ശ്രീനിലയം സുകുമാരരാജ കവിതാ പുരസ്ക്കാരം നേടി. മലയാളത്തിലെ ആദ്യത്തെ കവിതാ വാട്സ്ആപ്പ് ഗ്രൂപ്പായ എഴുത്തൊച്ചയുടെ അഡ്മിൻ.
ആനുകാലികാലികങ്ങളിൽ കവിത എഴുതുന്നു. കുട്ടികളുടെ നാടകങ്ങൾ രചനയും സംവിധാനവും ചെയ്തിട്ടുണ്ട്. സംവിധാനം നിർവ്വഹിച്ച ഡ്രീംസ് ഓഫ് അദേഴ്സ് എന്ന ഷോർട്ട് ഫിലിം വിബ്ജിയോർ അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തൃശൂർ മാതൃഭൂമിയിൽ സർക്കുലേഷൻ ഓർഗനൈസർ. കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശി.

അതേ, കാലം

എന്ന് മുതലാണ് 

നിലവിളികൾ കൊണ്ട് 

സിംഫണികൾ ഉണ്ടായിത്തുടങ്ങിയത്? 

വേശ്യകൾക്ക്, നിലാവ് 

കൂട്ടിനിരിക്കാൻ തുടങ്ങിയത് ? 

ഉമ്മറപടിയിൽനിന്നും 

ഇറങ്ങിപ്പോകാൻ കൂട്ടാക്കാത്ത, 

തോട്ടുവെള്ളത്തിലൂടെ 

പണ്ട്, കേറുവിച്ചു പിരിഞ്ഞുപോയ 

തകലപ്പാത്രം തിരിച്ചു വരാൻ തുടങ്ങിയത്? 

എന്ന് മുതലാണ് 

വല്ലം പൊളിച്ച് കോഴികൾ 

അതിർത്തികൾ വെട്ടിപൊളിച്ച്  

അഭ്യന്തരകലഹങ്ങൾ 

ഉണ്ടാക്കി തുടങ്ങിയത്? 

അലക്കുകല്ലിന് ആകാരത്തിലും, നിറത്തിലും 

ലജ്ജ തോന്നി തുടങ്ങിയത്? 

എന്ന് മുതലാണ് 

ചിമ്മിനി പോലുമറിയാതെ 

വെളിച്ചം കെട്ട് തുടങ്ങിയത്

കാറ്റും വെളിച്ചവും തമ്മിലുള്ള 

അധികാരഘടന തകിടം മറിഞ്ഞു തുടങ്ങിയത്? 

എന്നിട്ടുമെന്തിനാണ്

മുങ്ങികുളിച്ചാൽ 

ചത്തുപൊങ്ങുന്ന തലമുറയെ, 

നിങ്ങൾ ഉഭയ ജീവികളെന്ന് വിളിച്ചുകൂവുന്നത്.


Login | Register

To post comments for this article