ഉന്മത്തതകളുടെ ക്രാഷ് ലാന്റിങ്ങുകൾ‍, ടെക്വീല, ഉളിപ്പേച്ച് എന്നീ കവിതാ സമാഹാരങ്ങൾ‍ പ്രസിദ്ധീകരിച്ചു. പത്തനംതിട്ട സ്വദേശി. ദുബായിൽ ജോലി ചെയ്യുന്നു.

മ്മടെ കരുണാകരന്‍ ചിലപ്പോ ബോലാനോ

കുറച്ചു വര്‍ഷങ്ങള്‍ക്ക് മു​ൻപ് പ്രോജെക്റ്റ്‌ ഗുട്ടെന്‍ബര്‍ഗ് എന്ന പേരില്‍ പല കാലങ്ങളില്‍ എഴുതപ്പെട്ട പതിനഞ്ചായിരത്തോളം പുസ്തകങ്ങളുടെ എഴുത്തുകാരെ; പലകാലങ്ങളില്‍ എഴുതിയ അവരുടെ എഴുത്തിന്റെ രീതികളുടെ സാമ്യതകള്‍ കൊണ്ട് അടയാളപ്പെടുത്തുവാന്‍ നടത്തിയ ഒരു ശ്രമത്തെ പറ്റി വായിച്ചിരുന്നു. പതിനൊന്നു സ്വഭാവത്തില്‍ പെട്ട എഴുത്തുരീതികളായി മേല്‍പ്പറഞ്ഞ എഴുത്തുകാരെ തരംതിരിക്കാനായ ആ ശ്രമത്തില്‍ ചില രസകരമായ വെളിപ്പെടുത്തലുകളും ഉണ്ടായി. ഭാഷ, ഭാവന, ആഖ്യാനത്തിലുള്ള വ്യത്യസ്തതകള്‍ എ​ന്നീ വേറിട്ട്‌ നില്‍ക്കലുകള്‍ക്ക്​ ഉ​പരിയായ ചില സാമ്യതകള്‍ ഈ എഴുത്തുകാര്‍ക്ക് ഇടയിലുണ്ട് എന്ന കണ്ടെത്തല്‍ ഈ പ്രോജ​ക്റ്റ് വായിച്ച  കാലത്ത് അത്ഭുതകരമായി തോന്നിയ ഒരു വസ്തുതയാണ്.

എഴുത്തിനെ ജീവിതത്തോട് ബന്ധിപ്പിക്കുന്നതോ എഴുത്തില്‍​ ​നിന്ന് വേര്‍പെട്ടു നില്‍ക്കുന്നതോ ആയ എന്തെല്ലാമാണ് ജീവിതത്തിലുള്ളത് എന്നു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന, എഴുത്തിന്റെതായ​ ​ആ മുന്നോട്ട് എറിയപ്പെട്ട കല്ലിനെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍, ഭാവനയുടെ ആന്തരിക​ ​ലോകത്തെ​ ​ജീവിതത്തോട് ബന്ധിപ്പിക്കുന്ന ഒരെഴുത്തുകാരനെ​ ​വായിച്ചുകൊണ്ടിരുന്ന കാലം കൂടിയായിരുന്നു അത്. 

വായിച്ച ലോകത്തെ പറ്റി, ആ എഴുത്തുകാരന്‍ സൃഷ്ടിച്ച ഉന്മാദലോകത്തിന്റെ പല അടരുകളെ പറ്റി, അത്തരം യാത്രകളുടെ അനുഭവത്തെ പറ്റി ബാഹ്യലോകത്തോട്‌ പറയാന്‍ വാക്കുകള്‍ കിട്ടാത്ത​ ​വിധം​ ​വായന ഒരു ഉന്മാദകാലമായിരുന്നു. വായനക്കാരന്റെ ആന്തരിക ലോകങ്ങളില്‍ അയാള്‍ സൃഷ്ടിച്ച ഇടങ്ങള്‍ വായനയുടെ ആത്മാവിനോട് അത്രയേറെ ഇഴുകി നിന്നിരുന്നു.​ ​എഴുത്തുകാരന്‍, കവി എന്നൊക്കെ സ്വയം പരിചയപ്പെടുത്താന്‍ മടിയുള്ള ഇതെഴുതുന്ന വായനക്കാരനാവട്ടെ​,​ വായിച്ച കൃതികളില്‍ സൃഷ്ടിക്കപ്പെട്ട എഴുത്തുകാരുടെ കൂട്ടം ചേരല്‍, അവരുടെ കുറ്റകൃത്യങ്ങളിലെ കവിത നുരയുന്ന ഒളിയിടങ്ങ​ൾ എന്നിവയൊക്കെ ഒട്ടും പരിചിതമല്ലാത്ത ഒരു ഇടത്തെപ്പറ്റിയുള്ള അവിശ്വസനീയയോടെ വായിച്ചു പോന്നു. എഴുത്തുകാരില്‍ ഒളിച്ചു പാര്‍ക്കുന്ന ഒരു കുഴലൂത്തുകാരനെ പറ്റിയുള്ള സങ്കല്‍പമാവട്ടെ ദൃഡമായിക്കൊണ്ടുമിരുന്നു. എഴുത്തുകാരന്റെ കുഴലൂത്ത് പ്രകോപനത്തെ തന്റെ ഭാവനയുടെ വിത്തായി ഉള്‍ക്കൊണ്ട്, ഉള്ളില്‍ ഒരു മായായാത്രയ്ക്ക് തയ്യാറെടുക്കുന്ന കുട്ടിയായിരുന്നു ​ഞാൻ എന്ന ​വായനക്കാരനപ്പോള്‍.​ ​മറ്റൊരു ഭാഷയില്‍ അന്‍പതോളം വര്‍ഷമെന്ന ചെറിയ ജീവിതകാലം കാലം വലിയ ഒരു ലോകത്തെ വിട്ടുപോയ ഇടത്ത് ​അവശേഷിപ്പിച്ച ആളായിരുന്നു ആ എഴുത്തുകാരന്‍. അയാളെ തേടി മരണശേഷം അംഗീകാരങ്ങളെത്തി. അയാളുടെ അപൂര്‍ണ്ണമായ കൃതിയ്ക്ക് പോലും വ്യത്യസ്തങ്ങളായ വായനകള്‍ ഉണ്ടായി. അത് ഭാഷകളുടെ അതിരുകളെ ഭേദിച്ച് മലയാളമെന്ന കൊച്ചു ഭാഷയിലുമെത്തി. അതിനും മുന്നേ അയാളുടെ ആംഗലേയത്തിലേക്ക് മൊഴിമാറ്റപ്പെട്ട കഥകളും കവിതകളും നോവലുകളും ചുരുക്കം ചില മലയാള​ ​വായനക്കാരെ അതിശയിപ്പിച്ചിരുന്നു താനും.


ഏറെ യാദൃശ്ചികമായി, മുന്നേ പറഞ്ഞ മറ്റൊരു ഭാഷയിലെ എഴുത്തുകാരനെ വായിച്ചു കൊണ്ടിരുന്ന അതേ കാലത്തും, അതിനു ശേഷമുള്ള കഴിഞ്ഞ കുറെ വര്‍ഷങ്ങളിലും മലയാളത്തില്‍ എഴുതിയിരുന്ന ​പ്രിയപ്പെട്ട മറ്റൊരു എഴുത്തുകാരന്റെ കൃതികളില്‍ ആദ്യം പറഞ്ഞ എഴുത്തുകാരന്റെ തുടര്‍ച്ചയുടെ അടയാളങ്ങളെ അനുഭവിക്കാനാവുന്നു. ഈ തുടര്‍ച്ച ബോധപൂര്‍വം സൃഷ്ടിച്ചെടുത്ത ഒന്നല്ല എന്ന അചഞ്ചലമായ ബോധ്യത്തെ പറ്റി ആദ്യമേ പറഞ്ഞു കൊള്ളട്ടെ. അതിശയിപ്പിക്കുന്ന സമാനതകള്‍ വലിയൊരു അളവുവരെ ആനന്ദത്തിന്റെതാണ്. ഈ ആനന്ദം വായനയുടെ തുടര്‍ ആഘോഷങ്ങളുമാണ്.

മേല്‍ പറഞ്ഞ രണ്ടു പേരെ വായിക്കുന്ന സമയത്ത്, ഏതാണ്ട്​ ​അതേ കാലത്ത് എന്റെ ഭാഷയിലെ ഒരു ചെറുപ്പക്കാരനായ എഴുത്തുകാരന്‍ അപ്പോള്‍ ജീവിച്ചിരിക്കാത്ത വിദേശിയായ എഴുത്തുകാരനെ പറ്റി, “അയാള്‍ എന്റെ കൃതികള്‍ വായിക്കാത്ത സ്ഥിതിക്ക് ഞാനയാളെയും വായിച്ചിട്ടില്ല” എന്നോ മറ്റോ പറയുകയുണ്ടായി. “ഈ ഭാഷയിലും, ഈ രാജ്യത്തും ഒരു ചെറുപ്പക്കാരനായ എഴുത്തുകാരന്‍ എത്താവുന്ന ദൂരങ്ങള്‍ എല്ലാം താണ്ടിയ ഞാനെന്ന്”  ആ​ മലയാളി എഴുത്തുകാരന്‍ മറ്റൊരിടത്ത്, മറ്റൊരു രാജ്യത്ത് വച്ച്​ പ​റയുമ്പോള്‍ കേള്‍വിക്കാരനായിരുന്നു,​ ഞാൻ എന്ന വായനക്കാരന്‍.​ ​അസൂയാവഹമായ നേട്ടങ്ങളാണ് ഇവയൊക്കെ എന്ന മട്ടില്‍ ചെറുപ്പക്കാരനായ എഴുത്തുകാരന്‍ പറയുമ്പോള്‍  ഞാന്‍ മറ്റൊരു കാര്യമോര്‍ത്തു. അന്ന് ചെറുപ്പക്കാരന്റെ വിവാദപരമായ ആ സംഭാഷണത്തിന് മറുപടിയെന്നെന്നോണം ഏറെ മുന്നേ മരിച്ചു പോയ മറ്റൊരു ദേശത്തെ, ഞാനപ്പോള്‍ വായിച്ചു കൊണ്ടിരുന്ന പുസ്തകങ്ങളുടെ സൃഷ്ടാവായ എഴുത്തുകാരന്‍, ​മലയാളിയായ ആ എഴുത്തുകാരനെ അഭിസംബോധന ചെയ്തെഴുതുന്നു എന്ന മട്ടില്‍ മലയാളത്തിലെ മറ്റൊരു പ്രമുഖ എഴുത്തുകാരന്‍ ​ഒരു കത്തെഴുതി. ആ കത്ത് പച്ചക്കുതിര മാസികയിലോ മറ്റോ പ്രസിദ്ധീകരിച്ചു വന്നിരുന്നു.


​​റോബര്‍ട്ടോ​ ​ബോലാനോ (അതോ​ ​ബോലാഞ്ഞോ-യെന്നോ) യെ​ ​വായിച്ചു​ ​കൊണ്ടിരുന്ന​ ​കാലത്തെ​ ​പറ്റിയായിരുന്നു​ ​ആദ്യം​ ​പറഞ്ഞത്. ബോലാനോയായിരുന്നു​ ​എഴുത്തിലെ​ ​ആ​ ​പൈഡ്പൈപ്പര്‍. ഒട്ടൊരുഹാസ്യ​ ​രൂപേണ​ ​എന്ന്​ ​തോന്നിപ്പിക്കുന്ന​ ​വിധം​ ​ചിലിയിലെ​ ​ഒരു​ ​കാലത്തെ​ ​രാഷ്ട്രീയ​ ​സാഹചര്യത്തെ​ ​പറ്റി, കവികളെ, വിപ്ലവകാരികളെ, സാഹസികനായ​ ​ഒരു​ ​ആകാശയാത്രികനെ​ ​പറ്റി​ ​പറഞ്ഞ​ ​നോവല്‍​ ഡിസ്റ്റന്റ് സ്റ്റാർ ആയിരുന്നു​ ​ആദ്യ​ ​വായന.​ ​ആനോവലിലെ​ ​മാജിക്കല്‍​ ​റിയലിസം​ ​തുളുമ്പുന്ന​ ​കവികളുടെയും​ ​എഴുത്തുകാരുടെയും​ ​ജീവിതചര്യകള്‍, കവികളുടെയും​ ​എഴുത്തുകാരുടെയും​ ​കൂട്ടംചേരലുകള്‍; ഇവയൊക്കെ​ ​ജീവിതവും​ ​കാലവും​ ​എഴുത്തും​ ​തമ്മിലെ​ ​വേര്‍പിരിക്കാനാവാത്ത​ ​എന്തോ​ ​ഒന്ന് ഈഎഴുത്തുകാരനെ​ ​കൂടുതല്‍​ ​കൂടുതല്‍​ ​വായിക്കാന്‍​ ​പ്രേരിപ്പിച്ചു. അങ്ങനെയാണ്​ ​ ​അമ്യൂലെറ്റ്, 2666, സാവേജ് ഡിക്ടറ്റീവ്സ് തുടങ്ങിയ​ ​മറ്റു​ ​പല​ ​കൃതികളിലുമെത്തിയത്. ഒടുവിലായാണ്​​​ ബോ​ലാഞ്ഞോയുടെ​ ​ആദ്യ​ ​നോവല്‍, മൂന്നു​ ​ആണ്‍കഥാപാത്രങ്ങളുടെ​ ​ഏറ്റുപറച്ചിലിന്റെ​ ​ആഖ്യാനരീതി​ ​അവലംബിച്ച​ ​ദി സ്‌കേറ്റിങ് റിങ്ക്‌ ​വായിക്കുന്നത്. പരിമിതവും​ ​ലഭ്യമായതുമായ​ ​പുസ്തകങ്ങള്‍​ ​വായിക്കുമ്പോള്‍​ ​ബോലാനോയുടെ​ ​ആഖ്യാനത്തിന്റെ, എഴുത്തില്‍​ ​പൊതുവായി​ ​വന്നു​ ​പോവുന്ന​ ​കവികളുടെ​​യും​ ​വിപ്ലവകാരികളുടെ​യും ​ സാന്നിധ്യം, അവരുടെ​ ​അപകടകരമാം​ ​വിധം​ ​സാഹസിക​ ​ജീവിതവും​ ​കൂട്ടായ്മയും, പലപ്പോഴും​ ​ഒരുമുത്തശ്ശിക്കഥയെന്ന​ ​മട്ടില്‍പറയുന്ന, പ്രവാസ​ ​ജീവിതത്തിന്റെ​ ​ഒളിവും​ ​നിറവും, അതിന്റെ​ ​അനിശ്ചിതത്വങ്ങള്‍​ ​ഒക്കെ​ ​വായനക്കാരന്റെ​ ​വിശപ്പിനെ​ ​ഒടുക്കാനും എഴുത്തിലേക്ക്​ പ്രകോപിപ്പിച്ചു​ ​കൂടെ​ ​വരാനും​ ​കാരണമായിട്ടു​ണ്ടാവണം,​ ​ഒരുപരിധിവരെ. പലപ്പോഴും​ ​വായനാനുഭവമെന്നത് ദൃശ്യങ്ങളുടെ​ ​ഒരു​ ​പത്മവ്യൂഹമായിതോന്നാറുണ്ട്.​ ​പുറത്തിറങ്ങാന്‍​ ​ശ്രമിക്കുന്തോറും​ ​ഉള്ളില്‍​ ​കുടുക്കിയിടുന്ന​ ​ഒരുലാബറീന്ത്‌​ ​.കവികളുടെ​ ​ഉന്മാദതുല്യമായ​ ​ഇടപെടലുകള്‍​ ​​എൻഡ് ലെസ് പൊയട്രി എന്നചലച്ചിത്രത്തിലും​ ​മറ്റും പിന്നീട് കണ്ടിട്ടുണ്ട്.

അതേ കാലത്തും, കഴിഞ്ഞ ഏഴു വര്‍ഷമായും​ ​മലയാളത്തിലെ മറ്റൊരു എഴുത്തുകാരനെ ബോലാഞ്ഞോയുടെ​ ​വാക്കുകളുടെ, ആന്തരിക ലോകത്തിന്റെ നിഴല്‍ പറ്റിയുള്ള നടത്തമെന്നോണം വായിച്ചു പോന്നു. കരുണാകരന്‍ എന്ന ആ പ്രിയപ്പെട്ട എഴുത്തുകാരന്‍ ഈ വര്‍ഷങ്ങളില്‍ തന്‍റേതു മാത്രമായ ഭാവനയുടെ മറ്റൊരു ലോകത്തില്‍ തന്‍റേതു മാത്രമായ ഒരു ഭാഷയില്‍ താന്‍ കടന്നു പോന്ന ജീവിതത്തെയും കാലത്തെയും പറ്റി എഴുതു​ന്നു എന്ന് തോന്നിപ്പിക്കുന്ന മട്ടില്‍, തന്റെ സമകാല​ ​ജീവിതത്തോടും കാലത്തോടും ചേര്‍ന്നു നില്‍ക്കുന്ന പുതു ഭാവുകത്വത്തെ വെളിപ്പെടുത്തിക്കൊണ്ടിരുന്നു. പലപ്പോഴും മുറകാമിയുടെ, ബോലനോയുടെ​ ​പാമുകിന്റെയൊക്കെ ഭാവനയോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു എഴുത്ത് ലോകം അയാള്‍ക്ക് ചുറ്റുമുണ്ട് എന്ന് അനുഭവിപ്പിച്ചു കൊണ്ടിരുന്നു. എന്റെ​ ​ദ്വിഭാഷാ കവിതാ​ ​സമാഹാരമായിരുന്ന ടെക്വില​യുടെ ആമുഖത്തില്‍ കവിതയിലെ ചിത്രണത്തെ പറ്റി എഴുതുന്നതില്‍ കരുണാകരന്‍ അല്ലാതെ മറ്റൊരാളെ മനസ്സില്‍ വന്നിരുന്നില്ല.​ ​സമൂഹമാധ്യമം ആശയകൈമാറ്റങ്ങളുടെ വേഗത കൂട്ടിയ വര്‍ഷങ്ങളില്‍ കരുണാകരനുമായി നിരന്തര സമ്പര്‍ക്കങ്ങളുണ്ടായി. അത് എഴുത്തിന്റെ, വായന​യുടെ പുതിയ ദിശാബോധം നല്‍കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.

കരുണാകരന്‍ എന്ന ആ എഴുത്തുകാരന്റെ മരക്കൊമ്പിലെ കാക്ക, ബൈസക്കില്‍ തീഫ്, യുവാവായിരുന്ന 9 വര്‍ഷങ്ങള്‍ (നോവലുകള്‍), അതികുപിതനായ കുറ്റാന്വേഷകന്‍ (കഥകള്‍) തുടങ്ങി കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ആനുകാലികങ്ങളില്‍ വായിച്ച കഥകളുടെ വായനാനുഭവം കൊണ്ട്, ഈ എഴുത്തിന്റെ ഒരു പിന്തുടര്‍ച്ച അത് ബോലാനോയില്‍ ചെന്ന് നില്‍ക്കുന്ന​താ​യുള്ള തോന്നലില്‍ നിന്നാണ് ഈ കുറിപ്പുണ്ടാവുന്നത്. രണ്ടു പേര്‍ക്കും ഇടയിലുള്ള ഭാഷയുടെ സാമ്യത ഈ യാത്രയുടെ ഒരു താക്കോലാണ്. ഉപമകളുടെ അന്യാദൃശമായ വേറിട്ട്‌ നില്‍ക്കല്‍ മറ്റൊരു അടയാളമാണ്.

അത് പ്രിയപ്പെട്ട രണ്ടാമത്തെ എഴുത്തുകാരന്‍ അറിഞ്ഞു സംഭവിക്കുന്നതല്ല എന്ന വിശ്വാസത്തെ, ഉറപ്പിനെ ആദ്യമേ പറഞ്ഞുവല്ലോ.എങ്കിലും​ ​ഏറെ ​​അതിശയകരമായി തോന്നുന്ന ഒരു സാമ്യതയെ പറ്റി, അതി സാഹസികമായ ഒരു വെളിവാക്കല്‍ പോലെയുള്ള ആ കാഴ്ചയെ പറ്റി കരുണാകരനോട് തന്നെ പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ ഭാഷയിലെ ​​ബോലഞ്ഞോ എന്ന് വിളിച്ച് ചിരിച്ചിട്ടുമുണ്ട്.​ ​അങ്ങനെയൊന്ന് അതീവ രസകരമായ ഒന്നായി പങ്കു വെയ്ക്കാന്‍ കരുണാകരനല്ലാതെ മറ്റൊരു എഴുത്തുകാരനുമായുള്ള സൗഹൃദത്തിനുമാവില്ലയെന്നതാണ് ഇങ്ങനെ ഒരു കുറിപ്പിനുള്ള കാരണം തന്നെ. ​  

ഒടുവില്‍ വായിച്ച രണ്ടു പുസ്തകങ്ങ​ളായ യുവാവായ 9 വര്‍ഷങ്ങളിലും സ്കേറ്റിംഗ് റിങ്കിലും ഈ സാമ്യത കാണാനാവും ആഖ്യാനത്തില്‍ രണ്ടു നോവലുകളിലും. രണ്ടു ദേശങ്ങളില്‍, രണ്ടു സാഹചര്യങ്ങളില്‍, രണ്ടു കാരണങ്ങളാല്‍ സംഭവിക്കുന്ന രണ്ടു കൊലപാതകങ്ങളാണ് ഈ നോവലുകളുടെ ഇതിവൃത്തങ്ങള്‍. അത് കേവല സാമ്യതയാണ്. ബോലാനോയുടെ ഏറ്റവും ​​മോശം കൃതികളില്‍ ഒന്നായാണ് സ്കേറ്റിംഗ് റിങ്ക് വിലയിരുത്തപ്പെടുന്നത്. കരുണാകരന്റെ ഏറ്റവും നല്ല നോവലുകള്‍ ഒന്നാണ് യുവാവായ 9 വര്‍ഷങ്ങള്‍. അതിലെ കൊലപാതകത്തിനു വ്യക്തമായ രാഷ്ട്രീയ കാരണങ്ങളുണ്ട്. അതില്‍ ഉള്‍പ്പെടുന്നവര്‍ക്ക്​,​ കൊലപാതകം നടക്കുന്ന രീതിക്ക്, കൊല ചെയ്യപ്പെടുന്ന വ്യക്തിയ്ക്ക് കേരളത്തിന്റെ ഭൂതകാല രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളുമായി ഏറെ ബന്ധമുണ്ട്. ഈ കഥ പറയുന്ന രീതിയില്‍, അതില്‍ യാദൃശ്ചികമായി സംഭവിക്കുന്ന പലതും ബോലനോയുടെ നോവലുകളുടെ രീതികളുമായി ഏറെ ചേര്‍ന്ന് നില്‍ക്കുന്നതായി ഒരു വായനക്കാരന് ​(എനിക്ക്) ​തോന്നിയാല്‍ തെറ്റ് പറയാനാവില്ല.

ഇതേ സാമ്യതകള്‍, ഭാവനയുടെതായ ലോകങ്ങള്‍ ബൈസിക്കിള്‍ തീഫിലും (കരുണാകരന്‍) ​ ഡിസ്റ്റന്റ് സ്റ്റാറിനും (ബോലാനോ) തമ്മിലുണ്ട്. രണ്ടിലും എഴുത്തുകാരുടെ കൂടിച്ചേരലുകളുണ്ട്. മരകൊമ്പിലെ​ ​കാക്കയിലും ​​അമ്യൂലെറ്റിലും ഭാവനയുടെ സമാനതകളുള്ള അപരലോകങ്ങളുണ്ട്. രാഷ്ട്രീയത്തിന്‍റെയും​ ​പ്രവാസത്തിന്‍റെയും അടിയൊഴുക്കുകളുടെ സജീവതയുണ്ട്.ഒന്ന് പരിചിതമായ ലോകമല്ല. മറ്റൊന്നാവട്ടെ ഏറെ പരിചിതമായ സമീപസ്ഥ​ ​ഭൂതകാലത്തിന്റെ അടയാളങ്ങളെ പേറുന്നുണ്ട്. അത് ​കാക്കനാടന്റെയോ ആശാന്‍റെയോ ഓ.വി വിജയന്‍റെയോ ചില കൃതികള്‍ ആരോപിക്കപ്പെടുന്ന തരത്തിലുള്ള ഉള്ളടക്ക സാമ്യതയല്ല. ഈ സജീവയടയാളങ്ങള്‍ ഈ വായനക്കാരനെ ചെടിപ്പിക്കുന്നില്ല. സമകാലത്തെ​ ​എഴുത്തിനെ മറ്റൊരു കാലത്ത് ഏറെ വ്യത്യസ്തമായിരുന്ന ഒരുഭാവുകത്വത്തിന്‍റെയും ഭാവനയുടെയും തുടര്‍ച്ചയായി വായിക്കുന്നതിലൂടെ ആനന്ദത്തിനും ഉന്‍മാദത്തിനും​ ​മറ്റൊരു കാരണമാവുകയാണ് ഈ കണ്ടെത്തല്‍ എന്ന് പറയട്ടെ; ഏറെ ഇഷ്ടത്തോടെ.



കരുണാകരന്‍: കഥാകൃത്ത്‌, നോവലിസ്റ്റ്, കവി. ആനുകാലികങ്ങളില്‍ സാഹിത്യ-രാഷ്ട്രീയ സംബന്ധങ്ങളായ പഠനങ്ങള്‍, ലേഖനങ്ങള്‍ എഴുതുന്നു. പ്രസിദ്ധീകരിച്ച കൃതികള്‍: പറയാനിരുന്നത്, പായക്കപ്പല്‍, ഏകാന്തതയെ പറ്റി പറഞ്ഞു കേട്ടിട്ടല്ലേ ഉള്ളൂ, കൊച്ചിയിലെ നല്ല സ്ത്രീ, അതികുപിതനായ കുറ്റാന്വേഷകനും മറ്റു കഥകളും (കഥകള്‍), പരസ്യജീവിതം, ബൈസിക്കിള്‍ തീഫ്, യുദ്ധകാലത്തെ നുണകളും മരക്കൊമ്പിലെ കാക്കയും (നോവല്‍)



റോബര്‍ത്തോ ബോലാഞ്ഞോ: ചിലിയന്‍ നോവലിസ്റ്റ്, ചെറുകഥാകൃത്ത്, കവി, ലേഖനകാരന്‍. 1999ല്‍  ദി സാവെജ് ഡിക്ടറ്റീവ്സ് എന്ന നോവലിന് ഗാലഗോസ് പുരസ്‌കാരം. 2666 എന്ന നോവലിന് മരണാനന്തര ബഹുമതി.  

പ്രധാന കൃതികള്‍: ദി സ്കേറിംഗ് റിങ്ക്, അമ്യൂലെറ്റ്, 2666, സാവേജ് ഡിക്ടറ്റീവ്സ്, ഡിസ്റ്റന്റ് സ്റ്റാർ, ബൈ നൈറ്റ് ഇൻ ചിലി(നോവൽ), ഡി റൊമാന്റിക് ഡോഗ്സ്, ദി അൺനോൺ യൂണിവേഴ്സിറ്റി (കവിതകൾ). 1953 ഏപ്രിൽ 28 ന് ജനിച്ച്, 2003 ജൂലൈ 15 നു മരിച്ചു.  


Login | Register

To post comments for this article