രാജലക്ഷ്മി കവിത പുരസ്കാരം, വിദ്യാരംഗം ചെറുകഥ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. ഡോ.പദ്മ തമ്പാട്ടി ഇംഗ്ലീഷിലേക്ക് തർജമ ചെയ്ത കവിതകൾ കേന്ദ്ര സാഹിത്യ അക്കാദമി ജേർണൽ, മ്യൂസ് ഇന്ത്യ ഓൺലൈൻ ജേർണൽ എന്നിവയിൽ പ്രസിദ്ധീകരിച്ചു. സ്ട്രീറ്റ് വോയ്സ് എന്ന ജർമൻ ജേർണലിൽ ജർമൻ ഭാഷയിലേക്ക് കവിതകൾ തർജമ ചെയ്യപ്പെട്ട് പ്രസിദ്ധീകരിച്ചിരുന്നു. സ്കൂൾ അധ്യാപകനാണ്. പാലക്കാട് സ്വദേശി.

ദി കേരള ഗോൾഡൻ ബാക്ഡ് വുഡ് പെക്കർ

വിഷുപ്പിറ്റേന്നുണരുമ്പോളുള്ളിൽ

ഉഷസ്സില്ല, ശുദ്ധമാം ശൂന്യത

വിളിച്ചുണർത്തുന്നു ജനാല ച്ചില്ലിൽ

തലതല്ലിച്ചുവന്ന മരംകൊത്തി


തൻ മുഖം ചില്ലിൽ കാണുമ്പോളിന്നുവരെ

തിരഞ്ഞ ശത്രു മുന്നിലുയിരാകുന്നു

അങ്ങോട്ടു കൊത്തുന്നതൊക്കെയും

തിരിച്ചിങ്ങോട്ടും കിട്ടുമ്പോൾ

അവനവനോടുള്ള യുദ്ധത്തിൽ

അസ്തപ്രജ്ഞനാം വില്ലാളിയായി

തെല്ലിട നെല്ലിക്കൊമ്പിൻ തേർത്തട്ടിൽ ചിന്താമഗ്നൻ


കാറ്റിലേതോ ഗീത കേട്ടുണർന്ന്

പിന്നെയും ചില്ലിൻ കുരുക്ഷേത്രത്തിൽ

ഞാണൊലിയുതിർക്കുന്നു.


കണ്ണു തിരുമ്മി ഞാൻ

നിലക്കണ്ണാടി നോക്കുമ്പോൾ

കാണുന്നെന്നെത്തന്നെ -

യിടം വലം തിരിഞ്ഞവൻ

നോക്കുന്നവനെന്നെപ്പകയോടെ

തീർക്കണമിന്നേയെന്ന

ശത്രു വാത്സല്യദംഷ്ടാ മന്ദഹാസം


അവനോടെതിർക്കുവാൻ

പിടഞ്ഞെഴുന്നേൽക്കുമ്പോൾ

അഴിഞ്ഞു പോകുന്നു നിശാവസ്ത്രം

പരിണാമഗുസ്തി പഠിപ്പിക്കാൻ

പണ്ടു പത്താം ക്ലാസിൽ

ബയോളജി ടക്സ്റ്റിൽ

കണ്ടുമുട്ടിയയാദിമൻ,


അവൻ ചിരിക്കുന്നു

ഉത്തരാധുനികാ നീയിന്നുമുണരുമ്പോൾ

ഗുഹാചിത്രം വരച്ചും

വേട്ടമൃഗത്തിനു പിറകെ

നഗ്നൻ, ഇണക്കുത്തിനു

പകലന്തി, പ്രായഭേദമില്ലാത്തവൻ

വിശപ്പിനല്ലാതെയുംകൊല്ലുന്നവൻ

പച്ചക്കിടക്കവിറ്റും 

പടച്ചട്ട വാങ്ങുന്നവൻ

മണ്ണു വിണ്ണുജല സ്ഥലികൾ

വിസർജ്യം കൊണ്ടു മൂടുന്നവൻ


അവനോടു പറയുവാൻ

യോജിക്കും മുട്ടൻ തെറി

പല ഭാഷ തിരഞ്ഞു കണ്ടെത്തണം,

ഗൂഗിളിൽ കയറുവാൻ

വിരലിൽ തളപ്പുകെട്ടവേ


ജനാലച്ചില്ലു വീണ്ടും വിറക്കുന്നു

ജീവിതം പോൽ

ഓരോ ദിനവും തന്നോടു തന്നെ

നയിക്കും പടകാഹളം,

ദുരന്തദുന്ദുഭിLogin | Register

To post comments for this article