വൈക്കത്ത് സർക്കാർ സ്കൂൾ അധ്യാപിക. ആനുകാലികങ്ങളിലും നവ മാധ്യമങ്ങളിലും കവിതയെഴുതുന്നു.

ഞാൻ അമ്മയെങ്കിൽ

ഇനിയും മെഴുകുതിരിയാവരുത് 

ശിരസ്സറ്റവാക്കുകളെ, 

ശൂന്യമായചേഷ്ടകളെ

ഇരുട്ടുവളരുന്ന

താഴ്വരകളിൽ 

ഉപേക്ഷിക്കുക

വികൃതമായ ചിരികളെ

വിളറിയ 

ദുരഭിമാനത്തിന്റെ

അവശിഷ്ടങ്ങളെ

ചമ്മട്ടികൾകൊണ്ടു

പ്രഹരിക്കുക

ചുടുമാംസത്തിനു

കാത്തുനിൽക്കുന്ന

വേട്ടനായ്ക്കളുടെ

വിഷാദഭരിതമായ 

നുണകളെ

ആത്മാവില്ലാത്ത, 

മൃതമായ 

ശരീരങ്ങളെയെന്ന പോൽ 

കടലിലെറിയുക

ദേശാന്തരംചെയ്ത

പക്ഷികൾക്കായി 

സ്വയം 

എരിഞ്ഞുതീരരുത്

നമ്മൾ 

വീടുനഷ്ടപ്പെട്ടവർ

അസ്ഥിഖണ്ഡങ്ങൾ പോലെ

ഒഴുകിനടക്കുന്നവർ.

മേൽക്കൂര ചോർന്നൊലിക്കാത്ത

പുതിയവീട്ടിൽ

പ്രണയനിർഭരമായ 

നിശ്ശബ്ദത

നിന്നെ

അച്ഛനെന്നുവിളിക്കും


Login | Register

To post comments for this article