.

തീവണ്ടി ചില ചില തുളകളിലൂടെ (മൂന്ന്)

തീവണ്ടികൾ എൻ്റെ  ഓർമ്മകളിൽ നിന്ന് കഥകളിലേക്കും കഥകളിൽ നിന്ന് ഓർമ്മകളിലേക്കും പ്രവേശിച്ചിട്ടുണ്ട്. ഈ പ്രവേശങ്ങളുടെ ക്രമങ്ങളും രീതികളും വ്യത്യസ്തം, പക്ഷേ അവ സ്വയമൊരു സഞ്ചാര ഭൂപടം നിർമ്മിക്കുന്നു. ചിലപ്പോൾ ചരിത്രത്തിനും മനസ്സിനും ഇടയിലുള്ള പാളങ്ങൾ ഇതിലൂടെ കടന്നു പോകുന്നു. ഈ ലേഖനം എഴുതുന്നതിന്നിടയിൽ ഞാൻ ഓർത്തു: തീവണ്ടിയെക്കുറിച്ചുള്ള ഓർമ്മകളുമായും സങ്കല്പങ്ങളുമായും നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുന്ന രണ്ട് കഥകൾ ഞാൻ എഴുതിയിട്ടുണ്ട്. ഒരു കഥ പൂർണം, പ്രസിദ്ധീകൃതം; മറ്റേത് അപൂർണം. തീവണ്ടിയും എൻ്റെ കഥകളും തമ്മിലുള്ള ബന്ധങ്ങളിലൂടെ ഈ കുറിപ്പ് തുടരുന്നു. 

പൂർത്തിയാക്കപ്പെട്ടൊരു കഥയോടൊപ്പം

വർഷങ്ങൾക്കു മുൻപൊരിക്കൽ (2005?), ചെന്നൈയിലെ ഒരു വേദിയിൽ, ജോണി വാക്കർ വിസ്കിയുടെ പ്രചാരത്തിന്നായി സംഘടിക്കപ്പെട്ടൊരു പരിപാടിയിൽ ഞാൻ അതിഥിയായിരുന്നു. ചടങ്ങിലെ  ഏറ്റവും കൗതുകകരവും കേന്ദ്രീയവുമായ ദൃശ്യ സജ്ജീകരണം ഓരോ അതിഥിയുടെയും മുന്നിൽ മേശപ്പുറത്തു സംഘാടകർ നിരത്തി വെച്ച നാലോ അഞ്ചോ ചെറിയ വിസ്കിക്കുപ്പികളായിരുന്നു. അവ സൽക്കാരത്തിൻ്റെ ഭാഗമായിരുന്നില്ല. 

സ്വാഗത പ്രസംഗം നിർവഹിച്ച ചെറുപ്പക്കാരി അറിയിച്ചു: "സ്കോട്ട്‌ലൻഡിൽ നിന്ന് വന്നൊരു വിദഗ്ദ്ധൻ ജോണി വാക്കർ വിസ്‌കിയുടെ ചരിത്രത്തിലൂടെ നിങ്ങളെ നയിക്കും. അതിന്നിടയിൽ ആരും മുന്നിലുള്ളൊരു കുപ്പി തുറക്കരുതെന്ന് ഞാൻ തിടുക്കപ്പെട്ട് വിനീതമായി നിങ്ങളോട് അപേക്ഷിക്കുന്നു. കാരണം, കുപ്പി തുറക്കൽ നിങ്ങൾ കാണാൻ പോകുന്ന പ്രകടനവുമായി ക്രമപ്പെട്ടതാണ്".

വിദഗ്ദ്ധൻ പറഞ്ഞൊരു കാര്യം ഇപ്പോൾ എന്റെ ഓർമ്മകളിലൂടെയും ഈ കുറിപ്പിലൂടെയും ചുവടുകൾ വെക്കുന്നു: സ്ഥാപകനായ ജോണി വാക്കർ തൻ്റെ പേരിനെ അന്വർത്ഥമാക്കും വിധം ഒന്നാന്തരമൊരു നടത്തക്കാരനായിരുന്നു. 

ചരിത്രാഖ്യാനത്തിനു ശേഷം വിദഗ്ദ്ധൻ സദസ്സിനോട് ആവശ്യപ്പെട്ടു: "ഇനി നിങ്ങൾ നിങ്ങൾക്കു മുന്നിലെ കുപ്പികൾ ഓരോന്നായി തുറക്കാൻ പോകുന്നു. ആദ്യം ഇടതു നിന്ന് ഒന്നാമത്തെ കുപ്പി തുറക്കുക, മണം പിടിക്കുക, എന്തെങ്കിലും ഫ്ളേവർ അനുഭവപ്പെടുന്നുവെങ്കിൽ എന്നെ അറിയിക്കുക. നമുക്ക് തുടങ്ങാം."  

വിസ്കി നോസിങ് ആരംഭിച്ചു. അതിഥികൾ അറിയിക്കാൻ തുടങ്ങി. വെറും തോന്നലുകൾ, സൂക്ഷ്മമായ ഘ്രാണശക്തിയുടെ പ്രകടനങ്ങൾ. വിദഗ്ദ്ധൻ പ്രതികരിച്ചു: "അല്ല, തെറ്റി", അല്ലെങ്കിൽ "വളരെ ശരി". 

ഒടുവിൽ അദ്ദേഹം വിസ്കി നോസിങ്ങിൻ്റെ പൊരുൾ വ്യക്തമാക്കി. സ്കോട്ട്‌ലൻഡിൽ പലയിടങ്ങളിൽ ജോണി വാക്കർ വിസ്കി നിർമ്മിക്കപ്പെടുന്നു. ഓരോ നിർമ്മാണ ശാലയുടെ അന്തരീക്ഷവും അവിടെ ഉണ്ടാക്കപ്പെടുന്ന വിസ്‌കിയിലേക്ക് പടരും. ഉദാഹരണത്തിന്, ഒരു നിർമ്മാണ ശാലക്ക്‌ ചുറ്റുമുള്ളത്‌ കളിമൺനിലങ്ങളാണെങ്കിൽ കളിമണ്ണിന്റെ ഗന്ധം അവിടത്തെ വിസ്കിയിൽ ഉണ്ടാകും 

(സദസ്സിലൊരാൾ ഒരു കുപ്പിയിൽ നിന്ന് വളരെ കൃത്യമായി കളിമണ്ണിന്റെ മണം പിടിച്ചെടുത്ത് പ്രശംസ നേടിയത് ഞാൻ ഓർക്കുന്നു). ഞാൻ വിചാരിച്ചു: പ്രാദേശിക ഗന്ധ സ്വതം, മൂക്കിന് വേദ്യമായൊരു കയ്യൊപ്പ്. ചെന്നൈയിലെ ഈ പ്രചാരണച്ചടങ്ങ് എൻ്റെ 'ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ' എന്ന കഥയിൽ സാന്ദർഭികമായി കടന്നു കൂടി. അതിവിടെ കടന്നു വരുന്നത് തീവണ്ടികളോട് പല കവികൾക്കും ചിന്തകർക്കും ഉണ്ടായിരുന്ന എതിർപ്പിൻ്റെ  ഒരു വിശദാംശമായാണ്. 

"വേഗാധിക്യം = സ്ഥലസങ്കോചം" എന്ന അബദ്ധ സമവാക്യത്തിൻ്റെ ബാധയിൽ, ജർമ്മനിയിലെ പ്രധാന കവികളിൽ ഒരാളായിരുന്ന ഹൈൻറിക്ക്‌ ഹൈനെ ജർമ്മനിക്ക് പുറത്തുനിന്ന് പറഞ്ഞു: "ലോകത്തിലെ എല്ലാ മലകളും കാടുകളും പാരിസിന് നേർക്ക് മുന്നേറിയാലെന്നതു പോലെ എനിക്ക് തോന്നുന്നു. ഇപ്പോൾത്തന്നെ ജർമ്മനിയിലെ 'ലിൻഡൻ' മരങ്ങൾ എനിക്ക് മണക്കാം; 

ഉത്തരസമുദ്രത്തിൻ്റെ പൊട്ടിയലറുന്ന തിരകൾ എൻ്റെ വാതിലിനു നേർക്ക് ഉരുളുന്നു."   

തീവണ്ടികളേക്കാൾ വേഗം സഞ്ചരിച്ച ഭാവനാ വ്യാപാരങ്ങൾ വിചാരസ്ഥലികളെ വെട്ടിച്ചുരുക്കിയെന്നതാണ് സത്യം. കൂട്ടത്തിലൊരു സങ്കല്പം ഇങ്ങനെ പറയുന്നു: ഉത്പാദന കേന്ദ്രത്തിൽ നിന്ന് തീവണ്ടികളിലൂടെ സഞ്ചരിച്ച്, സ്ഥലമാറ്റം സംഭവിച്ച്, കമ്പോളത്തിൽ എത്തുന്നൊരു ഉത്പന്നത്തിന് പ്രാദേശിക സ്വത്വം നഷ്ടപ്പെടുന്നു! 

സത്യത്തിൽ, സാമാന്യത്തെ അപേക്ഷിച്ച് വളരെ വിശേഷപ്പെട്ട ഏതൊരു ഉത്പന്നവും അതിൻ്റെ ഉറവിടമായ പ്രദേശത്തിൻ്റെ സ്വത്വം സംരക്ഷിക്കുന്നു. ചരിത്രത്തിലുടനീളം അത് തിരിച്ചറിയപ്പെടുന്നു, അംഗീകരിക്കപ്പെടുന്നു. വേറെ വാക്കുകളിൽ പറഞ്ഞാൽ, ഏതൊരു ഉത്പന്നത്തിൻ്റെയും വൈശിഷ്ട്യമാണ്‌, അതുമായി ബന്ധപ്പെട്ടേടത്തോളം, അതിനു ജൻമം നൽകിയ ഇടത്തിൻ്റെ സ്വത്വം. 

ജോണി വാക്കറുടെ നീണ്ട നീണ്ട നടത്തങ്ങൾ മനസ്സിൽ കാണാൻ ഞാൻ ശ്രമിക്കുന്നു.  -- കുപ്പിയുടെ ലേബലിൽ 'ഐക്കോണിക്ക്' ആയിത്തീർന്ന ചടുലമായ ചുവടുകളോടെയുള്ള നടത്തങ്ങൾ. സ്കോട്ട്‌ലൻഡിന്റെ ഭൂദൃശ്യങ്ങളിൽ ഹൈലാൻഡ്‌സ്, ലോലാൻഡ്‌സ് എന്നിങ്ങനെ ഇനം തിരിക്കപ്പെട്ട ഓരോരോ പ്രദേശങ്ങളിലൂടെ നടക്കുമ്പോൾ, അവയുടെ ഗന്ധം തൻ്റെ വിസ്കിയിൽ ശ്വസിക്കണമെന്ന് വാക്കർ ആഗ്രച്ചിരുന്നോ? 

യൂറോപ്പിൽ കാറുകൾക്കോ, കുതിരവണ്ടികൾക്കോ പ്രാപ്യമല്ലാത്തൊരു മൂലയിൽ സംഭവിച്ചൊരു ഉത്പന്നം പ്രാദേശിക സ്വത്വം നഷ്ടപ്പെടാതെ യൂറപ്പ് മുഴുവനും, പിന്നെ ലോകം മുഴുവനും എത്തിയത് റെയിൽവേകളുടെ വരവോടെയായിരുന്നു. ഇത് രാഷ്ട്രാന്തരീയ വ്യാപാര കാര്യങ്ങളിലും ഗതാഗത സേവന കാര്യങ്ങളിലും ഒരേ പോലെ മികച്ച ഉപദേഷ്ടാവായ ജൂസ്റ്റ് റെയിംസ്ളാഗിൻ്റെ  തെര്യപ്പെടുത്തൽ. 

അപൂർണ്ണമായൊരു കഥയോടൊപ്പം 

തീവണ്ടികളെ കാൻവാസിലാക്കായ വീലർ എന്ന കലാകാരനെ ഞാൻ ഓർക്കുന്നു (വീലറുടെ ഒന്നാം പേര് ഓർക്കുന്നില്ല). ഞാൻ സൂചിപ്പിച്ച അപൂർണ്ണ കഥയിൽ, ഒരു  സ്വകാര്യ റെയില്‍വേ സ്ഥാപനത്തിൻ്റെ ഡയറക്റ്ററുടെ മുറിയിൽ ഉദ്യോഗാർത്ഥിയായി എത്തിയൊരു ചെറുപ്പക്കാര ചുവരുകളിൽ വീലറുടെ ചിത്രങ്ങൾ കാണുന്നു, തിരിച്ചറിയുന്നു. ആ തിരിച്ചറിവ് സന്തോഷപൂർവ്വം  തിരിച്ചറിഞ്ഞ ഡയറക്റ്റർ, പതിവുചോദ്യങ്ങളിൽ നിന്ന് വ്യതിചലിച്ച്, ചെറുപ്പക്കാരനോട് പറഞ്ഞ ചില  വൈയക്തിക കാര്യങ്ങൾ ചുവടെ ചേർക്കുന്നു.

# നിങ്ങളുടെ ഒരു പ്രത്യേക കഴിവുകേട്, അല്ലെങ്കിൽ ദൗർബല്യം, എന്താണ്? ഒരു പക്ഷേ, കുട്ടിക്കാലത്തെ ഏതോ തീവണ്ടിയാത്രയുടെ ഓർമ്മയിലിരുന്നാവും നിങ്ങളുടെ ഗൃഹാതുരത്വം അതിൻ്റെ മുറിവുകൾ നക്കുന്നത്. 

# കുട്ടിക്കാലത്തെ ഒരു പ്രഭാതം. യാത്രക്കിടയിലെവിടെയോ ഇരുവശത്തും മരങ്ങൾ നിറഞ്ഞൊരു സ്ഥലത്ത് തീവണ്ടി നിൽക്കുന്നു. കൂടുതൽ വേഗത്തിൽ ഓടിയതുകൊണ്ട് സമയം ക്രമീകരിക്കാൻ വേണ്ടിയാകാം, അല്ലെങ്കിൽ എതിരേ വരുന്ന മറ്റൊരു തീവണ്ടിക്ക് വഴി മാറിക്കൊടുക്കാൻ വേണ്ടിയാകാം. സിഗ്നലുകൾ പ്രവർത്തിക്കുന്ന സ്തംഭത്തിൽ കയറി ഒരണ്ണാൻ ചിലയ്ക്കുന്നു. ചുറ്റും ഇലകളുടെ നിഴലുകൾ. അവയുടെ മറവിൽ പക്ഷികൾ… 

# അപ്പോളാണ് നിങ്ങൾ, ഒരു കുട്ടി, ഉറക്കത്തിൽനിന്ന് ഉണരുന്നതെങ്കിൽ, തീവണ്ടിക്ക് ഔദ്യോഗിക മേൽവിലാസം നഷ്ടപ്പെട്ട ആ നില്പിൽ, അതിൻ്റെ അകാലികതയിൽ, ഏറ്റവും ഹൃദ്യവും എക്കാലത്തേക്കുമായ ഒരോർമ്മ നിങ്ങളുടെ മനസ്സിൽ നിർമ്മിക്കപ്പെടുന്നു. 

# തീവണ്ടിയുടെ താളത്തിലൂടെ അകലത്തിലെ പാളങ്ങളിലെ തകരാറ് പിടിച്ചെടുത്ത വിശ്വേശ്വരയ്യയെപ്പോലെ നിങ്ങൾ ചെവികൾ കൂർപ്പിക്കുന്നു. കരിയിലകളിൽ പെരുവിരലൂന്നി കാട്  ചലിക്കുന്നു. പക്ഷികളുടെയും അണ്ണാന്റെയും ഒച്ചകൾക്കിടയിലും ഒരു മൗനം കേൾക്കാം. പ്രകൃതി ഇപ്പോൾ തിരിച്ചറിയുന്നത് ഒരു യന്ത്രം നിലച്ചപ്പോളുണ്ടായ മൗനമല്ല, പാഞ്ഞു പോകുന്നൊരു കൂറ്റൻ ജീവി പെട്ടെന്ന് നിശ്ചലമായപ്പോളുണ്ടായ മൗനമാണ്. 

# തീവണ്ടി ഇപ്പോൾ ഒരു യന്ത്രമല്ല, പ്രകൃതിയുടെ ഭാഗമാണ്. ഒരു പ്രാക്തന ജീവി. ഭൂമിയിൽ പ്രാണികൾ അരിക്കാൻ തുടങ്ങിയ കാലം തൊട്ട് അതിവിടെ ഉണ്ടായിരുന്നെന്ന് തോന്നും. അതിൻ്റെ കരിംചുവപ്പു നിറത്തിനു പോലും പഴമയുടെ രഹസ്യമില്ലേ? മഴയിൽ കുതിർന്ന പൊന്തകൾക്കിടയിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നൊരു ചെങ്കല്ലിൻ്റെ ഛേദം പോലെ?..

# ഇപ്രകാരം നിങ്ങളുടെ മനസ്സിൽ അസാധാരണമായൊരു പ്രകൃതിവാദമുണ്ട്. ഇതെങ്ങനെയാണ് നിങ്ങളുടെ ദൗർബല്യമാകുന്നതെന്ന് ഞാൻ വിവരിക്കുന്നില്ല. പകരം, ഇതെങ്ങനെയാണൊരു അനുഗ്രഹമാകുന്നതെന്ന് പറയാം. തീവണ്ടിയോടുള്ള സ്നേഹവും അതിൻ്റെ സൗന്ദര്യത്തോടുള്ള ആകർഷണവും നിങ്ങളെ വീലറോട് അടുപ്പിക്കുന്നു. 

# വീലർ! ചക്രങ്ങളുള്ള പേര്! എത്ര അനുയോജ്യം. തീവണ്ടികളെ  സ്നേഹിച്ചതു കൊണ്ടാണ് വീലർ അവയുടെ ചിത്രമെഴുതാൻ ആഗ്രഹിച്ചത്. അങ്ങനെ ആഗ്രഹിച്ചതുകൊണ്ടാണ് വീലർ ഒരു റെയിൽവേ ജീവനക്കാരനായത്. അതേ ആഗ്രഹമാണ് നിങ്ങളെ ഈ സ്ഥാപനത്തോട് അടുപ്പിച്ചതെങ്കിൽ…

വീലറുടെ സാന്നിധ്യം മാറ്റിനിർത്തിയാൽ, എൻ്റെ ആറാം വയസ്സിലെ ഒരു തീവണ്ടിയാത്രയുടെ 'പിക്ച്ചർ പേർഫെക്റ്റ്' സ്മൃതിയാണ് കഥയിലെ ഡയറക്റ്ററുടെ വാക്കുകൾ. 


Login | Register

To post comments for this article