിന്തവൾ ഞാൻ 

കറുപ്പ് മുറിന്തവൾ ഞാൻ... 

എന്ന ഈ ഗാനം  സുഗന്ധി  തന്റെ ഹൃദയം കൊണ്ടെഴുതിയതാണെന്നു തീർച്ച. അതിമനോഹരവും ഹൃദയസ്പർശിയുമായ കുറെ  മിത്തുകൾ കോർത്തിണക്കിയ ഈ നോവൽ നല്ലൊരു വായനാ അനുഭവമാണ്. 


Login | Register

To post comments for this article