മെട്രോ വാർത്തയിൽ തൃശ്ശൂരിൽ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്. പത്രപ്രവർത്തനത്തിലും കമ്പ്യൂട്ടർ സയൻസിലും ബിരുദം. പത്തനംതിട്ട സ്വദേശി.

സൗഹൃദോപനിഷത്

ആദ്യ ടെയ്ക്കില്‍ ഓക്കെ ആയൊരു ഷോട്ട് പോലെ ആദ്യ ഡ്രാഫ്റ്റില്‍ സ്വയം ഓക്കെ പറഞ്ഞൊരു കത്ത്. ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ലാന്‍ഡ് ഫോണിലേക്കു വന്ന കോളായിരുന്നു ആ കത്തിന് മറുപടി. ഒന്നര പതിറ്റാണ്ടിനിപ്പുറത്തും ആ കൂടിക്കഴ്ചയുടെ വിസ്മയം വിട്ടുമാറിയിരുന്നില്ല. അങ്ങനെ ഫെയ്‌സ്ബുക്കില്‍ അന്വേഷിച്ചു ആളെ കണ്ടുപിടിച്ചു. പഴയ കാര്യങ്ങള്‍ നാലേ നാലു വരിയിലൊരു മെസേജായി അയയ്ക്കുമ്പോള്‍ അവഗണിക്കപ്പെടുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ,  ഞെട്ടിച്ചുകൊണ്ട് നോവലിസ്റ്റിന്റെ മറുപടി വന്നു. അവളുടെ പിറന്നാളായിരുന്നു അന്ന്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയുടെ. അതെ, അവളുടെ ജന്‍മദിനത്തിനു പിറ്റേന്നായുന്നല്ലോ എന്റേത്. ആ നേരത്ത് മനസിലുണര്‍ന്ന അവിശ്വസനീയത, യാദൃച്ഛികതയുടെ അമ്പരപ്പ്, ഒക്കെ എഴുതി അറിയിക്കാന്‍ ഒരു കത്തു കൂടി എഴുതപ്പെട്ടു, ഇക്കുറി സ്മാര്‍ട്ട് ഫോണിന്റെ സ്‌ക്രീനില്‍.  മുന്‍പത്തേതില്‍നിന്നു വിപരീതമായി ഞാന്‍ മറുപടി പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷ തെറ്റിക്കാതെ ചെറിയ മറുപടി വന്നു: ''ചില അനുഭവങ്ങള്‍ അങ്ങനെയാണ്. വാക്കുകള്‍ മനോഹരമായി.''

വി.ജെ. ജയിംസുമായുള്ള സൗഹൃദത്തിന്റെ വഴികളെ കുറിച്ചു പത്രപ്രവർത്തകൻ വി.കെ. സഞ്ചു എഴുതുന്നു.


പ്രോഗ്രാമിങ് ലാംഗ്വേജും ന്യൂമറിക്കല്‍ ഇക്വേഷന്‍സുമൊക്കെ കുനുകുനാ എഴുതിക്കൂട്ടിയ വരയിടാത്ത വലിയ നോട്ട്ബുക്കിലെ ചെറിയ മാര്‍ജിനില്‍ പാര്‍ശ്വത്കരിക്കപ്പെട്ടതു പോലെ കുറച്ച് അക്ഷരങ്ങള്‍, മലയാളം. എവിടെയോ വായിച്ചതും കേട്ടതും സ്വന്തം ചിന്തകളുമൊക്കെ വേര്‍തിരിച്ചറിയാത്ത വിധം അവനങ്ങനെ ചേരാത്തിടത്ത് ചേര്‍ത്തു വച്ചിരുന്നു. 

ഉറക്കം തൂങ്ങുമ്പോള്‍ ഇടങ്കണ്ണിട്ട് നോക്കിയാല്‍ കാണാം, പ്രൈം നമ്പര്‍ ലിസ്റ്റ് ചെയ്യാനും കാല്‍ക്കുലേറ്റർ ഉണ്ടാക്കാനുമൊക്കെയുള്ള കോഡുകള്‍ക്കു പകരം മാര്‍ജിനില്‍ എഴുതി നിറയുന്ന സ്വരവ്യഞ്ജനങ്ങളെ. അങ്ങനെയിരിക്കെയാണ്, ചുവന്ന അതിര്‍ വരമ്പിനെ അതിലംഘിച്ചു മുഖ്യധാരയിലേക്ക് ഒഴുകിത്തുടങ്ങുന്ന അക്ഷരക്കൂട്ടങ്ങളെ കണ്ടതും, ഇടങ്കണ്ണ് മുഴുക്കണ്ണാകുന്നതും, മിഴിച്ച കണ്ണിലെ ചോദ്യം തിരിച്ചറിഞ്ഞ്, ''നോവലാടാ...'' എന്നൊരു വിശദീകരണം കേള്‍ക്കുന്നതും....


"കണിയാന്‍ തോടിന്റെ വരമ്പിലൂടെ ചിണ്ടന്‍ തെക്കോട്ടു നടന്നു...''

ഡിസി ബുക്‌സ് നോവല്‍ മത്സരം നടത്തുന്നുണ്ടത്രെ. അതിലേക്കയയ്ക്കാന്‍ അവന്‍ നോവലെഴുതുകയാണ്. വിദേശത്തു ജോലി ചെയ്തിരുന്ന അച്ഛന് കത്തെഴുതുന്നതിനപ്പുറത്തേക്ക്, കാണാപ്പാഠം പഠിക്കാത്ത ഒന്നും അതേവരെ സ്വന്തമായി എഴുതിയിട്ടില്ലാത്ത സതീര്‍ഥ്യന് അതൊരു അദ്ഭുതമായിരുന്നു. സാഹിത്യകാരന്‍മാരെന്നു പറയുന്ന ജീവികള്‍ മനുഷ്യര്‍ തന്നെയാണോ എന്നുറപ്പില്ലാത്ത കാലത്ത്, തൊട്ടടുത്ത കസേരയിലിരിക്കുന്നവന്‍ ലൈവായി നോവലെഴുതുന്നു.

സിമ്പിളും പവര്‍ഫുള്ളുമായ ജാവയൊക്കെ സിലബസില്‍ വരുന്നതിനും മുന്‍പുള്ളൊരു കംപ്യൂട്ടര്‍ ക്ലാസാണ്. വിഷ്വല്‍ ബേസിക്, സി++ ഒക്കെയാണ് അന്നത്തെ താരങ്ങള്‍, അതും പുറത്തുപോയി പഠിക്കണം. സിലബസില്‍ കോബോളും സിയും പാസ്‌കലുമൊക്കെയാണ്, എന്നോ ഇ വേസ്റ്റായിക്കഴിഞ്ഞിരുന്ന കംപ്യൂട്ടറിലെ മൃതഭാഷകള്‍! അതിനിടയിലാണ് സിലബസിലേയില്ലാത്ത ഭാഷയില്‍ അവന്റെയൊരു നോവലെഴുത്ത്. ''സമ്മതിക്കണം...'', ''എങ്ങനെ സാധിക്കുന്നു ഇതൊക്കെ...'', നോവലെഴുത്ത് വാര്‍ത്ത ക്ലാസില്‍ വൈറലാകാനും (വൈറലുമില്ല അക്കാലത്ത്) കമന്റുകള്‍ പ്രവഹിക്കാനും (പ്രത്യേകിച്ച് പെണ്‍കുട്ടികളുടേത്) തുടങ്ങിയപ്പോള്‍ അസൂയ തോന്നാതിരുന്നില്ല. പക്ഷേ, ആരാധനയായിരുന്നു അധികവും. പുതിയ എഴുത്തുകാര്‍ക്കായുള്ള നോവല്‍ മത്സരത്തില്‍ അവന്‍ തന്നെ വിജയിക്കണമെന്നത് അവനെക്കാളേറെ അവന്റെ ഏറ്റവും പ്രിയപ്പെട്ട ഈ കൂട്ടുകാരന്റെ ആവശ്യമായി മാറുകയായിരുന്നു. 

ഫുള്‍സ്‌കാപ്പ് പേപ്പറില്‍ പകര്‍ത്തിയെഴുതിക്കൊണ്ടു വന്ന നോവലിന്റെ പരസ്യ വായനയും ആസ്വാദനവും (വിമര്‍ശനമില്ല), ''അയ്യോ... തെറി, തെറി...'' എന്ന കോണ്‍വെന്റ് പ്രൊഡക്റ്റുകളുടെ സദാചാര ശങ്കകളുമൊക്കെ കഴിയുമ്പോള്‍ ത്രില്ലിലായിരുന്നു, എന്തെങ്കിലുമൊരു സമ്മാനം കിട്ടാതിരിക്കില്ല....

നോവലിസ്റ്റിന്റെ സുഹൃത്ത് എന്ന പുതിയ വിലാസം മനസില്‍ കുറിച്ചിട്ടു കാത്തിരുന്നൊരു ദിവസം ഫല പ്രഖ്യാപനം വന്നു, ഏതോ ഒരു വി.ജെ. ജയിംസിനാണത്രെ സമ്മാനം. നോവലിന്റെ പേര് പുറപ്പാടിന്റെ പുസ്തകം. മനസിലപ്പോള്‍ കോളെജ് വിദ്യാര്‍ഥികള്‍ തമ്മില്‍, മാക്‌സിമം ഒരു യൂണിവേഴ്‌സിറ്റി ലെവല്‍ മത്സരം മാത്രം, മറ്റേതോ കോളെജില്‍നിന്നുള്ള ശത്രുവിന്റെ സ്ഥാനത്ത് ഏതോ ഒരു ജയിംസ്!     


മനസില്‍നിന്നു മെല്ലെ മറഞ്ഞു പോയ ആ പേര് പിന്നെ കാണുന്നത് കംപ്യൂട്ടര്‍ ഭാഷയില്‍നിന്ന് മലയാള ഭാഷയിലേക്കു മടങ്ങിപ്പോയ ജേണര്‍ലിസം പഠന കാലത്താണ്. ചോരശാസ്ത്രം എന്ന പുസ്തകത്തില്‍ കവറില്‍ കണ്ട വി.ജെ. ജയിംസ് എന്ന പേര് പെട്ടെന്നു തന്നെ ഓര്‍മകളെ മടക്കിക്കൊണ്ടുവന്നു. എന്റെ കൂട്ടുകാരനെക്കാള്‍ വലിയ നോവലെഴുത്തുകാരനാണെങ്കില്‍ അതൊന്നറിഞ്ഞിട്ടു തന്നെ എന്ന വെല്ലുവിളിയോടെ ആരംഭിച്ച വായന അവസാന താളിലെത്തുമ്പോഴേക്കും ആ പേര് മനസില്‍ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞിരുന്നു. ലവനെങ്ങാനും സമ്മാനം കിട്ടിയിരുന്നെങ്കില്‍ കഷ്ടമായിപ്പോയേനെ എന്നു പോലും ചിന്തിക്കാന്‍ പ്രേരിപ്പിക്കും വിധം.

പുസ്തകത്തില്‍ കണ്ട നോവലിസ്റ്റിന്റെ വിലാസത്തിലേക്കൊരു കത്തയയ്ക്കാനുള്ള തീരുമാനം അബോധമായ ഏതോ സാഹസപ്രേരണയായിരുന്നു. ആദ്യ ടെയ്ക്കില്‍ ഓക്കെ ആയൊരു ഷോട്ട് പോലെ ആദ്യ ഡ്രാഫ്റ്റില്‍ സ്വയം ഓക്കെ പറഞ്ഞൊരു കത്ത്. ആത്മ നിര്‍വൃതിക്കപ്പുറം ഒന്നും പ്രതീക്ഷിക്കാത്തൊരു കത്തിനു മറുപടി കിട്ടിയത് ശരിക്കും ഞെട്ടിച്ചു കളഞ്ഞു. മൊബൈല്‍ ഫോണില്‍ ഇന്‍കമിങ് കോളിനു പണമീടാക്കിയിരുന്ന കാലത്ത്, ഇന്റേണ്‍ഷിപ്പായി ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ലാന്‍ഡ് ഫോണിലേക്കു വന്ന കോളായിരുന്നു ആ മറുപടി. ആദ്യമായി പ്രണയാഭ്യര്‍ഥന നടത്തിയ പെണ്‍കുട്ടി വിളിച്ചാല്‍ പോലും ഫോണില്‍ എനിക്കത്രയും നിശബ്ദത നിറയ്ക്കാനാവുമായിരുന്നില്ല. പിന്നെ, അതിനെക്കാള്‍ വലിയ ഞെട്ടലും നട്ടെല്ലിലൂടെ ഉച്ചി വരെ ഇഴഞ്ഞു കയറുന്ന മരവിപ്പിക്കുന്ന തണുപ്പും സമ്മാനിച്ചുകൊണ്ട് നോവലിസ്റ്റ് നേരെയിങ്ങു കയറി വരുകയാണ്. ഈവനിങ് ബാച്ചിലാണ് ജേര്‍ണലിസം പഠനം, വെറുതേയിരിക്കുന്ന പകല്‍ നേരത്ത്, തോന്നിയ സമയത്താണ് പണി പഠിക്കാന്‍ ചായയും കടിയും മാത്രം ശമ്പളം പറ്റി ജോലിക്കു വരുന്നത്. ടൈമിങ് കറക്റ്റായിരുന്നതു കൊണ്ട്, സമയത്ത് ഓഫിസില്‍ പോകാന്‍ തോന്നിയൊരു ദിവസം തന്നെ അദ്ദേഹം വന്നു. അവിടത്തെ ചീഫ് ന്യൂസ് എഡിറ്റര്‍ക്ക് ആളെ പരിചയപ്പെടുത്തി, ഭീമാകാരമായ പഴയ സിആര്‍ടി മോനിറ്ററിനു പിന്നിലേക്കു സ്വയമൊളിച്ച്, യാഹൂ മെസഞ്ചറില്‍ അപ്പോള്‍ കണ്ട ആരോടൊക്കെയോ നോവലിസ്റ്റ് കാണാന്‍ വന്ന വിശേഷം പങ്കുവയ്ക്കുകയായിരുന്നു ഞാന്‍.

നോവലിസ്റ്റ് എന്നു പറയുന്ന 'ജീവി'യെ ആദ്യമായി നേരില്‍ക്കണ്ട അങ്കലാപ്പില്‍, ഇതു മനുഷ്യനെപ്പോലെ തന്നെയണ്ടല്ലോ എന്നു മനസില്‍ പറഞ്ഞതല്ലാതെ, കാര്യമായെന്തെങ്കിലും സംസാരിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ബന്ധങ്ങള്‍ നിലനിര്‍ത്തുക എന്ന, പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനപാഠങ്ങളിലൊന്ന് ശീലിക്കാതിരുന്നതിനാല്‍, പിന്നെയൊരിക്കലും ആ ബന്ധം പുതുക്കാന്‍ ശ്രമിച്ചില്ല. പക്ഷേ, ഒന്നര പതിറ്റാണ്ടിനിപ്പുറത്തും ആ കൂടിക്കഴ്ചയുടെ വിസ്മയം വിട്ടുമാറിയിരുന്നില്ല. ഫെയ്‌സ്ബുക്കില്‍ യാദൃച്ഛികമായി കണ്ടതായിരുന്നില്ല മുഖചിത്രവും പേരും, അന്വേഷിച്ചു കണ്ടുപിടിച്ചതു തന്നെയായിരുന്നു, ഒരിക്കല്‍ക്കൂടി, വെറുതെ.... പഴയ കാര്യങ്ങള്‍ നാലേ നാലു വരിയിലൊരു മെസേജായി അയയ്ക്കുമ്പോള്‍ അന്നത്തെ കത്തിനു പിന്നാലെയുണ്ടായ പ്രതീക്ഷ തന്നെയായിരുന്നു മനസില്‍, അവഗണിക്കപ്പെടുമെന്ന പ്രതീക്ഷ. പക്ഷേ, മൂന്നാമതൊരിക്കല്‍ക്കൂടി എന്നെ ഞെട്ടിച്ചുകൊണ്ട് നോവലിസ്റ്റിന്റെ മറുപടി വന്നു:

''വീണ്ടും കണ്ടുമുട്ടിയതില്‍ സന്തോഷം. ഞാനുമോര്‍ക്കുന്നു ആ ദിവസം.''


അവളുടെ പിറന്നാളായിരുന്നു അന്ന്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയുടെ. പുസ്തകങ്ങളെക്കാള്‍ ഇഷ്ടപ്പെടുന്നൊരു സമ്മാനവും അവള്‍ക്കു നല്‍കാനില്ലെന്നറിയാം. മൂന്നു പുസ്തകങ്ങള്‍ തെരഞ്ഞെടുത്തപ്പോള്‍ അതിലൊന്ന് ദത്താപഹാരമായിരുന്നു. ആശംസകള്‍ പറയാതെ കടന്നു പോയ മുപ്പതു വര്‍ഷത്തിന്റെ കുടിശിക മുഴുവന്‍ ഞാനാ പുസ്തകങ്ങളുടെ ആദ്യത്തെ താളുകളില്‍ എഴുതി നിറച്ചിരുന്നു.

തൊട്ടടുത്ത ദിവസം, എന്റെ പിറന്നാള്‍....

ഞാന്‍ ഒരിക്കലും ആഘോഷിച്ചിട്ടില്ലാത്ത, പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ വിഷാദം പൂണ്ടിരിക്കാറുള്ള ദിവസം. ആ പതിവു തെറ്റിക്കാന്‍ അവള്‍ എനിക്കു സമ്മാനിച്ച മൂന്നു പുസ്തകങ്ങള്‍ക്കായി, അതിലൊന്ന് പ്രണയോപനിഷത്ത്.

കഥകളും കവിതകളും പോലെ മനോഹരമായ വര്‍ത്തമാനങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും സ്വയം സമര്‍പ്പിച്ച അവളുടെ ആശംസകള്‍ നിറഞ്ഞ ആദ്യത്തെ താളിനപ്പുറത്തേക്കു ഞാന്‍ കടന്നിരുന്നില്ല, അന്ന്, ആ ദിവസം വരെ. അന്നാ ട്രെയ്‌നിന്റെ മടുപ്പിക്കുന്ന ഇടുങ്ങിയ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലിരുന്ന് ഞാനാ പുസ്തകം ആശംസയുടെ താളിനപ്പുറത്തേക്ക് ആദ്യമായി മറിച്ചു നോക്കി.

ഒന്നോ രണ്ടോ ഫോണ്‍ കോളുകളും കഴിഞ്ഞ് വായിച്ചു തുടങ്ങിയപ്പോഴേക്കും രണ്ടോ മൂന്നോ സ്റ്റോപ്പുകള്‍ പിന്നിട്ടിരുന്നു. പതിവിലേറെ മനോഹാരിതകള്‍ ട്രെയ്ന്‍ കാത്തുനിന്നിരുന്ന പ്ലാറ്റ്‌ഫോമുകളില്‍നിന്ന് കണ്ണും മനസും കഥയിലേക്കു തിരിച്ചെടുക്കാന്‍ പിന്നെയും സമയമെടുത്തു.

അങ്ങനെയിരിക്കെ, ആ വാക്കുകള്‍ എന്നെ കഥയിലേക്ക് കൊളുത്തിവലിച്ചു, ആകസ്മികമായി കിട്ടിയ പിറന്നാള്‍ സമ്മാനത്തെക്കുറിച്ച് വോള്‍ഗ എഴുതിയതു വായിച്ചപ്പോള്‍ കഥാനായകന്റെ മനസിലുണര്‍ന്ന വാക്കുകള്‍, ''സിനിമ പോലും ചില മുഹൂര്‍ത്തിങ്ങളില്‍ ജീവിതം വച്ചു നീട്ടുന്ന ആകസ്മികതകള്‍ക്കു മുന്നില്‍ നമിച്ചു പോകും.''

അതിനടുത്ത വരികള്‍ മനസിനെ വോള്‍ഗയില്‍ തളച്ചിടുക തന്നെയായിരുന്നു, ''ഒരു ജന്‍മദിനമിതാ ഞാനറിയാതെ എന്നില്‍നിന്നും അതിനര്‍ഹതപ്പെട്ട സമ്മാനം പിടിച്ചുവാങ്ങിയിരിക്കുന്നു.''

അടുത്ത പേജില്‍ അതിലും വലിയ ആകസ്മികതയാണ് എന്നെ കാത്തിരുന്നത്. ''ഹാപ്പി ബര്‍ത്ത് ഡേ പപ്പാ...'' എന്ന വരി വായിക്കുമ്പോള്‍, പുസ്തകം വായിക്കുകയാണോ വായിക്കുന്നതായി സ്വപ്നം കാണുകയാണോ എന്നു തിരിച്ചറിയാന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു ഞാന്‍.

വോള്‍ഗ വായിച്ചിട്ടല്ലേ നീയെനിക്ക് ഈ പുസ്തകം സമ്മാനിച്ചതെന്ന ചോദ്യത്തിന് ഒട്ടും വൈകാതെ വാട്ട്‌സ്ആപ്പില്‍ മറുപടി വന്നു, ''അല്ലല്ലോ, വി.ജെ. ജയിംസിന്റെ ചെറുകഥകളൊന്നും ഞാന്‍ വായിച്ചിട്ടില്ല. ഈ പുസ്തകത്തെക്കുറിച്ചും ഞാന്‍ കേട്ടിട്ടുള്ളത് നിങ്ങള്‍ പറഞ്ഞു മാത്രമാണ്.''

പിന്നെയെനിക്ക് അടുത്ത കഥകളിലേക്കു കടക്കാനായില്ല. ഒരു പേജ് പോലും മറിക്കാനായില്ല. പുസ്തകം മടക്കി ബാഗില്‍ വച്ച്, കണ്ണടച്ചിരുന്നു. മനസിലപ്പോള്‍ ഒരു നദി ഒഴുകുന്നുണ്ടായിരുന്നു. റഷ്യന്‍ ഹൃദയ ഭൂമിയെ മുറിച്ചൊഴുകി കാസ്പിയന്‍ തടാകത്തില്‍ പതിക്കേണ്ട വോള്‍ഗ, എന്റെ ഹൃദതടത്തില്‍ കാളിന്ദിയായി ചാലിട്ട് പ്രളയം തീര്‍ക്കുകയായിരുന്നു.

അതെ, അവളുടെ ജന്‍മദിനത്തിനു പിറ്റേന്നായുന്നല്ലോ എന്റേത്.

ആ നേരത്ത് മനസിലുണര്‍ന്ന അവിശ്വസനീയത, യാദൃച്ഛികതയുടെ അമ്പരപ്പ്, ഒക്കെ എഴുതി അറിയിക്കാന്‍ ഒരു കത്തു കൂടി എഴുതപ്പെട്ടു, ഇക്കുറി സ്മാര്‍ട്ട് ഫോണിന്റെ സ്‌ക്രീനില്‍. ''ഒരുപക്ഷേ, എനിക്ക് എഴുതാന്‍ സാധിക്കുന്നതിനെക്കാള്‍ കൂടുതല്‍ അങ്ങേയ്ക്ക് ഇതില്‍ വായിക്കാന്‍ സാധിച്ചേക്കും....'' എന്ന പ്രതീക്ഷയോടെ അവസാനിപ്പിച്ച കത്തിന് മുന്‍പത്തേതില്‍നിന്നു വിപരീതമായി ഞാന്‍ മറുപടി പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷ തെറ്റിക്കാതെ ചെറിയ മറുപടി വന്നു:

''ചില അനുഭവങ്ങള്‍ അങ്ങനെയാണ്. വാക്കുകള്‍ മനോഹരമായി.''

ആടിത്തീരാത്ത ആകസ്മികതകളാണ് ജീവിതം. അവയ്ക്കു വേണ്ടി കാത്തിരിക്കാനാവില്ല, തേടിയെത്തുക തന്നെ വേണം. തേടിയെത്തുമ്പോള്‍ ചിലപ്പോഴെങ്കിലും വാക്കുകളിലൊതുക്കാനാവാത്ത വിധം മനോഹരവുമായിരിക്കും.


Login | Register

To post comments for this article