ആനുകാലികങ്ങളിൽ കവിത എഴുതുന്നു. അബുദാബിയിൽ ജോലി. വിവിധ പ്രവാസി സാംസ്കാരിക സംഘടനകളുടെ ഭാരവാഹിത്വം വഹിക്കുന്നു. തൃശൂർ ചാവക്കാട് സ്വദേശി.

കിണർ

തൊട്ടിയിൽ കയർ കെട്ടി 

ഊറ്റി ഊറ്റിയെടുത്ത ഉറവ 

വറ്റാതെ കാക്കുന്ന 

ആ സ്നേഹത്തിൻ ചുരത്തൽ

അനുഭവിച്ചറിയവേ, 

എപ്പോഴാണാവോ 

പൊട്ടി പൊളിഞ്ഞ നിലയിൽ 

ആർക്കും വേണ്ടാതെ 

എല്ലാ വിഴുപ്പുകൾ പേറാനായ് 

ഒരൊഴിഞ്ഞ മൂലയിൽ 

കുടിയിരിത്തിയത്.

പണ്ടാരോ ദാഹ ജലത്തിനായ്  

വന്നു പോയതിന്റെ 

അവശേഷിപ്പുകളുണ്ടിവിടെ.

മധുപാനം ചെയ്തതിന്റെ 

ബാക്കിയെന്നോണം 

ഒഴിഞ്ഞ ഗ്ളാസ്സുകൾ 

ലഹരിയുടെ മണം 

പരത്തുന്നുണ്ടിപ്പോഴും.

കയർ പൊട്ടിയ തൊട്ടിയിൽ 

ബാക്കി വന്ന കുടിനീർ 

ഒരു കാലഘട്ടത്തെ 

പ്രകൃതി രമണീയമാക്കിയതിന്റെ 

നനുത്ത ഓർമ്മകൾ.

ഇത്രയൊക്കെ മതിയാകും 

ആരാലും നോക്കാതെ 

ഒഴിഞ്ഞ മൂലയിൽ നട തള്ളിയ 

എന്റെ ജീവിതത്തെ 

അടയാളപ്പെടുത്താൻ.ആതുരാലയം 

ഇനിയീയാതുരാലയത്തിൽ നിന്നും 

പടിയിറങ്ങാൻ സമയമായി.

വയറ്റിലെ കരകരപ്പിനു ശാന്തതയായി,

നെഞ്ചിലെ ശ്വാസോച്ഛ്വാസം പഴയപടിയായി.

വേദനക്കുള്ള മരുന്നു കയറ്റുന്ന 

വേദനിപ്പിക്കുന്ന സിറിഞ്ച് 

ക്ലാവ് പിടിച്ച പാത്രത്തിലെ 

ചുട്ടുപൊള്ളുന്ന വെള്ളത്തിൻ നിദ്രയിലായി.

നിത്യ സന്ദർശകരായ മാലാഖമാർ 

വരവിന്റെ എണ്ണം കുറച്ചു തുടങ്ങി.

മനസ്സ് മെല്ലെ, മെല്ലെ മന്ത്രിച്ചു 

ഇനിയിറങ്ങുകയീയാശുപത്രിയിൽ നിന്നും.

അവ്യക്തമായൊരു രോഗത്തിൽ നിന്ന് 

രോഗശാന്തി നേടിയതോ,

വിചിത്രമായൊരു നഷ്ടബോധമോ,

എല്ലാമവ്യക്തം.

എങ്കിലും നാം തിരിച്ചറിയുന്നുണ്ട് 

അബോധ മനസ്സുകളുടെ വയറ്റിലെ 

കരകരപ്പിനു വേഗതയേറെയെന്നു.

ഒടുവിൽ അവർ ഒറ്റശ്വാസത്തിൽ പറഞ്ഞു:

എന്നാലും രോഗം ഭേദമായല്ലോ.ഓർമ്മകളുടെ തിരകൾ  

ഇന്നലെകളിൽ  നടന്നു പോയ 

ശാന്ത തീരങ്ങളിൽ 

ഓർമ്മകളുടെ തിരകൾ 

ഒരുപാട് വന്നുപോയിരിക്കാം.

ഓർമ്മകളെന്നും തിരകളായി 

മനസ്സിന്റെയുള്ളിൽ ആടിയുലയുമ്പോൾ 

മിഴികളിൽ വേദന പെയ്യാനൊരുമ്പെടുമ്പോഴും, 

പരിഭവം പറയാതെ തിരകൾ 

കരകളിൽ നിന്നകലം പാലിക്കുമ്പോഴും, 

സന്തോഷത്തിന്റെ മുഖംമൂടിയണിയുന്നുണ്ട്.  

വന്നു പോകുന്ന തിരകളെല്ലാം 

ഓർമ്മകളുടെ വേലിയേറ്റം സൃഷിടിക്കുമ്പോഴും 

എല്ലാ തിരകൾക്കും അറിയാം 

ഒറ്റപ്പെടലിന്റെ ചുഴിയിൽ

ശൂന്യമാവുന്ന കയറ്റിറക്കങ്ങളെക്കുറിച്ച്.


Login | Register

To post comments for this article