കോളേജ് അദ്ധ്യാപിക. ഇംഗ്ലീഷ് കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നവ മാധ്യമങ്ങളിൽ എഴുതുന്നു. കോട്ടയം ജില്ലയിലെ പൊൻകുന്നം സ്വദേശി.

തോന്നലും നഷ്ടവും

തോന്നൽ


നിന്റെ തോന്നലാണ് ഞാൻ.

എന്റെ മന്ദഹാസവും ഗദ്ഗദവും 

കിനാവും പ്രണയവും

നിന്റെ തോന്നലാണ്.


നിന്റെ തോന്നലാണ്

എന്റെ ഭയവും ഭാവവും

ഭാവപ്പകർച്ചയും

വേഷപ്പകർച്ചയും.


കണ്ണാടിയിൽ തെളിയുന്ന എന്റെ

സുന്ദര പ്രതിബിംബവും

വിയർപ്പുതുള്ളികളും

നിന്റെ തോന്നലാണ്.


നീയോ?

നീ ഏതു തോന്നലാണ് ?നഷ്ടം


പനിനീർപൂവിനു 

സൗരഭ്യമേകിയത്

ആദ്യാനുരാഗത്തിൻ 

നറുമണം ആയിരുന്നു.


പുൽപടർപ്പിൽ 

മഞ്ഞുത്തുള്ളിയായതു

എന്നോ നഷ്ടപെട്ട

നൈർമല്യം ആയിരുന്നു.


കർക്കട രാവിൽ 

മഴയായ് പെയ്തതു

മനസ്സിലെ വറ്റാത്ത 

മോഹങ്ങൾ അയിരുന്നു.


മഴയ്ക്കൊടുവിൽ വീശിയ 

നനുത്ത കാറ്റായതു

എവിടേയോ മറഞ്ഞ 

സ്വപ്‌നങ്ങളായിരുന്നു.


സന്ധ്യക്ക് കുങ്കുമ 

നിറം ചാർത്തിയത്

ഹൃത്തിലെ ഉണങ്ങാത്ത

മുറിവുകളായിരുന്നു.


ഈറക്കുഴലിൻ 

നാദമായ് മാറിയതു

ആരും കേൾക്കാത്ത

മനസ്സിൻ തേങ്ങലായിരുന്നു.


പുലരിയിൽ ഏതോ 

പക്ഷിക്കു പാട്ടായത്

പറയാതെ പോയ

പ്രണയത്തിൻ രാഗമാരുന്നു.  


Login | Register

To post comments for this article