ഓർമ്മകളുടെ ജാലകം എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചു. കഥാപുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ദുബായിൽ ജോലി ചെയ്യുന്നു.

എഴുത്തും പ്രവാസി സമൂഹവും

എഴുതുക എന്നത് പ്രവാസിയായ ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം കുമ്പസാരിക്കലാണ്. തന്നെ തുറന്നു കാട്ടലാണ്. അതോടൊപ്പം അത് അവന്റെ സ്വത്വത്തെ അടയാളപ്പെടുത്തൽ കൂടിയാണ്. താനിങ്ങനെ എഴുതുന്നതു കൊണ്ട് മറ്റൊരാള്‍ എന്തു വിചാരിക്കും എന്ന സങ്കടപ്പെടലിനെ തള്ളിപ്പറയുകയാണ്. അതു കൊണ്ട് തന്നെ പ്രവാസി എഴുത്തുകള്‍ക്ക് മറ്റുള്ളവയേക്കാൾ മൂര്‍ച്ചയുണ്ടാവും. അക്ഷരങ്ങള്‍ ചിലപ്പോള്‍ ശിഥിലമോ മറ്റു ചിലപ്പോള്‍ എഴുത്താണിയുടെ രചനാനിയമങ്ങള്‍ക്കു പുറത്തോ ആവാം. എന്നാലും സൂക്ഷ്മാര്‍ത്ഥത്തില്‍ അതിലൊരു വേദനയുടെ നനവ് കാണാം, ഇനിയും വെളിപ്പെടാത്ത നൊമ്പരങ്ങള്‍ കാണാം. ആ ചേര്‍ച്ചയിലേക്കാണ് അന്നും ഇന്നും എന്നും പ്രവാസിയുടെ എഴുത്തുകള്‍ ചേര്‍ന്നു നില്‍ക്കുന്നത്.

ഇടക്കാലത്ത് ബാബു ഭരദ്വാജിന്റെ പ്രവാസ കുറിപ്പുകള്‍ വായിച്ചത് ഓര്‍ക്കുന്നു. അത് എഴുതുവാന്‍ വെമ്പിനിന്ന ഓരോരുത്തരെയും അക്ഷരപാളികളിലൂടെ കൈപിടിച്ചു നടത്തലായിരുന്നു. അതുവരെ, മരുഭൂമിയും ഒട്ടകങ്ങളും നീളന്‍ കുപ്പായക്കാരായ നിഷ്ഠൂരരായ അറബികളുമായിരുന്നു പല പ്രവാസി എഴുത്തുകളിലും നാം കണ്ടുമുട്ടിയിരുന്നത്. അത് ആടുജീവിതം എന്ന രചനയിലൂടെ കുറച്ചു കൂടി ശക്തിമത്തായി. പ്രധാനമായും ഗള്‍ഫ്‌നാട് എന്നത് സൗദിയുടെ പച്ചപ്പുകളില്ലാത്ത വെന്തുരുകുന്ന, വെള്ളത്തിന് പ്രാണവായുവിനേക്കാളും വിലയുള്ള മരുഭൂമിയായിരുന്നു. അവിടെ ജീവിതമെന്നത് സംഘട്ടനമായിരുന്നു. അതിന്റെ ചില നേര്‍ക്കാഴ്ചകള്‍ ബെന്ന്യാമിന്‍ എന്ന എഴുത്തുകാരന്റെ നജീബിലൂടെയും മറ്റു ചില ചെറുകഥകളിലൂടെയും നാം കണ്ടിരുന്നു. ആ സംഘര്‍ഷഭൂമിയില്‍ നിന്നും കഥയും കവിതയുമെഴുതിയിരുന്നവരെ കുറിച്ച് ആലോചിച്ചു നോക്കൂ. അവന്റെ ചിന്തയും അവന്റെ ശബ്ദവും അക്ഷരങ്ങളിലെ ഈ പിടച്ചിലായിരുന്നു. അങ്ങനെയുള്ള പ്രവാസലോകത്തു നിന്നും എഴുതുന്ന എഴുത്തുകാരന്‍ പക്ഷേ മുഖ്യധാരയിലെത്തുന്നതിന് പിന്നെയും പ്രതിബന്ധങ്ങൾ  ഏറെയായിരുന്നു. അവന്റെ എഴുത്ത് അവനു വേണ്ടി തന്നെയായിരുന്നു. താനെഴുതിയത് പിന്നെയും പിന്നെയും വായിച്ചു ഉദ്‌ഘോഷിച്ചു കൊണ്ടാണ് അവന്‍ രചന നടത്തിയത്. 

ഇതാണോ പ്രവാസി ജീവിതം എന്നു ശങ്കിച്ചിടത്തു നിന്നുമാണ് ഇന്റര്‍നെറ്റ് പോലുള്ള സാങ്കേതിക രംഗത്തെ കുതിച്ചുചാട്ടം ദുബായിലും മറ്റും ഉണ്ടായത് . സാമ്പത്തിക- കുടിയേറ്റ ഉദാരവത്ക്കരണം എഴുത്തിനെയും ബാധിച്ചു. ലോകം ഇവിടെക്കു പറിച്ചു നട്ടപ്പോള്‍ മലയാളിയുടെ നൊമ്പരം പ്രധാനമായും ഗൃഹാതുരത്വത്തിലേക്ക് ഒതുങ്ങിയെന്നതാണ് യാഥാര്‍ത്ഥ്യം. മറ്റു സംഘര്‍ഷങ്ങള്‍ക്കു സാധ്യതയില്ലാതിരുന്ന ആ കാലത്തെയും എഴുത്തിനെയും താരതമ്യം ചെയ്യുമ്പോഴും കൂടുതല്‍ പേര്‍ എഴുത്തുകളരിയുടെ മേല്‍ത്തട്ടിലേക്ക് കയറുന്നുവെന്നതാണ് ശ്രദ്ധേയമായി തോന്നിയത്. ആ രചനാ പരിസരങ്ങളിലും അവന്റെ അസ്വസ്ഥതയും അപൂര്‍ണമായ ജീവിതത്തെയുമാണ് അവന്‍ വരച്ചിട്ടത്. പണമൊഴുക്കിന്റെയും ആഡംബരത്തിന്റെയും ലോകത്തിരുന്ന് എഴുതുമ്പോഴും, അവിടെ ജീവിതം മറ്റൊരു തലത്തിലേക്കു പറിച്ചു നട്ടപ്പോഴും മലയാളിക്കപ്പോഴും വ്യഥയായിരുന്നു... വീട്ടിലെ പെണ്ണിനെയോര്‍ത്ത്, മക്കളേയോര്‍ത്ത്, "ജനനീ ജന്മഭൂമിശ്ച  സ്വര്‍ഗാദപി ഗരീയസി" (അമ്മയും പിറന്നനാടും സ്വര്‍ഗത്തേക്കാള്‍ മഹത്തരം) എന്ന് പലതവണ ചിരിക്കുന്ന മുഖങ്ങള്‍ക്കിടയിലും ഉരുവിട്ടു. അതാണ് ആധുനികമായതും സാഹിത്യസംഭവബഹുലമായതുമായ എഴുത്തിലേക്ക് അവനെ പറിച്ചു നട്ടത്.


എഴുതിയപ്പോഴൊക്കെയും അവന്‍ അത് ആരെയും കാണിക്കാതെ പെട്ടിയിലടച്ചു. പിന്നെയെപ്പോഴോ വാരിയിട്ടു കത്തിച്ചു. ഇങ്ങനെയുള്ള എത്രയോ പേരെ എഴുത്തുകാരെന്ന ലേബലുകളില്ലാതെ നമുക്കിവിടെ നിസാരമായി കണ്ടുമുട്ടാനാവും. പക്ഷേ, ഒന്നുണ്ട്. അവരുടെ അക്ഷരങ്ങള്‍ സത്യസന്ധമാണ്. അതില്‍ ഭാവനയോ, സാങ്കല്‍പ്പികഭൂമിയോ ഉണ്ടാവില്ല. പകരം അത് സത്യമായതും യാഥാര്‍ത്ഥ്യമായതുമായ ആവിഷ്‌ക്കാരമാണ്. അത് ചിലപ്പോള്‍ കഥകളാവാം, കവിതകളാവാം. മറ്റു ചിലപ്പോള്‍ പൊള്ളിക്കുന്ന തീക്ഷ്ണാനുഭവമാവാം. എന്തായാലും, അവരൊന്നും സാഹിത്യകാരന്മാരുടെ മേലങ്കി അണിയാന്‍ തയ്യാറാവാതെ തിരക്കുകള്‍ക്കിടയില്‍ ഓടിയൊളിക്കുന്നു. രാത്രിയുടെ യാമങ്ങള്‍ എല്ലാവരും ഉറങ്ങിക്കഴിയുമ്പോള്‍ മൊബൈലിന്റെ വെളിച്ചത്തില്‍ അവന്‍ പിന്നെയും കൈയിലുള്ള പുസ്തകങ്ങള്‍ വായിക്കും. അതാണ് പ്രവാസിയുടെ സാഹിത്യപ്രവര്‍ത്തനം.


ഇത്തരമൊരു എഴുത്തു സാഹചര്യം ലോകത്തെവിടെയെങ്കിലുമുണ്ടോ എന്നു സംശയമാണ്. പ്രതിഭയുടെ മിന്നലാട്ടമില്ലെങ്കിലും ഇവയൊക്കെയും എഴുത്തിന്റെ നൊമ്പരങ്ങളാണെന്നു പറയണം. അതു പെറുക്കിക്കൂട്ടിയാല്‍ ഒരുപക്ഷേ, മലയാളസാഹിത്യത്തിലെ ഉത്കൃഷ്ടമായ കൃതികള്‍ക്കൊപ്പം നില്‍ക്കാനുള്ള യോഗ്യതയും കാണും. പലതിലും ശരിയായ അക്ഷരങ്ങളോ, ശരിയായ ഘടനയോ, വാക്യങ്ങളുടെ നിയമമോ ഒന്നും കണ്ടെന്നു വരില്ല. പക്ഷേ, അവയിലെ സാഹിത്യത്തെ വായിച്ചു തുടങ്ങുമ്പോള്‍ ആർക്കും അവഗണിക്കാനും നിഷേധിക്കാനും കഴിയില്ല എന്നതു യാഥാര്‍ത്ഥ്യമാണ്.


ഇങ്ങനെ മേല്‍ത്തട്ടിലേക്ക് എത്തിനോക്കുന്നവരും  ശ്രദ്ധേയരായ സാഹിത്യപ്രസ്ഥാനങ്ങളും  നിരവധിയുണ്ട് പ്രവാസി സമൂഹത്തില്‍. അതൊരു പ്രതീക്ഷയാണ്. പുതിയ സാഹിത്യപുഷ്പങ്ങള്‍ പൂവിടാനുള്ള സാഹചര്യമൊരുക്കലാണ്. അതിനോടു ചേര്‍ന്നു നിന്നു കൊണ്ട് എഴുത്തും പ്രസാധനവും നടത്തുന്ന നിരവധി എഴുത്തുകാര്‍ പ്രവാസ ലോകത്തുണ്ട്. അതൊരു പുതുപ്രസ്ഥാനമായി  ഉദയം ചെയ്യുക തന്നെ ചെയ്യും. ചിലപ്പോഴത് നവമാധ്യമങ്ങളിലൂടെയാവാം, അല്ലെങ്കില്‍ പ്രവാസികളുടെ ഇടയില്‍ പ്രചരിക്കുന്ന പ്രസിദ്ധീകരണങ്ങളിലൂടെയാവാം. മലയാളസാഹിത്യം തിരസ്‌ക്കരിച്ച പ്രവാസികളുടെ ഈ എഴുത്തുകള്‍ക്ക് നാളെ വില കൊടുക്കേണ്ടി വരുമെന്നത് സത്യമാണ്. പ്രതിഭയെന്ന സൂര്യനെ മറച്ചുപിടിക്കാന്‍ ഏതൊരു കാര്‍മേഘത്തിനാണ് നിരന്തരം കഴിയുക?


Login | Register

To post comments for this article