.

തീവണ്ടി ചില ചില തുളകളിലൂടെ (രണ്ട്)

സമകാലിക മനസ്സുകളിൽ അസ്തിത്വം പോലുമില്ലാത്തൊരു കിറുക്കന്‍ കൃത്യ സമയത്തിന് (8:17 എ.എമ്മിന്) തീവണ്ടി ജന്മം നൽകിയെന്നതാണ് ഹക്സ്ലിയുടെ പരാതിയെങ്കിൽ, തീവണ്ടികൾ സ്ഥല കാലങ്ങളുടെ ഉന്മൂലനാശത്തിനു കാരണമായെന്നതാണ് മറ്റു പലരുടെയും പരാതി. ഹക്സ്ലിയുടെ പരാതിക്ക് അഗാധമായ ഒരു തരം പ്രാദേശിക പ്രസക്തിയുണ്ട് -- ഒരു പ്രത്യേക കാലഘട്ടത്തിൽ ഒരിടത്തെ സമൂഹമനസ്സ് വൻകിട മാറ്റങ്ങളെ നേരിടുമ്പോൾ ഉണ്ടാകുന്ന അന്ധാളിപ്പ്. പക്ഷെ, അതിനെ സാർവത്രികമായി അവതരിപ്പിച്ചാൽ പരിപ്രേക്ഷ്യങ്ങൾ തെറ്റും.

പ്രതീതികളെയും അവയുടെ ആത്മനിഷ്ഠ അനുഭവങ്ങളെയും ഭൗതിക യാഥാര്‍ത്ഥ്യങ്ങളായി പരിഗണിക്കുന്ന വിചാര പദ്ധതികൾ തുടക്കം തൊട്ടേ പാളം വിട്ട് സഞ്ചരിക്കുന്നു. തുടക്കത്തിലെ വ്യവസ്ഥയിൽ കടന്നു കൂടിയേക്കാവുന്ന അതിസൂക്ഷ്‌മമായ മാറ്റങ്ങൾ പോലും കാലാന്തരത്തിൽ വൻകിട പ്രത്യാഘാതങ്ങളാവാമെന്ന് ഭൗതിക ശാസ്ത്രത്തിലെ ഒരു നിയമം പറയുന്നു. 

"ചലിക്കുന്ന വണ്ടിയുടെ വേഗത്തിൻ്റെ കൃത്യമായ അനുപാതത്തിലാണ് ദൂരങ്ങൾ ചുരുങ്ങുന്നത്," ഡയോണൈസിയസ് ലാർഡ്നർ എഴുതി. തീവണ്ടി സൃഷ്‌ടിച്ച സമ്പദ്‌വ്യവസ്ഥയെപ്പറ്റി ആധികാരമായൊരു ഗ്രന്ഥം രചിച്ച വ്യക്തിയാണ് ലാർഡ്നർ.  പ്രതീതാവസ്ഥയിലെ ദുർവ്യാഖ്യാനത്തിൽ, ലാർഡ്നറൂടെ ലളിത വാസ്തവിക നിരീക്ഷണം ("ദൂരങ്ങൾ ചുരുങ്ങൽ") സ്ഥലത്തിന്റെ ചുങ്ങിച്ചുളിയലാവും. 

പഴയ കുതിരവണ്ടികളുടെ വേഗവും തീവണ്ടികളുടെ വേഗവും താരതമ്യത്തിൽ എത്തിയാൽ പ്രതീതികളുടെ ഗണിതം കൊഴുക്കും; മനുഷ്യരുടെ നടത്തം ഏറ്റെടുക്കാൻ കുതിരവണ്ടി വന്നപ്പോളും അതിനെതിരെ പ്രതിഷേധിക്കാൻ ആളുകൾ ഉണ്ടായിരുന്നുവെന്ന വസ്തുത വിസ്മരിക്കപ്പെടും.

ചരിത്രകാരനായ വോൾവ്‌ഗങ് ഷിവൽബുഷ് ഒരു മാസിക (Quarterly Review) 1839ൽ പ്രസിദ്ധീകരിച്ചൊരു ലേഖനത്തിലെ വാദം പരാമർശിക്കുന്നു. ചില കണക്കുകളും വിചിത്രമായ വിഭാവനങ്ങളും ഈ ലേഖനത്തിൽ കാണാം. ലേഖകൻ്റെ  പേര് ഷിവൽബുഷ് എടുത്തു പറയുന്നില്ല. ഏതായാലും ആ ലേഖകൻ്റെ അറിവനുസരിച്ച് ഇംഗ്ലണ്ടിലെ ആദ്യകാല തീവണ്ടികളുടെ വേഗം 20 എംപിഎച്ച്  തൊട്ട് 30 എംപിഎച്ച് വരെയായിരുന്നു. നാലു കുതിരകളും നാലു ചക്രങ്ങളുമുള്ള സ്റ്റേജ് കോച്ചുകൾക്കു സാധ്യമായിരുന്ന വേഗത്തിൻ്റെ മൂന്നു മടങ്ങാണിത്‌.

കുതിരവണ്ടികളുടെ കാലത്ത് ലഭ്യമായിരുന്ന സ്ഥലത്തിൻ്റെ മൂന്നിൽ രണ്ടു ഭാഗം നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു, നമ്മിൽ നിന്ന് തീവണ്ടികളത്  അപഹരിച്ചിരിക്കുന്നു എന്നിങ്ങനെ തുടരുന്നൊരു അസംബന്ധ യുക്തിയിലൂടെ  മേൽപ്പറഞ്ഞ ലേഖകൻ അങ്ങേയറ്റം വരെ ചരിക്കുന്നു. 

ഉദാഹരണത്തിന്, ടിയാന്‍ നല്ല തണുപ്പുള്ള സ്ഥലങ്ങളിലെ വീടുകളിൽ 'ഫയർപ്ലേസ്' എന്ന നെരിപ്പോടിനും ആളുകൾക്കും ഇടയിലുള്ള ദൂരം അളന്നു; ആ ദൂരത്തിൻ്റെ മൂന്നിൽ രണ്ടു ഭാഗവും വെട്ടിച്ചുരുക്കപ്പെട്ടുവെന്ന് വാദിച്ചു; തീവണ്ടികളുടെ വേഗം വീണ്ടു കൂടിയാൽ ആളുകള്‍ മൊത്തത്തില്‍ (en masse)  തുല്യ അനുപാതത്തിൽ അവരുടെ ദേശീയ നെരിപ്പോടിനോട് അടുക്കുന്നുവെന്ന് വാദിച്ചു; "ദൂരം ചുരുങ്ങൽ" ഇങ്ങനെ തുടർന്നാൽ രാഷ്ട്രത്തിൻ്റെ പ്രതലം ഒരു നഗരത്തിന്റേതിനോളം ചുരുങ്ങുന്നുവെന്നും  വാദിച്ചു.

സ്ഥലം എന്ന സങ്കല്പത്തിൻ്റെ ചുരുങ്ങൽ ഭൂമിശാസ്ത്രപരമായിത്തന്നെയുള്ള ചുരുങ്ങലായി മാറുമെന്ന് ഫ്രാൻസിലെ ചരിത്രകാരനായ കോൺസ്റ്റാന്റിൻ പെക്കർ പറഞ്ഞു. എല്ലാ നഗരങ്ങളും ഒരേ സമയത്തു പാരിസിനെ സമീപിക്കാൻ ശ്രമിക്കുന്നതിന്നടിയിൽ അനോന്യവും കൂടുതൽ അടുക്കും. പാരിസിലേക്കുള്ള യാത്രക്കിടയിൽ പല നഗരങ്ങളും "ഗെറ്റ് ലോസ്റ്റ്" എന്ന അവസ്ഥയിൽ എത്തും. ഫ്രാൻസ് ഫ്രാൻസിലെ ഒരു തെരുവിനോളം ചെറുതാകും. സ്ഥലം ഫ്രാൻസിൻ്റെ ഭൂമിശാസ്ത്രത്തിൻ്റെ സംക്ഷേപിതമായ പതിപ്പാകും. പക്ഷേ ഈ പതിപ്പ് യഥാർത്ഥ ഭൂമിശാസ്ത്രം തന്നെയാണ്. 

ഓര്‍ക്കുക, നഷ്ടപ്പെട്ടതെന്ന് സങ്കല്പ്പിക്കപ്പെട്ട മുഴുവന്‍ സ്ഥലങ്ങളിലൂടെയും അങ്ങോട്ടും ഇങ്ങോട്ടും തീവണ്ടി ഓടുന്നു. ഫ്രാന്‍സിന്‍റെ അതിര്‍ത്തി അതിക്രമിച്ച് മറ്റൊരു രാജ്യത്തിലെത്തുന്ന തീവണ്ടി ആ രാജ്യത്തിന്‍റെ അതിര്‍ത്തി താണ്ടി ഫ്രാന്‍‌സില്‍ തിരിച്ചെത്തുന്നു. "ഗതം + ആഗതം" എന്നതിന് ചരിത്രത്തിൽ ഒരിക്കൽ  ഒരു സമവാക്യത്തിൻ്റെ ശക്തിയുണ്ടായിരുന്നു.  

വർദ്ധിക്കുന്ന വേഗങ്ങളും അതിലൂടെ ചുരുങ്ങുന്ന ദൂരങ്ങളും എളുപ്പത്തിൽ ഗ്രഹിക്കാവുന്നൊരു വൈരുദ്ധ്യാധിഷ്‌ഠിത പ്രക്രിയ ആവുന്നേടത്താണ് തീവണ്ടിയെ സംബന്ധിച്ച ആത്യന്തിക യാഥാര്‍ത്ഥ്യം. സ്ഥലത്തിന്‍റെ സങ്കോചത്തോടോപ്പം വികാസവും സംഭവിച്ചിരുന്നു. ഗതാഗതത്തിന്‍റെ മിടച്ചല്‍പ്പണികള്‍ (networks) പുതിയ മേഖലകള്‍, പുതിയ സ്ഥലീയതകള്‍, ഉള്‍ക്കൊള്ളുന്നു; അവയെ ഭൌതിക/പ്രായോഗിക സ്ഥലങ്ങളില്‍ ഉദ്‌ഗ്രഥിതമാകുന്നു (ഗതാഗതം -- മനുഷ്യരുടെ, മൃഗങ്ങളുടെ, ഉല്‍പ്പന്നങ്ങളുടെ). 

രാജ്യങ്ങള്‍ മേട്രോപോളിസുകളായി ചുരുങ്ങുമ്പോള്‍ തുല്യനിലയില്‍ നേര്‍വിപരീതമായി മെട്രോപോളിസുകള്‍ രാജ്യങ്ങളോളം വികസിക്കുന്നുവെന്ന് ഷിവൽബുഷ് പറയുന്നു. ഇതാണ് തീവണ്ടിയുടെ ഡൈലെക്റ്റിക്സ്. തീവണ്ടിയുടെ ഉപയോഗം ന്യായീകരിക്കാൻ ഈ  ഡൈലെക്റ്റിക്സ് ധാരാളം മതിയെന്നത് വ്യക്തം. പക്ഷേ, അങ്ങനെയൊന്നിൻ്റെ ആവശ്യം ശരിക്കുമുണ്ടോ? 

രാജ്യങ്ങള്‍ മേട്രോപോളിസുകളാവുകയെന്നത് വേഗം സൃഷ്ടിക്കുന്നൊരു പ്രതീതി മാത്രമാണ്, ഭൗതികമായി അതൊരു അസംഭ്യവതയാണ്, അർത്ഥരഹിതമാം വിധം സാമാന്യവുമാണ്. മെട്രോപോളിസുകള്‍ രാജ്യങ്ങളോളം വികസിക്കുന്നുവെന്നത് അത്യുക്തി. ഈ ചെറിയ അറിവിൻ്റെ ഉറക്കമാണ് തീവണ്ടികളുടെ ആദ്യ വർഷങ്ങളിൽ വളരെ വിപുലമായും ശക്തമായും ഭ്രമാത്മകവുമായി യുക്തിയുടെ പാളങ്ങൾ ഭേദിച്ചതെന്ന് സൂചിപ്പിക്കയായിരുന്നു ഞാൻ. തീവണ്ടികൾക്ക് എന്തിന് ഡൈലെക്റ്റിക്സ്?

പത്തൊമ്പതാം നൂറ്റാണ്ടിൽ, പല ലേഖകരുടെയും ദൃഷ്ടിയിൽ  സ്റ്റേജ്കോച്ചുകളും  അവയ്ക്കോടാനുള്ള പാതകളും ജൈവ ഭൂദൃശ്യങ്ങളുടെ ഭാഗമായിരുന്നു. (രണ്ടും മനുഷ്യ സ്രഷ്ടങ്ങളാണെങ്കിലും!). അവരുടെ അജ്ഞതയിൽ, അതേ ഭൂദൃശ്യങ്ങളെ സ്ഥലീയമായി പിളർക്കുന്ന ആപൽക്കരമായ പാച്ചിലുകളായിരുന്നു തീവണ്ടികൾ. എനിക്ക് തോന്നുന്നു, സത്യത്തിൽ, സ്ഥലത്തിൻ്റെ സങ്കോചത്തെച്ചൊല്ലി കലമ്പുമ്പോഴും അവർ ഭയന്നത് മാറ്റൊന്നിനെയാണ് -- ചലിക്കുമ്പോൾ വസ്ത്രത്തിന്റെ ഇരുവശത്തുമുള്ള ശരീരവിസ്തൃതി നഗ്‌നമായി വെളിപ്പെടുത്തുന്ന 'സിപ്പ്‍' പോലെ തീവണ്ടി ഓരോ ആയലിലും പെട്ടെന്നു വിവൃതമാക്കുന്ന അപാരമായ സ്ഥലപ്പരപ്പിനെ; അല്ലാതെ മറ്റെന്തിനെ?. 

എല്ലാ വസ്തുക്കളും, എല്ലാ നിർമ്മിതികളും സ്ഥലം ആവശ്യപ്പെടുന്നു, സ്വായത്തമാക്കുന്നു. ഒരിക്കലും ചലിക്കാത്ത കെട്ടിടങ്ങളുടെ ആധിക്യവും, കോണിപ്പടവുകൾക്കു പകരമുള്ള ലിഫ്റ്റുകളും ദൂരങ്ങൾ ചുരുക്കുമ്പോൾ, ചലന-സമയ ബന്ധത്തിൽ, പ്രായോഗികമായി (സ്ഥലപരമായല്ലാതെ), ആൾപ്പെരുപ്പം ഒരു തെരുവിലെ നടപ്പാതയുടെ ഒരറ്റം തൊട്ട് മറ്റേയറ്റം വരെയുള്ള ദൂരം കൂട്ടുന്നു; ഒരു ഷോപ്പിംഗ് കേന്ദ്രത്തിലെ ചെരുപ്പുകടയിൽ നിന്ന് തുണിക്കടയിലേക്കുള്ള ദൂരം കൂട്ടുന്നു. ഇവ വൈരുദ്ധ്യങ്ങളല്ല, വിശദാംശങ്ങളാണ്. 

(തുടരും)


Login | Register

To post comments for this article