
ഹരിപ്പാട്ട് ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനാന്തര ബിരുദം. കോളേജ് കാലം മുതല്‍ കവിതകള്‍ എഴുതുന്നു. കുഞ്ചുപിള്ള അവാര്‍ഡ് (2001), വി.ഡി കുമാരന് പുരസ്കാരം (2002) അങ്കണത്തിന്റെ ഗീതാഹിരണ്യന്‍ സ്മാരക പുരസ്കാരം (2003) ദുര്‍ഗ്ഗാദത്ത പുരസ്കാരം (2009), മുതുകുളം പര്‍വ്വതിയമ്മ പുരസ്കാരം (2011), കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവപുരസ്കാരം(2012) തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഇംഗ്ലീഷ് അദ്ധ്യാപിക.
ഋതു സ്നാതയാം ഭൂമി, കവി നീ
ലോപ
ഋതു സ്നാതയാം ഭൂമി, കവി നീ, വാക്കിൻ വജ്ര
പഥത്തിൽ നിത്യോന്മത്ത ഭ്രമണം നടത്തുന്നോൾ
കരയും പെണ്ണിന്നുടുചേല നൽകിയോൻ തന്റെ
കരുണാർദ്രമാം ചിത്തമിവൾക്കായ് പകുക്കയാൽ
മിഴിനീർ തുളുമ്പുന്നോർക്കഭയേശ്വരിയായോൾ
തരിശാംമണ്ണിൽ കൃഷ്ണ വർണ്ണമാം കാടായവൾ
മണ്ണിതിൽ വിഷംചീറ്റും കാലകാളിയന്മാർക്കു
പൊന്മണിചിലമ്പിട്ട പദമായുദിപ്പവൾ
ധീരമാം കർമ്മത്തിന്റെ നീൾമരക്കുരിശേന്തി
നീലച്ച മുളംതണ്ടിൻ മുറിവായ് നീറിപ്പാടി
നീ, കവി കല്ലും മുള്ളും പാകിയ വഴിതാണ്ടി
നീങ്ങവേ കൂടെത്താതെ കിതയ്ക്കുന്നവർ ഞങ്ങൾ
നിന്റെ പാട്ടുകൾ സമാനാർദ്ര മാനസരാകും-
ഞങ്ങൾക്കു ഞങ്ങൾക്കെന്നു തുളിമ്പിത്തെറിക്കുന്നോർ
നീ, കവി ഋതുക്കൾ വന്നുത്സവം നടത്തുന്ന
ഭൂമി നീ, വാക്കിൻ തിരിത്തുമ്പിലെത്തീനാളം നീ
ആയിരം പൂർണേന്ദുക്കളാരതിയുഴിയുമ്പോൾ
വാക്കിന്റെ വെള്ളാമ്പൽപ്പൂ നിറവേ ചിരിയ്ക്കുക
(ശതാഭിഷിക്തയായ് കവയത്രി സുഗത കുമാരിക്ക്)