മീനുകൾ ചുംബിക്കുന്നു എന്ന നോവലും പ്രണയപ്പാതി എന്ന പ്രണയക്കുറിപ്പുകളുടെ സമാഹാരവും പ്രസിദ്ധീകരിച്ചു. പത്രപ്രവർത്തകയും കോളംനിസ്റ്റും

ധ്യാനിക്കുന്ന ബുദ്ധന്റെ സംഗീതമായിരുന്നു അയാൾ...

അറിഞ്ഞോ, നമ്മുടെ ഹരി മരിച്ചു പോയി.

ഒന്നിലേറെ തവണയുണ്ട് 'അമ്മ അറിയാൻ എന്ന ചിത്രത്തിൽ ഹരിയെ കുറിച്ച് ഈ വാചകം. ഒരാളിൽ നിന്നും ഒരു പുരുഷാരമുണ്ടാകുന്ന അനുഭവം, ആ പുരുഷാരമൊക്കെയും ഒരാളിലേയ്ക്ക് കണ്ണിമ ചിമ്മാതെ നോക്കി നിൽക്കുന്ന അനുഭവം, അതായിരുന്നു 'അമ്മ അറിയാൻ. 

ആരാണീ ഹരി? ഈ അന്വേഷണത്തിന്റെ ഒടുവിലാണ് താടിയും മുടിയും നീട്ടി വളർത്തിയ ഒരു സന്ന്യാസിയുടെ തിളക്കമുള്ള മുഖവുമായി ഹരിനാരായണൻ എന്ന മൃദംന്ഗവാദകൻ കൺമുന്നിലെത്തുന്നത്.


അയാളെ എന്തിനന്വേഷിച്ചു എന്ന് ചോദിച്ചാൽ വരികളിലെവിടെയോ ഹരി ഹൃദയത്തിലുടക്കിയിരുന്നു. പോലീസുകാർ ഉരുട്ടി ജീവൻ പോയ കൈവിരൽ കൊണ്ട് വായിക്കാനാകാത്ത തബലയുടെ താളങ്ങൾ അസ്വസ്ഥമായപ്പോൾ സിനിമയിലെ ഹരി തബലയിലേയ്ക്ക് കുത്തിയിറക്കിയത് അയാളുടെ കയ്യിലപ്പോൾ ഉണ്ടായിരുന്ന കത്തിയായിരുന്നെങ്കിൽ യഥാർത്ഥത്തിൽ കുത്തിക്കീറിയത് ഹരി നാരായണൻ എന്ന സംഗീതജ്ഞന്റെ ഹൃദയമായിരുന്നു എന്ന് മനസ്സിലാക്കാൻ ഒരു വിശദീകരണം വേണ്ടി വന്നില്ല, 'അമ്മ അറിയാൻ തിരക്കഥ വായിക്കുമ്പോൾ ആ വരികളിൽ മാത്രം ഹൃദയം പൊടിഞ്ഞു പോയി, ആ പൊടിയൽ മതിയായിരുന്നു ആ സത്യം തിരിച്ചറിയാൻ. പക്ഷെ പിന്നീട് ആ രംഗത്തിന്റെ വിശദീകരണത്തിൽ ഹരി ജോണിനോട് പറഞ്ഞത്രേ, "ജോൺ എനിക്കിത് ചെയ്യാനാകില്ല. ഞാനിത് ചെയ്യില്ല...", പക്ഷെ സംഗീതം ലഹരിയായിരുന്ന ഹരിയെ പോലെ സിനിമ ലഹരിയായിരുന്ന ജോൺ അതിനെ അയാളുടെ തോളിൽ തട്ടി മനസ്സിന്റെ ഭാരം ലഘൂകരിപ്പിച്ചു. എങ്കിലും എനിക്കറിയാം ആ തബല കുത്തിക്കീറുമ്പോൾ അയാളുടെ മനസ്സ് ഉടഞ്ഞു പോയിരുന്നിട്ടുണ്ടാകും.

ആദ്യമായി കണ്ടത് തുറിച്ച കണ്ണുമായി ലോകത്തെ മുഴുവൻ ഭീതിയും മുഖത്ത് പ്രദർശിപ്പിച്ചു കിടന്ന ആ ഹരിയെ ആണ്. ആയാൾ അന്നേ ആത്മഹത്യ ചെയ്തിരുന്നുവല്ലോ! കറുത്ത പാറക്കല്ലിൻ കൂട്ടങ്ങൾക്കിടയിലൂടെ ദൂരേയ്ക്ക് നോക്കുമ്പോൾ അവിടെ നിൽക്കുന്ന ഒറ്റമരത്തിന്റെ തുമ്പത്ത് അയാൾ തൂങ്ങിയാടിയ കയർ കാണാനുണ്ടായിരുന്നില്ല, പകരം വായുവിൽ ഉലഞ്ഞാടുന്ന ഒരു ശരീരം. അപ്പോഴും വ്യക്തമായി അയാളെ കണ്ടിരുന്നില്ല. കണ്ടത് മോർച്ചറിയ്ക്കുള്ളിൽ ശ്വാസമടക്കി പിടിച്ച് മദ്യ ലഹരിയിൽ ജോണിന്റെ, ആത്മഹത്യ ചെയ്ത ഹരിയായി കിടക്കുന്ന ഹരിനാരായണനെ ആയിരുന്നു. അവിടെ നിന്നാണ് ഹരിനാരായണൻ മരണപ്പെട്ടവനായത്. 

എനിക്ക് ഹരി നാരായണൻ എന്ന സംഗീതജ്ഞനെ പരിചയമുണ്ടായിരുന്നില്ല, പക്ഷെ വായനകളിൽ ഹൃദയമുടക്കിയതുകൊണ്ട് ഹരി എന്ന ജോണിന്റെ ഹരിനാരായണനെ പരിചയപ്പെട്ടിരുന്നു, അതെ പേരിൽ അതെ കഥാപാത്രമായി അരങ്ങത്ത് ഒരുപക്ഷെ അയാൾ അഭിനയിക്കുക ആയിരുന്നിരിക്കില്ലല്ലോ, യഥാർത്ഥ മരണത്തിനു മുൻപ് തന്നെ സ്വന്തം മരണം അനുഭവിക്കാൻ ഭാഗ്യം കിട്ടിയത് അയാൾ ആസ്വദിച്ചിരിക്കില്ലേ, എന്ന് മാത്രമേ തോന്നുന്നുള്ളൂ.

'അമ്മ അറിയാനിലെ പുരുഷനിൽ നിന്നുമാണ് ഹരിയിലേയ്ക്ക് ഞാൻ നടന്നു തുടങ്ങിയത്, ഹരിയെ ആദ്യം കണ്ട ഒറ്റ മരത്തിന്റെ കൊമ്പിൽ നിന്നും അയാളുടെ 'അമ്മ വരെയെത്തിയ പുരുഷന്റെ യാത്രയിൽ അയാൾക്കൊപ്പം ആ ജനക്കൂട്ടത്തിൽ ഒരാളായി ഞാനുമുണ്ടായിരുന്നതുപോലെ. ഒരു രാഷ്ട്രീയത്തിന്റെയും ഭാഗമായി ആയിരുന്നില്ല, കൃത്യമായും ഒരു രാഷ്ട്രീയവും ഇല്ലാതിരുന്ന എന്നാൽ അബ്‌സേഡ് ആയ ഒരു കലാകാരന്റെ തുറന്നിരിക്കുന്ന കണ്ണുകൾ എവിടെയൊക്കെയോ കൊളുത്തി വലിച്ചു. ഞരളത്ത് രാമപ്പൊതുവാളിനൊപ്പമുള്ള അയാളുടെ മൃദംന്ഗം വായന സത്യജിത്തിനൊപ്പം ഞാനും കേട്ടിരുന്നു. ആ സീൻ അവസാനിച്ചിട്ടും ഹരിയും രാമപ്പൊതുവാളും വായനയും പാട്ടും നിർത്തിയിരുന്നില്ല എന്നും അന്ന് മുഴുവൻ അവരുടെ ഉന്മാദ ആനന്ദ ആഘോഷം തുടർന്നുവെന്നും പിന്നാമ്പുറ കഥകൾ."ഒരു താളം ഇന്നയിടത്ത് മുറിക്കണമെന്നും മനോധർമ്മം വരണമെന്നും കൊട്ടിക്കയറണമെന്നും ഒക്കെ നമ്മുടെ ആഗ്രഹങ്ങളും ചിട്ടകളുമാണ്. അത് നമ്മുടെ പ്രശ്നവും ആകാമല്ലോ. ഹരിയുടെ ചിട്ട വേറെയായിരുന്നു. സർഗ്ഗാത്മകതയുടെ ലഹരിയായിരുന്നു അയാൾ. ഭക്ഷണം ഇല്ലെങ്കിലും മദ്യം ഇല്ലെങ്കിലും മൃദംഗവും തബലയുമുണ്ടെങ്കിൽ ഹരി ജീവിക്കുമായിരുന്നു. അയാൾ പരാജയമാണെന്നും ഞാൻ കരുതുന്നില്ല. അയാൾക്കിഷ്ടമുള്ള രീതിയിൽ അയാൾ സ്വന്തം പ്രതിഭയെ ആഘോഷിച്ചു. ഹരി ശ്രമിച്ചാലും അയാളൊരു ലോകപ്രശസ്ത സംഗീതജ്ഞൻ ആകുമായിരുന്നില്ല. പ്രശസ്തനാകണമെന്ന് അയാൾക്ക് ആഗ്രഹമില്ലായിരുന്നു. പ്രഗത്ഭനായാൽ മതിയായിരുന്നു. സ്വയം തൃപ്തിപ്പെടുത്തിയാൽ മതിയായിരുന്നു", ഹരിയോടൊപ്പം അയാളുടെ മരണം അന്വേഷിച്ചെത്തിയ പുരുഷന്റെ(ജോയ് മാത്യു) വാക്കുകൾ ഹരിയെ കൃത്യമായി അടയാളപ്പെടുത്തുന്നതായി തോന്നുന്നു. ചില മനസ്സുകൾ അങ്ങനെയാണ്, അവർക്ക് മൗനത്തിന്റെ വേലിയേറ്റങ്ങളും ഇറക്കങ്ങളും കൃത്യമായി മനസ്സിലാകും. സ്വന്തം ഹൃദയത്തെ മാത്രം വിശ്വസിപ്പിച്ചാൽ മതി അവർക്ക്. മറ്റൊരാൾ തന്നെ വിശ്വസിക്കണമെന്ന് അവർ ഒരു തരി പോലും ആഗ്രഹിക്കുന്നുമില്ല. അതാണ് ഒരു അനാർക്കിസ്റ്റിന്റെ സ്വാതന്ത്ര്യം. അവർ എല്ലാ ഭൗമിക പ്രക്രിയകൾക്കും പുറത്തായിരിക്കും. അവർ അവരുടേതായ ഒരു ലോകത്ത് രാജാവായി വിലസുകയും അവനവനെ കേൾക്കുകയും ചെയ്യും. അയാൾ അനുഭവിക്കുന്ന സ്വാതന്ത്രത്തേക്കാൾ മറ്റാരും സ്വാതന്ത്ര്യം ഈ ലോകത്ത് അനുഭവിക്കുന്നുണ്ടാകാൻ വഴിയില്ല.ജോൺ എബ്രഹാം ജനിച്ച അതെ ഓഗസ്റ്റ് പതിനൊന്നിനാണ് ഹരിനാരായണൻ എന്ന ജോണിന്റെ പ്രിയ സുഹൃത്ത് അയാളുടെ സംഗീതം പ്രിയപ്പെട്ടവരുടെ ഹൃദയത്തിൽ ബാക്കി നിർത്തി യാത്രയായത്. പല മരണങ്ങളും എടുത്തു നോക്കുമ്പോൾ മനസ്സിലാകുന്ന വളരെ കൗതുകകരമായ ഒരു കണ്ടെത്തലാണത്. ഒരാളുടെ മരണം അയാളുടെ പ്രിയപ്പെട്ട ഒരാളുടെ ജീവിത തീയതികളുമായി ബന്ധപ്പെട്ടിട്ടുണ്ടാകും. പ്രിയപ്പെട്ട ഒരാൾ ജനിച്ചതോ മരിച്ചതോ ആയ ദിനം. അല്ലെങ്കിൽ നാൾ, അതുമല്ലെങ്കിൽ അവർ കണ്ടു മുട്ടിയ നാൾ. അങ്ങനെ അങ്ങനെ... ഇത്തരം അതിശയങ്ങൾ എങ്ങനെ സംഭവിക്കുന്നു! പക്ഷെ സത്യമാണ്, ആ അനുഭവം ഹരിയും ആവർത്തിച്ചിരിക്കുന്നു. ഗുരു തുല്യനായ ഏറെ പ്രിയങ്കരനായ ജോണിന്റെ ജനന ദിവസം തന്നെ ഹരി ലോകം വിടാൻ നിശ്ചയിച്ചിരിരുന്നു. ചില ഹൃദയങ്ങളുടെ ഇടയിൽ നേർത്ത ചില നാരുകളുണ്ട്. ആർക്കും കാണാനാകാത്ത പ്രകാശ വേഗങ്ങൾ കൊണ്ട് അവ എല്ലായ്പ്പോഴും കണക്ട് ചെയ്തുകൊണ്ടേയിരിക്കും. ഒരുപക്ഷെ അവർ പോലുമറിയാതെ. അതുകൊണ്ടായിരിക്കാം ജോണിനെ വീണ്ടും ഓർമ്മിപ്പിച്ച് ഹരി യാത്രയായത്!

സ്വതന്ത്രനായ ഒരു മനുഷ്യൻ, അയാൾ വല്ലാതെ അയാളുടെ ജീവിതം കൊണ്ട് സാധാരണക്കാരനെ കൊതിപ്പിക്കും. ഹരിനാരായണൻ അത്തരത്തിൽ ഒരു വലിയ ജനതയെ കൊതിപ്പിച്ച ഒരാളാണ്. പക്ഷെ യഥാർത്ഥ അരാജകവാദിയായ ഹരിയുടെ ജീവിതത്തിന്റെ തുഞ്ചത്തെ ആസ്വദിക്കൽ പോലും അപരന് ഉണ്ടായിക്കാണാൻ വഴിയില്ല. ഞാൻ പിന്നെയുമോർക്കുന്നത് അനന്തതയിലേക്ക് നോക്കി തബല വായിക്കുന്ന ഹരിയുടെ ധ്യാനരൂപത്തിലുള്ള മുഖമാണ്!ബുദ്ധന്റെ നിശബ്ദതയും നിസ്സംഗതയും അലൗകികതയും... 

ആ മുഖം ഇനി ഒരുകാലത്തും ചങ്കിൽ നിന്ന് ഊർന്നു വീണു പോകുമെന്ന് തോന്നുന്നില്ല. കാലാകാലങ്ങളിൽ അത് തെളിമയുള്ളതായി തീരുമെന്നല്ലാതെ.


Login | Register

To post comments for this article