സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയെന്ന നോവലിന് ലഭിച്ച ഗലേറിയ ഗാലന്റ് അവാർഡ് ശില്പവുമായി ദുബായിൽ നടന്ന ചടങ്ങിൽ ടി ഡി രാമകൃഷ്ണൻ. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിപവും അടങ്ങുന്നതാണ് ഗലേറിയ ഗാലന്റ് അവാർഡ്.

കടലോളം നിസംഗതയ്ക്ക്‌ കഥയോളം പ്രായശ്ചിത്തം

എന്തോ ഓർക്കും പോലെ അല്ലെങ്കിൽ ഒരാത്മഗതം പോലെയാണ് ടി ഡി രാമകൃഷ്ണൻ പ്രസംഗിക്കുക. പതിവുപോലെ പത്തുമിനിറ്റോളം വരുന്ന അത്തരം ഒരു പ്രസംഗ വേളയിൽ, വർഷങ്ങൾക്കു മുൻപ് തൃശൂരിൽ, അദ്ദേഹം പറഞ്ഞത് ശ്രീലങ്കൻ രാഷ്ട്രീയത്തെ പറ്റിയാണ്. രജനി തിരണഗാമയുടെ ജീവിതവും തന്റെ പാരമ്പര്യത്തിന്റെ വേരുകൾ ചെന്നുമുട്ടുന്ന തമിഴ് വംശീയതയും ചേർന്ന് ടി ഡിയുടെ മനസ്സിൽ ഒരു ചരിത്രം രൂപമെടുക്കുകയായിരുന്നു അന്ന് എന്നുവേണം കരുതാൻ. അത് പിന്നീട് നോവൽ രൂപത്തിൽ പുറത്തുവന്നതാണ് സുഗന്ധി എന്ന ആണ്ടാൾ ദേവനായകി. ഗലേറിയ ഗാലന്റ് അവാർഡ് നേടിയ ആ കൃതിയിലൂടെ ടി ഡി രാമകൃഷ്ണന് കേരള സാഹിത്യ അക്കാദമി അവാർഡും സ്വന്തമായി.  

ലാറ്റിനമേരിക്കൻ രാഷ്ട്രീയവും സാഹിത്യവും നമ്മൾ നന്നായി മനസിലാകും. അതിലൊക്കെ അഭിപ്രായം പറയുകയും ചെയ്യും. എന്നാൽ നമ്മുടെ തൊട്ടയലായ തമിഴ് നാട്ടിലെ സാഹിത്യമോ നമുക്ക് അജ്ഞാതമായിരുന്നു. നമ്മൾ അത് അന്വേഷിക്കുകയോ മനസിലാകുകയോ ചെയ്യുന്നില്ല. സമകാലിക സാഹിത്യം എന്ന് പറഞ്ഞു വരച്ചുകാട്ടുന്നതോ ഭൂതകാലത്തെ വിശേഷങ്ങലും ആയിരിക്കും. തന്റെ സാഹിത്യ രാഷ്ട്രീയ നിലപാടുകൾ ടി ഡി രാമകൃഷ്ണൻ വ്യക്തമാക്കിയത് ഇങ്ങനെയാണ്. ഇതിന്റെ വിശദമായ തെളിവ് നൽകലായിരുന്നു അദ്ദേഹത്തിന്റെ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന നോവൽ. ശ്രീലങ്കയിലെ തമിഴ് മനുഷ്യാവകാശ പ്രവർത്തക രജനി തിരണഗാമയുടെ ജീവിതത്തെ ആധാരമാക്കി തമിഴ് വംശീയതയെയും സ്വാതന്ത്രബോധത്തെയും വിശകലം ചെയ്യുകയായിരുന്നു ടി ഡി. സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന നോവൽ അദ്ദേഹം സമർപ്പിച്ചിരിക്കുന്നതും ഡോ.രജനി തിരണഗാമയ്ക്കാണ്. എനിക്ക് പ്രിയപ്പെട്ട ആണ്ടാൾ ദേവനായകിയുടെ കഥയാണിത്. ശ്രീലങ്കൻ തമിഴ് വിമോചന പോരാട്ടം നോവലിന്റെ പശ്ചാത്തലം ആയെന്നു മാത്രം എന്ന് ടി ഡി പറഞ്ഞിട്ടുണ്ട്. 

ഗൾഫ് എന്ന മായികലോകം തുറക്കുന്നതിനു മുൻപ് മലയാളികളുടെ ആശ്രയമായിരുന്നു സിലോൺ എന്ന ശ്രീലങ്ക. കേരളത്തിന്റെ ഒരറ്റത്തുനിന്നു മറ്റേയറ്റത്തേക്കുള്ള ദൂരത്തിന്റെ പകുതിയേ ശ്രീലങ്കൻ തലസ്ഥാനമായ ജാഫ്‌നയിലേക്കുള്ളു. നമ്മുടെ ഭക്ഷണവും വസ്ത്രധാരണവും ജീവിതരീതിയുമെല്ലാം ആ നാടുമായി സാമ്യമുള്ളതാണ്. എന്നാൽ കാൽനൂറ്റാണ്ടോളം അവിടെ ആഭ്യന്തര യുദ്ധം നടന്നത് നമ്മെ ബാധിച്ചില്ല. കാരണം ഒരു കടൽ നമ്മെ രണ്ടായി തിരിച്ചിരിക്കുന്നു. ശ്രീലങ്ക മറ്റൊരു രാജ്യമാണ്. അവിടെ എന്ത് നടന്നാലും നമുക്കൊന്നുമില്ല എന്നൊരു നിസംഗത. ആ നിസംഗത വല്ലാതെ വേദനിപ്പിച്ചെന്നും അതാണ് സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന നോവൽ എഴുതാനുള്ള പ്രേരണ എന്നും  ടി ഡി വ്യക്തമാക്കിയിട്ടുണ്ട്.

വയലാർ രാമവർമ്മ സാഹിത്യ പുരസ്കാരം, കെ.സുരേന്ദ്രൻ നോവൽ പുരസ്ക്കാരം, എ.പി. കളയ്ക്കാട് പുരസ്ക്കാരം, മലയാറ്റൂർ പുരസ്കാരം,  മാവേലിക്കര വായനാ പുരസ്ക്കാരം എന്നിവയും സുഗന്ധി എന്ന ആണ്ടാൾ ദേവനായകി നേടിയിട്ടുണ്ട്. തൃശൂർ കുന്നംകുളം എയ്യാലിൽ സ്വദേശിയായ ടി ഡി രാമകൃഷ്ണൻ റയിൽവേയിൽ നിന്ന് ചീഫ് കണ്ടഡിട്രോളിങ് ഓഫീസറായിരിക്കെ സ്വയം വിരമിച്ചതാണ്. ഏറെക്കാലം പാലക്കാടും കോഴിക്കോട് ചെന്നൈ എന്നിവിടങ്ങളിലുമായാണ് ജോലി നോക്കിയത്. തമിഴ് എഴുത്തുകാരുടെയും പ്രമുഖരുടെയും അഭിമുഖങ്ങളാണ് ആദ്യം പ്രസിദ്ധീകരിച്ചത്. ആൽഫ എന്നതാണ് ആദ്യ നോവൽ. പിന്നീട് ഫ്രാൻസിസ് ഇട്ടിക്കോര. നാടിന്റെ പുരാവൃത്തവും മായികതയും ഇടകലർന്ന ഈ നോവലും ഏറെ ശ്രദ്ധേയമായി.  ശോഭാശക്തിയുടെ മ് എന്ന കൃതിയുടെയും ചാരുനിവേദിതയുടെ തപ്പുതാളങ്ങളുടെയും മലയാള വിവർത്തനം, തമിഴ് മൊഴിയഴക് എന്ന അഭിമുഖ സമാഹാരം, സി വി ശ്രീരാമനും കാലവും എന്ന അഭിമുഖ പുസ്തകം, സിറാജുന്നിസ എന്ന കഥാസമാഹാരം എന്നിവയാണ് കൃതികൾ.


Login | Register

To post comments for this article