.

കോണോടു കോണായ ലില്ലിപ്പുട്ടെഴുത്ത്

ഇറയത്ത്  ഇഴഞ്ഞു പോകുന്ന ഒച്ചും, പാദങ്ങളിൽ സ്കീകൾ (skis) ഘടിപ്പിച്ച് ഹിമപ്പരപ്പിനു മേൽ തെന്നിപ്പായുന്ന കായികാഭ്യാസിയും ഒട്ടും സമാനമല്ലാത്ത രണ്ടു ചലന ക്രമങ്ങൾ, കായിക രീതികൾ, സ്വീകരിക്കുന്നു. ഏറ്റവും ചെങ്കുത്തായ ദിശകളിലൂടെപ്പോലും മണിക്കൂറിൽ 150 നാഴികയിൽക്കൂടുതൽ ദൂരം താണ്ടാൻ സ്കീയിങ് വിദഗ്ദ്ധർക്ക് കഴിയും. പക്ഷേ, വേഗം എന്ന ഘടകം ഉപേക്ഷിച്ചാൽ, ആർക്കും എളുപ്പത്തിൽ ഊഹിക്കാനാവാത്ത വിധം ഒച്ചിൻറെയും സ്കീയറുടെയും ചലനപഥങ്ങൾ താരതമ്യ വിഷയമാകാം; അവയുടെ ചില വിശദാംശങ്ങള്‍ സമാന്തരങ്ങളുടെ പ്രതീതിയെങ്കിലും സൃഷ്ടിക്കാം. 

ഒച്ച് സഞ്ചരിച്ചേടത്തെ ലോഹത്തിളക്കമുള്ള താരകൾ കുട്ടിക്കാലം തൊട്ട് നമ്മുടെ സ്മൃതിയിലുണ്ട് -- ഒരിക്കലും പിഴക്കാത്തൊരു സുപരിചിത അടയാളം (ചിലപ്പോൾ വിമാനങ്ങൾ ഹിമാർക്കങ്ങളിലൂടെ പിന്നിൽ നിക്ഷേപിക്കുന്ന വെളുത്ത രേഖക്കൂട്ടു പോലെ). വർത്തമാനത്തിൽ ഒച്ചിന്റെ സഞ്ചാരവും, ഭൂതത്തിൽ അതിൻ്റെ താരകളും ചേർന്നുണ്ടാക്കുന്ന സംയുക്ത അവബോധത്തിൽ നാമൊരു ധാരണയിലെത്തുന്നു. മനുഷ്യമനസ്സിൽ എന്തിനെയെങ്കിലും സംബന്ധിച്ച അവബോധത്തിൻ്റെ വളർച്ചയുടെ പല രീതികളിൽ ഒന്നിനുള്ള ഉദാഹരണമാണിത്.

 ഞാൻ പറഞ്ഞ ധാരണയിതാണ്: പശിമയും വഴുവഴുപ്പുമുള്ളൊരു ദ്രവ്യത്തിനു മേലാണ് (ആകയാൽ, ഒരു മാധ്യമത്തെ ഉപാധിയാക്കിയാണ്) ഒച്ചിന്റെ ചലനം. ഈ ദ്രവ്യം സ്‌കീയറുടെ ഹിമപാദുകങ്ങൾ (skis) പോലെ കൃത്രിമ/സാംസ്‌കാരിക നിർമ്മിതികളല്ലെങ്കിലും, ഹിമപാദുകം സ്‌കീയർക്ക് എന്താണോ അതാണ് ഒച്ചിന് തന്റെ സ്രാവം. ഒച്ചിനും സ്‌കീയർക്കും തനതു ഉപാധികൾ ഒരേ പോലെ തനതു വ്യപാരങ്ങൾക്ക് ആവശ്യമാണ്. 

ഒരു സ്‌കീയർ ശരിക്കും ചരിക്കുന്നത് ഹിമത്തിന്റെ ദൃഢമായ പ്രതലത്തിലല്ല, നേർത്തൊരു ജല പടലത്തിന്മേലാണ്‌ ! സ്കീകൾക്കടിയിൽ, ഉരസൽ സൃഷ്ടിക്കുന്ന ചൂടിൽ, ഹിമം ഉരുകുമ്പോളാണ് ഈ ജല പടലമുണ്ടാക്കുന്നത്. സ്‌കീയർമാർ പാദുകങ്ങൾക്കടിയിൽ ഉപയോഗിക്കുന്ന മെഴുകിനെ അനുസരിച്ചിരിക്കും ഈ പടലത്തിന്റെ കനം. പടലം വളരെ നേർത്തതാണെങ്കിൽ സ്‌കീയർമാർ കടുത്ത മെഴുക് ഉപയോഗിക്കുന്നു; മറിച്ചായാൽ, മൃദുലമായ മെഴുക് ഉപയോഗിക്കുന്നു.

 മെഴുകിടൽ, അഥവാ വാക്സിങ്ങ്, മറ്റൊരു വിഷയമായതു കൊണ്ട് ഞാനതു കൂടുതൽ വിവരിക്കുന്നില്ല. പക്ഷേ, ഇവിടെ മറ്റൊരു ആശ്ചര്യ സമാന്തരം കാണാം. ഒച്ച് സ്രവിക്കുന്ന ദ്രവ്യം ആദ്യമായി പ്രത്യക്ഷപ്പെടുന്നത് പശയുടെ രൂപത്തിലാണ് . പിന്നീടാണത്  ഒച്ചിന്നടിയിലൊരു ജല പടലമാകുന്നത്. ഉരസലിന്റെ താപം ഇവിടെ പ്രവർത്തിക്കുന്നുണ്ടോ? എനിക്കറിഞ്ഞു കൂടാ, പക്ഷേ, സ്കീകൾക്കടിയിലെന്നതു പോലെ, അതൊരു ഭൗതിക സാധ്യതയാണ്. 

ഒച്ച് മാർസൽ ഹിർഷയാണ്.

ഒരു വീടിന്റെ ചുവരിന്മേൽ കുത്തനെയോ, തട്ടിൽ അടിമേലായോ ചരിക്കുമ്പോൾ ഒച്ചിന്റെ പശ ശരിക്കുമൊരു പശയാണ്. കാറ്റിൽ, താപത്തിൽ, ഉടലിന്റെ ഈർപ്പം സംരക്ഷിക്കാനും പശ ഉതകുന്നു. പക്ഷേ, ഹാവിയെ റോഡ്രിഗസ് നൽകുന്ന പുതിയ ഗവേഷണം പറയുന്നു: ഒച്ചിന്റെ സഞ്ചാര രഹസ്യം അതിസങ്കീർണമായ, തരംഗരൂപമായ, ഉടനീള പേശീചലനങ്ങളാണ്; മറിച്ചു്, ചലന മാധ്യമമായി ഒച്ച് ഉപയോഗിക്കുന്നുവെന്ന് പ്രത്യക്ഷത്തിൽ തോന്നിക്കുന്ന പശ പോലുള്ള ദ്രവ്യമല്ല. 

സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ ജീവശാസ്ത്രജ്ഞനായ മാർക്ക് ഡെന്നി ചോദിച്ചു: "എങ്ങനെയാണ് ഒറ്റക്കാലുള്ളൊരു ജീവിക്ക് പശയ്‌ക്കു മേൽ നടക്കാൻ കഴിയുക?" വൈയക്തികമായൊരു തലത്തിൽ നിന്ന്  ഞാൻ ചോദിക്കുന്നു: കാല്പന്തിൽ ഒറ്റക്കാലനായിരുന്ന ഫെറൻസ് പുസ്‌കാസ് (കുട്ടിക്കാലം തൊട്ട് എനിക്കേറ്റവും പ്രിയപ്പെട്ട കളിക്കാരൻ) എങ്ങനെയാണ് 'ഗാലപ്പിങ്ങ് മേജർ' എന്ന വിശേഷണത്തോടെ ഒരു ഇതിഹാസമായത്? 

 പാദത്തെ പേശിയായി വ്യാപിപ്പിക്കാൻ ഒച്ചിന് കഴിയും. കാലിനെ കളിയിടമായി വികസിപ്പിക്കാൻ പുസ്‌കാസിന് കഴിഞ്ഞിരുന്നുവെന്ന് ഞാൻ സങ്കൽപ്പിക്കുന്നത് സാങ്കേതികമായാണ്. ഓട്ടം രണ്ടു കാലുകളിലെങ്കിലും പന്തുകളി ഒറ്റക്കാലിൽ എന്നതാണ് ഈ ഹങ്കറിക്കാരൻ്റെ കാൽവിരുതിനെപ്പറ്റിയുള്ള കേട്ടുകേൾവി. ഇതിന്റെ കാതൽ പുസ്‌കാസിൻ്റെ വിഖ്യാതമായൊരു പ്രസ്താവനയിലുണ്ട്: "ഒരു സമയത്ത് ഒരൊറ്റ പാദം കൊണ്ടേ നിങ്ങൾക്ക് പന്തടിക്കാൻ കഴിയൂ" ("You can only kick with one foot at a time"). ലളിതമായ ഈ വസ്തുത കാല്പന്തിൽ പുസ്‌കാസിൻ്റെ ഇടത്തേക്കാലിന്റെ അതുല്യ ശൈലിയുടെ ദൃഷ്‌ടികേന്ദ്രമായിരുന്നു.

ഒച്ച് ഫെറൻസ് പുസ്‌കാസാണ്.

സ്വന്തം കൈപ്പടത്തിൽ ഒച്ചിന്റെ ചലനം സൂക്ഷ്മമായി ശ്രദ്ധിക്കുന്നൊരാൾ, വളരെ ശാസ്ത്രീയമായ സ്പർശബോധം ഉള്ളൊരാൾ, ചില കാര്യങ്ങൾ സവിശേഷമായി തിരിച്ചറിയും. ഉപരിതലത്തിൽ കാലുകളുടെ നിശ്ചിതമായ ഊന്നൽ എന്നൊരു ക്രിയ സകാലികളായ എല്ലാ ജീവികളുടെയും ചലനത്തിൽ കാണാം. പക്ഷേ, ഒച്ചിന്റെ ഒറ്റക്കാലാകട്ടെ ഒരിടത്തും അങ്ങനെ പ്രത്യകിച്ചുള്ളൊരു ഊന്നലിനെ അവലംബിക്കുന്നില്ല. പകരം, ആപേക്ഷികമായി വലുതായൊരു വിസ്തൃതിയിലൂടെ ആപേക്ഷികമായി ചെറിയൊരു ശക്തി വിതരണം ചെയ്യലാണ് ഒച്ചിന്റെ ബലതന്ത്രം. 

വളരെ അവിശ്വസനീയമാണിത്, രണ്ട് കാരണങ്ങളാൽ. വാസസ്ഥല ഭൗതിക സാഹചര്യങ്ങളും ശരീര ശാസ്ത്രവും ഒരേ പോലെ അനുവദിക്കുന്ന സ്വാഭാവിക ചലനങ്ങൾ പോലും ഏതു ജീവിക്കും ഊർജ്ജ വ്യയമാണ്. യാത്രയിൽ ഉടനീളം, ഉടലിന്റെ അടിയിലെമ്പാടും, ഇടതടവില്ലാതെ തുടരും വിധം ഒരു ദ്രവ്യം സ്രവിച്ചു കൊണ്ടിരിക്കയെന്നത് അത്യധികമായ ഊർജ്ജച്ചെലവാണ്. ഒരു കളമുറ്റത്തിൽ, ലില്ലിപ്പുട്ടുകളുടെ എഴുത്തു പോലെ കോണോട് കോണായി താര പൂർത്തിയാക്കാൻ ഒച്ചിന് വിനിയോഗിക്കേണ്ട ഊർജ്ജം അത്രയും പതുക്കെ ചരിക്കുന്നൊരു ജീവിയിൽ നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. എന്തിന് ഈ ധൂർത്ത്?

ഒരു പഠനമനുസരിച്ച്, ഒച്ചിൻറെ ഊർജ്ജത്തിന്റെ മുപ്പതു ശതമാനമാണ് അതിന്റെ ചലന മാധ്യമത്തിലെ വ്യയം. ഇതിനു പുറമേയാണ് വഴുവഴുപ്പുള്ളൊരു ദ്രവ്യത്തിന്മേൽ സഞ്ചരിക്കയെന്ന അധിക യത്‌നം (ദശലക്ഷം വർഷങ്ങളുടെ പരിണാമത്തിൽ ഒച്ചുകൾ ഇത് സ്വാഭാവിക ചലന ശൈലിയാക്കിയിരിക്കുന്നു!) ഇത്രയും മനസ്സിൽ കണ്ടുകൊണ്ടാണ് മാർക്ക് ഡെന്നി തന്റെ ചോദ്യം ഉന്നയിച്ചത്. ചോദ്യം അർഹിക്കുന്നത്രയും സമഗ്രമായൊരു മറുപടി തൽക്കാലം ലഭ്യമല്ല. പക്ഷേ, "എന്തിന് ഈ ധൂർത്ത്?" എന്ന ചോദ്യത്തിന് വിശദീകരണമുണ്ട്. 

ചലനത്തിന്റെ പരിമിതത്വമല്ല വാസസ്ഥലം. അഭേദ്യമായ അതിർരേഖകളുടെ സ്ഥലപരമായ വിന്യാസമല്ലത്. ചലനം അനുക്രമമായ രീതിയിൽ  വാസസ്ഥലത്തെ വികസിപ്പിക്കുന്നു. ജന്തുക്കളിൽ ഇതൊരു അബോധപൂർവ്വ പ്രവർത്തനമാണ് (മനഷ്യരിൽ ഇതിന്റെ ബോധപൂർവ്വമായ പ്രവർത്തനമാണ് അധിനിവേശം). ഒച്ചുകളുടെ മുപ്പതു അവാന്തരവർഗ്ഗങ്ങളുടെ ചലന പരിണാമം വാസസ്ഥല വികാസത്തിൻ്റെ ഭാഗമായാണ് സംഭവിച്ചതെന്ന് നാൽപ്പതു വർഷളോളം നാം പരീക്ഷണങ്ങളിലൂടെയും സിദ്ധാന്തങ്ങളിലൂടെയും ആർജ്ജിച്ച അറിവ് തെളിയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ചില നിരീക്ഷണങ്ങൾ ശ്രദ്ധിക്കുക.

- ഊർജ്ജലാഭം. ആദ്യമായി ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കുക. ഒച്ചിന്റെ ചലന ദ്രവ്യത്തിൽ പോഷകാംശങ്ങളുണ്ട്‍. ചില ഒച്ചുകൾ മറ്റുള്ള ഒച്ചുകളുടെ താരയിലെ തരികൾ ആഹരിച്ച് ഊർജ്ജം നേടുന്നു. ഈ സ്വഭാവവും സ്രാവ ലഘൂകരണവും ഒന്നിക്കുമ്പോൾ യാത്ര ആദായകരമാകുന്നു. 

- ഗൃഹം പൂകൽ (ഹോമിങ്ങ്). തോട് സ്വയമൊരു വീടാണെങ്കിലും ഒച്ചുകൾക്ക്, താവളങ്ങളുണ്ട്, സങ്കേതങ്ങളുണ്ട്. സുരക്ഷിതമായ ഒരിടത്ത് കൂടാനുള്ളത്രയും സാമൂഹികത ഒച്ചുകൾക്കുണ്ട്. ആകയാൽ വന്നേടത്തേക്ക് തിരിച്ചുപോകൽ  എന്ന സമ്പ്രദായവുമുണ്ട്. ഇവിടെയൊരു ചോദ്യമുണ്ട്: വടക്കോട്ടു പോയ താരയിലൂടെ തെക്കോട്ടേക്ക് തിരിച്ചു വരുന്ന ഒച്ച് ചലന ദ്രവ്യം സ്രവിക്കാറുണ്ടോ? 

~ പുനരുപയോഗം. വ്യയം ഒഴിവാക്കാൻ, അല്ലെങ്കിൽ ലഘൂകരിക്കാൻ, ചില ഒച്ചുകൾ വേറെ ഒച്ചുകളുടെ താരകൾ ഉപയോഗിക്കാറുണ്ട്. പശയെ അവലംബിക്കാതെ, പേശീ തരംഗങ്ങളുടെ പരമ്പരയിലൂടെ പുരോഗമിക്കാൻ ഒച്ചിന് കഴിയുമെന്ന് ഹാവിയെ റോഡ്രിഗസ് നിരീക്ഷിച്ചതിനു തെളിവ് ഇവിടെയുണ്ട്. സ്വന്തം ശരീരം ഉളവാക്കുന്ന ദ്രവ്യത്തിന്റെ സാന്ദ്രതയിൽ ഒച്ചിന് നിയന്ത്രണങ്ങൾ സാധ്യമാണെന്ന് ചില നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. 

- ഇണചേരൽ. താരയുണ്ടാക്കുന്ന ഒച്ച്, വിളക്കുകാലിൽ മൂത്രിക്കുന്ന ശ്വാനനെപ്പോലെ, തന്നിടം (territory) രേഖപ്പെടുത്തുകയാണോ എന്നാരാഞ്ഞ ആരെയും എനിക്കറിയില്ല. പക്ഷേ, തന്നിടത്തിന്റെ മുദ്രണവും പ്രത്യുത്പാദനവും ജീവികൾക്കിടയിൽ ഇതരേതര ബദ്ധമാണ്. ചില ഒച്ചുകൾക്ക് സ്വവർഗ്ഗത്തിലെ ആണിന്റെയും പെണ്ണിന്റെയും താരകൾ വേര്‍തിരിച്ചറിയാനുള്ള കഴിവുണ്ട്. കളമുറ്റത്തെ കോണോടു കോണായ ആ ലില്ലിപ്പുട്ടെഴുത്ത് ചിലപ്പോൾ ഒരു പ്രണയലേഖനമാണ്. പെണ്ണിന്റെ താരയെ ആണ് പിന്തുടരുമ്പോൾ ഇണചേരലും ഊർജ്ജലാഭം. പക്ഷേ, ദിശ?

- ദിശാബോധം. ഒരു താരയുടെ ഏതെങ്കിലും ഭാഗത്ത് എത്തിപ്പെടുന്നൊരു ഒച്ചിന് ആ താരയുണ്ടാക്കിയ ഒച്ചിന്റെ ഉന്മുഖത അഥവാ polarisation (ചരിച്ചത് വടക്കോട്ടോ, തെക്കോട്ടോ?) തിരിച്ചറിയാൻ കഴിയുമോ? അങ്ങനെയൊരു തിരിച്ചറിവ് ഒരു വസ്തുതയായി ഇതേവരെ ഉപസംഹരിക്കപ്പെട്ടിട്ടില്ല. പക്ഷേ, ഈ തിരിച്ചറിവിന്റെ സംഭവ്യത തള്ളിക്കളയാനാവില്ല. വേറൊരു കോണിലൂടെ ചിന്തിക്കയാണെങ്കിൽ, ഓരോ ഋതുവിലും പെണ്ണൊച്ചുകൾ സഞ്ചരിച്ചതിന്റെ എതിർദിശയിലേക്കു സഞ്ചരിച്ചാൽ ആയിരക്കണക്കിന് ആണൊച്ചുകൾ നേരിടാവുന്ന ലൈംഗിക മൃതാന്തം പ്രത്യുത്പാദനക്രമങ്ങളെ തകർക്കാം. ശ്രദ്ധേയമായൊരു പരിധിയോളമെങ്കിലും വംശനാശത്തെ ചൂണ്ടുന്നൊരു ഭീഷണിയാണത്.


Login | Register

To post comments for this article