മഹാഭാരതം, കഥാ സാഗരം, ചിലപ്പതികാരം എന്നിവയുടെ പുനരാഖ്യാനം, ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രം അടക്കം അഞ്ച് ചരിത ഗ്രന്ഥങ്ങൾ, മൂന്നു നോവലുകൾ, കാലാതിവർത്തികൾ: പ്രാചീന ആധുനിക കവിത്രയങ്ങൾ മുതലായ സാഹിത്യപഠനങ്ങൾ അടക്കം നാൽപ്പത്തിയഞ്ചു പുസ്തകങ്ങളുടെ രചയിതാവ്. എറണാകുളം, കളമ്പൂർ സ്വദേശി.

നാട്ടുവഴിയിലെ നന്ത്യാർവട്ടങ്ങൾ -4 : നിലാവിന്റെ പൂങ്കാവിൽ നിശാപുഷ്പഗന്ധം.

യക്ഷികൾ, ഭീതിദസൗന്ദര്യത്തിന്റെ ബിംബകല്പനകളാണ്. പാലപൂക്കുന്ന രാവുകളിൽ, പെയ്തിറങ്ങുന്ന നിലാവിലലിഞ്ഞ് മണ്ണിലേയ്ക്കൊഴുകിവീഴുന്നവർ. വിഫലമോഹങ്ങൾ വാറ്റിയെടുത്ത പ്രതീക്ഷകളുമായി പറന്നലയുന്ന ആത്മാക്കൾ. ബാല്യത്തിലെ സ്വപ്നങ്ങളിൽ കള്ളിപ്പാലകളോളം ഉയരത്തിൽ വളർന്നു നില്ക്കുന്ന കറുപ്പു വെള്ളച്ചിത്രങ്ങളായി യക്ഷികളുണ്ടായിരുന്നു.

ഇരുൾ വീണ പുഴക്കരയിലും വിജനമായ നാട്ടിടവഴികളിലും നിഴലുകൾ നിലാവുണ്ടു മയങ്ങുന്ന തൊടികളിലെ ഇലയനക്കങ്ങളിലും അദൃശ്യസാന്നിദ്ധ്യങ്ങളായി അവർ പാറി നടന്നു.

വിഹ്വലതകൾ ആകുലതകളെ പ്രസവിക്കുന്ന മനസ്സിന്റെ മച്ചകങ്ങളിൽ നരിച്ചീറുകൾ ചിറകടിക്കുമ്പോൾ,

അത്താഴനേരങ്ങളിൽ പഴയരിക്കഞ്ഞിയിൽ കടുമാങ്ങാച്ചുവപ്പലിഞ്ഞു രക്തമായി പരക്കുമ്പോൾ,

വയൽക്കാറ്റിലുലയുന്ന നിലവിളക്കിന്റെ  തിരിനാളമണയാതിരിക്കാൻ ഭയന്നു വിറച്ച് നെഞ്ചുരുകി പ്രാർത്ഥിക്കുമ്പോൾ, ഓർമ്മകളുടെ പാലമരച്ചോട്ടിൽ അവൾ വന്നു. ഒരു തരിച്ചുണ്ണാമ്പിനു വേണ്ടി കൈനീട്ടിനിന്നു.

പിന്നെയെപ്പൊഴോ.... സിനിമകളിലെ സുന്ദരികളായ യക്ഷികളുടെ അംഗവടിവിൽ സ്വയംമറന്നു രസിച്ച കൗമാരസന്ധ്യകൾ അവൾക്കുവേണ്ടി പ്രണയാതുരമായി... സുന്ദരമായി.

ഒരിക്കൽ നേരിട്ടു കണ്ടു... ജയഭാരതിയെപ്പോലെ സുന്ദരിയായ യക്ഷിയെ. തണുത്തുറഞ്ഞ ഇരുട്ടിലൂടെ, നടന്നു വരുന്ന ആ വെളുത്ത രൂപത്തെ.

കോട്ടപ്പുറത്തു നിന്ന് കളമ്പൂരേയ്ക്കു തിരിയുന്ന ഇടവഴിയ്ക്കിരുവശവും അന്ന് കശുമാവിൻ തോട്ടങ്ങളായിരുന്നു. കശുമാങ്ങകൾ പഴുത്ത, വശ്യവും തീക്ഷ്ണവുമായ ഗന്ധം പടർന്നിറങ്ങുന്ന വഴി.മലഞ്ചെരുവിൽ, പത്തേക്കറോളം വരുന്ന തോട്ടത്തിനു താഴെ വിശാലമായ പാടമാണ്. കൊയ്ത്തു കഴിഞ്ഞു മലർന്നു കിടന്നുറങ്ങുന്ന പാടം. മലമുകളിൽ ഒന്നോ രണ്ടോ വീടുകൾ മാത്രമാണന്നുണ്ടായിരുന്നത്. ഇരുട്ടും മൂകതയും ഊടും പാവുമിട്ടു നെയ്ത രാത്രിയിൽ, പരിചിതമായ വഴിച്ചാലിനെ തൊട്ടറിഞ്ഞ് കാലുകൾ ഞങ്ങളെ നയിച്ചു.

കൂട്ടത്തിൽ ഏറ്റവും ഇളയവനാണു ഞാൻ. മറ്റു രണ്ടു പേർ ഇരുപതു കടന്ന ബിരുദക്കാർ. പിറവം ദർശനയിൽ മോഹൻലാലിന്റെ ശ്രീകൃഷ്ണപ്പരുന്തു കണ്ടു മടങ്ങുന്ന വഴിയാണ്. മനസ്സുനിറയെ, സംവിധായകൻ വിൻസന്റ് മാഷും നോവലിസ്റ്റ് പി വി തമ്പിയും ചേർന്നു സൃഷ്ടിച്ച മാന്ത്രിക ലോകത്തിന്റെ വിസ്മയ ദൃശ്യങ്ങൾ.  പുറത്തു കാണാത്ത ഭയത്തിന്റെ പുതപ്പണിഞ്ഞ് ഞങ്ങൾ  മലയിറങ്ങുകയായിരുന്നു.

പെട്ടന്നാണതു കണ്ടത്.! പടർന്നു പന്തലിച്ച കശുമാവുകൾക്കിടയിലൂടെ, ആകാശക്കോണിൽ വഴി തെറ്റി വന്ന ഒരൊറ്റ നക്ഷത്രം വീഴ്ത്തുന്ന ഇത്തിരി നാട്ടുവെളിച്ചത്തിൽ ഒരു മനുഷ്യ രൂപം.

അതെ.. അതൊരു സ്ത്രീയാണ്. വെള്ള വസ്ത്രം ധരിച്ച ഒരു സ്ത്രീ.

ഈ സമയത്ത് ഇങ്ങനെയൊരിടത്തു നടക്കാൻ സാധാരണ സ്ത്രീകൾ ധൈര്യപ്പെടില്ല. 

ഇവൾ യക്ഷിയാണ്...യക്ഷി.

ഞാൻ കൂട്ടുകാരുടെ കൈയ്യിൽ മുറുകെപ്പിടിച്ചു.അവരുടെ ശരീരം വിറയ്ക്കുന്നത് തൊട്ടറിഞ്ഞു. എന്റെ ഹൃദയമിടിപ്പിനു ശക്തി കൂട്ടാനെന്നോണം ഭീതിയുടെ നിഗൂഢഭാവങ്ങളൊളിപ്പിച്ച ആ പെൺ പാട്ട് ഓർമ്മയിൽ മുഴങ്ങി.

"നിലാവിന്റെ പൂങ്കാവിൽ നിശാപുഷ്പഗന്ധം..

കിനാവിന്റെ തേന്മാവിൽ രാപ്പാടി പാടി.. " 

ഈശ്വരാ... അവൾ ഞങ്ങളെ കണ്ടു കഴിഞ്ഞു. ഓ..!! യക്ഷികൾക്ക് ഗന്ധം കൊണ്ടു തന്നെ മനുഷ്യസാന്നിദ്ധ്യം തിരിച്ചറിയാനാകുമല്ലോ. നാളെ ഈ കശുമാവിൻ തോട്ടത്തിൽ രക്തം വറ്റിയൊടുങ്ങിയ മൂന്നു ചെറുപ്പക്കാരുടെ ജീവിതങ്ങൾ നാട്ടുകാർ കാണും.

ഭയമകറ്റാനുള്ള പ്രാർത്ഥനാ ഗീതങ്ങൾക്കു മുകളിൽ ശ്രീകൃഷ്ണപ്പരുന്തിലെ യക്ഷിയുടെ പൊട്ടിച്ചിരി മുഴങ്ങുന്നു.. ഒപ്പം ആ വിളിയും.

''കുമാരേട്ടാ... ! എന്റെ കുമാരേട്ടാ..!!''

അവൾ ഞങ്ങൾക്കുനേരേ നടന്നു വരുന്നുവോ ! കാലുകൾ ചതുപ്പിൽ പുതഞ്ഞതുപോലെ നിശ്ചലരായി നില്ക്കുകയാണു ഞങ്ങൾ. അവൾ അടുത്തെത്തിക്കഴിഞ്ഞു. ഇരുട്ടിന്റെ മരുഭൂമിയിൽ മനംനനയ്ക്കാൻ ഒരു തുള്ളി വെട്ടത്തിനായി സുഹൃത്തുക്കളിലൊരാൾ മടിയിൽ നിന്നും തീപ്പെട്ടിയെടുത്തു. പിന്നെ..വിറയ്ക്കുന്ന കൈകളാൽ പല തവണ ഉരസിക്കത്തിച്ചു.

മിന്നിയുയർന്ന പ്രകാശത്തെ പാതിരാക്കാറ്റ്  ഊതിക്കെടുത്തുന്നതിനു മുമ്പുള്ള  അര നൊടിനേരത്തിൽ ഞങ്ങളവളെ  കണ്ടു. 

മോഹങ്ങളുടെ അസ്തമയച്ചുവപ്പു പരന്ന മുഖം. എന്തിനോ വേണ്ടി ദാഹിക്കുന്ന കണ്ണുകൾ. യക്ഷികൾ വിഫല മോഹങ്ങളുമായി ഭൂമിയിലലയുന്നവരാണ്. ഞാൻ ഭയത്താൽ കണ്ണുകൾ ഇറുക്കിയടച്ചു.

അതെ.. ഇവൾ യക്ഷി തന്നെ.

പാഞ്ഞു വരുന്ന മരണപാശത്തിൽ നിന്നു രക്ഷപ്പെടാൻ ഓടുകയല്ലാതെ മറ്റുമാർഗ്ഗമില്ല. ദിക്കും ദിശയുമറിയാതെ, അനാദിമദ്ധ്യാന്തമായ ഇരുട്ടിലൂടെ ഞങ്ങൾ എങ്ങോട്ടെന്നില്ലാതെ പാഞ്ഞു. ഇടയ്ക്ക് പിടിവിട്ടതും ഒറ്റപ്പെട്ടതും ഞാനറിഞ്ഞില്ല. വീണും ഉരുണ്ടും പിടഞ്ഞെണീറ്റും പിടിച്ചു കയറിയും ഞാൻ സഞ്ചരിച്ചുകൊണ്ടിരുന്നു.

പിറ്റേന്നു വെളുപ്പിന്  അമ്പലമുറ്റത്തെ കരിമ്പനച്ചുവട്ടിൽ കിടന്ന എന്നെ ആരോ വിളിച്ചുണർത്തി. 

ശരീരത്തിലെ മുറിവുകളുടെ നീറ്റലിനപ്പുറം വിഹ്വലതയാൽ വിങ്ങുന്ന മനസ്സുമായി ഞാൻ എഴുന്നേറ്റു നടന്നു.

അഞ്ചാം ദിവസം രാവിലെ..

മലഞ്ചെരുവിലെ കശുമാവിൻ തോട്ടത്തിന്റെ കിഴക്കേയറ്റത്തെ വെട്ടുകൽമടയിൽ ഒരു ശവം കിടക്കുന്നത് നാട്ടുകാർ കണ്ടു.

മുപ്പതു വയസ്സോളം പ്രായമുള്ള സുന്ദരിയായ ഒരു യുവതിയുടെ ചീഞ്ഞു തുടങ്ങിയ ശവം. ഉറുമ്പരിച്ച്..

ഡ്രൈവർ കുട്ടപ്പായിയുടെ ഭാര്യ ഗ്രേസി. ജയഭാരതിയെപ്പോലെ വെളുത്തു തുടുത്ത സുന്ദരി. പാലാക്കാരിപ്പെണ്ണ്. മൂന്നാളുടെ പണി ഒറ്റയ്ക്കു ചെയ്യുന്ന തന്റേടി.

ആത്മഹത്യയായിരുന്നത്രെ.

ഒരു പെൺജീവിതത്തിന്‌ മൃത്യുലോകത്തേക്കുള്ള വഴി പറഞ്ഞു കൊടുത്ത്, ജന്മലക്ഷ്യം നിറവേറ്റിയ ചാരിതാർത്ഥ്യത്തോടെ കീടനാശിനിയുടെ ഒരു കുപ്പി അടുത്തു കിടന്നിരുന്നു.

പ്രീഡിഗ്രിക്ക് ഫസ്റ്റ് ക്ലാസ് നേടിയവൾ..

ഡോക്ടറാകാൻ കൊതിച്ച് രാത്രി പകലാക്കി പഠിച്ചവൾ. മക്കളെപ്പോറ്റാൻ പോലും ത്രാണിയില്ലാതിരുന്ന തടിപ്പണിക്കാരൻ കൊച്ചാപ്പിക്ക് ആറു പെണ്മക്കളിൽ മൂത്തതിനെ സ്ത്രീധനമില്ലാതെ കെട്ടാൻ വന്ന ഡ്രൈവർ കുട്ടപ്പായി ദൈവദൂതനായിരുന്നു. 

തന്റെ സ്വപ്നങ്ങൾ, റബ്ബർ മണക്കുന്ന പാലായിലെ നാൽപ്പതു സെന്റു പറമ്പിലേക്കു വലിച്ചെറിഞ്ഞ്  ചാരായം മണക്കുന്ന വെളുത്ത മന്ത്രകോടിയുടെ തടവുമുറിയിലേയ്ക്ക് ഗ്രേസി നടന്നു കയറി.

നിരാശയുടെ നിഴൽവീണ ജീവിതം.. കരിഞ്ഞു പോയ കിനാവുകൾ..

മദ്യപാനിയായ ഭർത്താവിന്റെ മർദ്ദനങ്ങൾ.. സ്ത്രീധനമില്ലാതെ പെണ്ണുകെട്ടിയ മഹാമനസ്കതയുടെ തെറി പുരണ്ട വീരഗാഥകൾ.. ഒടുവിൽ, തന്റെ വിവാഹ വസ്ത്രവുമണിഞ്ഞ്   ആളൊഴിഞ്ഞ കശുമാവിൻ തോട്ടത്തിലേയ്ക്ക് അവൾ നടന്നു. കശുമാങ്ങാപ്പഴങ്ങൾ വശ്യവും തീക്ഷ്ണവുമായ ഗന്ധം പരത്തുന്ന, നിലാവില്ലാത്ത ആ രാത്രിയിൽ.

ആ കശുമാവിൻ തോട്ടം ഇന്നില്ല. അവിടെയിപ്പോൾ പാലായിലെപ്പോലെ റബ്ബർ മരങ്ങളാണ്. പഴയ ഇടവഴി വീതിയേറിയ ടാർ റോഡായിരിക്കുന്നു. ഇരുവശത്തും കൂറ്റൻ കെട്ടിടങ്ങളും.

ഗ്രേസിയെ പുതിയ തലമുറ അറിയില്ല. പഠിക്കാൻ കൊതിച്ചു കൊതിച്ചു മരിക്കാൻ പിറന്ന ഗ്രേസി. നഷ്ടസ്വപ്നങ്ങളുടെ നനഞ്ഞ ഈണങ്ങളുമായി അവളിന്നും അലയുന്നുണ്ടാവാം.

പാല പൂക്കുന്ന രാവുകളിൽ...

പെയ്തിറങ്ങുന്ന നിലാവിലലിഞ്ഞ്...

ആ യക്ഷി ഇപ്പോഴും മണ്ണിലേയ്ക്കൊഴുകിവരുന്നുണ്ടാവാം.


Login | Register

To post comments for this article