ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനം. ഈ കഥ
നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ ഹ്രസ്വ ചിത്രമാക്കുകയും നിരവധി പുരസ്‌കാരങ്ങൾ നേടുകയും ചെയ്തു. തലശ്ശേരി ഗവ :ബ്രെണ്ണൻ കോളേജിൽ എം എ മലയാള പഠനം പൂർത്തിയാക്കി. കണ്ണൂർ മുഴക്കുന്ന് സ്വദേശി.

ചോദ്യാവലി

എവിടെ നിന്നാണ് 

നീ വരുന്നത്? 

എന്നിട്ട് എങ്ങോട്ടേക്കാണ് 

പോകുന്നത്? 

വരുമ്പോൾ ഒന്നും തന്നില്ലേ? 

പോകുമ്പോൾ ഒന്നും കൊണ്ടുപോയില്ലേ? 

ഇനി, നീ കൊതിച്ചത് 

കേട്ടില്ലെന്നോ? 

നീ നിനക്കാത്തത് കണ്ടെന്നോ? 

കണ്ടിട്ടും കാണാത്ത ഭാവത്തിൽ, 

കേട്ടിട്ടും കേൾക്കാത്ത ഭാവത്തിൽ, 

മുഖം തിരിച്ചെന്നോ? 

തിരിച്ചു വരുമെന്ന് വാക്ക് തന്നില്ലേ? 

അപരിചിതമായൊരു 

ചിരിപോലുമില്ലെന്നോ? 

പരിചിതമായ വഴികളെ 

കാലടികൾ മറന്നെന്നോ? 

അടഞ്ഞു കിടന്ന മിഴിവാതിലുകളിൽ 

പ്രതീക്ഷയറ്റൊരു വിരൽ പോലും 

മുട്ടിവിളിച്ചില്ലെന്നോ? 

രാത്രി കനത്തു നിൽക്കുന്നയീ

ഗ്രഹണം ബാധിച്ച നട്ടുച്ചയിൽ 

എങ്ങോട്ടേക്കാണ് നീ ഒന്നുംപറയാതെ 

ഇറങ്ങിപ്പോയത്? 

പോക്കുവെയിലിറങ്ങുന്ന ഇടവഴികളിൽ 

കാത്തിരുന്നുറങ്ങിപ്പോയ 

നരച്ചുണങ്ങിയ നിന്റെ 

പിന്നിട്ട നിഴലുകളെ 

നീയിനി വിളിച്ചിറക്കി കൂടെ 

കൊണ്ടുപോകില്ലെന്നോ? 

"ശേ !മറന്നു പോയി... "

എന്ന ദിനചര്യ വാചകത്തിലെ 

മറവിയെന്ന വാക്കുപോലും 

മറന്നെന്നോ?


Login | Register

To post comments for this article