മഹാഭാരതം, കഥാ സാഗരം, ചിലപ്പതികാരം എന്നിവയുടെ പുനരാഖ്യാനം, ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രം അടക്കം അഞ്ച് ചരിത ഗ്രന്ഥങ്ങൾ, മൂന്നു നോവലുകൾ, കാലാതിവർത്തികൾ: പ്രാചീന ആധുനിക കവിത്രയങ്ങൾ മുതലായ സാഹിത്യപഠനങ്ങൾ അടക്കം നാൽപ്പത്തിയഞ്ചു പുസ്തകങ്ങളുടെ രചയിതാവ്. എറണാകുളം, കളമ്പൂർ സ്വദേശി.

നാട്ടുവഴിയിലെ നന്ത്യാർവട്ടങ്ങൾ - 3 : മറ്റക്കുഴിയിൽ പൗലോസും വിശ്വസുന്ദരി ക്ലിയോപാട്രയും

മറ്റക്കുഴിയിൽ പൗലോച്ചൻ മരിച്ചു. ഇന്നലെ രാത്രിയിലെപ്പഴോ. സ്വന്തം വീടിന്റെ പോർച്ചിൽ കിടന്ന്. ഇന്നു രാവിലെ പത്രക്കാരൻ സണ്ണിയാണ് ആദ്യം കണ്ടത്. 


മക്കൾ വീടും പൂട്ടി കൊടൈക്കനാലിലേക്ക് ടൂറു പോയിരിക്കുകയായിരുന്നു. അപ്പനോട് അനിയന്റെ വീട്ടിലേക്കു പൊയ്ക്കൊള്ളാൻ പറഞ്ഞിരുന്നു. പൗലോച്ചൻ പോയില്ല. രണ്ടു കൊല്ലം മുമ്പ് ഭാര്യ മരിച്ചതിനു ശേഷം അയാൾ ആ വീട്ടുവിട്ടു പോകാറില്ല.ഒരു ജന്മം മുഴുവൻ ഈ മണ്ണിനോടു മല്ലിട്ട  പൗലോച്ചൻ പകലെല്ലാം പറമ്പിൽ ഓരോ പണികളും ചെയ്തു നടന്നു. സന്ധ്യക്ക് പോർച്ചിൽ തളർന്നിരിക്കുന്നതു കണ്ടവരുണ്ട്. ഒന്നും കഴിച്ചിട്ടുണ്ടാവില്ല


രാവിലെ.. വെറുങ്ങലിച്ചു കിടന്നു. ശവമായി.


പൗലോച്ചനെ കാണാൻ പോയി.

മുപ്പത്തഞ്ചു വർഷത്തിനിടെ ആദ്യമായിട്ടാണ് ഞാനാ മനുഷ്യന്റെ മുന്നിൽ ചെല്ലുന്നത്. ഭയമായിരുന്നു. കള്ളി പുറത്താകും എന്നുറപ്പുള്ള ഒരു മോഷ്ടാവിന്റെ ഭയം.

ഇനി ആ ഭയം വേണ്ട. പൗലോച്ചൻ എന്നെ തിരിച്ചറിയില്ല. അയാൾ മരിച്ചു കഴിഞ്ഞു.


ഓർമ്മകൾ കൗമാരകാലത്തേക്ക് തിരിച്ചു നടക്കുന്നു. ജീവിതത്തിലെ ഏറ്റവും വെറുക്കപ്പെട്ട നിമിഷങ്ങളിലേക്ക്.

.....        ......            ......           ....


"ബാബുരാജേ .... ഇലഞ്ഞീല്, സാംബശിവന്റെ കഥാപ്രസംഗം..പോയാലോ..?"

മലമുകളിൽനിന്ന് തങ്കപ്പന്റെ വിളികേട്ട്, ഞാൻ ചാടിയെഴുന്നേറ്റു.


ഐസക് ന്യൂട്ടന്റെ തലയിൽ ആപ്പിളിനു പകരം വല്ല തേങ്ങയോ ചക്കയോ വീണിരുന്നെങ്കിൽ ഞാൻ രക്ഷപ്പെട്ടേനെ...എന്ന ചിന്തയോടെ,

തുറന്നുവച്ച പ്രീഡിഗ്രി ഫിസിക്സ് പുസ്തകത്തിലേക്ക് വെറുതേ നോക്കിയിരിക്കുകയായിരുന്നു,ഞാൻ.  പോയാലോ...!


സാംബശിവന്റെ കഥാപ്രസംഗം...!! ഓരോ മലയാളിയുടെയും മനസ്സിൽ ആവേശം നിറയ്ക്കുന്ന കാഥികൻ.

മനോഹര ഗാനങ്ങൾ.. കഥാപാത്രങ്ങൾക്കനുസൃതമായി, വ്യത്യസ്ത ശബ്ദങ്ങളിൽ ചടുലമായ ആഖ്യാനം... മർമ്മം തുളയ്ക്കുന്ന വിമർശനങ്ങൾ.. നർമ്മം തുളുമ്പുന്ന ഉപകഥകൾ. സാംബന്റെ കഥാപ്രസംഗം ഒരനുഭവം തന്നെ.


പക്ഷെ... അച്ഛൻ...!, പരീക്ഷ...!

പ്രലോഭനത്തിന്റെ വിലക്കപ്പെട്ട കനിയുമായി തങ്കപ്പൻ, മലമുകളിൽ സാത്താനെപ്പോലെ നില്ക്കുന്നു.

"ഞങ്ങളെല്ലാരുമുണ്ട്. കഥയേതാന്ന് അറിയാവോ...? ക്ളിയോപാട്ര .. "

ഇതുവരെ കേൾക്കാത്ത കഥ, വിശ്വസുന്ദരിയുടെ കഥ...


സംബശിവന്റെ കഥാപ്രസംഗം അങ്ങനെ എല്ലായിടത്തും ഉണ്ടാവില്ല.

എന്റെ ഓർമ്മയിൽ കളമ്പൂര് സാംബശിവൻ വന്നിട്ടില്ല. മുമ്പൊരിക്കൽ കളമ്പൂക്കാവിൽ അദ്ദേഹത്തെ കൊണ്ടുവന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

കഥ...പുള്ളിമാൻ. പണം മുൻകൂർ കിട്ടിയാലേ സാംബൻ കഥ തുടങ്ങൂ...

പണം തികഞ്ഞിട്ടില്ല. കമ്മറ്റിക്കാർ മുഖാമുഖം നോക്കി. "കഥ തുടങ്ങിക്കോ.. പോകാൻ നേരത്തു കാശു തരാം"  കമ്മറ്റിക്കാർ പറഞ്ഞു. സാംബൻ മിണ്ടിയില്ല... തബലയും ഹാർമോണിയവും അനങ്ങിയില്ല. 


അദ്ദേഹത്തിനറിയാം,കാര്യം കഴിഞ്ഞാൽ കമ്മറ്റിക്കാർ മുങ്ങുമെന്ന്.


ഒടുവിൽ, എവിടെയോ ചെന്ന് പലിശക്കു പണം വാങ്ങി കൊണ്ടുവന്നു കൊടുത്തു..

കളമ്പൂക്കാവിന്റെ മുറ്റത്ത്  പുള്ളിമാൻ തുള്ളിക്കളിച്ചു.

പിന്നീടൊരിക്കലും, കളമ്പൂരുകാർക്ക് ആ ഭാഗ്യമുണ്ടായിട്ടില്ല.


ആ സാംബശിവന്റെ കഥയാണ്. ക്ലിയോപാട്ര...! പോയേ പറ്റൂ..

പക്ഷെ .... പരീക്ഷ അടുത്തസമയമാണ്. എന്തു ചെയ്യും.!

മനസ്സിൽ ന്യൂട്ടണും ക്ലിയോപാട്രയും തമ്മിൽ പൊരിഞ്ഞ യുദ്ധം.


ന്യൂട്ടൺ തോറ്റു!

...........................................................................


ഇലഞ്ഞിയിലാണു കഥാപ്രസംഗം. രാത്രി 9 മണിക്ക്‌.

കടത്തുവള്ളം പൂട്ടി, കടത്തുകാരൻ കള്ളുഷാപ്പിലേക്കു പോകുന്നതിനു മുമ്പ് അക്കര കടക്കണം. പത്തുകിലോ മീറ്ററോളം നടക്കണം. ബസ്സുകൾ കുറവ്. ഉണ്ടായിട്ടും കാര്യമില്ല. കീശ കാലി. നയാപൈസയില്ല,നഞ്ചു വാങ്ങിത്തിന്നാൻ പോലും. വരുന്നതു വരട്ടെ. 


അച്ഛനെത്തുന്നതിനു മുമ്പ് ഇറങ്ങണം.ഷർട്ടെടുത്ത് അരയിൽ കെട്ടി, ലുങ്കി അതിനു മീതെ ഉടുത്ത് പുറത്തുചാടി.അടുത്തെവിടെയെങ്കിലും പോകുകയാണന്നേ മറ്റുള്ളവർ കരുതൂ.. തിരിച്ചെത്തുമ്പോൾ ... എന്തൊക്കെ പുകിലാണോ ഉണ്ടാവുക...


ഞങ്ങൾ അക്കര കടന്നു. കൂട്ടം കൂടി, കലപിലാ സംസാരിച്ച്, നടന്നപ്പോൾ പത്തു കിലോമീറ്റർ ദൂരം അറിഞ്ഞില്ല.ആയിരക്കണക്കിനാളുകൾ ... ഒരു കൊച്ചു പൂരപ്പറമ്പുപോലെ ... ഇത്രയധികം ജനങ്ങളുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടാൻ കഴിഞ്ഞ ആ കലാകാരനോട്

അസൂയ കലർന്ന ആദരവു തോന്നി.


ക്ലിയോപാട്ര ഗംഭീരമായി,ഒഥല്ലോയും. ഗോസ്റ്റും ആയിഷയുംപോലെ ഈ മനോഹര കലാസൃഷ്ടിയും ഞങ്ങൾ ഹൃദയത്തോടു ചേർത്തു.


രാത്രി 12 മണി


തിരിച്ചു പോകുമ്പോൾ, 10 കി.മീ. നടന്നാൽ പോര. രാത്രിയിൽ കടത്തു വള്ളമില്ല. പിറവം ചുറ്റി, പാഴൂരു കൂടി, കോട്ടപ്പുറം വഴി വേണം വെള്ളം തൊടാതെ കളമ്പൂരെത്താൻ. ഏകദേശം 20 കി.മീ. ദൂരമുണ്ട്. നടന്നു. നടന്ന് കളമ്പൂരിന്റെ വടക്കേയറ്റത്തെത്തി.


വയറു കത്തിക്കാളുകയാണ്. ഉച്ചയ്ക്ക്, അരവയറുണ്ടതിനുശേഷം ഒന്നും കഴിച്ചിട്ടില്ല. എല്ലാവർക്കും വിശപ്പുണ്ട്.. പക്ഷെ, ആരുടെ കയ്യിലും നിലക്കടല വാങ്ങാനുള്ള കാശു പോലുമില്ലായിരുന്നു.


നടപ്പിന്റെ വേഗത കുറഞ്ഞു. പലരും വഴിയിലിരുന്നു.


"ദേടാ .. മറ്റക്കുഴീലേ പൗലോച്ചേട്ടന്റെ പറമ്പിൽ നെറച്ചു കപ്പ.മ്മക്കു പറിച്ചാലോ. ?"

മലഞ്ചെരുവിലൊരിടത്തേക്ക് കൈ ചൂണ്ടി, ആരോ പറഞ്ഞു.


പച്ചക്കപ്പയും പഴുത്ത ആഞ്ഞിലിച്ചക്കയും പൂച്ചപ്പഴവും പാണൽപ്പഴവും ചെത്തിപ്പഴവും തൊണ്ടിപ്പഴവുമൊക്കെ അന്ന് ഞങ്ങളുടെ വയർ നിറയ്ക്കാനുള്ള വിഭവങ്ങളായിരുന്നു. ജംഗ് ഫുഡ് കഴിച്ചു വളരുന്ന ഇന്നത്തെ തലമുറയ്ക്ക് തീരെ പരിചയമില്ലാത്ത അന്നത്തെ ജംഗിൾ ഫുഡ്.


നിമിഷനേരംകൊണ്ട്, എല്ലാവരും കപ്പത്തോട്ടത്തിലെത്തി.

ഓരോരുത്തരും ഓരോ ചുവട് പറിച്ചു. ഞാനും. ജീവിതത്തിലെ ആദ്യത്തെ മോഷണം. അമ്മയുടെ ഉപദേശങ്ങൾ വിശപ്പിന്റെ കറുപ്പിൽ മുങ്ങിത്താണു. 


ചെറു മധുരവും ഇടയ്ക്കിത്തിരി കയ്പുമുള്ള പച്ചക്കപ്പ കടിച്ചു തിന്നുകൊണ്ടു വഴിയിലേക്കു കയറുമ്പോഴാണ് കഴുത്തിൽ പിടി വീണത്.


"നിക്കടാ അവിടെ ..!" കൈയിലൊരു മുട്ടൻ ടോർച്ചുമായി പിന്നിൽ നില്ക്കുന്നു പൗലോച്ചൻ..


അലർച്ചകേട്ട് കൂട്ടുകാർ നാലു വഴിക്കും പാഞ്ഞു. ഇരുട്ടിലൊളിച്ചു. വലിയ മുഖവും മെലിഞ്ഞ ശരീരവുമുള്ള ടോർച്ചിന്റെ സ്വർണ്ണ വെളിച്ചത്തിലുരുകി ഞാൻ തലകുനിച്ചു നിന്നു.


പിടിക്കപ്പെട്ടിരിക്കുന്നു,  തൊണ്ടി സഹിതം. ആദ്യത്തെ മോഷണത്തിൽ തന്നെ പ്രതി കസ്റ്റഡിയിൽ. നാളെ നാട്ടിലെങ്ങും പാട്ടാവും. വൈദ്യരുടെ ഇളയ മകൻ കള്ളനാ... പൗലോച്ചന്റെ പറമ്പിൽ, പാതിരാത്രീല് കപ്പ കക്കാൻ കേറിയ കള്ളൻ. അച്ഛന്റെ തല പാതാളത്തോളം താഴും.. അമ്മ ബോധംകെട്ടു വീഴും. വേണ്ടായിരുന്നു, വിശപ്പു സഹിച്ച് വീട്ടിലെത്താമായിരുന്നു.


തല കുനിച്ച് മൗനം പുതച്ചു നില്ക്കുമ്പോൾ അയാൾ തല പിടിച്ചുയർത്തി, ടോർച്ച് മുഖത്തേക്കടിച്ചു.


"നീ ഏതാടാ ..?"

രക്ഷപ്പെട്ടു. ഇയാൾക്ക് എന്നെ അറിയില്ല.


"കാവിനടുത്തൊള്ളതാ.." എന്റെ വാക്കുകൾ ഉണങ്ങിയ കപ്പത്തണ്ടു പോലെ ഒടിഞ്ഞു വീണു.

"നിന്റെ അപ്പന്റെ പേരെന്നതാ..?" അയാൾ ടോർച്ച് ഒന്നണച്ച് വീണ്ടും തെളിക്കുന്നതിനിടെ ഞാൻ പുറം കൈകൊണ്ട് മുഖത്തെ വിയർപ്പു തുടച്ചു.

അച്ഛന്റെ പേരു പറയരുത്..  മനസ്സ് ഉപദേശിച്ചു. പേരു മാറ്റിപ്പറയുക..


"ശിവദാസനെന്നാ .." നുണ പറഞ്ഞാൽ നരകത്തിൽ പോകുമെന്ന അമ്മയുടെ മുന്നറിയിപ്പും ഞാനപ്പോൾ ഓർത്തില്ല.


"ഏതു ശിവദാസൻ.... വെള്ളൂര് കമ്പനീല് ജോലിക്കു പോണ ശിവനാണോ ?"  അയാൾ ഉറപ്പു വരുത്താനായി ചോദിച്ചു.


ഞാൻ തലയാട്ടി.


അയാൾ പിന്നെ ഒന്നും പറഞ്ഞില്ല. ടോർച്ചടിച്ച് മറ്റുള്ളവരെ തിരഞ്ഞ് പറമ്പിലൂടെ കുറേനേരം നടന്നശേഷം അയാൾ മടങ്ങി വന്നു.


"ശരി... ഇപ്പം പൊയ്ക്കോ..ഞാൻ ശിവനെയൊന്നു കാണണൊണ്ട് .." അയാളുടെ ഭീഷണിയിൽ ഞാൻ ഭയന്നതായി അഭിനയിച്ചു. അയാൾ ശിവനെ കണ്ടാൽ ഒന്നും സംഭവിക്കില്ല. ശിവന്റെ മകൻ കഴിഞ്ഞ ആഴ്ച പട്ടാളത്തിൽ ചേർന്നു. അവനിപ്പോൾ നാസിക്കിൽ ട്രെയിനിംഗിലാവും.


പിന്നീടെപ്പൊഴും ആ മനുഷ്യന്റെ മുന്നിൽ ചെന്നുപെടാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. നാടുവിട്ട് മദിരാശിയിൽ ചേക്കേറിയ കാലത്ത് ഇടക്ക് നാട്ടിലെത്തുമ്പോൾ പോലും ഞാൻ ജാഗരൂകനായിരുന്നു. അയാളൊരിക്കലും എന്നെ തിരിച്ചറിഞ്ഞില്ല. മകൻ കള്ളനായത്, മരിക്കുന്നതു വരെ അഭിമാനിയായ അച്ഛനുമറിഞ്ഞില്ല.


ചില സത്യങ്ങളുണ്ട്.. കാലത്തിനു തുരുമ്പുകയറ്റാനാവാത്ത സത്യങ്ങൾ. ഏതു ചന്ദ്രബിംബത്തിലും കരി പരത്തുന്ന തിന്മക്കറകൾ. 


അതില്ലാത്തവൻ മനുഷ്യനല്ലല്ലോ. 


Login | Register

To post comments for this article