ഒറ്റയ്ക്കൊരാൾ കടൽ വരയ്ക്കുന്നു ആദ്യ കവിതാസമാഹാരം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി സ്വദേശി. കോട്ടയം ദർശന അക്കാദമിയിൽ അദ്ധ്യാപിക. ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും എഴുതുന്നു.

ജീവിതത്തിൽ നിന്ന് ജപ്തി ചെയ്യപ്പെട്ട ഡെത്ത് പോർട്രേയ്റ്റുകൾ

ഗവേഷക, അധ്യാപിക, മാധ്യമ പ്രവർത്തക. എം ജി യൂണിവേഴ്സിറ്റിയിൽ നിന്ന് മലയാള സാഹിത്യത്തിൽ റാങ്കോടെ ബിരുദാനന്തര ബിരുദം. ആനുകാലികങ്ങളിൽ ലേഖനങ്ങളും കവിതകളും എഴുതുന്നു.

ഗദ്യകവിതയെ രക്ഷിച്ചെടുക്കാൻ പിൻബലങ്ങളേതുമില്ല. അതു കൊണ്ടു തന്നെ അത്രയേറെ കാവ്യാംശം അതിലുണ്ട് എങ്കിൽ മാത്രമേ മികച്ച കവിതകളെന്ന് അവ അംഗീകരിക്കപ്പെടുകയുള്ളൂ. അവ നിലനിന്നു പോരൂ. എന്നാൽ ഭാഷയുടെ, താളത്തിന്റെ, പദഭംഗിയുള്ള പൊതിഞ്ഞു പിടിക്കലിലൂടെ അത്ര മികച്ചതല്ലാത്ത ഒരു പദ്യ കവിത മികവുള്ളതായി മാറാറുണ്ട്. ആർ. സംഗീതയുടെ കവിതകൾ മുറിച്ചെഴുതപ്പെട്ടവയാകയാൽ പദ്യരൂപത്തിൽ തുടരുകയും ചേർത്തെഴുതിയാൽ ചെറുകഥകളാക്കാവുന്ന വായനാസുഖമുള്ള ഗദ്യവുമാണ്. പ്രമേയങ്ങളും ഇടക്കിടക്കുള്ള സംഭാഷണ ശകലങ്ങൾ ചേർന്നുള്ള എഴുത്ത് ശൈലിയും ചേർന്ന്  ആ വായനാനുഭവം പൂർത്തിയാക്കുന്നു. അതിലെ കാവ്യാംശം അതിന്റെ കരുത്തായി മാറുന്നു.


എങ്ങനെയൊക്കെ കവിത എഴുതപ്പെട്ടിട്ടുണ്ട് എന്നതോ എങ്ങനെയെല്ലാം കവിത എഴുതാം എന്നതോ അല്ല; ആവുകയുമരുത് ഓരോ പുതിയ കവിതയുടെയും ആസ്വാദന മാനദണ്ഡം. രചനയിൽ പുലർത്തുന്ന നവീനതയും തനിമയും ആവണം ഓരോ പുതു എഴുത്തിന്റെ ആസ്വാദനത്തിന്റെ അടിസ്ഥാന മാനദണ്ഡം. സംഗീതയുടെ കവിതകൾക്കും ഇത്തരത്തിലുള്ള ഒരു വിലയിരുത്തലാണ് നടത്തേണ്ടത്.


ഭൂപ്രകൃതിയും മനുഷ്യപ്രകൃതിയും ഒന്നുചേർന്നുരുത്തിരിയുന്ന ഭാവുകത്വമാണ് ഓരോ സർഗ്ഗ സൃഷ്ടിയെയും സചേതനമാക്കുന്നത്. ഓരോ കവിക്കും ഒരു കവി വ്യക്തിത്വം സിദ്ധിക്കുന്നത് എഴുതിയ ആളുടെ കവിതക്ക് ആധാരമായി ഒരു ആവാസസ്ഥലവും വ്യതിരിക്ത നാമവും ഉള്ളതുകൊണ്ടാണ്. തൊൽക്കാപ്പിയരുടെ ഭാഷയിൽ പറഞ്ഞാൽ തിണയും പൊരുളും. ആർ.സംഗീതയുടെ കവിതയിലെ തിണ കോട്ടയമാണ്. അവിടെ കഴിയുന്നവരുടെ നിത്യ ജീവിത സ്വച്ഛതയും അതിലെ വിഭ്രംശങ്ങളുമാണ് അതിന്റെ പൊരുൾ. സഞ്ചാരീ ഭാവത്തിലാണ് മറ്റു പ്രമേയങ്ങൾ കവിതയിൽ കടന്നു വരുന്നത്. 


പെണ്ണോർമ്മകളിലെ 'ഡെത്ത് പോർട്രെയ്റ്റുകളാണ് ' സംഗീതയുടെ കവിതകളിലധികവും. പലതും മരണത്തോളം മരവിച്ചത്. ത്രേസ്യക്ക് തണുക്കുന്നു എന്ന കവിതയിൽ 'പള്ളിക്കല്ലറേന്ന് പഴയ സൈക്കിളും ചവിട്ടി' വരുന്ന ചത്തുപോയ അപ്പന്റെ കുഞ്ഞിപ്പെണ്ണേന്നുള്ള വിളിക്ക് കാതോർത്തിരിക്കുന്ന ത്രേസ്യയെ അപ്പൻ കൊണ്ടുപോവുന്നതു പോലെ മരിച്ചവന്റെ സൈക്കിളിന് പിന്നിലിരുത്തി എങ്ങാണ്ടെങ്ങാണ്ടോ കൂടിയൊക്കെ വായനക്കാരനെ കൊണ്ടു പോകുന്നൂ ആ കവിതകൾ.


മോട്ടോർ സൈക്ലിസ്റ്റിൽ ഇരിപ്പ് മരിച്ചു പോയ വിപ്ലവകാരിയുടെ മോട്ടോർ സൈക്കിളിന് പിന്നിലാണ് നാം. കരിഞ്ഞ കുഞ്ഞുങ്ങളുടെ മണമുള്ള തെരുവിലൂടെയാണ് യാത്ര. മടിച്ചി എന്ന കവിതയിൽ 'തൊഴുത്തിന്റെ വടക്ക് ചാമ്പച്ചോട്ടില് ഒരു പുതപ്പും പുതച്ച് ഒരേ യുറക്കം' ഉറങ്ങുന്ന ഒരമ്മച്ചിയുണ്ട്. റോഡിലെ ചിത്രം കാഴ്ച്ചക്കൂട്ടങ്ങൾ തുന്നിച്ചേർത്ത തൂവാലയിൽ വട്ടത്തിൽ ഒരു പൂവായിത്തീർന്ന, റോഡിലൊരു ചോരച്ചിത്രമായി ഒടുങ്ങിപ്പോയ അച്ഛനെ കാത്തിരുന്നു നുറുങ്ങിപ്പോയൊരു വീടുണ്ട്. കുഞ്ഞുലക്ഷ്മിയെന്ന കവിതയിൽ വിശേഷമൊന്നുമായില്ലേയെന്ന ചോദ്യത്തിന്റെ ആഴക്കയത്തിൽ ചാടി മരിച്ച കുഞ്ഞു ലക്ഷ്മിയുണ്ട്. ഷേക്സ്പിയറുടെ ഒഫീലിയയ്ക്കെന്ന പോലെ തന്റെ തന്നെ ആഴങ്ങളിൽ ആണ്ടു പോയവർ അങ്ങനെ തന്നെ മരിക്കേണ്ടിയിരിക്കുന്നുവെന്ന ശാഠ്യം തുടർന്നോരോ കവിതകളിലും നിരന്തര സാന്നിധ്യമാവുന്നു. നിന്നെ വെറുക്കാനുള്ള കാരണങ്ങൾ തേടുന്ന വൈകുന്നേരത്തെ കവിതയിൽ അടുത്ത ജന്മത്തേക്ക് അടയാളങ്ങൾ ബാക്കി വച്ച് പ്രണയം പോലും മരണപ്പെടുകയാണ്. പാളയത്തെ ജുമാ മസ്ജിദ് ഖബർസ്ഥാനിലുറങ്ങുന്ന നീർമ്മാതളത്തിലെ അവസാനത്തെ പൂവും. അടുക്കളപ്പുറത്ത് ഒരു കർക്കിടക്കാറ്റത്ത് ഒന്നും മിണ്ടാതെ പിടർന്നു വീണ 'വേപ്പുമരം' പോലെ മരിച്ചു പോയ അമ്മ, കുഞ്ഞുങ്ങൾ മരിച്ച വീടുകളുടെ മണമറിയുന്ന 'മറ്റൊരുവൾ' ലെ അമ്മ: 


"നീ പോയിടങ്ങളിൽ

മരവിച്ച ശരീരത്തിൽ

തീ കൂട്ടിയൊരാൾ കവിത

വേവിക്കാൻ തുടങ്ങിയിട്ട്

കാലമെത്രയായെന്ന് " സ്വയം ചോദ്യമാവുകയും ചെയ്യുന്ന 'ഉപമകളാകാൻ കൂട്ടാക്കാത്ത കവിതയിൽ' മരണത്തിലൊതുങ്ങാൻ കൂട്ടാക്കാത്ത ചില ഒഴിഞ്ഞുപോക്കലുകമുണ്ടെന്ന് തിരിച്ചറിയുന്നു. നീ എങ്ങനെയാണ് അവളോട് എന്ന കവിതയിലെ പ്രണയനഷ്ടം സംഭവിച്ച പെണ്ണ് എഴുതി നിർത്തുന്നത്

"തലച്ചോറിലെ

ശലഭപ്പിറകളുടെ

ചിറകടിയൊച്ചയിൽ

ഒരു തീവണ്ടിമണ

മിരമ്പിയാർക്കുന്നുണ്ട് " എന്നൊരാത്മഹത്യാ സൂചനയിലാണ്. 


ഇക്കവിതകളിൽ മരണം സാന്നിധ്യമാണെങ്കിൽ ഡെത്ത് പോർട്രെയ്റ്റ് പോലുള്ള കവിതകളിലെ മുഖ്യ ഇതിവൃത്തം തന്നെ മരണമാണ്. തീവണ്ടിക്കു മുന്നിൽ ചാടി മരിച്ചവൾ മരത്തിന്റെ വേരുകളിലൂടെ വീടിന്റെ മുറിഞ്ഞ മൗനങ്ങളിലേക്ക് നടക്കുന്നതും തൂങ്ങി മരിച്ചവരുടെ കാലുകൾ ജീവിച്ചിരിക്കുന്നവരുടെ ഭൂപടത്തിലെ അതിരുകൾ മായ്ച്ചു കളയുന്നതും മരവിച്ച വിരലുകളുടെ  തണുത്ത പ്രാർത്ഥനകളിൽ കരകവിയുന്ന കടലുണ്ടെന്നും ഡെത്ത് പോർട്രെയ്റ്റ് പറയുമ്പോൾ സംഗീത വരച്ചത് ആ കടലെന്ന് വായനക്കാരനും തിരിച്ചറിയുന്നു.

അരൂപിയായ കാറ്റുപോലെ ചിറകുള്ളവയെല്ലാം മരണപ്രതീകങ്ങളാണെന്നാണ് പ്രരൂപസങ്കൽപ്പനങ്ങൾ. കൊച്ചപ്പിയെന്ന മരത്തിലെ ' കൊച്ചപ്പി  "നരച്ചു വിണ്ട ഉടലിൽ ശോഷിച്ച ഇലക്കൈകൾ നീട്ടി പാലു വറ്റാറായ മരത്തിനെ ചാരി നിന്ന് അമ്മച്ചി "യേന്ന് വിളിക്കുമ്പോൾ കുഞ്ഞില വന്നു കവിളിൽ തൊടുന്നതും ഒരു കാറ്റിറങ്ങി വന്ന് മുടിയിൽ തണുത്ത വിരൽപ്പാടു തീർക്കുന്നതും ' മാമ്പഴ'ത്തിൽ  ഒരു തൈക്കുളിർ കാറ്റായ് അരികത്തണഞ്ഞമ്മയെ ആശ്ശേഷിച്ച കുഞ്ഞു പ്രാണനെപ്പോലെ തന്നെയാണ്. കൊച്ചാപ്പി, താൻ വെട്ടുന്ന റബ്ബർ മരങ്ങളെയെല്ലാം മരിച്ചു പോയ പെണ്ണുങ്ങളുടെ പേരിട്ട് വിളിക്കുന്നവനാണ്. കൊച്ചപ്പി അങ്ങനെയായത് പുകപ്പുരയിൽ ഒറ്റക്കയറിൽ തൂങ്ങി നിന്ന ഒരു പെഴച്ച റബ്ബർ മരത്തെ പെങ്ങളേന്ന് കുറേക്കാലം വിളിച്ചിരുന്നതുകൊണ്ടാണത്രേ.

തെരുവുകളിൽ ഇണ ചേരുന്നവർ എന്ന കവിതയിൽ മരിച്ചവരുടെ നഖവും മുടിയും മാത്രം വളരുന്ന ചോര കട്ടപിടിക്കാത്ത തെരുവുകളുള്ള നാടിന് വിപ്ലവമെന്ന് പേരിട്ട വിഡ്ഢിത്തത്തെ  ചോദ്യം ചെയ്യുന്നു. ഖനനമെന്ന കവിതയിൽ ജീവിതത്തിൽ നിന്ന് ജപ്തി ചെയ്യപ്പെട്ട വീടുകുഴിച്ചപ്പോൾ നിലച്ചു പോയ ഭ്രൂണമിടിപ്പ് ഓർമ്മിപ്പിക്കുന്ന വാച്ചും പൊരുതി മരിച്ചവന്റെ കൈത്തഴമ്പുളള വായ്ത്തല പോയ കത്തിയും ആണ് കിട്ടിയത് എന്ന് സാക്ഷ്യം പറയുന്നു. അവൾ നഗരത്തിലുണ്ട് എന്ന കവിതയിൽ ഇടിഞ്ഞ മുലകളും വടു കെട്ടിയതൊലിയുമുള്ള വീട് കുഞ്ഞു മരിച്ച അമ്മയെപ്പോലെ ചേർത്തു പിടിക്കുന്നുവെന്ന് വിതുമ്പുന്നു.

ശവപ്പെട്ടിക്കടക്കാരന്റെ മകളിലെ സലോമി അർച്ചനാ ടാക്കീസിലെ ഓരോ സെക്കന്റ് ഷോയിലും മുഖമറിയാത്ത ഓരോ ഇടപാടുകാരനുമൊപ്പം ഓരോ തവണയും അറിയുന്നത് രണ്ടര മണിക്കൂർ നേരത്തെ ഓരോ ചെറു മരണങ്ങളാണ്. നൈൽ നദീ തീരത്തെ ഡിങ്ക വംശക്കാർ അസുഖം വന്ന് മരിക്കുന്നത് ഗോത്രനാശത്തിന് കാരണമാവും എന്നു കരുതുന്നവരാണ്. അതു കൊണ്ട് സ്വയം ബലഹീനത അനുഭവപ്പെട്ടാൽ ഒരു ശവക്കുഴി കുഴിച്ച് അതിലിറങ്ങിക്കിടക്കും. സുഹൃത്തുക്കളും ബന്ധുക്കളും വന്ന് കുഴി മൂടും. സലോമി, സ്വേച്ഛയാലല്ലെങ്കിലും രണ്ടര മണിക്കൂർ നേരത്തെ മരണത്തിലൂടെ ഏറ്റുവാങ്ങുന്നത് സമൂഹത്തിന്റെ  ബലഹീനതകൾ കൂടിയാണ്. 


ഘടനാപരമായ തികവിനെപ്പറ്റി ശാഠ്യമില്ലാത്തവയാണ് പുതു കവിതകൾ പൊതുവേ. സംഗീതയുടെ കവിതകളും അതിനപവാദമല്ല. ആശാന്റെയും ജീ യുടെയും കവിതകളിലെ മരണഭയം പോലെയോ ചങ്ങമ്പുഴക്കവിതയിലെ മരണ സംഭ്രമം പോലെയോ അല്ല സംഗീതയുടെ കവിതകളിലെ മൃത്യു  കവിതയുടെ കേന്ദ്ര സാന്നിധ്യമാണ്. എന്നാൽ പെഴച്ച പെണ്ണുങ്ങൾ ഒടുങ്ങേണ്ട മരങ്ങളും പെറാത്ത പെണ്ണുങ്ങൾക്ക് മുങ്ങിത്താഴാൻ കുളങ്ങളും അറ്റുപോയ പ്രണയത്തിന് മുൻപിൽ നീണ്ടു നിവർന്നു കിടക്കുന്ന റെയിൽപ്പാതകളും ബാക്കിയാവുന്നേടത്തോളം നിരാശാ ജനകവുമാണവ.

സംഗീതയുടെ ഭാഷ പെണ്ണഴുത്തിന്റേതല്ല. പലപ്പോഴും പ്രമേയപരമായസൂക്ഷ്മ പരിശോധനാ തലത്തിൽ അവ സ്ത്രീവിരുദ്ധവുമാണ്. എഴുത്തിന്റെ മാനുഷികവും കലാപരവുമായ പൊതുതലത്തെ വിഭാഗീയവും തീവ്രവാദപരവുമായി സൂക്ഷിക്കുന്ന തരത്തിലുള്ള റാഡിക്കൽ ഫെമിനിസ്റ്റ് കാഴ്ചപ്പാടുകൾ സംഗീത കവിതയിൽ നിന്ന് മന:പൂർവ്വം മാറ്റി നിർത്തുന്നുണ്ട്. പെണ്ണിന്റെ സ്വത്വവും സ്വാതന്ത്ര്യവും മാത്രമല്ല നിലവിലുള്ള ആൺ പെൺ ബന്ധങ്ങളുടെ നവീകരണം കൂടിയാണ് പുതുപെൺ കവിത ആശയപരമായി സാധിക്കുന്നത്. ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയം ഉൾക്കൊള്ളുമ്പോഴാണ് പാർശ്വവത്കൃതമായ ഏതുസമൂഹവും വിപ്ലവാത്മകതയിലേക്ക് കടക്കുന്നത്. സർഗ്ഗാത്മക തലത്തിൽ പെൺകവിത നേടേണ്ടതും അതുതന്നെയാണ്.         

സ്ത്രീവാദ നിലപാടുള്ള രചനകൾ എന്ന പേരിൽ ഇന്ന് ഘോഷിക്കപ്പെടുന്നത് സ്ത്രീക്ക് നേരിടേണ്ടി വരുന്ന ദുരിതപീഡകൾ പ്രമേയമാക്കിയുള്ളവയാണ്. അത്തരത്തിലുള്ള സ്ത്രീവാദ സ്ത്രീപക്ഷ നിലപാടുകൾ ഉൾക്കൊള്ളുന്നവയെന്ന് പ്രത്യക്ഷത്തിൽ തോന്നിക്കുന്ന, എന്നാൽ യഥാർത്ഥത്തിൽ അങ്ങനെയല്ലാത്തവയാണ് സംഗീതയുടെ കവിതകളേറെയും. പീഡിപ്പിക്കപ്പെടുന്ന സ്ത്രീ എന്ന പരമ്പരാഗത ബിംബത്തെ തന്നെയാണ് സംഗീത കവിതകളിൽ മുറുകെ പിടിക്കുന്നത്. സ്ത്രീയുടെ കണ്ണിലൂടെ ലോകത്തെ ആവിഷ്കരിക്കാനുള്ള വിശാല അന്വേഷണത്തിലേക്ക് ഇനിയും കടക്കേണ്ടിയിരിക്കുന്നു അക്കവിതകൾ. പ്രകൃതിയും സ്ത്രീയും പുരുഷന് എന്താണ് എന്ന് എഴുതുന്നത് തെറ്റാണ് എന്നല്ല, എന്തായിരിക്കണം എന്നും എങ്ങനെയായിരിക്കണം എന്നും പുതിയ അവബോധത്തോടെ നിർവ്വചിക്കുന്ന, സ്ത്രീ പുരുഷ ബന്ധങ്ങളുടെ വാർപ്പു മാതൃകകൾ ഉടച്ചുപണിയാൻ കെൽപ്പുള്ള പ്രമേയങ്ങളും ആശയങ്ങളും ആണ് അവയിൽ കടന്നു വരേണ്ടത്. നിലനിൽക്കുന്ന പുരുഷ ബിംബങ്ങൾ തകർക്കപ്പെടേണ്ടതാണ് എങ്കിൽ സവർണ്ണ പ്രത്യയശാസ്ത്രങ്ങളെ അനുയാത്ര ചെയ്യുന്ന സ്ത്രൈണ ബിംബങ്ങളും തകർക്കപ്പെടേണ്ടതാണ്.


Login | Register

To post comments for this article