നിരവധി പുരസ്‌ക്കാരങ്ങൾ നേടിയ ഡോകുമെന്ററി ഷോർട് ഫിലിം സംവിധായകൻ. ദുബായിൽ മാധ്യമ പ്രവർത്തകൻ.

ഏക ക്യാൻവാസിലൊതുങ്ങാത്ത മാന്ത്രികശിൽപി

തീയറ്ററിൽ ഉള്ളതിൽ കൂടുതൽ ആൾക്കാർ സ്‌ക്രീനിലുണ്ടാകുമെന്ന് ഐ.വി. ശശിയുടെ സിനിമകളെ കുറിച്ച് പറയാറുണ്ട്‌. ആ ആൾക്കൂട്ടത്തിനിടയിൽ നിന്ന് വലിയ താരങ്ങളെ അദ്ദേഹം സൃഷ്ടിച്ചു. മലയാള സിനിമയിൽ നിലവിലുള്ള താരസിംഹാസനങ്ങൾ എല്ലാം സമ്മാനിച്ചതും അദ്ദേഹമാണ്. കാക്കിയുടെ കാർക്കശ്യവും ആഡംബരം നിറഞ്ഞ ആഢ്യത്വവും താരങ്ങളുടെ സവിശേഷത ആക്കിയത് ഐ.വി. ശശി എന്ന സംവിധായകന്റെ ക്രാഫ്റ്റിന്റെ വ്യാപ്തിയാണ്. ഒരുകാലത്തു മലയാള സിനിമയിലും അതുമായി ബന്ധപ്പെട്ടയിടങ്ങളിലും പണം വന്നുമറിഞ്ഞത് ഈ കുറിയ മനുഷ്യന്റെ ചെറിയ പേരിനു പിന്നാലെയായിരുന്നു. അങ്ങനെ മലയാള സിനിമയിലെ ആദ്യ സൂപ്പർസ്റ്റാർ സംവിധായായകനായ ഐ.വി.ശശി അതേസമയം കച്ചവടത്തിനപ്പുറം സിനിമയെ സാംസ്കാരിക മാറ്റത്തിനുള്ള മാധ്യമം കൂടിയാക്കി. സംവിധായകൻ ഈപ്പൻ തോമസ്  എഴുതുന്നു


ഐ.വി. ശശി എന്ന ഇന്ത്യൻ സിനിമയിലെ സാങ്കേതിക അത്ഭുതം ഇനി ഓർമ്മ മാത്രം. പക്ഷെ തന്റെ കാല്പാടുകൾ വ്യക്തമായി ഇവിടെ പതിപ്പിച്ചിട്ടു തന്നെയാണ് അദ്ദേഹം കടന്നു പോയത്. പ്രവർത്തി തന്നെയാണ് അദ്ദേഹത്തിന്റെ മതവും ദൈവവും. മദ്രാസ് സ്ക്കൂൾ ഓഫ് ആട്സിൽ നിന്ന് ഡിപ്ലോമ കരസ്ഥമാക്കിയ ഐ വി ശശി സിനിമ ലക്ഷ്യവുമായി മദ്രാസിൽ ചേക്കേറി. 1968 ൽ കളിയല്ല കല്യാണം എന്ന എബി രാജ് സിനിമയിലൂടെ കലാ സംവിധായകനായി സിനിമയിൽ തുടക്കമിട്ട ഐ.വി. ശശി വളരെ വേഗം തന്റെ ലക്ഷ്യത്തിലേക്ക് ചുവടുവച്ചു. തന്റെ സ്ഥാനം സംവിധായകൻ എന്നതാണെന്ന് തിരിച്ചറിഞ്ഞ് സിനിമയിൽ ശക്തനായ സംവിധായകനായി ഇരുപത്തിയേഴാം വയസ്സിൽത്തന്നെ പ്രവേശിക്കുകയായിരുന്നു.

തന്റെ പേരില്ലാതെ സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം തന്നെ വൻ വിജയമായിരുന്നു. ഇരുപത്തിയേഴാം വയസ്സിൽ ഉത്സവമാണ് അദ്ദേഹത്തിന്റെ ക്രഡിറ്റിൽ വന്ന ആദ്യ ചലച്ചിത്രം.പിന്നീട് അദ്ദേഹത്തിന്റേതായി വന്ന സിനിമകളിലൂടെ പ്രേക്ഷക മനസ്സുകളെ  ഉത്സവമാക്കാൻ അദ്ദേഹത്തിനു സാധിച്ചു. പിന്നീട് ഭാര്യയായ സീമയെ മുഖ്യ കഥാപാത്രമാക്കി അദ്ദേഹം സംവിധാനം ചെയ്ത 'അവളുടെ രാവുകൾ' എന്ന ബോക്സോഫീസ് ഹിറ്റ് ചലച്ചിത്രമാണ് എന്നും  ഐ.വി. ശശി എന്ന പേരോർക്കുമ്പോൾ  മലയാളികളുടെ മനസ്സിലേക്കാദ്യമോടിയെത്തുന്നത്.


നൂറ്റി അൻപതോളം വ്യത്യസ്തങ്ങളായ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത ഐ വി ശശി യുടെ ഏറ്റവും വലിയ പ്രത്യേകതയായി കാണേണ്ടത് അഞ്ഞൂറും ആയിരവുമൊക്കെ ആർട്ടിസ്റ്റുകളെ ഒറ്റഫെയിമിൽ ഉൾക്കൊള്ളിച്ച് അത്ഭുതം സൃഷ്ടിക്കുന്ന സംഘാടന മികവാണ്. കമ്പ്യൂട്ടർ ഗ്രാഫിക്സ് ഒക്കെ സ്വപ്നമായിരുന്ന കാലഘട്ടത്തിലൊക്കെ 1921 പോലൊരു സിനിമ അഭ്രപാളികളിലെത്തിക്കുക എന്നത് തികച്ചും ക്ലേശകരവും അചിന്ത്യവുമാണ്. യഥാർത്ഥ സംവിധായക മഹാമേരു എന്നത് ഇന്നും മലയാളത്തിൽ ഐ.വി. ശശി തന്നെ.

അദ്ദേഹം സംവിധാനം ചെയ്ത ഒട്ടുമിക്ക ചിത്രങ്ങളും വൻ സാമ്പത്തിക ലാഭവും നേടിയവയാണ്. വ്യാവസായിക സിനിമയുടെ സൂത്രവാക്യം മാറ്റിയെഴുതിയ ജനപ്രിയ സംവിധായകനാണദ്ദേഹം. സ്ക്രീനിൽ സംവിധായകന്റെ പേരെഴുതിക്കാണിക്കുമ്പോൾ തുടങ്ങുന്ന നിർത്താത്ത കൈയ്യടി ഐ.വി. ശശിയ്ക്കു മാത്രം സ്വന്തം. ടി.ദാമോദരനൊപ്പവും മറ്റും ചെയ്ത രാഷ്ട്രീയ സിനിമകൾ അന്നും ഇന്നും എക്കാലവും പ്രസക്തമായ വിഷയങ്ങളുൾക്കൊള്ളിച്ച ചല ചിത്രങ്ങളാണ്. പത്മരാജനോടൊപ്പവും എം ടി യോടൊപ്പവും അദ്ദേഹം ഹരിഹരനോടൊപ്പവുമൊക്കെ പ്രവർത്തിച്ചിട്ടുണ്ട്. 

കമലഹാസനെയും മോഹൻലാൽ, മമ്മൂട്ടി, ജയൻ, ജോസ് സുകുമാരൻ, സോമൻ എന്നിവരെയൊക്കെ  താരങ്ങളാക്കാൻ പ്രധാന പങ്കുവഹിച്ച പല ചിത്രങ്ങളിലും ഐ.വി. ശശിയുടെ വിയർപ്പും സ്വപ്നവും നിറങ്ങളുമുണ്ട്.
മോഹൻലാലിന്റെ എക്കാലത്തേയും വമ്പൻ ഹിറ്റുകളിലൊന്നായ ദേവാസുരം, അനുരാഗി മുതലായവയും മമ്മൂട്ടിയുടെ ആവനാഴിയും, മൃഗയ പോലുള്ളവയും ജയന്റെ അങ്ങാടിയുമൊക്കെ മലയാളി മറക്കില്ല. എങ്ങനെ താരങ്ങളെ സൂപ്പർ താരങ്ങളാക്കി പ്ലെയിസു ചെയ്യാം എന്ന് വിദഗ്ദമായി കാട്ടിത്തന്ന അഭ്രപാളികളുടെ പൾസറിയുന്ന യഥാർത്ഥ വൈദ്യരും ചക്രവർത്തി തന്നെയുമായിരുന്നു ഐ.വി. ശശി.

എല്ലാ വൻമരങ്ങൾക്കും ചിലപ്പോൾ കാറ്റുപിടിക്കുന്നതു പോലെ മകൾ അനുവിനെ സിനിമയുടെ ഭാഗമാക്കാൻ ശ്രമിക്കുന്ന കൂട്ടത്തിൽ രണ്ടായിരത്തി മൂന്നിൽ ഇറങ്ങിയ സിംഫണി എന്നൊരു ചിത്രം അദ്ദേഹത്തെ വളരെ ഉലച്ചു. അതിനു ശേഷം മൂന്നു വർഷം മൗനമായിരുന്ന അദ്ദേഹം രണ്ടായിരത്തിയാറിൽ അദ്ദേഹത്തിന്റെ തന്നെ രണ്ടു മുൻ ഹിറ്റു ചിത്രങ്ങളിലെ ഗംഭീര കഥാപാത്രങ്ങളുമായി 'ബൽറാം vs താരാദാസ്' എന്നൊരു വലിയ ഹിറ്റുമായി വീണ്ടുമെത്തി. പിന്നെയും മുന്നു വർഷം വാല്മീകത്തിലായ അദ്ദേഹം പ്രേക്ഷകർക്കായി 'വെള്ളത്തൂവലു'മായുമെത്തി.

ഈനാട് ഇനിയെങ്കിലും ഉണരൂ എന്നീ ട്രൈലോജി സിനിമാ സങ്കേതം മലയാളത്തിന് പരിചയപ്പെടുത്തി വിജയിപ്പിച്ച ആദ്യ സംവിധായകൻ കൂടിയാണ് അദ്ദേഹം. പല സിനിമകളിലൂടെയും സാമൂഹ്യ പരിവർത്തനത്തിന്റെ ആവശ്യകതയും തൊഴിലാളി പ്രശ്നങ്ങളും മനുഷ്യന്റെ സങ്കീർണ്ണമായ മാനസിക സംഘർഷങ്ങളും ഉദ്യോഗസ്ഥ രാഷ്ട്രീയ പോലീസ് പ്രഭുതികളുടെ ദുഷ്ചെയ്തികളും അതിന്റെ പരിഹാരവും കറക്ഷനുകളും ദുരൂഹതകളൊഴിവാക്കി സാധാരണ ജനത്തിനു മനസ്സിലാകുന്ന ഭാഷയിൽ പകർത്തി പ്രദർശിപ്പിക്കാൻ അങ്ങേയറ്റം വിരുതും കൗശലവും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. അതാണ് സാധാരണ പ്രേക്ഷകർ അദ്ദേഹത്തെ നെഞ്ചോടു ചേർത്ത് പിടിച്ച്  ബഹുമാനിക്കാനുള്ള പ്രധാന കാരണം, തീർച്ചയായും അദ്ദേഹമതിനർഹനാണ്. ഒപ്പം സിനിമയുടെ എല്ലാ സങ്കേതങ്ങളിലും അതീവ അവഗാഹമുള്ള അദ്ദേഹം ഒരു സമ്പൂർണ്ണ ടെക്നിക്കൽ ഫിലിം മേക്കർ കൂടിയാണ്.

പല പുരസ്ക്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. അതിൽ ചിലതാണ് ആയിരത്തി തൊള്ളായിരത്തി എൺപത്തിരണ്ടിലെ ദേശീയോത്ഗ്രഥനത്തിനുള്ള നർഗ്ഗീസ് ദത്ത് അവാർഡ് 'ആരൂഡ'ത്തിനു നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചത്. ജെ.സി. ഡാനിയേൽ അവാർഡ് നല്കി സംസ്ഥാനം രണ്ടായിരത്തി പതിനാലിൽ അദ്ദേഹത്തിനെ ആദരിച്ചു. മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് രണ്ടു തവണ നേടി - അനുഭവം, മൃഗയ. ജനപ്രീതിയുള്ള ചിത്രത്തിനുള്ള അവാർഡ് - 1921, ഫിലിം ഫെയർ അവാർഡ് ആറു തവണ, ഫിലിം ഫെയർ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് രണ്ടായിരത്തി പതിനഞ്ചിൽ നല്കി. രാഗമാലിക ജയൻ അവാർഡ് രണ്ടായിരത്തി പതിനഞ്ചിൽ ലഭിച്ചിട്ടുണ്ട്.


മലയാളത്തിലെ ആദ്യ അക്ഷരമായ 'അ' അദ്ദേഹത്തിന്റെ പല ഇഷ്ട രാശി ടൈറ്റിലുകൾക്കും തുടക്ക അക്ഷരവുമായിരുന്നു. അതു പോലെ തന്നെ  മലയാളത്തിലെ എഴുപതുകളിലെയും എൺപതുകളിലെയും തൊണ്ണൂറുകളിലെയും പകരം വെയ്ക്കാനില്ലാത്ത  ഒന്നാംനിര  ജനപ്രിയ സംവിധായകനായിരുന്ന ഐ.വി. ശശി. യുഎഇയിലെ പ്രസിദ്ധമായ അലൈൻ ഫിലിം ഫെസ്റ്റിവലിൽ കഴിഞ്ഞ കുറേവർഷങ്ങളായി ജൂറി ചെയർമാനായി പ്രവർത്തിച്ചു വരുകയായിരുന്നു. വളർന്നു വരുന്ന സിനിമാപ്രതിഭകളെ അംഗീകരിക്കുന്നതിനും നിർലോഭം പ്രോത്സാഹിപ്പിക്കുന്നതിനും അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു.

ബേർണിംഗ് വെൽസ് എന്ന സ്വപ്ന പ്രവാസ സിനിമ ഇവിടെയുപേക്ഷിച്ചാണ് സിനിമയുടെ അത്ഭുതം ഐ.വി. ശശി മണ്മറയുന്നത്. 

Login | Register

To post comments for this article