വടക്കൻ പറവൂർ സ്വദേശി. സവർണ്ണ ഫാസിസ്റ്റ് എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ സജീവം. കഴിഞ്ഞ മുപ്പതു വർഷമായി ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്നു.

എന്തെഴുതാൻ

ഓഫീസിനു അടുത്തുള്ള പതിവ് മുടിവെട്ടുകടയിൽ‍ ഉച്ചയ്ക്ക് ചെന്ന് കാത്തിരിക്കുമ്പോൾ‍ ഒരു സുഹൃത്തിന്റെ വിളി വരുകയും എഴുത്തും വായനയും സമ്പന്ധിച്ച സംസാര ശകലങ്ങൾ‍ ബ്യൂടീഷ്യന്റെ കാതിൽ ‍ പതിയുകയും ഉണ്ടായി.

ഒഴിഞ്ഞു കിട്ടിയ കസേരയിൽ പുതപ്പിച്ചിരുത്തി കത്രിക തലയ്ക്കു ചൂണ്ടി സംസാര പ്രിയനായ സൌന്ദര്യ സംരക്ഷകൻ ചോദ്യം തുടങ്ങി.

"സാറ് കഥയൊക്കെ എഴുതുന്ന ആളാണോ?"അല്ല എന്ന മറുപടി അയാള്‍ക്ക്‌ ബോധിച്ചില്ല.

"അത് വെറുതെ, മുന്‍പേ തന്നെ എനിക്ക് തോന്നിയിരുന്നു. എഴുതണ കാര്യമൊക്കെ പറയുന്ന കേട്ടിരുന്നല്ലോ.." അപമാനം ഭയന്ന് മറുപടി കൊടുക്കാതെ അവിടെ കണ്ട പൗഡർ ‍ എവിടെ നിന്ന് വാങ്ങുന്നതാണെന്ന് ചോദിച്ചെങ്കിലും സംരക്ഷകൻ ‍ വിടാൻ ഉദ്ദേശമില്ല.

"ഈ ഖസാക്കിന്റെ ഇതിഹാസം സാർ ‍ വായിച്ചിട്ടുണ്ടോ?"

"ഉണ്ട്"

"കൊറേ കേട്ടിട്ടുണ്ട് ആ പേര്. അതിന്റെ കഥ എന്താണ്..ഒന്ന് പറഞ്ഞു തരാമോ?"

"അതങ്ങനെ ഒരു കഥയിൽ ‍ അധിഷ്ടിതമായ ഒന്നല്ല.. കുറെ അനുഭവങ്ങൾ ‍"

"ആക്ഷൻ ഹീറോ ബിജു പോലെയാണോ?"

കുറച്ചു നേരം ഒന്നും മിണ്ടാൻ ആയില്ല. അയാൾ‍ മുടിവെട്ട് നിർ‍ത്തി എന്റെ മറുപടിക്ക് കാത്തു നിൽക്കുകയാണ്

"കുറെ ഫാന്റസിയും അനുഭവങ്ങളും എല്ലാം കൂടി ചേർന്ന ഒന്ന്. അത്യന്തമായി ഒരു കഥയില്ല. പക്ഷെ നമ്മെ അത് അനുഭവിപ്പിക്കും"

"ഇപ്പോത്തന്നെ വേണ്ടുവോളം അനുഭവിക്കുന്നുണ്ട്. ഇനി അത് വായിച്ചിട്ട് വേണ്ട" അയാൾ‍ക്ക്‌ അത്ര തൃപ്തി തോന്നിയില്ലെങ്കിലും കത്രിക ചലിച്ചു തുടങ്ങി

"ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം ഏതാണ്?"

"ഇയാൾ വായിക്കുമോ?" ഒരു മറുചോദ്യം ചോദിച്ചു

"വായിക്കാനിഷ്ടമാണ്. പക്ഷെ നേരം കിട്ടണ്ടേ. അതൊക്കെ സാറിനെപ്പോലുള്ളവർ‍ക്ക് പറ്റും. നമുക്ക് പണിയെടുത്താലെ ജീവിക്കാന്‍ പറ്റൂ.." പകുതി മുറിച്ച മുടിയുമായി എഴുന്നേറ്റോടാൻ കഴിയില്ലല്ലോ

"സാറ്‍, കഥ എഴുതാറുണ്ടോ?"

"ഇല്ല .."

"പിന്നെ എന്താണ് ?"

"അങ്ങനെ കാര്യമായി ഒന്നുമില്ല. വിമർ‍ശനം ഇടയ്ക്കൊക്കെ"

രക്ഷപ്പെടാനും കൂടുതൽ ‍ചോദ്യങ്ങൾ‍ ഒഴിവാക്കാനും പറഞ്ഞതാണ്.

"ഹഹഹ .." അയാളൊന്നു പൊട്ടിച്ചിരിച്ചു

"അതെളുപ്പമാണ്. അത് നന്നായില്ല ഇതിങ്ങനെ പോരാ എന്നൊക്കെ പറഞ്ഞാല്‍ പോരെ. നമ്മൾ മലയാളികൾക്ക് പറ്റിയ പണി അതാണ്‌ . എന്റെ ബാപ്പ അങ്ങനെയാണ്. ഇരിന്നോടത്തൂന്നു എണീക്കില്ല. ഒരു പണിക്കും പോവില്ല. എന്നാലോ മറ്റുള്ളോരു ചെയ്യണതൊന്നും ശരിയല്ല എന്ന് പറഞ്ഞോണ്ടുമിരിക്കും"

ബാപ്പ കഥയെഴുതുമോ എന്ന് ചോദിക്കാൻ‍ പൊന്തിയ നാവു അടക്കി.

"കഴിഞ്ഞോ?"

"ദേ..ഇപ്പൊ തീരും"

എന്റെന്റെ പിൻ കഴുത്ത് ടവൽ‍ കൊണ്ട് തുടയ്ക്കുന്നതിനിടയിൽ‍ കണ്ണാടിയിൽ‍ സ്വന്തം സൌന്ദര്യം പിന്നെയുംപിന്നെയും ആസ്വദിചു കൊണ്ട് അയാൾ തുടർന്നു.

"ഒരു കഥ ഞാനും എഴുതിയിട്ടുണ്ട്. ഒന്ന് കൂടി ശരിയാക്കാനുണ്ട് "

"സമയം കിട്ടുന്നുണ്ടാവില്ല അല്ലെ? അല്ലെങ്കിലും പണിയും തൊഴിലും ഇല്ലാത്തവന്മാർ‍ക്ക് മാത്രമേ ഈപ്പണി പറ്റുകയുള്ളൂ. നമ്മളെക്കൊണ്ട് സാധിക്കില്ല. " ഞാന്‍ മറുകണ്ടം ചാടി

"അതേന്നെ .സാറു എഴുന്നേറ്റോ .."

ആശ്വാസത്തോടെ പുറത്ത് കടന്നപ്പോൾ സകല വായനക്കാരോടും എഴുത്തുകാരോടും പുച്ഛം തോന്നി

Login | Register

To post comments for this article