മഹാഭാരതം, കഥാ സാഗരം, ചിലപ്പതികാരം എന്നിവയുടെ പുനരാഖ്യാനം, ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രം അടക്കം അഞ്ച് ചരിത ഗ്രന്ഥങ്ങൾ, മൂന്നു നോവലുകൾ, കാലാതിവർത്തികൾ: പ്രാചീന ആധുനിക കവിത്രയങ്ങൾ മുതലായ സാഹിത്യപഠനങ്ങൾ അടക്കം നാൽപ്പത്തിയഞ്ചു പുസ്തകങ്ങളുടെ രചയിതാവ്. എറണാകുളം, കളമ്പൂർ സ്വദേശി.

നാട്ടുവഴിയിലെ നന്ത്യാർവട്ടങ്ങൾ - 1 : കടത്തു തോണിക്കാരാ...

ഓർമ്മകളിൽ പഴയൊരു മഴക്കാലം. 

ചുവന്നു കലങ്ങിയൊഴുകുന്ന പുഴ. നിറുത്താതെ പെയ്യുന്ന കർക്കിടകമഴ.

ആളുകൾ തിങ്ങിനിറഞ്ഞ്, ജലവിതാനത്തിനൊപ്പം ചാഞ്ചാടുന്ന ഒരു വള്ളം. വിടർത്തിപ്പിടിച്ച കുടകളുടെ കറുത്ത മേലാപ്പ്. അമരത്ത് തൊപ്പിക്കുട ചൂടി, തണുത്തു വിറച്ച് കടത്തുകാരൻ. അയാളുടെ പേര് ദാമോദരനെന്നാകാം .. നാരായണനെന്നോ ചെല്ലപ്പനെന്നോ മാത്തനെന്നോ ആകാം.

വള്ളം തിളച്ചു മറിയുന്ന നദീഹൃദയത്തിലേക്കു പുറപ്പെടാനൊരുങ്ങുകയാണ്.

അപ്പോഴാകും ദൂരെനിന്ന് ധൃതിപൂണ്ട ഒരു യാത്രക്കാരന്റെ ശബ്ദം കേൾക്കുന്നത്.

''പൂ ഹോയ്.... അക്കരയ്ക്കു ഞാനുമുണ്ടേ... വള്ളം വിടല്ലേ ''

തികട്ടിവന്ന കോപം തുപ്പിക്കളഞ്ഞ് അയാളെയും കയറ്റി തോണിക്കാരൻ പുറപ്പെടുകയായി.

ഉന്മാദപർവതത്തിന്റെ ഉച്ചിയിൽ പിറന്ന്, പാഞ്ഞുപുളഞ്ഞു വരുന്ന മൂവാറ്റുപുഴയാറിന്റെ ഒഴുക്കിനെതിരെ കരപറ്റി കുറേദൂരം മുകളിലേക്കു പോകണം. എന്നിട്ട് പതുക്കെ ഒന്നു തിരിക്കും. പിന്നെ എല്ലാം മിന്നൽവേഗത്തിലാവും. പത്തു പതിനാറു മനുഷ്യജീവിതങ്ങൾ ആ മഹാപ്രവാഹത്തിനു മുകളിലൂടെ തെന്നിത്തെന്നി നീങ്ങും. അവരുടെ പ്രാർത്ഥനകൾ. അടക്കിപ്പിടിച്ച മനസ്സിന്റെ വിങ്ങലുകൾ.  പരസ്പരം കൂട്ടിമുട്ടിച്ചിതറുന്ന നോട്ടങ്ങൾ. മൗനത്തിന്റെ മഴനീർത്തുള്ളികൾ. തോണിക്കാരന്റെ പങ്കായത്തെ തോല്പിക്കുന്ന പുഴയുടെ രൗദ്രമാനസത്തിലൂടെ വള്ളം പാഞ്ഞു പോകും. മൂന്നോ നാലോ നിമിഷങ്ങൾക്കകം അത്, അക്കരക്കടവിനു താഴെ വെള്ളം മൂടിക്കിടക്കുന്ന ആറ്റുവഞ്ചിപ്പടർപ്പുകൾക്കു മുകളിലെത്തും. മഴയകന്ന സന്ധ്യയിൽ വീശുന്ന കാറ്റുപോലെ ആളുകളുടെ ദീർഘനിശ്വാസം കേൾക്കും. പതിയെ വള്ളംകരയ്ക്കടുക്കും.

അവസാനത്തെ ആളെയും ഇറക്കി, തണുപ്പകറ്റാൻ ഒരു ബീഡിയെടുത്തു കത്തിക്കുമ്പോഴേക്കും കേൾക്കാം, അക്കരയിൽ നിന്ന് അടുത്ത കൂവൽ ശബ്ദം.

അന്ന്  ഗ്രാമത്തിലേക്ക് വരുവാൻ നാല് കടത്തു കടവുകളുണ്ടായിരുന്നു. അവിടെയൊക്കെ തളച്ചിടപ്പെട്ട ചില ജലജീവിതങ്ങളും. തോണിയിൽ പകൽ മുഴുവൻ കാത്തിരിക്കുന്നവർ. മഴയും മഞ്ഞും വെയിലും അവർക്കൊരുപോലെ. പുഴ തന്നെയായിരുന്നു അവരുടെ ലോകം. മാറുന്ന പുഴമനസ്സിന്റെ താളങ്ങൾ അവർ തുഴകളാൽ തൊട്ടറിഞ്ഞു. പുഴയുടെ വർത്തമാനങ്ങൾ കേട്ടറിഞ്ഞു.

അവരെല്ലാം പുഴ പോലെ തന്നെയായിരുന്നു. 

ചിലപ്പോൾ ശാന്തരായി. മറ്റു ചിലപ്പോൾ കലിതുള്ളി വരുന്ന ജലപ്രവാഹംപോലെ കലഹിച്ച്. ചില നേരത്ത്, ഒരു കുപ്പിക്കള്ളുനുരയുന്ന ചെറു ചിരിത്തിരകളുണർത്തി. ഇളങ്കാറ്റുപോലെ മൂളിപ്പാടി.

അവർക്ക് ഗ്രാമത്തെ അറിയാമായിരുന്നു. ഓരോ മനുഷ്യരെയും, അവരുടെ സങ്കടങ്ങളെയും സന്തോഷങ്ങളെയും. നാട്ടിലെ വിശേഷങ്ങൾ അവരിലൂടെയാണറിയുന്നത്. മനയ്ക്കലെ പശു ചത്തത്.. മംഗലത്തെ കുഞ്ഞൻ നായരുടെ മകൾ ഇരട്ടപ്രസവിച്ചത്.. ചായക്കടക്കാരൻ അന്തോണിയുടെ മകന് ജോലി കിട്ടിയത്.. പട്ടാളക്കാരൻ വാസു മങ്കരയിലെ ചന്ദ്രമതിയെ കെട്ടി രാജസ്ഥാനിലേക്ക് കടന്നത്.. ഏഴു കൊല്ലമായി മരിക്കാതെ കിടന്ന പിശുക്കൻ പത്രോസ് കർത്താവിൽ നിദ്രപ്രാപിച്ചത്. എല്ലാം ആദ്യമറിയുന്നതും പ്രചരിപ്പിക്കുന്നതും അവരായിരുന്നു.

അപരിചിതനായ ഒരാൾ ഗ്രാമത്തിലെത്തണമെങ്കിൽ കടത്തുകാരുടെ അറിവും സമ്മതവും വേണമായിരുന്നു. അവരുടെ ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം നല്കിയാൽ മാത്രമേ ഗ്രാമത്തിലേക്ക് പ്രവേശനം കിട്ടൂ. അതു കൊണ്ടു തന്നെ അന്നൊക്കെ നാട്ടിൽ മോഷണങ്ങളോ കൊള്ളയോ കൊലപാതകങ്ങളോ ഉണ്ടായിട്ടില്ല.

അങ്ങനെ മനപ്പൂർവ്വമല്ലെങ്കിലും അവർ ഗ്രാമത്തിന്റെ കാവൽക്കാരായി. ഗ്രാമത്തെ ചുറ്റി പ്രകൃതി തീർത്ത ജലക്കോട്ടയുടെ കാവൽക്കാർ .

കാലമെന്ന മഹാപ്രവാഹത്തിൽ പലരും ഒഴുകിയകന്നു. പുതിയവർ വന്നു. മുകളിൽ അനുനിമിഷം ഭാവം മാറുന്ന ആകാശം പോലെ, അനന്തവും അജ്ഞാതവുമായ ഭാവിയിലേയ്ക്കുറ്റുനോക്കി അവരും തുഴഞ്ഞു നീങ്ങി.

ഓർമ്മയിൽ ഒട്ടനവധി മുഖങ്ങൾ. തണുത്ത ജലത്തിനു മുകളിൽ തീപിടിച്ച മനസ്സുമായി ജീവിച്ച ഒരാളെ പ്രത്യേകം ഓർമ്മിക്കുന്നു. ഒരു ദുരന്തദാമ്പത്യത്തിന്റെ ഓർമ്മകൾ പനങ്കള്ളിന്റെ ലഹരിയൊഴിച്ചു കഴുകി മൗനം നുണഞ്ഞു ജീവിച്ച ഒരു കറുത്ത മനുഷ്യൻ. ഒരിക്കലും ചിരിച്ചു കണ്ടിട്ടില്ല അയാളെ.

വർഷകാലത്തിന്റെ ആസുര ഭാവങ്ങൾ അയാൾ നന്നായി ആസ്വദിക്കുന്നതു പോലെ തോന്നിയിട്ടുണ്ട്. ആരും തോണിയിറക്കാൻ ഭയക്കുന്ന വെള്ളപ്പൊക്കത്തിന്റെ രുദ്രതാണ്ഡവത്തിലേയ്ക്ക് അയാൾ നിസ്സംഗനായി തുഴയെറിയും. ആരോടോ പകവീട്ടുന്നതു പോലെ. ആർക്കും വേണ്ടാത്ത ജീവിതത്തെ ഭ്രാന്തുപിടിച്ച പ്രകൃതിയുടെ ആയുധപ്പുരയിലേയ്ക്ക് എടുത്തെറിയുന്നതുപോലെ.

അയാളങ്ങനെയായിരുന്നില്ലെന്ന് മുത്തശ്ശൻ പറയുന്നതു കേട്ടിട്ടുണ്ട്. ചിരിച്ചും കളിച്ചും നടന്ന മനുഷ്യൻ. ഗ്രാമനന്മകൾ കടഞ്ഞെടുത്ത മനസ്സുമായി എല്ലായിടത്തും ഓടിയെത്തിയിരുന്ന കരുത്തനായ യുവാവ്. 

വിവാഹം ചിലർക്ക് വേദനകൾ മാത്രം സമ്മാനിക്കുന്നു. ദുരന്തങ്ങളുടെ ചതുപ്പിലേക്ക് അവരെ തള്ളിവിടുന്നു. ആ മനുഷ്യന്റെ ജീവിതവും അങ്ങനെയൊരു ദുരന്തമായിരുന്നു. ഇരുപത്തിനാലാം വയസ്സിലാണയാൾ  പൊന്നമ്മയെ  വിവാഹം കഴിച്ചത്. പേരുപോലെ മിന്നുന്ന പെണ്ണ്. അച്ഛന്റെ അകന്ന ബന്ധത്തിലുള്ളവൾ. ഏഴാം ക്ലാസുവരെ പഠിച്ച പരിഷ്കാരി. 

കൊച്ചിയിൽ നിന്നു നാട്ടിലെ കടകളിലേയ്ക്ക് അക്കാലത്ത് പലചരക്കുകളെത്തിക്കുന്നത് വലിയ കെട്ടുവള്ളങ്ങളിലായിരുന്നു. അറക്കപ്പൊടി നിറച്ച കുറ്റിയടുപ്പിൽ ചോറും കറികളുമുണ്ടാക്കി വള്ളത്തിൽത്തന്നെ ഉണ്ടും ഉറങ്ങിയും വള്ളമൂന്നിയും ആറും ഏഴും ദിവസങ്ങൾ നീളുന്ന ജലജീവിതം.  ചരക്കുകളേറ്റി കൊച്ചിയിൽ നിന്നു മടങ്ങുമ്പോൾ നാട്ടിലന്നോളം ആരും കാണാത്ത വസ്ത്രങ്ങളും പാത്രങ്ങളുമൊക്കെ അവൾക്കായി അയാൾ വാങ്ങി..   

അവരുടെ രണ്ട് ആൺകുട്ടികളുടെ ശൈശവ ബാല്യങ്ങൾക്കു സാക്ഷിയായി, കാലവർഷവും തുലാവർഷവും പുഴമനസ്സിലൂടെ ആർത്തലച്ചൊഴുകി. പക്ഷെ, അവരുടെ ആനന്ദത്തിന്റെ വസന്തഭംഗികളിൽ നാശം വിതയ്ക്കാൻ, ദുഃഖത്തിന്റെ കാളമേഘങ്ങൾ കാലം കാത്തു വച്ചിരുന്നു.

തുലാവർഷത്തിന്റെ മിന്നൽക്കീറുകൾക്കിടയിലൂടെ വള്ളമൂന്നി മടങ്ങിയെത്തിയ ഒരു നനഞ്ഞ സന്ധ്യയിൽ അയാളെക്കാത്ത് അവൾ നില്പുണ്ടായിരുന്നു. ഒപ്പം വെളുത്ത ഷർട്ടും മുണ്ടും ധരിച്ച സുന്ദരനായ ഒരാളും.

പുതിയ ശീലക്കുടയിലേക്ക് അവളെ ചേർത്തു പിടിച്ച് അവൻ നടന്നു. മുന്നോട്ടാഞ്ഞ ഭർത്താവിനെ കത്തുന്ന നോട്ടത്താൽ കെട്ടിയിട്ട് ഒന്നും മിണ്ടാതെ അവൾ യാത്രയായി. കുട്ടികളുടെ കരച്ചിലും അയാളുടെ കണ്ണീരും മഴയിരമ്പത്തിലലിഞ്ഞുപോയി.

എന്തിനാണവൾ തന്നെ ഉപേക്ഷിച്ചത് എന്നയാൾക്കറിയില്ല. ചോദിക്കാൻ നാവുയർന്നുമില്ല. അല്ലെങ്കിലും അവളുടെ മധുരമൂറുന്ന വാക്കുകൾക്കപ്പുറം അയാൾക്ക് ചോദ്യങ്ങൾ ഉണ്ടായിരുന്നില്ലല്ലോ.

ഒരിക്കൽ കലിതുള്ളിയാർക്കുന്ന പുഴയുടെ നടുവിൽ ഒറ്റയ്ക്ക് തോണി തുഴയുമ്പോഴാണയാൾ മരിച്ചത്. നെഞ്ചു പൊത്തിപ്പിടിച്ചു. ഒന്നു പിടഞ്ഞു. തുഴതെറിച്ചു വീണു. പിന്നെ, തോണിയിൽ കമിഴ്ന്നു കിടന്നു. ആ മഹാപ്രവാഹത്തിൽ അയാളുടെ ശരീരവുമായി തോണി താനേ ഒഴുകി.

ആയിരക്കണക്കിനാളുകളുടെ മിഴിനീരുറവകൾ ഒന്നുചേർന്നു് പുഴ പിന്നെയും ഒഴുകി. എത്രയോ കാലവർഷവും തുലാവർഷവും പെയ്തിറങ്ങി. പുഴയ്ക്കു കുറുകെ പാലം വന്നു. ജലദൂരങ്ങൾ പഴങ്കഥയായി.

കാലവർഷത്തിൽ കലിതുള്ളിയാർക്കുന്ന നദിയുടെ ഭീതിദമായ ഓർമ്മകളെ സിമന്റിന്റെ കരുത്തിനടിയിലൊളിപ്പിച്ച കൂറ്റൻ പാലം, വിസ്മൃതിയുടെ കയങ്ങളിലേയ്ക്കാഴ്ത്തി.

ഒരുപാടു സൗകര്യങ്ങൾ, പാലങ്ങൾ നമുക്കു നൽകുമ്പോഴും ഗ്രാമീണ ചൈതന്യത്തിന്റെ ശാന്തഭാവങ്ങൾക്കുമേൽ ആസുരമായ നഗരഹസ്തങ്ങൾ മാരക പ്രഹരശേഷിയോടെ പതിക്കുന്നത് നാമറിയുന്നില്ല. ഗ്രാമ ഹൃദയത്തിൽ നഗരം കിനാവുകളായി മോഹങ്ങൾ ചൊരിഞ്ഞു. എല്ലാവർക്കും വാഹനങ്ങൾ. പാലം വന്നതോടെ കടത്തുവള്ളങ്ങൾ അപ്രത്യക്ഷമായി. 

പരസ്പരം അറിയാത്ത ജനത, അടച്ചിട്ട വാതിലുകൾക്കുള്ളിൽ തുറന്നിട്ട ലോകജാലകക്കാഴ്ചകൾ കണ്ടിരിക്കുമ്പോൾ ഉറപ്പുള്ള പാലങ്ങളിലൂടെ, പുതിയ വാഹനങ്ങളിൽ കുതിച്ചു നീങ്ങുമ്പോൾ 

ഉയർന്നു പൊങ്ങുന്ന അടുത്ത പാലത്തിന്റെ തൂണുകളിലേക്കും അതിനു മുകളിലെ ശൂന്യമായ ആകാശത്തേക്കും തുറിച്ചു നോക്കി,അവസാനത്തെ കടത്തുകാരനും കാത്തിരിക്കുന്നു.

അക്കരകടക്കാൻ ഓടി വരുന്ന ഒരു യാത്രക്കാരനു വേണ്ടി. 

ഓർമ്മകളിൽ പഴയൊരു മഴക്കാലം.

ചുവന്നു കലങ്ങിയൊഴുകുന്ന പുഴ.

ആളുകൾ തിങ്ങിനിറഞ്ഞ്, ജലവിതാനത്തിനൊപ്പം ചാഞ്ചാടുന്ന ഒരു വള്ളം.

പുറപ്പെടാനൊരുങ്ങുമ്പോൾ, ദൂരെ നിന്ന് ധൃതിപൂണ്ട ഒരു യാത്രക്കാരന്റെ ശബ്ദം.

''പൂ... ഹോയ്... വള്ളം വിടല്ലേ... ഞാനുമുണ്ടേ... ''

ഇനിയങ്ങനെ ആരും ഓടി വരാനില്ലല്ലോ. പുഴയുടെ ദു:ഖവും സന്തോഷവും പങ്കായത്താൽ തൊട്ടറിഞ്ഞ കടത്തുകാർക്ക് പുതിയ ജോലികൾ തേടാം. കടവുകൾക്ക്, പഴങ്കഥകളായി ഞങ്ങളുടെ ഓർമ്മകളിൽ പുനർജ്ജനിക്കാം.

തലമുറകൾ കാത്തു നിന്ന കടവുകൾ..

നൂറു നൂറു പ്രണയികളുടെ വിരഹവും വേദനകളും വീണൊഴുകിയ നദി, ആളില്ലാത്ത തോണിക്കടവുകളെ സഹതാപത്തോടെ നോക്കി പിന്നെയും ഒഴകും.


ഒഴുകട്ടെ .. കാലം അങ്ങനെ ഒഴുകി നീങ്ങട്ടെ.


Login | Register

To post comments for this article