ആനുകാലികങ്ങളിൽ കഥ, കവിത, ലേഖനങ്ങൾ എഴുതുന്നു. ലേഖനത്തിന് മാതൃഭൂമി ഗൃഹലക്ഷ്മി രചനാപുരസ്ക്കാരം, ക വിതയ്ക്ക് യൂസഫലി കേച്ചേരി പുരസ്ക്കാരം, സുകുമാര രാജപുരസ്ക്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 989 ലെ സംസ്ഥാന സ്ക്കൂൾ യുവജനോത്സവത്തിൽ കഥാരചനയ്ക്ക് സമ്മാനം ലഭിച്ചിട്ടുണ്ട്. കുന്ദംകുളത്ത് അഭിഭാഷക. തൊടുപുഴ സ്വദേശി.

​​അച്ഛന്റെ സമ്മാനം പോലൊരു അക്കാദമി അവാർഡ്

ഈജിപ്തിന്റെ ജീവിതത്തിലെ എല്ലാ തലങ്ങളിലും, യാഥാർത്ഥ്യമായും പ്രതിരൂപാത്മകമായും നിറഞ്ഞു നിൽക്കുന്ന നദിയാണ് നൈൽ. അതിന്റെ ജലത്തട്ടുകളിലൂടെ, തീരത്തെ മണൽപ്പരപ്പുകളിലൂടെ, രാജാക്കന്മാരുടെ താഴ്വരകളിലൂടെ, പാപ്പിറസ് ചുരുളുകളിൽ രേഖപ്പെടുത്തിയ ജീവിത മന്ത്രങ്ങളിലൂടെ, ജ്ഞാന ബിന്ദുക്കളിലൂടെ, സഞ്ചരിച്ച് ഒരു സംസ്ക്കാരത്തിന്റെ കതിരുകളേയും മരണാനന്തര മുദ്രകളേയും ചരിത്രാന്വേഷിയുടെ ചിരകാല സാഫല്യം പോലെ പരതിപ്പരതി കണ്ടെടുക്കുമ്പോൾ ​​ഡോ.ഹരികൃഷ്ണന് അതൊരു ആത്മസായൂജ്യത്തിന്റെ ആവിഷ്ക്കാരം കൂടിയായിരുന്നു.

കുട്ടിക്കാലത്ത് അച്ഛൻ സമ്മാനിച്ച ഈജിപ്റ്റിനെക്കുറിച്ചുള്ള ഒരു ചരിത്ര പുസ്തകത്തിൽ നിന്നാണ് അദ്ദേഹം ആദ്യമായി മാനവ സംസ്ക്കാരത്തിന്റെ മാതൃവാഹിനിയായ നൈൽ നദിയെക്കുറിച്ച് വായിച്ചറിഞ്ഞത്. ഈജിപ്തിനെ കുറിച്ച് കൂടുതൽ അറിയാൻ ആ പുസ്തകം താൽപര്യം വളർത്തി. എന്നെങ്കിലുമൊരിക്കൽ ആ മഹാനദീതടസംസ്കാരത്തെ നേരിൽ കാണണമെന്ന ആഗ്രഹം മനസിൽ ബലപ്പെട്ടു. ഒരു യൂറോളജിസ്റ്റ് കൂടിയായ ഡോ.ഹരികൃഷ്ണൻ മൻസൂറയിലെ നെഫ്രോ യൂറോളജി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു ഓങ്കോളജി ശിൽപശാലയിൽ പങ്കെടുക്കുവാനാണ് ആദ്യമായി അവിടെയെത്തിയത്.


ഫീനിക്സ് പക്ഷിയുടെ ചിറകുകളും ക്ലിയോപാട്രയുടെ വികാരവും വാർദ്ധക്യവും പാടുകൾ വീഴ്ത്താത്ത മുഖച്ഛായയും പ്രതിഫലിപ്പിക്കുന്ന  മരണാനന്തര ലോകത്തെ മുദ്രകളിലടച്ചു വെച്ച പിരമിഡുകൾ, എത്തി നോക്കി മാടി വിളിക്കുന്നു എന്നു തോന്നിപ്പിച്ച നൈൽ എന്ന മായാനദിയുടെ പച്ച നിറമാർന്ന ജല പാളികളെ നോക്കി നിന്നപ്പോൾ സ്വപ്നമോ  യാഥാർത്ഥ്യമോ എന്നറിയാതെ താൻ വിഭ്രമിച്ചു പോയി എന്നദ്ദേഹം പറയുന്നുണ്ട്.

ഇത്തവണത്തെ മികച്ച സഞ്ചാര സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ നൈൽവഴികൾ എന്ന പുസ്തകമെഴുതാൻ ഡോ.ഹരികൃഷ്ണന്റെ പ്രചോദനം ഒരു പക്ഷേ ആ യാത്ര കൂടി ആയിരുന്നിരിക്കണം.  

പ്രകൃതിയിൽ ദൈവികത ദർശിച്ചിരുന്ന ജനതയുടെ ചരിത്രത്തിലൂടെ, മിത്തുകളിലൂടെ, മൃത്യോപാസനയുടെ വിവിധ തലങ്ങളിൽ വിഹരിച്ചിരുന്ന ഒരു പൗരാണിക സംസ്ക്കാരത്തിന്റെ ഉള്ളും പൊരുളും തൊട്ടറിയാൻ അദ്ദേഹം നടത്തിയ പരിശ്രമങ്ങളുടെ അക്ഷര ലിഖിതമാണ് ഈ പുസ്തകം. "പുസ്തകത്തിൽ പ്രാചീനനായ ഈജിപ്തുകാരനായാണ് ഞാൻ സംസാരിക്കാനാഗ്രഹിച്ചത്. നിസംഗനായ മറുനാട്ടുകാരനായല്ല, മറിച്ച് ആ നാടിന്റേയും അവിടുത്തെ പ്രാചീന ജനതയുടേയും പൗരാണികാവസ്ഥയിൽ വലയം ചെയ്ത് അതനുസരിച്ച് പ്രതികരിക്കുന്ന തദ്ദേശിയായാണ്." പുസ്തകത്തിന്റെ ആമുഖത്തിൽ ഡോ.ഹരികൃഷ്ണൻ ഇങ്ങനെ പറയുന്നുണ്ട്. 

നൈൽ വഴികൾ വായിക്കുന്ന ഏതൊരാൾക്കും ആ താദാത്മ്യത്തിന്റെ ആത്മാർത്ഥത തൊട്ടറിയാനാവും. പുസ്തക രചനയ്ക്കു വേണ്ടി അദ്ദേഹം നടത്തിയ ശ്രമങ്ങൾ, ഗവേഷണങ്ങൾ, ചരിത്രഖനനങ്ങൾ, എന്നിവയെല്ലാം അത്രത്തോളം വലിയൊരു സപര്യയായിരുന്നു എന്നു ബോധ്യപ്പെടും. ഈജിപ്തിന്റെ സങ്കീർണ്ണ സംസ്ക്കാരങ്ങളിലൂടെ, കാലങ്ങളിലൂടെ ഒഴുകുന്ന നൈൽ നദി, അതിന്റെ നക്ഷത്രവാനങ്ങൾ, കരയിലെ സൂര്യ നഗരങ്ങൾ, ആഴങ്ങളിലെ ചരിത്ര ഖനികൾ, കടവുകളിലെ ഭൂഗർഭ ക്ഷേത്രങ്ങൾ, കരയിലെ സൗരഭ്യം പരത്തുന്ന മരത്തണ്ടുകൾ, പൂവുകൾ, മണ്ണിലുറഞ്ഞ ശിലാലിഖിതങ്ങൾ, മണൽപ്പരപ്പിലെ ഭാഷാചിത്രങ്ങൾ, ജലവിതാനത്തിന് മുകളിലൂടെ നടന്നു പോകുന്ന രമേസ്സേസ് ചക്രവർത്തിയുടെ അചഞ്ചല രൂപം, പരവതാനിയിൽ ഒളിച്ചു വന്ന് സീസറിന് മുന്നിൽ സുഗന്ധ സാമ്രാജ്യം പോലെ നിവർന്നു നിന്ന ക്ലിയോപാട്രയുടെ ചുരുണ്ട മുടിയലകൾ, തിരകൾക്ക് മീതേ കുതിരയോടിച്ചു പോകുന്ന പെൺഫെറോവ ഹാത് ഷേപ് സൂ തിന്റെ തുരുത്തുകൾ, നെഫർറ്റിറ്റിയുടെ ചുഴികൾ.. തടങ്ങളിലെ മുസ്ലീം ക്രിസ്ത്യൻ സംസ്ക്കാരങ്ങളുടെ മഹാവൃക്ഷങ്ങൾ..! മിത്തും, യാഥാർത്ഥ്യവും സമകാലീന ജീവിതവും ഇടകലർന്ന ഈജിപ്തിന്റെ  ഒരു മേഖല പോലും ഈ പുസ്തകം രേഖപ്പെടുത്താൻ മറന്നിട്ടില്ല എന്നത് എടുത്ത് പറയേണ്ട വസ്തുതയാണ്.    

ഈജിപ്തിനെപ്പറ്റി കേൾക്കുമ്പോൾ ഏതൊരു സാധാരണക്കാരനും ആദ്യം മനസിൽ വരുന്ന ചിത്രം അവിടുത്തെ പിരമിഡുകളുടേതാണ്. നൈൽ വഴികളിൽ മമ്മികളുടെ ലോകത്തെ പറ്റി സുദീർഘമായി വിവരിക്കാൻ ഡോ. ഹരികൃഷ്ണൻ ശ്രമിച്ചിട്ടുണ്ട്. മരണാനന്തര ലോകത്തെപ്പറ്റിയുള്ള തദ്ദേശ മിത്തുകൾ, കൗതുകം തോന്നുന്ന ചരിത്രങ്ങൾ, എന്നിവ രസകരമായി പറഞ്ഞു പോകുന്നു. ഒരു മൃതദേഹത്തിന്റെ മമ്മീകരണ പ്രക്രിയകൾ ഘട്ടം ഘട്ടമായി ശാസത്രീയ വിശദീകരണത്തോടെ ഡോക്ടറുടെ ആധികാരികതയോടെ അദ്ദേഹം നേരിട്ടു കണ്ട് സസൂക്ഷ്മം കൃത്യതയോടെ തന്നെ എഴുതിയിട്ടുണ്ട്.    

പുരുഷന്മാർക്ക് മാസമുറയുണ്ടാകുന്ന രാജ്യമായി ഈജിപത് അറിയപ്പെടുന്നു എന്ന് വായിച്ചപ്പോൾ കൗതുകം തോന്നി. കാരണമറിഞ്ഞപ്പോൾവേദനയും. നൈൽ നദിയുടെ മഹാ സംസ്ക്കാരത്തിന്റെ ഔഷധ ഉറവകളിലും കെടുതികളുടെ വിഷവിത്തുകൾ പാകിയ ലാർവകൾ നദിയിലിറങ്ങുന്ന നിർഭാഗ്യവാന്മാരെ മൂത്രാശയ അർബുദ രോഗികളാക്കി മാറ്റുന്നു. ഈജിപ്തിലുടനീളം കാണുന്ന ഈ മാരക രോഗത്തിന് കാരണം സെർക്കാരിയ എന്ന വിരയാണ് എന്നത് യാഥാർത്ഥ്യത്തിന്റെ മുഖം മൂടിയില്ലാത്ത നേർക്കാഴ്ചയായിത്തോന്നി.

ഏകദേശം അഞ്ഞൂറിലേറെ പേജുകൾ വരുന്ന പുസ്തകത്തിന്റെ ഭാഷ കവിത പോലെ സുന്ദരമാണ്. അധ്യായങ്ങൾ ഉദ്ധരണികളിലൂടെ തുടങ്ങുന്നു. ചിത്രങ്ങളും ചരിത്രത്തിന്റെ ചിത്ര മുദ്രണങ്ങളും ശിലാലിഖിതങ്ങളും ലിപികളും കാണാം. മധുരം മലയാളം എന്ന തോന്നൽ നുണയാതെ ഈ രചനയുടെ ഒരു വരി പോലും കടന്നു പോകാൻ കഴിയില്ല. കാൽപ്പനികവും  കാവ്യാത്മകവുമായ ഭാഷാ സൗന്ദര്യം ഈ പുസ്തകത്തിന്റെ മറ്റൊരു വലിയ പ്രത്യേകത തന്നെയെന്ന് എടുത്തു പറയണം.

ഡോ. ഹരികൃഷ്ണൻ എഴുത്തുകാരൻ മാത്രമല്ല. നല്ലൊരു ചിത്രകാരനും ഫോട്ടോഗ്രാഫറും കൂടിയാണ്. വിശ്രമവേളകളൊക്കെ അദ്ദേഹം യാത്രയ്ക്കായി ചിലവഴിക്കുന്നു. ഓരോ യാത്രയിലും അദ്ദേഹം ആ നാടുകളുടെ ചരിത്രവും ഭൂമിശാസ്ത്രവും പരതിപ്പരതി തേടി പിടിച്ച് കൂടെ കൊണ്ടു വരുന്നു. ഈജിപ്തു കൂടാതെ കംബോഡിയ, വിയറ്റ്നാം, അമേരിക്ക, ചൈന, റഷ്യ എന്നിങ്ങനെ ഡോക്ടർ പോകാത്ത രാജ്യങ്ങൾ വിരളമാണ്. 

കുന്ദംകുളം യൂണിറ്റി ഹോസ്പിപിറ്റിൽ യൂറോളജിസ്റ്റായ ഡോ. ഹരികൃഷ്ണൻ, അമല മെഡിക്കൽ കോളേജിലെ യൂറോളജി ഡിപ്പാർട്ടുമെന്റിന്റെ  തലവനും കൂടിയാണ്. 

ലോകോത്തര ചിത്രകാരന്മാരുടെ ചിത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് ദാവിഞ്ചി, റം ബ്രാന്റ്, ക്ലോദ് മെനെ, തുടങ്ങി അൻപതിലേറെ വിശ്വോത്തര ചിത്രകാരന്മാരെ കുറിച്ച് ഓൺലൈൻ പ്രസിദ്ധീകരണമായ നവ മലയാളിയിൽ എഴുതിയ ലേഖനങ്ങൾ കേരള ലളിതകലാ അക്കാദമി പുസ്തകമായി പ്രസിദ്ധീകരിക്കുന്നുണ്ട്.

നാലുവർഷത്തോളം സമയമെടുത്താണ്  നൈൽവഴികൾ എഴുതിത്തീർത്തത് എന്ന് അദ്ദേഹം പറഞ്ഞു . 2018ലെ മികച്ച സഞ്ചാര സാഹിത്യ ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നൈൽ വഴികൾ ഡോ.ഹരികൃഷ്ണന് നേടിക്കൊടുക്കുമ്പോൾ, അച്ഛൻ കൊടുത്തൊരു പഴയ ചരിത്ര പുസ്തകത്തെ  അതേ, ചാരിതാർത്ഥ്യത്തോടെ അദ്ദേഹം ആത്മാവിൽ ചേർത്തു പിടിക്കുന്നു.


Login | Register

To post comments for this article