ആനുകാലികങ്ങളിൽ എഴുതുന്നു. തിരൂർ ഗവ.ഹൈസ്കൂളിൽ അദ്ധ്യാപിക, വടകര സ്വദേശി.

സഹയാത്ര

ഈ യാത്ര നമുക്കൊരുമിച്ചാവാം 

വഴിയിലൊരിടത്തും നമുക്ക് 

താവളങ്ങൾ വേണ്ടല്ലോ

സമയം തെറ്റി ഓടുമ്പോൾ

പതിവുപോലെ നിനക്ക് 

പരിഭ്രമവും വേണ്ട

കൂകി വിയർത്ത വേഗതയെ

ഒരുവട്ടം പരിഹസിക്കാം

ചുമലോരം ചാഞ്ഞുറങ്ങുന്ന 

പരാതിക്കെട്ടുകളെ നമുക്ക്

വഴിയിലിറക്കി വിടാം.


നമുക്കിടയിൽ സ്ഥാനം പിടിച്ച 

അപരിചിതരായ 

അസ്വസ്ഥതകളെ

കണ്ടില്ലന്ന് വെയ്ക്കാം 

ഒരല്പനേരത്തേക്ക്

നീ പെയ്തിറങ്ങുവോളം 

ഏറെ നേരം കണ്ണിലൊട്ടിക്കിടന്ന 

ആ വിഷാദബിന്ദു  

സഹയാത്ര ചെയ്യട്ടെ 

നമുക്കൊപ്പം 

മറവിത്തുരങ്കത്തിലേക്ക്.


ഇനിയൊരല്പനേരമല്ലേയുള്ളൂ

ഇരുൾക്കാട്ടിലീകൃഷ്ണമണികൾ 

പൊഴിച്ചിട്ടാലെന്ത്? 

നിനക്കേറെയിഷ്ടമുള്ള 

ചുവന്ന മഞ്ചാടി മണികളില്ലേ

അത് നമുക്കീ പുഴയുടെ നെഞ്ചു വിരിച്ചിടാ०

ഇനി ബാക്കി നിൽക്കുന്നത്

അർത്ഥം മാഞ്ഞു തുടങ്ങിയ 

ചില്ലറ വാക്കുകളാണ് 

യാചകനൊരാൾ കൈ നീട്ടി നിൽപ്പുണ്ടതിന്

നിനക്ക് സമ്മതമെങ്കിൽ

കൊടുത്തേക്കട്ടെ ഞാനതിനെയും  


Login | Register

To post comments for this article