മുൻകാല പത്രപ്രവർത്തക. കേരള യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഭൗതിക ശാസ്ത്രത്തിൽ ബിരുദവും പത്രപ്രവർത്തനത്തിൽ ബിരുദാന്തര ബിരുദവും.

ഒരു പെണ്ണിന്റെ കഥ

പ്രിയദർശന്റെ താളവട്ടം എന്ന സിനിമയുടെ ഒറിജിനലായ ഒൺ ഫ്ള്യൂ ഓവർ കുക്കൂസ് നെസ്റ്റ് എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ ഹോളിവുഡിൽ പ്രഗത്ഭനായ ഹാസ്‌കൽ വെക്സ്‌ലർ ആയിരുന്നു. അദ്ദേഹം 2013 ൽ റയാൻ കൂഗ്ലർ സംവിധാനം ചെയ്ത ഫ്രൂട്ട് വേൽ സ്റ്റേഷൻ എന്ന ചിത്രം കണ്ടു ഇഷ്ട്ടപ്പെട്ടു. ഞാൻ ക്യാമറ കൊണ്ട് ചെയാൻ ആഗ്രഹിച്ചതെല്ലാം ഫ്രൂട്ട് വേൽ സ്റ്റേഷൻ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചയാൾ ചെയ്തിരിക്കുന്നു എന്നാണ് അദ്ദേഹം അതിനെ കുറിച്ച് പറഞ്ഞത്. ആ ആളെ അന്നുതന്നെ അദ്ദേഹം അത്താഴത്തിന് ക്ഷണിച്ച് ആദരിച്ചു. ഇപ്പോൾ മികച്ച ഛായാഗ്രാഹണത്തിനുള്ള ഓസ്കാർ നോമിനേഷൻ നേടിയ റേച്ചൽ മോറിസൺ ആയിരുന്നു ആ ആദരം നേടിയത്. അന്ന്  ഫ്രൂട്ട് വേൽ സ്റ്റേഷൻ സംവിധാനം ചെയ്ത റയാനാണ് 2018 ലെ ഏറ്റവും വലിയ ഹോളിവുഡ് പണംവാരി ചിത്രമായ് ബ്ലാക് പാന്തറിന്റെ സംവിധായകൻ. റേച്ചൽ അതിന്റെ ഛായാഗ്രാഹകയും.


പൊതു വേദികളിൽ പോകാനോ വലിയ സദസിനെ അഭിമുഖീകരിക്കാനോ പാറ്റാത്ത സഭാകമ്പമുള്ളയാണ് 39 കാരിയായ റേച്ചൽ മോറിസൺ. ഓസ്കർ അവാർഡ് നിശയിൽ പങ്കെടുക്കാൻ തിരക്കിട്ടു ഒരുങ്ങി പോകുന്നതിനിടയിൽ മൂന്നു വയസുകാരൻ മകൻ ചോദിച്ചത്രേ, പതിവില്ലാതെ ഒരുങ്ങിക്കെട്ടി ഇതെങ്ങോട്ടാണ്. 


'അവന് ഇപ്പോൾ അത് മനസിലാകുന്ന പ്രായമല്ല. വളരുമ്പോൾ അതിന്റെ പ്രാധാന്യം മനസിലാകും. ഓസ്കാർ ചരിത്രത്തിൽ തൊണ്ണൂറ് വർഷത്തിനിടെ ആദ്യമായി ഒരു സ്ത്രീ ഛായാഗ്രഹണത്തിനുള്ള അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടു എന്നുള്ളത് ചെറിയ കാര്യമല്ലല്ലോ.' ഒപ്പമുള്ള തന്റെ ഭാര്യ റേച്ചൽ ഗാർസയെ നോക്കി അഭിമാനത്തോടെയാണ് റേച്ചൽ മോറിസൺ അത് പറഞ്ഞത്. അതെ, ഭാര്യതന്നെ. ന്യുയോർക്ക് യൂണിവേഴ്സിറ്റിയിൽ ഒരുമിച്ചു പഠിച്ച കാലം തൊട്ടുള്ള ലെസ്ബിയൻ പ്രണയിനി ഗാർസയെ വിവാഹം കഴിച്ചതാണ്. അവരും അറിയപ്പെടുന്ന ഛായാഗ്രാഹകയാണ്.


നൂറ്റാണ്ടിന്റെ പെരുമയിലെത്താൻ പത്തു വർഷം മാത്രം ബാക്കി നിൽക്കെയാണ് ഓസ്കാർ നാമനിർദേശ പട്ടികയിൽ ഒരു പെണ്ണിന്റെ പേര് ഛായാഗ്രഹണത്തിനുള്ള അവാർഡിനായി ഉൾപ്പെട്ടത്. ഹിലരി ജോർദാന്റെ ദി സൈം നെയിം എന്ന നോവലിനെ ആസ്പദമാക്കി ഡി റീസ് സംവിധാനം ചെയ്ത മഡ് ബൗണ്ട് എന്ന ചിത്രത്തിന്റെ ഛായാഗ്രഹണത്തിനാണ് റേച്ചൽ മോറിസൺ പരിഗണിക്കപ്പെട്ടത്. അഡാപ്റ്റേഷൻ തിരക്കഥ വിഭാഗത്തിൽ ഡി റീസിനും നോമിനേഷൻ ഉണ്ടായിരുന്നു. അതുവഴി രണ്ടു സ്ത്രീകൾ അതും ഒരേ ചിത്രത്തിന്റെ സംവിധായകയും ഛായാഗ്രാഹകയും ഒരേസമയം ഓസ്‌കാർ പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടു എന്ന പ്രതേകതയും ഇക്കുറി ഉണ്ടായിരുന്നു. 


റേച്ചൽ മോറിസണ് അവാർഡ് കിട്ടിയില്ലെങ്കിൽ പോലും അതിലേറെയാണ് ചരിത്രത്തിൽ ആ പേരിന്റെ സ്ഥാനം. കാരണം സ്ത്രീകൾക്ക് ഭാരമുള്ള ക്യാമറകളും മറ്റും താങ്ങിയെടുത്ത് നടക്കാനാകാത്തത് കൊണ്ടാണ് ആൺ മേധാവിത്തം നിലനിന്നത് എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ഒരു മേഖലയിൽ നിന്നാണ് ഈ വിജയം. 

'ഓ ഇത് കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. പുതിയ ടെക്‌നോളജിയിൽ ക്യാമറകൾക്ക് ഭാരം കുറഞ്ഞതുകൊണ്ട് ഇപ്പോൾകൂടുതൽ സ്ത്രീകൾ സിനിമയിൽ ഛായാഗ്രഹകർ ആകുന്നു എന്നും പറയുന്നുണ്ടല്ലോ. ഞാൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മണ്ടത്തരമാണിത്.' ജീവിത്തിന്റെ ഭാരം ഏറെ ചുമന്ന ഒരാളുടെ സ്വരത്തിലാണ് റേച്ചൽ മോറിസൺ ഇത് പറയുന്നത്. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് അമ്മയ്ക്ക് അർബുദം ബാധിക്കുന്നത്. പതിമൂന്നാം വയസിൽ പിതാവും രോഗബാധിതനായി. പതിനഞ്ചാം വയസിൽ അമ്മയും പിറകെ അച്ഛനും മരിച്ചു. കൂടെപ്പിറപ്പുകൾ ആരും ഉണ്ടായിരുന്നില്ല. അക്കാലത്ത് അച്ഛനമ്മമാരുടെഓർമ്മയ്ക്കായി പഴയ ആൽബങ്ങൾ മാത്രമാണ് കൂടെയുണ്ടായിരുന്നത്. അവ മറിച്ചു നോക്കിനോക്കി ഇരിക്കാനല്ലാതെ അക്കാലത്ത് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ആഗ്രഹിക്കുമ്പോൾ എല്ലാം ഓർമ്മകളിലേക്ക് തിരിച്ചു പോകാനുള്ള ഒരു മാർഗമായിരുന്നു ആ ഫോട്ടോകൾ. യവ്വനാരംഭത്തിൽ തികച്ചതും ഒറ്റപ്പെട്ടു പോയ റേച്ചൽ ഇപ്പോഴും ഏറെക്കുറെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞാണ് ജീവിക്കുന്നത്. ഇരുളടഞ്ഞു പോയ ഒരു ജീവിതത്തിൽ നിന്നും സന്തോഷങ്ങളെ എന്നത്തേക്കുമായി പകർത്തി വയ്ക്കാനുള്ള മാർഗമായി റേച്ചലിന് ഫോട്ടോഗ്രഫി മാറിക്കൊണ്ടിരുന്നു. നിശ്ചലമായി നിറംമങ്ങി പോകേണ്ടിയിരുന്ന അവരുടെ ജീവിതം മനോഹരമായ ഒരു സിനിമ പോലെ ചലനത്മകമായത് അങ്ങനെ തന്നെയാകണം. 


ഇക്കുറി മികച്ച ഛായാഗ്രാഹകയ്ക്കുള്ള ഓസ്കാർ സ്വീകരിച്ച് ഡോൾബി തിയറ്ററിലെ കൈയടികൾ ഏറ്റുവാങ്ങാൻ കാത്തിരുന്ന അവരെ പക്ഷെ ഭാഗ്യം തുണച്ചില്ല. പകരം ബ്ലെയിഡ് റണ്ണർ എന്ന ചിത്രത്തിലൂടെ റോജർ എ  ഡീക്കൻസിനായിരുന്നു അതിനുള്ള ഭാഗ്യം. ഭാഗ്യം എന്നാൽ പറയേണ്ടത്. കഴിഞ്ഞ പതിനാല് തവണ നാമനിർദേശം ചെയ്യപ്പെടുകയും പുരസ്‌കാരം ലഭിക്കാതെ പോകുകയും ചെയ്ത ആളാണ് ഡീക്കൻസ്. മികവുകാട്ടിയ ഒരു സ്ത്രീ സാന്നിധ്യമായി റേച്ചലിന്റെ പേരും അക്കാദമി പട്ടികയിൽ എന്നുമുണ്ടാകും.


കേംബ്രിഡ്ജ്, കോൺകോർഡ് അക്കാദമി, ന്യുയോർക്ക് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായാണ് റേച്ചൽ വിദ്യാഭാസം പൂർത്തീകരിച്ചത്. അതിന് ശേഷം ഹോളിവുഡിലെ എ എഫ് ഐ കൺസേർവേറ്ററിയിൽ സിനിമ ഛായാഗ്രഹണം പഠിക്കുകയും തുടർന്ന് 2006 ൽ ഫൈൻ ആർട്ട്സിൽ മാസ്റ്റർ ബിരുദം നേടുകയും ചെയ്തു. ടെലിവിഷനിലായിരുന്നു റേച്ചലിന്റെ തുടക്കം. ന്യുയോർക്കിലെ പ്രധാന ജയിൽ ആയ റിക്കേഴ്‌സ് ഐലൻഡിനെ കുറിച്ചുള്ള റിക്കേഴ്‌സ് ഹൈ എന്ന ഡോകുമെന്ററിയിലൂടെ. തുടർന്ന് എംടിവി റിയാലിറ്റി സീരീസ് ആയ ദ ഹിൽസിന്റെ ഫോട്ടോഗ്രാഫി ഡയറക്ടറായി രണ്ടു വർഷം ജോലി ചെയ്തു. അതിന് ശേഷമാണ് സിനിമ പ്രവേശം. പാലോ ഓൾട്ടോ എന്ന സിനിമയ്ക്കാണ് സ്വന്തമായി ആദ്യം ക്യാമറ ചലിപ്പിച്ചത്. ടിം ആൻഡ് എറിക്സ് ബില്യൺ ഡോളർ മൂവി, ഫ്രൂട്ട് വേൽ സ്റ്റേഷൻ, എനി ഡേ നൗ, സം ഗേൾസ്, ദി ഹാർവെസ്റ്, കേക്ക്, ഡോപ് എന്നിവ കൂടാതെ ഈ വർഷം നോമിനേഷൻ നേടിയ മഡ് ബൗണ്ടിന് പുറമെ ബ്ലോക് ബസ്റ്ററായ ബ്ലാക് പാന്തർ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. 


അമേരിക്കൻ എന്റർടൈൻമെന്റ് മാസികയായ വെറൈറ്റി, റേച്ചലിനെ വിശേഷിപ്പിച്ചത്  'ഇനി ഇവളാണ്‌' എന്നാണ്. സിനിമാട്ടോഗ്രാഫർമാർ കണ്ടു പഠിക്കേണ്ട ആളെന്നാണ് ഫിലിം ഇഡസ്ട്രി റിവ്യൂ വെബ്‌സൈറ്റായ ഇന്സിവിയർ അവരെ വിശേഷിപ്പിച്ചത്. 2013 ൽ കൊഡാക് വിഷൻ അവാർഡ് ലഭിച്ചു. ന്യുയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ അവാർഡും അമേരിക്കൻ സൊസൈറ്റി ഓഫ് സിനിമാട്ടോഗ്രാഫേഴ്സിന്റെ അതിപ്രതിഭാ പുരസ്ക്കാരവും ആദ്യമായി ലഭിച്ച വനിതയാണ് റേച്ചൽ.


'അഭിമാനിക്കാവുന്ന ചിത്രങ്ങൾ ചെയുക എന്നതാണ് എന്റെ ലക്ഷ്യം. വർഷത്തിൽ മൂന്ന് എന്നതിന് പകരം ഒന്ന് തിരഞ്ഞെടുക്കുമ്പോഴാണ് എന്റെ ജോലി ശരിയായി വിനിയോഗിക്കാൻ കഴിയുന്നത്. സിനിമയിൽ വളരെ കുറച്ചു ആളുകൾക്ക് മാത്രമേ വിജയിക്കാനാകൂ. ക്ഷമയും സ്ഥിരതയുമാണ് ഒരു സിനിമാട്ടോഗ്രാഫർക്ക് ആവശ്യം. ഒറ്റ രാത്രികൊണ്ട് വിജയം നേടാൻ കഴിയുകയില്ല. മറ്റാർക്കും ചെയ്യാൻ കഴിയാത്ത തരത്തിലാണ് ഞാൻ ജോലി ചെയുന്നത്. ഈ പതിനഞ്ചു വർഷങ്ങൾ ഒന്ന് കണ്ണുചിമ്മി അടയ്ക്കുന്ന സമയമായി മാത്രമേ എനിക്ക് അനുഭവപെട്ടിട്ടുള്ളൂ. മനുഷ്യന്റെ വികാരങ്ങളെ തിരശീലയിൽ എത്തിക്കേണ്ടത് ഒരു വലിയ ജോലി തന്നെയാണ്. ആൾത്തിരക്കിനോ ചിലപ്പോൾ ഒരു ജനക്കൂട്ടത്തിനോ ഇടയിൽ നിന്നുകൊണ്ട് എത്ര കാര്യങ്ങൾ ശ്രദ്ധിച്ചാണ് ഓരോ രംഗങ്ങളും ഷൂട്ട്‌ ചെയേണ്ടത്. എന്റെ ജോലിയിൽ റിയലിസം കൊണ്ടുവരാനാണ് ഞാൻ ശ്രമിക്കുന്നത്. എന്നാൽ സിനിമയിലെ മാജിക്കൽ റിയലിസത്തിൽ ഞാൻ കുരുങ്ങിക്കിടക്കുകയാണ്. തീയറ്ററിൽ ഇരുന്ന് സിനിമ കാണുന്നവർക്ക് ഒരു സന്ദേശമായിരിക്കണം എന്റെ വിഷ്വലുകൾ. സിനിമയ്ക്ക് ശേഷവും ആ സന്ദേശങ്ങൾ സമയോചിതമായി ഒരാളോട് സംവദിക്കണം.' റേച്ചൽ തന്റെ നിലപാടുകൾ പറയുന്നത് ഇങ്ങനെയാണ്.

 

അമേരിക്കൻ സ്വപ്നങ്ങളും യാഥാർഥ്യങ്ങളും തമ്മിലുള്ള സംഘട്ടനങ്ങളാണ് മഡ് ബൗണ്ട് എന്ന ചിത്രത്തിന്റെ കാതൽ. വർണ്ണ വിവേചനവും ഗ്രാമപ്രദേശങ്ങളിലെ ദാരിദ്രവുമാണ് പ്രമേയം. രണ്ടാം ലോക് മഹായുദ്ധത്തിനു ശേഷമുള്ള മിസിസിപ്പിയിലെ രണ്ടു കുടുംബങ്ങളുടെ കഥ പറയുന്ന തരത്തിലാണ് സിനിമ. ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് ചിത്രീകരണം പൂർത്തിയാക്കിയത്. പെട്ടന്നുണ്ടായ കൊടുംങ്കാറ്റും പേമാരിയും ലൂസിയാനയിലെ ചെളിയും ഷൂട്ടിങ് തടസപ്പെടുത്തി. എന്നിട്ടും പ്രകൃതി ദൃശ്യങ്ങൾ വളരെ ഭംഗിയായി ചിത്രീകരിക്കാൻ സാധിച്ചു. സ്ഫെറിക്കൽ ആൻഡ് അനോമോർഫിക് ലെൻസുകൾ ഒന്നിച്ചു ചേർത്താണ് ഷൂട്ട് ചെയ്തത്.  പ്രകൃതിയും മനുഷ്യനും മത്സരിക്കുമ്പോൾ എപ്പോഴും വിജയിക്കുന്നത് പ്രകൃതി തന്നെയാണ്. എങ്കിലും പ്രകൃതിയോട് വിധിയോടും മത്സരിച്ച് വിജയിച്ചയാളാണ്  റേച്ചൽ.


'പുരുഷൻ മാർ ഇരുപത്തിയഞ്ച് വയസിൽ ആർട്ടിസ്റ്റിക് ജീനിയസ് ആകുന്നെങ്കിൽ സ്ത്രീകൾക്ക്‌ അത് മുപ്പതാണ്. അപ്പോൾ ഒരു കുട്ടിയൊക്കെ ആകാം എന്ന് ആഗ്രഹിക്കുന്ന സമയമാണത്. എങ്കിലും എന്നെ കൊണ്ട് ഇത് ചെയ്യാൻ പാറ്റും. എനിക്കും സാങ്കേതിക വൈദഗ്ധ്യം ഉണ്ട്. ഒരു ക്യാമറ സംഘത്തെ നയിക്കാനുള്ള ആത്മവിശ്യാസമുണ്ട് എന്ന് ഞാൻ സ്വയം പറഞ്ഞുകൊണ്ടേയിരുന്നു. ഓസ്കാർ നോമിനേഷനിൽ ഉൾപ്പെട്ടു എന്ന് അറിഞ്ഞപ്പോൾ ഈ അവസരം കുറാസി, വാക്കർ, ഷ്രീബർ തുടങ്ങിയ വനിത സിനിമാറ്റോഗ്രഫർമാർക്ക്‌ ലഭിച്ചില്ലല്ലോ എന്ന് എനിക്ക് സങ്കടം തോന്നി. എനിക്ക് കിട്ടിയ ഈ അംഗീകാരം എന്റെ ജോലിക്കുള്ളതാണ്. മുഴുവൻ  സമയ സംവിധായക ആകാനൊന്നും എനിക്ക് താല്പര്യമില്ല. ക്യാമറ കൈകാര്യം ചെയ്യുന്നതാണ് എനിക്ക് ഇഷ്ട്ടം. ഞാൻ ചിത്രീകരിക്കാത്ത ഒരു ലോകത്തെ എനിക്ക് സങ്കൽപ്പിക്കാൻ പോലും അറിയില്ല. എന്റെ ലക്ഷ്യം വലിയ ക്യാൻവാസിലുള്ള  കഥാചിത്രങ്ങളാണ്.'


ഇതൊക്കെ പറയുമ്പോഴും കാലിഫോർണിയയിലെ കടൽത്തീരത്ത് സർഫിംഗ് ആസ്വദിക്കാനാണ് അവക്ക് കൂടുതൽ ഇഷ്ട്ടം. കാരണം, 'അതൊരു നല്ല കളിയാണ്. ഒറ്റയ്ക്ക് കളിക്കാവുന്ന ഒരു കളി. മറ്റെന്തിൽ ആയാലും കൂട്ടുകാർ വേണം.'  പതിനഞ്ചാം വയസിൽ ഒറ്റയ്ക്കായിപ്പോയ ഒരു പെൺകുട്ടി ഇപ്പോഴും അവർക്കുള്ളിൽ ജീവിക്കുന്നുണ്ട്. അവളാണ് ഇന്ന് സ്ത്രീകൾക്ക് ആകമാനം അഭിമാനിക്കാവുന്ന തരത്തിലേക്ക് വളർന്നത്. സ്വപ്നങ്ങൾ കൊണ്ടും കഠിനാധ്വാനം കൊണ്ടും. 


Login | Register

To post comments for this article