ദി ലാസ്റ്റ് ഓട്ടം ലീഫ് എന്ന ഇംഗ്ലീഷ് കവിത സമാഹാരം പ്രസിദ്ധീകരിച്ചു. ആയുർദ്ധ മെഡിക്കൽ കോർപറേഷൻ എംഡി. പുനലൂർ സ്വദേശി.

21/100/1

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മികച്ച 100 സിനിമകളിൽ ഒന്നാണ് കൊറിയൻ സംവിധായകൻ കിം കി ഡുക്കിന്റെ സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ ആൻഡ് സ്പ്രിങ്. സിനിമ നിരൂപണത്തിനുള്ള രാംനാഥ്‌ ഗോയങ്ക അവാർഡ് നേടിയിട്ടുള്ള ദി ഇന്ത്യൻ എക്സ്പ്രസ്സിലെ ശുഭ്ര ഗുപ്ത ഉൾപ്പടെ ആഗോളതലത്തിലെ 177 സിനിമ നിരൂപകർ ചേർന്ന് ബിബിസിക്കു വേണ്ടിയാണ് ഇങ്ങനെയൊരു തെരഞ്ഞെടുപ്പു നടത്തിയത്‌. 

കിം കി ഡുക്കിന്റെ മാസ്റ്റർ പീസ് ആയി വിശേഷിപ്പിക്കാവുന്ന 2003 ൽ പുറത്തിറങ്ങിയ സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ ആൻഡ് സ്പ്രിങ് ശീർഷകം പോലെ അഞ്ചു ഋതുകാലങ്ങളെ കവിതയെന്നപോൽ ജീവിതത്തിന്റെ അഞ്ചു വ്യത്യസ്ത ഘട്ടങ്ങളുമായി കോർത്തിണക്കി ഘടികാര യാത്ര നടത്തുന്നു. 


നാഗരികതയുടെ അസ്ഥിരതകളിൽ നിന്നും വിട്ടകന്ന് കൊറിയൻ മലനിരകൾ. അവയുടെ ആത്മാവിനെ ആവാഹിച്ച തെളിനീർ തടാകം. തടാകത്തിനു നടുവിൽ ധ്യാന വിശുദ്ധിയോടെ ഒരു ബുദ്ധാശ്രമം. ആശ്രമത്തിലെ അന്തേവാസികളായ ബുദ്ധ ഗുരുവും ശിഷ്യനും. യാത്രക്കാവശ്യമായ ഒരു ചെറുവള്ളം. ഇരു ലോകങ്ങളെയും ബന്ധിപ്പിക്കുന്ന ദ്വാരപാലകന്മാരെ കൊത്തിയ മോക്ഷ കവാടം.

വസന്തം

ബാല്യത്തിന്റെ നിഷ്കളങ്ക സുഗന്ധത്തിൽ വസന്തം. ജിതേന്ദ്രിയനായ ഗുരു. കുസൃതിയുടെ കളിയൊച്ചകളുമായി ബാലനായ ശിഷ്യൻ. ഇവിടെ ആണ് കഥയുടെ തുടക്കം. ആശ്രമത്തിലേക്ക് ആവശ്യമായ ഔഷധ ശേഖരണത്തിനായി ഇരുവരും തടാകം കടന്നു കാടിനുള്ളിലേക് എത്തുന്നു. ഉത്സാഹത്തോടെ മുന്നിൽ ഓടുന്ന ശിഷ്യനോട് പാമ്പുകളെ സൂക്ഷിക്കാൻ ഗുരു മുന്നറിയിപ്പ് നൽകുന്നു. ഔഷധ ശേഖരണത്തിനിടെ പാമ്പിനെ മുന്നിൽ കണ്ട ബാലൻ, ആദ്യം ഒന്ന് പകച്ചെങ്കിലും പിന്നീട് അതിനെ ദൂരേക്ക് വലിച്ചെറിഞ്ഞു. പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ പ്രകൃതിയിൽ നിന്ന് തന്നെയവൻ പഠിക്കുന്നു. ശേഖരിച്ച സമാന സസ്യങ്ങളിൽ നിന്ന് ഔഷധയോഗ്യവും വിഷയുക്തവുമായത് വേർതിരിച്ചറിയാൻ ഗുരു പഠിപ്പിക്കുന്നു. പ്രകൃതിയെന്ന തുറന്ന പാഠശാല നമുക്ക് മുന്നിൽ അനാവൃതമാകുന്നു. 

ഒരിക്കൽ കുസൃതിയുടെ വേലിയേറ്റത്തിൽ ബാലൻ പാറകൾക്കിടയിലുള്ള വെള്ളക്കെട്ടിൽ നിന്നൊരു മത്സ്യത്തെ പിടിക്കുന്നു. ഒരു കല്ല് നൂലിനാൽ അതിന്റെ ശരീരത്തോട് ബന്ധിച്ചു വിട്ടയയ്ക്കുന്നു. സമാന രീതിയിൽ ഒരു തവളയോടും പാമ്പിനോടും ചെയുന്നു. പ്രകൃതിക്കിണങ്ങാത്ത ഈ ചെയ്തിയിൽ ആനന്ദിക്കുന്ന ശിഷ്യനെ ഒളിഞ്ഞു നിന്ന് ഗുരു നിരീക്ഷിക്കുന്നു. അന്ന് രാത്രി ഉറങ്ങാൻ കിടന്ന ശിഷ്യന്റെ ദേഹത്ത് ഭാരമുള്ളൊരു കല്ല് കയർ കൊണ്ട് ഗുരു ബന്ധിപ്പിക്കുന്നു. പിറ്റേ ദിവസം ഭാരത്താൽ വിഷമിച്ച ശിഷ്യനോട് അവൻ ഉപദ്രവിച്ച ജീവികളെ മോചിപ്പിക്കാൻ ആവശ്യപ്പെട്ടു കൊണ്ട് ഇപ്രകാരം പറയുന്നു 'ഒരു കാര്യം ഓർക്കുക. അതിലേതെങ്കിലും ഒരു പ്രാണിക്ക് ഇതിനോടകം ജീവൻ നഷ്ടപെട്ടെന്നാൽ, ജീവിതാന്ത്യം വരെ ഈ കല്ല് നീ ഹൃദയത്തിൽ ചുമക്കേണ്ടി വരും.' അവൻ കാട്ടിൽ തിരികെ എത്തി ജീവികളെ തിരയുന്നു. തവള ഒഴികെ മറ്റു രണ്ടിനും മൃത്യു സംഭവിച്ചതറിഞ്ഞു വാവിട്ടു നിലവിളിക്കുന്നു. ഹൃദയസ്പർശിയായ ഈ രംഗത്തോടെ വസന്തം അവസാനിക്കുന്നു. 

കളങ്കരഹിതമായ വസന്തത്തിൽ സനാതന ധർമ്മവും സഹവർത്തിത്വവും പ്രകൃതിയിൽ നിന്ന് ഗുരു പഠിപ്പിക്കുന്നു. സ്വപ്നസമാനമായ ദൃശ്യാവിഷ്‌കാരം കൊണ്ട് കിം പ്രേക്ഷകഹൃദയം കയ്യിലെടുക്കുന്നു. 

ഗ്രീഷ്മം

കൗമാര കാമനകളിലേക്ക് ഗ്രീഷ്മം കാലുറപ്പിക്കുന്നു. ലൗകിക പ്രഹേളികകളിൽ നിന്ന് ഒരമ്മയും രോഗിണിയായ മകളും ഗുരുവിനെ കാണാൻ എത്തുന്നു. പെൺകുട്ടിയുടെ രോഗം ഉള്ളിൽ നിന്ന് തന്നെയെന്നും കുറച്ചു നാൾ ആശ്രമത്തിൽ അവൾ കഴിയട്ടെയെന്നും ഗുരു നിർദേശിക്കുന്നു. അമ്മ നഗരത്തിലേക്ക് മടങ്ങുന്നു. 

പ്രകൃതി സഹജമായ ആകർഷണവും കൗതുകവും കൗമാര തീക്ഷ്ണതയിൽ ബുദ്ധശിഷ്യനെയും പെൺകുട്ടിയെയും മാനസികമായി അടുപ്പിക്കുന്നു. രതിയിലൂടെ അവർ പൂർണ്ണത കണ്ടെത്തുന്നു. ക്രമേണ പെൺകുട്ടി സുഖം പ്രാപിക്കുന്നു. തുടരെയുള്ള അവരുടെ സമാഗമങ്ങളിലൊന്ന് ഗുരു കാണുന്നു. പാപബോധത്താൽ വിവശനായ ശിഷ്യനോട്, ലൈംഗികത പ്രകൃതിയുടെ ആവശ്യവും സ്വഭാവവുമാണെന്ന് ഗുരു ബോധിപ്പിക്കുന്നു. പെൺകുട്ടിയെ തിരികെ നഗരത്തിലേക്ക് അയക്കുന്നു. അവളുടെ വേർപാടിന്റെ തീവ്രതയിൽ ആശ്രമത്തിലെ ബുദ്ധവിഗ്രഹവും കോഴിയേയും അപഹരിച്ചു ശിഷ്യൻ കടന്നു കളയുന്നു.

സ്നേഹം, കാമം, രതി, ആനന്ദം, പാപഭാരം, വേർപാടിന്റെ ദുഃഖം -ഇവയിലൂടെ ഗ്രീഷ്മം പടിയിറങ്ങുന്നു. 


ശരത്കാലം

മഞ്ഞയും, ചുവപ്പും, ഇളം തവിട്ടു നിറവുമായി ഭൂമിയെ ചുംബിക്കാൻ വെമ്പി ഇലകൾ. ചില മരങ്ങൾ ഇല പൊഴിക്കാൻ തുടങ്ങിയിട്ടേ ഉള്ളു. ചിലതാകട്ടെ പൊഴിച്ചിട്ട ഇലകളാൽ ഭൂമിക്ക് മേൽ നയനമനോജ്ഞമായ പുതപ്പ് നെയ്തിരിക്കുന്നു. വർഷങ്ങൾക്കിപ്പുറം യൗവനയുക്തനായ ബുദ്ധശിഷ്യൻ ക്രോധം ജ്വലിക്കുന്ന കണ്ണുകളും അശാന്തമായ മനസ്സുമായി ആശ്രമത്തിലേക്ക് തിരികെ വരുന്നു. അയാളുടെ രൂപഭാവങ്ങൾക്ക് കാലാനുസൃതമായ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. ഭാര്യയെ കൊലപ്പെടുത്തിയ പാപക്കറ കഴുകി കളയാനും ആത്മശാന്തിക്കുമായ് ഗുരുചരണം പ്രാപിക്കുന്നു. ആത്മശാന്തി മറ്റൊരാൾ നൽകേണ്ടതല്ലെന്ന തിരിച്ചറിവിൽ ആത്മഹത്യക്ക് ശ്രമിക്കുന്നു. ഇഹം വെടിയാനുള്ള പ്രവർത്തിക്ക് ഗുരു തക്കതായ ശിക്ഷ വിധിക്കുന്നു. അനന്തരം ഹൃദയ സൂത്രമായ 'പ്രജ്ഞാപരമിതാ സൂത്രം' ആശ്രമമുറ്റത്ത് പൂച്ചയുടെ വാൽ കൊണ്ട് ചായത്താൽ എഴുതുന്നു. അത് കൊത്തിയെടുക്കാനും ഹൃദയമാലിന്യങ്ങളായ മോഹക്രോധദ്വേഷാദികളെ പുറന്തള്ളാനും ഉപദേശിക്കുന്നു. ഗുരുവിന്റെ വാക്കുകൾ അനുവർത്തിച്ചു ധ്യാനാത്മകമായ ഒരു ശാന്തിയിലേക്ക് അയാൾ ഉയരുന്നു. ഇതിനിടെ തിരഞ്ഞെത്തിയ അന്വേഷണ ഉദ്യോഗസ്ഥരോടൊപ്പം അയാൾ സമചിത്തനായി യാത്രയാകുന്നു. തന്റെ ദൗത്യം പൂർത്തിയായെന്ന തിരിച്ചറിവിൽ ഗുരു സമാധിപുൽകി.

ശരത്ക്കാലത്തിൽ യൗവനത്തിന്റെ ചപലതയും, പാപവും, പാപബോധവും, ശാന്തിയും, മോക്ഷവുമെല്ലാം കിം പ്രതിപാദിക്കുന്നു. ഓരോ ജീവിതവും ഓരോ സമസ്യയാണ്. പ്രകൃതിയിൽ നിന്ന് തന്നെ കണ്ടെടുക്കേണ്ട ഉത്തരങ്ങൾ. ആത്മശാന്തിക്കായി അലയുന്നവരോട് ഉള്ളിലെ പ്രകാശത്തിൽ ലയിക്കാൻ ശ്രീ ബുദ്ധൻ പറയുന്നു. ജീവിതമാകുന്ന കൊടുമുടിക്ക് മുന്നിൽ പ്രജ്ഞയറ്റുപോയവർക്ക് ഗുരു ഒരു ചേതനയാകുന്നു.

ശിശിരം

സർവ്വവും തണുത്തുറഞ്ഞു പ്രകൃതിക്കുമേൽ വെള്ളകമ്പളം മൂടിയപോൽ മഞ്ഞുകാലം. ശിക്ഷാകാലം കഴിഞ്ഞു തിരിച്ചറിവുകളിലേക്കുള്ള ഉയർത്തെഴുന്നേൽപ്പ്‌. മധ്യവയസ്കനായ ശിഷ്യൻ ആശ്രമത്തിലേക്ക് തിരികെ എത്തുന്നു. ഗുരുവിന്റെ സമാധി തിരിച്ചറിഞ്ഞു ആശ്രമ ചുമതലകൾ ഏറ്റടുക്കാൻ തയ്യാറാകുന്നു. ഗ്രന്ഥങ്ങളിൽ നിന്ന് ആയോധനകലയും ധ്യാനമുറകളും സ്വയം അഭ്യസിക്കുന്നു. 

ലൗകിക വിരക്തിയാൽ വീണ്ടുമൊരാൾ ആശ്രമകവാടം കടന്നെത്തുന്നു. മുഖം മൂടിയ ഒരു സ്ത്രീയും കൈക്കുഞ്ഞും. കുഞ്ഞിനെ ആശ്രമത്തിൽ ഉപേക്ഷിച് അവർ കടന്നുകളയുന്നു. പോകുംവഴി ഇരുട്ടിൽ ഹിമപാളികൾക്കിടയിലുള്ള ഒരു വിടവിൽ വീണവർ മരണമടയുന്നു. 

സ്വയം വെച്ചുകെട്ടിയ കല്ലും കയ്യിൽ ജ്ഞാനബുദ്ധ വിഗ്രഹവുമായി ശിഷ്യൻ മല കയറുന്നു. കഠിനമായ ക്ലേശങ്ങൾക്കൊടുവിൽ ഉത്തുംഗ ശൃംഗത്തിൽ വിഗ്രഹം പ്രതിഷ്ഠിക്കുന്നു. ശരീരമനോഭാരങ്ങൾ ഉപേക്ഷിച്ചു, പ്രജ്ഞയെയും ഇന്ദ്രിയങ്ങളെയും ജയിച്ച ഗുരുവിലേക്കുള്ള ആത്മീയ പ്രയാണം. 

കിം തന്നെയാണ് ശിശിരത്തിൽ ശിഷ്യനായി എത്തുന്നത്. 

വീണ്ടും വസന്തം

മറ്റൊരു ബാല്യത്തിന്റെ വസന്തത്തിലൂടെ കിം വീണ്ടും നമ്മെ കൈപിടിച്ചു നടത്തുന്നു. കൈക്കുഞ്ഞു തേജസുറ്റ ഒരു ബാലനായി മാറിയിരിക്കുന്നു. പഴയ കാലത്തിന്റെ ആവർത്തനം. ശരിതെറ്റുകൾ.. തിരിച്ചറിവുകൾ... 

പാത്രസൃഷ്ടികൊണ്ടും, ദൃശ്യാവിഷ്കാര സവിശേഷതകൊണ്ടും സംവിധാനമികവ് കൊണ്ടും എതിരാളികൾ ഇല്ലാത്തൊരൊറ്റയാനായ് കിം കി ഡുക് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കുന്നു. അന്താരാഷ്ട്ര ചലചിത്രോത്സവങ്ങളിലെ നിറസാനിദ്ധ്യമായ, സിനിമാ ലോകത്തെ 'ബാഡ് ഗൈ', 'മോൺസ്റ്റർ' എന്നിങ്ങനെ അറിയപ്പെടുന്ന കിം, തന്റെ ചിത്രങ്ങളെ കുറിച് ഇങ്ങനെ പറയുന്നു, 'ഞാനൊരു മാന്ത്രികനോ സെൻ ബുദ്ധിസ്റ്റോ അല്ല. എന്റെ സിനിമകൾ സമൂഹത്തിൽ പാർശ്വവൽക്കരിക്കപെട്ടവർക്കു വേണ്ടിയുള്ളതാണ്. ചില കാര്യങ്ങൾ എനിക്ക് മനസിലാകുന്നില്ല, അതുകൊണ്ട് ഞാനതിനെ പറ്റി സിനിമയെടുക്കുന്നു.'


അൻപത്തിയേഴുകാരനായ കിം കി ഡുക് ദക്ഷിണ കൊറിയയിലെ ക്യോങ്‌സാങ് പ്രവിശ്യയിലാണ് ജനിച്ചത്. സാമ്പത്തിക ക്ലേശം കിമ്മിന്റെ തുടർപഠനത്തെ ബാധിച്ചതിനാൽ ജീവിതോപാധിയായി പല തൊഴിലുകളും സ്വീകരിച്ചു. രാജ്യത്തെ നിർബന്ധിത സൈനിക പരിശീലനവും നേടി. ചിത്രകലാ പഠനത്തിനായി 1990 ൽ പാരിസിലേക്ക് ചേക്കേറി. അവിടെ വെച്ച് സിനിമ തന്നെ തന്റെ തട്ടകമെന്ന് ഉറപ്പിച്ചു. കറയറ്റ വാഞ്ഛയോടെ സിനിമയെ കുറിച്ച് സ്വയം ആർജിച്ച അറിവുകളും കാഴ്ചപ്പാടുകളുമായ് തിരികെ നാട്ടിലേക്ക്. പിന്നീട് പല മത്സരങ്ങളിലേക്കും തുടർച്ചയായ് തന്റെ തിരക്കഥകൾ അയച്ചു. 1993ൽ ഒരു തിരക്കഥക്ക് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്ക്രീൻ റൈറ്റിംഗ് അവാർഡ് ലഭിച്ചു. അതായിരുന്നു സിനിമാ ജീവിതത്തിലെ ആദ്യ വഴിത്തിരിവും സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പും. 1996 ൽ കന്നി ചിത്രമായ 'ക്രോക്കഡൈൽ' വെളിച്ചം കണ്ടു. പിന്നീട് പിൻചുവട് ആവശ്യമില്ലാത്ത ഒറ്റയാൾ മുന്നേറ്റം. 

നാം ജീവിക്കുന്ന ഈ ലോകം സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാൻ പ്രയാസമെന്നു പറഞ്ഞു നിർത്തുന്ന 3-അയൺ, ലൗകികതെയും ആത്മീയതെയും ഇഴചേർത്തു കാലചക്രത്തിൽ കൊരുത്തിട്ട സ്പ്രിങ് സമ്മർ ഫാൾ വിന്റർ ആൻഡ് സ്പ്രിങ്, വേശ്യാ വൃത്തിയിൽ ഏർപ്പെടുന്ന രണ്ടു പെൺകുട്ടികളുടെ കഥ മൂന്ന് ഭാഗങ്ങളിലായി പറയുന്ന സമരിറ്റൻ ഗേൾ, വൃദ്ധന്റെയും കന്യകയുടെയും അസാധാരണ ബന്ധവുമായി ദി ബോ, കൊറിയയിൽ വർധിച്ചു വരുന്ന അധോലോക പശ്ചാത്തലത്തിൽ ഒരമ്മയുടെയും മകന്റെയും കഥ വിവരിക്കുന്ന പിയെത്ത, ഉത്തര -ദക്ഷിണ കൊറിയൻ രാഷ്ട്രീയ പശ്ചാത്തലങ്ങൾ അടയാളപ്പെടുത്തുന്ന ദി നെറ്റ്, ഐൽ, ബാഡ് ഗയ്‌, ആറിരങ്, തുടങ്ങി മുപ്പത്തിരണ്ടോളം ചിത്രങ്ങൾ. 2001ൽ പുറത്തിറങ്ങിയ ദി അഡ്രസ് അൺനോൺ, 2002 ലെ ദി കോസ്റ്റ് ഗാർഡ് എന്നിവ കിമ്മിന്റെ ആത്മകഥാംശമുള്ള സിനിമകളാണ്.

 സംവിധായകൻ, തിരക്കഥാകൃത്, നിർമാതാവ്, നടൻ എന്നിങ്ങനെ മാറി മാറിയുള്ള വേഷപ്പകർച്ച. സിൽവർ ലയൺ, സിൽവർ ബെയർ, ഗോൾഡൻ ക്രോ, ഗ്രാൻഡ് പ്രിക്സ്, നെറ്റ്പാക് തുടങ്ങി എണ്ണമറ്റ പുരസ്‌കാരങ്ങൾ. 

ഈ സ്വപ്ന സദൃശ്യ ലോകത്ത് വിലക്കുകളില്ലാത്ത ആകാശത്ത്‌ വൃഥാ സ്വപ്നസഞ്ചാരം നടത്തുന്ന ഒരേകാകി അല്ല കിം. സിനിമ എന്ന വിസ്മയ ചുഴിയിലേക്ക് ചലച്ചിത്ര ആരാധകരെ വലിച്ചടുപ്പിക്കുന്ന മാന്ത്രികനാണ്. പ്രകൃതിയിലേക്ക്, പച്ചയായ മനുഷ്യരിലേക്ക്, അവരുടെ വൈകാരികതകളിലേക്ക് കാറ്റ് പോലെ ചൂഴ്നിറങ്ങുന്ന സർഗ്ഗപ്രതിഭ. ക്യാൻവാസിൽ നിറക്കൂട്ടുകൾ കൊണ്ട് ജീവിതം ഒപ്പുന്ന കിം കി ഡുക് അതേ ചാതുര്യത തന്റെ ഫ്രെയിമുകളിലും പ്രകടമാക്കുന്നു. അദ്ദേഹത്തിന്റെ ഓരോ ചിത്രവും ഓരോ സമസ്യയാണ്. പശ്ചാത്തലസംഗീത, സംഭാഷണ മിതത്വം എന്നിവ പുലർത്തുമ്പോഴും ആഴമേറിയ അർഥതലങ്ങളാൽ സമ്പുഷ്ടമാണ് ഓരോ ഫ്രെയിമും. അവ പ്രേക്ഷക മനസ്സിൽ ചിന്തകളുടെ ഒരായിരം പൂത്തിരികൾ കത്തിക്കുന്നു. മാറിമറിയുന്ന ജീവിതതത്വങ്ങളെയും ആളിപ്പടരുന്ന ജീവിതാസക്തികളെയും സ്വത്വത്തിന്റെ സങ്കീർണ്ണതകളെയും പുറംതോടില്ലാതെ കിം ക്യാമറക്കുള്ളിൽ പകർത്തുന്നു. 'മനുഷ്യൻ എന്ത് എന്നും മാനവികത എന്തെന്നും ഞാൻ തിരയുന്നു. എന്റെ ചിത്രങ്ങൾ ക്രൗര്യത കുത്തിനിറച്ചതെന്ന് നിങ്ങൾ ചിലരെങ്കിലും പറയുന്നുണ്ടല്ലോ. ഞാനും നിങ്ങളും പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന് നേരെയുള്ള കണ്ണാടിയാണവയെല്ലാം. ഒരു പരിധി വരെ നമ്മൾ തന്നെ.' ലോകസിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായ, ആരാധക ബാഹുല്യത്തിൽ മുൻ നിരക്കാരനായ കിം കി ഡുക് തന്റെ നയം വ്യക്തമാകുന്നവാക്കുകളാണിത്.


Login | Register

To post comments for this article