ഓറഞ്ചു തൊലിയുടെ മണം, സമയ സംവിധാനം, സ്നേഹം ഒരു ഗണിതവീക്ഷണം, എന്റെ കാറിന്റെ വില, തിരഞ്ഞെടുത്ത കഥകൾ (ചെറുകഥാ സമാഹാരങ്ങൾ), 50 ചെറിയ കഥകൾ (കുഞ്ഞിക്കഥകളുടെ സമാഹാരം), ഫാർമ മാർക്കറ്റ്, ഇലചക്രം (നോവൽ), കൊട്ടുക്കൂട്ടം (നോവലെറ്റുകളുടെ സമാഹാരം) തുടങ്ങിയവയാണ് പ്രധാന കൃതികൾ. മുണ്ടൂർ കൃഷ്‌ണൻ കുട്ടി സ്മാരക അവാർഡ്, സൃഷ്ടി നോവൽ അവാർഡ് തുടണ്ടി നിരവധി പുരസ്കാരങ്ങൾ. പാലക്കാടു സ്വദേശി.

'മൂന്നാമതൊരാള്‍' വായിച്ചു കേട്ടപ്പോള്‍''അച്ഛാ ?''

''പറഞ്ഞോളൂ''

''നാളെല്ലെ നമ്മള്‍ മടങ്ങാ ?''

''നാളെ ഊണു കഴിഞ്ഞിട്ട്''

''മടങ്ങുമ്പൊളേ, തൃശ്ശൂര്ന്ന് എനിക്കൊരു തോക്കു വാങ്ങിത്തരണം ട്ടൊ.''

''തരാം''

''ഓ, തരാം... ന്നിട്ട് തൃശ്ശൂരെത്ത്യാ അച്ഛന്‍ പറയും, സമയല്യ ഉണ്ണി, പിന്നെ ആവാമെന്ന്. അങ്ങനെ പറഞ്ഞാ നാളെ ഞാന്‍ കാണിച്ചു തരാ...'' 

ഈ ഭാഗം എത്തിയപ്പോഴാണോ തൊണ്ടയിടറി മാഷ് ഒരു നിമിഷം വായന നിര്‍ത്തിയത് ? അതോ..

''കൃഷ്ണന്‍കുട്ടിക്ക് രാജന്റെ കത്ത് വരാറില്യേ ?''

''അമേരിക്കയിൽ തിരിച്ചെത്ത്യേതും ഒന്നു വന്നു. ഞാന്‍ മറുപടി ഇനിം അയച്ചിട്ടില്ല.''

''നായത്തോട്ട്‌ന്നോ ?''

''കഴിഞ്ഞാഴ്ച കൂടി അച്ച്വോട്ടന്റെ കത്ത് വന്നു. ബോംബേന്ന് രഘൂന്റേം ഗോപന്റേം നവവത്സര കാര്‍ഡും ഉണ്ടായിരുന്നു.''

വീണ്ടും അമ്മ മൗനത്തിലേക്ക് മടങ്ങി.

നൂലു പൊട്ടിയിട്ടും നൂലൊന്നും പൊട്ടിയിട്ടില്ലല്ലോ എന്ന് അമ്മ ഓര്‍ക്കുകയാവാം.

കൃത്യമായി ഓര്‍ക്കാന്‍ കഴിയുന്നില്ല. വായനയുടെ തുടക്കം മുതലേ ശബ്ദത്തിൽ ഒരു മൂടിക്കെട്ടലുണ്ടായിരുന്നു. സ്വന്തം ജീവിതത്തിന്റെ ചോര വീണ ഏടാവുമ്പോള്‍ അത് സ്വാഭാവികം. കഥ നേരിട്ടു വായിച്ചു കേള്‍ക്കുന്നതിന് ഏതാനും ദിവസം മുമ്പാണ് തൃശ്ശൂര്‍ ആകാശവാണി നിലയം ഒരു കഥ ആവശ്യപ്പെട്ടിട്ടുണ്ടെന്ന കാര്യം മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി മാഷ് പറയുന്നത്. 

'കഥയൊന്നും വരണില്യടോ' എന്ന് അസ്വസ്ഥനാവുകയും ചെയ്തു. മാഷുടെ എഴുത്തിനെക്കുറിച്ച് പൊതുവെ ഒരു പറച്ചിലുണ്ട്- 'ആനപ്പേറ്'. ആനപ്രസവം പോലെ എത്രയോ കാലം കൂടുമ്പോള്‍ ഒരു കഥ. അതാണ് പതിവ്.

''താനിന്ന് അവിടെ ഉണ്ടോ ?''

മെഡിക്കൽ റെപ്രസെന്റേറ്റീവിന്റെ തൊഴിലായതു കൊണ്ട് ഞാനെപ്പോഴും യാത്രയിലായിരിക്കും. അതുകൊണ്ട് വീട്ടിലുണ്ടോ എന്നന്വേഷിച്ച ശേഷമേ മാഷ് വരാറുള്ളു. ഞാനന്ന് പട്ടാമ്പിക്ക് പോകാന്‍ ഒരുങ്ങുകയാണ്.

''എന്താ മാഷേ ?''

''ആകാശവാണിക്കു വേണ്ടി കഥ എഴുതീട്ടോ... ഇന്നലെ പെട്ടെന്നാണ്ടായേ...''

കഥ എപ്പോഴും ആകസ്മികമായി സംഭവിക്കുന്നതാണെന്ന് മാഷ് വിശ്വസിച്ചു. ഒരുപാടു കാലം പ്ലാന്‍ ചെയ്ത് കാത്തു കാത്തിരുന്നാൽ ഒരു വരി പോലും എഴുതാന്‍ കഴിയില്ല. ഒരിക്കലും നിനച്ചിരിക്കാത്ത നിമിഷത്തിലായിരിക്കും ചിലപ്പോള്‍ ഒരു കഥയുടെ പൊട്ടിവീഴൽ. എഴുത്തിന്റെ രഹസ്യമോ രസതന്ത്രമോ ആണത്.

''പറയൂ മാഷെ... എന്താ കാര്യം ?''

''ആ കഥ ഒന്നു വായിക്കണല്ലോ... നാളെയാ റെക്കോഡിങ്ങ്...''

പട്ടാമ്പി യാത്ര ഞാന്‍ പിറ്റേന്നത്തേക്ക് മാറ്റി വെച്ചു. 

പതിവു മുഖവുരകളോ കുശലവര്‍ത്തമാനങ്ങളോ ഒന്നുമുണ്ടായില്ല. എന്റെ മുറിയിൽ വന്നിരുന്നതും കഥ പുറത്തെടുത്തു. നോക്കുമ്പോള്‍ കരടല്ല, പകര്‍ത്തിയെഴുത്തു കഴിഞ്ഞ അസ്സലാണ്. ഒരു പായ കടലാസിനെ നേര്‍ പകുതിയായി കീറി കോണകം പോലെയാക്കി ആ പാതിപ്പായയിലാണ് മാഷ് കഥയെഴുതാറ്. അതാണ് ശീലം. തുന്നിക്കെട്ടിയ കടലാസുകള്‍ ഒന്ന് മറിച്ചു. പിന്നെ വായന തുടങ്ങി.

'ഇരിങ്ങാലക്കുടയിൽ നിന്ന് അവസാന ബസ്സേ തരപ്പെട്ടുള്ളു. അതുകൊണ്ട് ആലിന്‍ചോട്ടിൽ ബസ്സിറങ്ങുമ്പോഴേക്കും അന്തി കരുവാളിച്ചു കഴിഞ്ഞിരുന്നു എന്ന ആദ്യ ഖണ്ഡിക വായിച്ചപ്പോള്‍ത്തന്നെ ഇത് ഭാര്യാവിയോഗത്തിന്റെ കഥയാണെന്ന് എനിക്ക് മനസ്സിലായി. ഇരിങ്ങാലക്കുടയിലെ കാറളത്തായിരുന്നു രാധേച്ചിയുടെ വീട്.

നെഞ്ചിൽ കല്ലെടുത്തു വെച്ച പോലെ ഒരു ഭാരം അനുഭവപ്പെട്ടു. കഥാവായന മുന്നേറുന്തോറും ഈ ഭാരം കൂടുന്നതു പോലെ തോന്നി. മാഷുടെ വ്യക്തിജീവിതം അടുത്തറിയാവുന്നതു കൊണ്ടായിരിക്കാം അങ്ങനെ അനുഭവപ്പെട്ടത്.

കാറളത്തെ തറവാട്ടിൽ സന്ധ്യയ്ക്ക് എത്തിയപ്പോള്‍ രാധേച്ചിയുടെ അമ്മ ഉണ്ണിയെ കാണുന്ന രംഗമുണ്ട്.

നാമം ജപിച്ചുകൊണ്ട് അമ്മ ഉണ്ണിയെ തൊട്ടുഴിഞ്ഞു.

''ന്റെ ഉണ്ണിക്കുട്ടന് സുഖോല്ലെ ?''

ഉണ്ണി അവന്റെ അമ്മയുടെ അമ്മയോട് ഒട്ടി നിന്നു.

'അമ്മയുടെ അമ്മയോട്' എന്ന ദിക്കിലെത്തിയപ്പോള്‍ മാഷ് ഒന്നു നിര്‍ത്തി. മാഷുടെ മുഖം നോക്കാന്‍ ശക്തിയില്ലാതെ ഞാന്‍ മുഖം താഴ്ത്തി. നാളെ ആകാശവാണി റെക്കോഡിങ്ങ് സമയത്ത് മാഷ്‌ക്ക് നിയന്ത്രിച്ചു വായിക്കാന്‍ കഴിയുമോ ? റീടേക്ക് എന്നോരു സൗകര്യമുണ്ടല്ലോ എന്നു-ു ഞാന്‍ സമാധാനിച്ചു.

രാധേച്ചിയും മാഷെപ്പോലെ ടീച്ചറായിരുന്നു.

ഒരോണ ദിവസം. മുണ്ടൂരിലെ വീട്ടിൽ എല്ലാവരുമെത്തിയിട്ടുണ്ട്. സദ്യയുടെ തയ്യാറെടുപ്പുകള്‍ നടക്കുന്നു. രാധേച്ചി മാത്രം അടുക്കളയിൽ നിൽക്കാതെ ഇടക്കിടെ കക്കൂസിലേക്ക് പോകുന്നു. മാഷത് ശ്രദ്ധിച്ചു.

''എന്താ രാധേ ?''

''വയറ്റിന് ഒരു സുഖല്യായ...''

പക്ഷെ പിന്നേയും പിന്നേയും ഈ പോക്ക് തുടര്‍ന്നപ്പോള്‍ മാഷ്‌ക്ക് സംശയം. ഇത്ര തവണ വയറ്റിൽ നിന്ന് പോണ ആള്‍ക്ക് എന്തെങ്കിലും ക്ഷീണമുണ്ടാവണ്ടേ ? ഊര്‍ജ്ജസ്വലയായിരിക്കുന്നു.

അടുത്ത തവണ പോകുമ്പോള്‍ ഒന്നുകൂടെ പോയി നോക്കാന്‍ മാഷ് അനിയത്തി പാര്‍വ്വതിയോട് നിര്‍ദ്ദേശിച്ചു. പാര്‍വ്വതി കൂടെ പോയി. അപ്പോഴാണറിഞ്ഞത് വയറ്റിൽ നിന്ന് പോക്കില്ല. വെറുതെ പോയി ഇരിക്കുന്നു. എഴുന്നേറ്റു വരുന്നു.

മനസ്സിനുണ്ടായിരുന്ന ഒരു താളപ്പിഴ മാഷ് നേരത്തെ ശ്രദ്ധിച്ചിരുന്നു. എന്നാൽ ഒരപകടത്തിലേക്ക് അത് മുന്നേറാന്‍ തുടങ്ങിയിരിക്കുന്നു എന്ന് ആ ഓണദിവസമാണ് ബോധ്യമായത്. ചികിത്സ വേണം എന്ന തോന്നലുണ്ടായതും അന്നാണ്.


[ എംടിയും മുണ്ടൂർ കൃഷ്‌ണൻകുട്ടിയും ടി.കെ. ശങ്കരനാരായണനും  ]


കഥയിൽ നിന്ന്:  

കഴിഞ്ഞ വര്‍ഷത്തെ ആ രാത്രിയിലേക്ക് തല ചായ്ച് അങ്ങനെ കിടക്കുമ്പോള്‍ ഉറക്കം ഇരുട്ടിൽ മറഞ്ഞു നിന്ന് നഖം കടിച്ചു തുപ്പുന്നു.

ഞാന്‍ ഇവിടെ തനിച്ചല്ലെന്ന് ക്രമേണ തോന്നിത്തുടങ്ങി. ഇനിയൊരാളുടെ സാന്നിധ്യം ഞാന്‍ അനുഭവിക്കാന്‍ തുടങ്ങി. 

''എനിക്ക് സുഖാവില്യേ ഏട്ടാ ?''

ആ ചോദ്യത്തിന്റെ കൊളുത്ത് എന്നിൽ തറഞ്ഞു വലിയുമ്പോള്‍ ഞാന്‍ സാന്ത്വനത്തിന്റെ വാക്കുകള്‍ തപ്പി.

''നിനക്കതിന് അസുഖോന്നുല്യല്ലോ കുട്ടി...''

എന്റെ കൈ ആ തലമുടി തലോടി. പുറം തലോടി.

''അതെ... എനിക്കൊക്കെ ഭേദായീട്ടോ ഏട്ടാ...''

പിന്നെയും കുറച്ചു കഴിഞ്ഞ് ഞാന്‍ കേള്‍ക്കുന്നു.

''എന്നാലും എന്റെ മാറത്തെ പിടപ്പ് ഇപ്പോഴും മാറീട്ടില്യല്ലോ ഏട്ടാ...''

എനിക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല. പുറത്ത് തൊടിയിൽ ഇരുട്ട് പിടയുന്നു. തെക്കേത്തൊടിയിലെ മുളങ്കൂട്ടം കാറ്റിൽനിര്‍ത്താതെ കരയുന്നു. വിരലിലെ മോതിരം തെരുപ്പിടിച്ച് തെരുപ്പിടിച്ച് ഞാന്‍ ഒറ്റയ്ക്ക് കിടന്നു.

അമേരിക്കയിലുള്ള അനിയന്‍ രാജന്‍ അവധിക്ക് വന്ന് മടങ്ങിയ ദിവസമാണ് രാധേച്ചി ഈ ലോകത്തോടു വിട പറഞ്ഞത്. സാഹസം പിടിച്ച ഒരു സ്വയംഹത്യ ! രാജനെ ബോംബെക്കുള്ള ജയന്തി ജനതക്ക് യാത്രയാക്കാന്‍ മാഷ് പാലക്കാട് സ്റ്റേഷനിൽ വന്നതായിരുന്നു. നല്ലേപ്പുള്ളിയിൽ നിന്ന് ഒരു സംഘം ആളുകള്‍ ടാക്‌സിയി. സ്റ്റേഷനിലെത്തി.

''മാഷ് വരൂ...''

''ങും... എന്തേ ?''

''രാധക്ക് ത്തിരി സുഖല്യ...''

ചികിത്സയിലാണ്. മരുന്നു കഴിക്കുന്നുണ്ട്. പക്ഷെ രാവിലെ ഇറങ്ങുമ്പോള്‍ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. അലക്കിത്തേച്ച മുണ്ടുകള്‍ രാജന്‍ പെട്ടിയിൽ അടുക്കുന്നതു കണ്ടപ്പോള്‍ പറഞ്ഞു.

''ഏട്ടനും ഇതുപോലെ നല്ല മുണ്ടുകള്‍ എടുക്കണംട്ടോ...''

ഉണ്ണി സ്‌കൂളിലേക്ക് പോയിരുന്നു.

''ഓ, എടുക്കാലോ...''

കാറിൽ നല്ലേപ്പുള്ളിയിലേക്ക് മടങ്ങുമ്പോള്‍ ആരും ഒന്നും മിണ്ടുന്നില്ല. കാറിനുളളിൽ അസുഖകരമായ ഒരു മൗനം ചീര്‍ത്തു വിങ്ങിക്കിടന്നു.

ജങ്ഷനിൽ നിന്നും നല്ലേപ്പുള്ളിക്ക് തിരിയുന്നതിനു പകരം കാറ് സര്‍ക്കാര്‍ ആശുപത്രി റോഡിലേക്ക് തിരിഞ്ഞപ്പോള്‍ മാഷ് ഉറപ്പിച്ചു. രാധ തന്നെ വിട്ടു പോയിരിക്കുന്നു. ഉണ്ണിയെ വിട്ടു പോയിരിക്കുന്നു. ഈ ലോകത്തോട് യാത്ര പറഞ്ഞിരിക്കുന്നു.

വീണ്ടും കഥയിൽ നിന്നു: 

ഞങ്ങള്‍ അമ്പലക്കുളത്തിൽ കുളിച്ചു. ഈറനോടെ അമ്പലത്തിൽ ചെന്നു. ഭഗവതി എന്നെത്തന്നെ നോക്കിക്കൊണ്ടിരുന്നു.

ഭഗോതി, അടിയനും കുട്ടിയും വന്നിരിക്കുന്നു.

ഇന്ന് ചോതിയാണ്.

''ഉണ്ണീ, നല്ലോണം തൊഴണം കേട്ടോ.''

ഉണ്ണി കണ്ണടച്ച് കൈ കൂപ്പുന്നു. 

എനിക്ക് അപേക്ഷിക്കാനെന്താണുള്ളത് ?

ഭഗോതി ഇമ വെട്ടാതെ എന്നെത്തന്നെ നോക്കുകയാണ്. 

ഞാന്‍ വിളിച്ചു.

''ഭഗോതി...''

വീണ്ടും വിളിച്ചു.

''എന്റെ അമ്മേ...''

അമ്മയ്‌ക്കെല്ലാം മനസ്സിലാവുമല്ലോ.

മുഴുമിക്കാത്ത ആ അപേക്ഷയിൽ എന്റെ എല്ലാ അപേക്ഷയുമുണ്ടായിരുന്നു. ഭഗോതി എന്റെ അപേക്ഷയറിഞ്ഞ് കണ്ണടച്ചു.

അമ്പലത്തിൽ നിന്ന് മടങ്ങുമ്പോള്‍ പിന്നിൽ പൊടിമണലിൽ കാലുരയുന്ന ശബ്ദം. 

ഞാന്‍ ഉണ്ണിയോട് പറഞ്ഞു.

''തൃശ്ശൂര് നിന്ന് നിനക്കിഷ്ടമുള്ളതൊക്കെ വാങ്ങിത്തരാട്ടൊ...''

മാഷ് ഇടര്‍ച്ചയോടെ നിര്‍ത്തിയതും എനിക്ക് തേങ്ങലടക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ആ കൈകള്‍ രണ്ടും കൂട്ടിപ്പിടിച്ചു. ഞാന്‍ കരയുകയായിരുന്നു. നോക്കുമ്പോള്‍ മാഷും...

കണ്ണടയഴിച്ച് മുഖം തുടച്ച് മാഷ് ചോദിച്ചു.

''എങ്ങന്ണ്ട് കഥ ?''

ഞാനൊന്നും പറഞ്ഞില്ല .

എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല.


Login | Register

To post comments for this article