നീലക്കോടുവേലിയുടെ വിത്ത്' പ്രഥമ കവിതാസമാഹാരം.
കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി സ്വദേശി. പുരസ്കാരങ്ങൾ: ദുബായ് കൈരളി കലാകേന്ദ്രം കവിത പുരസ്ക്കാരം (2002). കൈരളി അറ്റ്ലസ് കവിത പുരസ്ക്കാരം (2003). പ്രവാസി ബുക്ക് ട്രസ്റ്റ് കവിത പുരസ്ക്കാരം (2013)

പരശുറാമിലെ പതിനൊന്നാം നമ്പർ സീറ്റിൽ

എതിർവശത്തുകൂടി 

ഏണികയറിയാണെത്തിയത്

വണ്ടി നീങ്ങിത്തുടങ്ങിയ 

മഴയുള്ള പുലർകാലത്ത് 

പതിനൊന്നാം നമ്പർ സീറ്റിൽ 

പതിവുപോലെ ഉരഞ്ഞ് 

സ്ത്രീകൾക്കിടയിൽ 

പതുങ്ങുന്ന പൂച്ചയായി 

അവൾ... ഏതോ വീട്ടമ്മ. 


കഴുത്തൊടിഞ്ഞ താറാവിന്റെ 

കുരുങ്ങിയ പ്രാണൻ പോലെ  

ദുർബ്ബലമായ എന്തോ ഒന്ന്

തൊണ്ടക്കുഴിയിൽ ഉയർന്നുതാണു.

പുകക്കുഴൽ നിശ്വാസം പോലെ 

അഹിതമായ കുരുന്നൊച്ചയോടെ 

മുഖം ചാഞ്ഞുവീഴുന്ന 

ഉറക്കം തൂങ്ങലിന്നിടയിൽ 

എത്രയോ നട്ടുച്ചകൾ തിളച്ചു?


സൂര്യനില്ലാത്ത സന്ധ്യകളും 

നിലാവില്ലാത്ത രാത്രികളും 

ദയാഹീനമായി കനത്തു പെയ്തു.

തുറന്നേയിരിക്കുന്ന വായിലൂടെ 

തെറിച്ച് നിശബ്ദം പരുങ്ങുന്നത് 

കുട്ടിയോടുള്ള കൊഞ്ചൽ

അമ്മയ്ക്കുള്ള ഓർമ്മപ്പെടുത്തൽ

മീൻകാരനോടുള്ള കടം പറച്ചിൽ

ബാങ്ക് വായ്പയുടെ ഒഴിയാച്ചിത

വാടകക്കരാറിന്റെ പുതുക്കായ്ക 

ഏറെ മുറിവേൽപ്പിക്കുന്ന 

ജാതിയുടെ തിരസ്കാര ശ്യാമഗാഥ.


ഇടയ്ക്കൊന്നുണർന്ന് 

ഇളകിയിരുന്ന് 

പുറത്തേക്ക് കണ്ണയക്കുമ്പോൾ 

ചെറുപള്ളിക്കൂടങ്ങൾ തിരികെവരുന്നു.

അച്ഛന്റെ തലോടൽ നെറുകയിലിറ്റുന്നു.

ഉപ്പുമാവിന്റെ മണം മനം നിറയ്ക്കുന്നു.

കപ്പമാവിന്റെ തോളിൽ കിളികളായ് 

കാലം ഉയരെ ചില്ലാട്ടമാടുന്നു.

സ്വപ്നം ചിറക് മുറിയുന്നു.


ഇടത്തെ കഴുത്തു വടിവിൽ 

ചതഞ്ഞ പാട്ടുറോസ പോലെ 

പല പഴുതാരപ്പാടുകളായി 

അക്രമരതിയുടെ രാത്രിപാഠം

തിണർത്തു തിളച്ചു കിടന്നു.

കണ്ണടച്ചില്ലിനു പിന്നിലുള്ളത് 

ചൂണ്ട വിഴുങ്ങിയ കരിമീനെന്നത് 

പഴകിക്കീറിപ്പോയ രൂപകമാവാം.

അവ മഞ്ഞിൽക്കുതിർന്ന കനലെന്ന് 

മൊഴിയാടാത്തത് ഭാഷാമര്യാദ.. 


പരശുറാമിലെ പതിനൊന്നാം നമ്പർ സീറ്റിൽ  

അവൾ ആയിരമായി പെരുകുന്നു.

വൈദ്യുതക്കമ്പിയിൽ ചുംബിച്ച് ചുംബിച്ച് 

ജീവിതം മുരണ്ടു മുഴങ്ങിപ്പായുന്നു.


Login | Register

To post comments for this article