മാധ്യമം പത്രത്തിൽ സബ് എഡിറ്റർ. കോഴിക്കോട് സ്വദേശി.

മൈന

ക്ലീ ക്ലീ ക്ലീ

ക്രൂ ക്രൂ ക്രൂ

സുരേഷ് തിരിഞ്ഞു നോക്കി

മുറ്റത്തൊരു മൈന.

പാഠപുസ്തകത്തിലെ

മൈനയെ പിന്നീടെങ്ങും കണ്ടില്ല

നാട്ടിൽ സ്ഥിരതാമസമാക്കിയതിനാൽ

കാട്ടിൽനിന്ന് പുറത്താക്കിയിരുന്നു

പുസ്തകത്തിലൊക്കെ വന്നതിനാൽ

നാട്ടുകിളികളും ഒഴിവാക്കി

ഒറ്റയായ് കണ്ടാൽ ആളുകൾ ഓടിക്കും

ഇരട്ടയായാൽ പറന്നകലും

ഇരുണ്ട നിറമായതിനാലാവാം

ആരും കൂട്ടത്തിൽ കൂട്ടിയില്ല

പരിചയക്കാരില്ലാത്തതിനാൽ

നഗരത്തിലും ഒരിടമില്ല

സുരേഷിനെ തേടിപ്പോയി

അയാൾ ഗൾഫിലേക്ക് നാടുവിട്ടിരുന്നു

വാടകക്ക് താമസിക്കുന്ന ബംഗാളികൾ

ആ പാoഭാഗത്തെപ്പറ്റി കേട്ടിട്ടേയില്ല

തന്നെക്കുറിച്ച് ആരോ പുസ്തകമെഴുതിയിട്ടുണ്ട്

എന്ന് കേട്ട് ഖസാക്കിലെത്തിയപ്പോഴാണറിയുന്നത്

അത് മൈമൂനയാണത്രെ.....

കൂമൻകാവിൽ ബസ് കാത്തുനിന്നത് കണ്ടവരുണ്ട്

ഭാഷയിലോ

പറമ്പിലോ 

പ്രളയജലത്തിലോ 

എവിടെയെങ്കിലും മൈനയെ കണ്ടിരുന്നോ?


* സുരേഷ് തിരിഞ്ഞുനോക്കി. മുറ്റത്തൊരു മൈന എന്ന് തുടങ്ങുന്ന  പഴയ എൽ.പി. ക്ലാസിലെ മലയാളം പാഠാവലിയിലെ അധ്യായം


Login | Register

To post comments for this article