ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും എഴുതുന്നു. രണ്ടു കവിതാസമാഹാരത്തില്‍ കവിതകളുണ്ട്.തിരുവനന്തപുരത്ത് താമസം

അപൂർണ്ണതയുടെ പര്യായമെൻ പ്രണയം

ഗതിവേഗത്താൽ പിടിവിട്ടു

പായുന്ന വേരൂന്നിയ നിന്റെ ചൂടിനാൽ 

പകരുന്ന ചിന്തകളിൽ,  

അകതാരിലുണരുന്നു  രക്തനക്ഷത്രം 

പോൽ പ്രണയം. 


മൗനം പോലും ഉള്ളിലെ നോവു 

നീറ്റുന്നുണ്ടങ്കിൽ  

നിന്നെകുറിച്ചെഴുതാതെ വയ്യെനിക്ക്  

ഹൃദയത്തോളം ചുവന്നീ  

പ്രണയദിനത്തിൽ. 


എന്നെയുരുക്കുന്ന നേരിൻ വാക്കുകൾ, 

ബാഷ്പബിന്ദുക്കളായി നിന്നിലേക്ക് 

എത്തുന്ന കാലത്തോളം, 

തുറന്നു പറയാൻ മടിച്ച 

അപൂർണ്ണതയുടെ പര്യായമാണെന്റെ

 പ്രണയം. 


കണ്ണുകളടച്ചു ധ്യാനിക്കുമ്പോൾ, 

നിനക്ക് രൂപവും ശബ്ദവും നൽകി 

കോറിയിട്ട ഭാവനകളാൽ 

എല്ലാത്തിന്റെയും  പൂർണ്ണത 

ഞാനറിയുന്നു. 


നെഞ്ചോടു ചേർത്തു പിടിച്ചു നീ കത്തിച്ച 

ദീപങ്ങളിൽ, 

കറുത്ത നീരുറവ പോൽ 

കാഴ്ചയും ശ്വാസവും നിലക്കുമ്പോൾ 

യാഥാർഥ്യമാകാം എന്നിലെ പ്രണയം. 


നിന്നിൽ തുടങ്ങിയ ഭാഗ്യത്താൽ

വിരൽ തുമ്പിലൂടെ തിളങ്ങുന്ന

വാക്കുകൾ 

നീ പ്രവേശിച്ചു വിരാജിച്ച കവിതകളിൽ 

ആശ്രയം തേടിയെത്തുന്നു ഒന്നായി 

തുഴയാൻ.. 


Login | Register

To post comments for this article