.

ഇവിടെ ഒരു വവ്വാൽ ഇല്ല! (മൂന്ന്)

ചിന്തകളോ, സങ്കല്പങ്ങളോ, വിഭാവനങ്ങളോ ഒരിടത്തും ആർക്കു വേണ്ടിയും ഫോസിലുകൾ അവശേഷിപ്പിക്കുന്നില്ല. പക്ഷേ, അവ മനസ്സുകളിലൂടെ കടന്നു പോയതിൻ്റെ ഏതാനും അടയാളങ്ങളെങ്കിലും ചില ചില ഉപരിതലങ്ങളിൽ വീഴാതിരിക്കില്ല. ഞാൻ ഓർക്കുന്നത് ഫോറൻസിക് ശാസ്ത്രത്തിൻ്റെ അഗ്രഗാമികളിൽ ഒരാളായിരുന്ന എഡ്‌വേഡ് ലോക്കാഡിൻ്റെ കൈമാറ്റ സിദ്ധാന്തമാണ്: "ഓരോ സമ്പർക്കവും ഒരു അടയാളമുണ്ടാക്കുന്നു". കുറ്റാന്വേഷണത്തിൽ ഇതിൻ്റെ പൊരുൾ വ്യക്തമാണ്: ഓരോ കുറ്റവാളിയും അബോധപൂർവം തന്റേതായ എന്തെങ്കിലും പിന്നിലിട്ടു പോകുന്നു; ഒപ്പം കുറ്റസ്ഥലത്തിന്റേതായ എന്തെങ്കിലും എടുത്തുകൊണ്ടു പോകുകയും ചെയ്യുന്നു.

കുറ്റസ്ഥലം അല്ലാത്ത ഇടങ്ങളും കൃത്യങ്ങൾ ബോധപൂർവമോ അബോധപൂർവമോ ആകാവുന്ന സാഹചര്യങ്ങളും പരിഗണിച്ചാൽ, ലോക്കാഡിൻ്റെ കൈമാറ്റ സിദ്ധാന്തം ജൈവ പരിസ്ഥിതി വിജ്ഞാനീയമായി മാറുന്നതു കാണാൻ എനിക്ക് പ്രയാസമില്ല. താൻ എന്നെങ്കിലും ഉണ്ടായിരുന്ന ഒരിടത്തിൽ മനുഷ്യൻ തന്റേതായ എന്തെങ്കിലും പിന്നിലിട്ടിരിക്കും; തീർച്ചയായും ആ ഇടത്തിന്റേതായ എന്തെങ്കിലും തൻ്റെ  ഉടലിലോ വസ്ത്രത്തിലോ വഹിക്കുന്നുമുണ്ടാവണം (രണ്ടാമത് പറഞ്ഞ വസ്തുത ആധാരമാക്കിയാണ് ലോക്കാഡ് തൻ്റെ കുറ്റാന്വേഷണങ്ങളിൽ ഏറിയകൂറും വിജയകരമായി പൂർത്തിയാക്കിയത്). ഞാൻ കൂട്ടിച്ചേർക്കട്ടെ: ഉടലിലും വസ്ത്രത്തിലും മാത്രമല്ല, മനസ്സിലും മനുഷ്യൻ പലതും വഹിക്കും. ഈ പറഞ്ഞത് മന:ശാസ്ത്രമല്ല, സൂക്ഷ്മ പരിസ്ഥിതി വിജ്ഞാനീയമാണ്.

സൂക്ഷ്മ തലത്തിൽ, എൻ്റെ നോട്ടത്തിൻ്റെ അടയാളം ഒരു പൂവിലോ കല്ലിലോ പതിയാൻ ഇടയില്ല -- എലിയറ്റിൻ്റെ കവിതയിലൊഴികെ ("the roses have a look of having been seen"). പക്ഷേ, നോക്കൽ ഒരു ക്രിയയാണ്. അതിൻ്റെ അടയാളം ബോധപൂർവമോ അബോധപൂർവമോ എന്നിലുണ്ടാവും. ഓരോ ഇന്ദ്രിയാനുഭൂതിയും ഒരു ക്രിയയും അതിൻ്റെ അടയാളവുമാണ്. 

നമുക്കു മുൻപേ ലക്ഷക്കണക്കിന് സഞ്ചാരികൾ കയറിയിറങ്ങിയ പല പ്രാചീന ഗുഹകളിലും ചില മൗനങ്ങളും മാറ്റൊലികളും നിഗൂഢതയും നമ്മെ കാത്തിരിക്കുന്നു. ഇതേ ഗുഹാനുഭവങ്ങൾ അതി പ്രാകൃതമായ മനസ്സുകളിൽ പ്രവർത്തിച്ചത് എങ്ങനെയാവുമെന്ന് നാം നിരൂപിക്കുന്നത് നാലാം ദശാംശ സ്ഥാനത്തിന്റെ പരിമിതികൾക്കകത്താണ്! ഞാൻ വീണ്ടും പിക്കാസോയെ ഓർക്കുന്നു; ഒപ്പം സർ ഐസക്ക് പിറ്റ്മാനെയും.

എന്തുകൊണ്ട് പിക്കാസോ? പിക്കാസോയുടെ കാളച്ചിത്ര പരമ്പര ഒരു ഗുഹാനാളിയിലൂടെ ശ്രവിക്കാൻ ശ്രമിക്കയാണ് ഞാൻ. ഒന്നാമത്തെ കാള (ഒരു സാധാരണ രേഖാചിത്രം) ഒരു ശബ്ദം. രണ്ടും മൂന്നും നാലും കാളകളിലൂടെ ചുവരുകളിൽ അലച്ച് അത് ഗുഹയിൽ ധ്വനിച്ചു മുഴുക്കുന്നു. പിന്നത്തെ കാളകളിലൂടെ, ചുവരിലെന്നതു പോലെയത് ഗുഹയിൽ വിലയിക്കുന്നു. പതിനൊന്നാം കാളയിൽ ഞാൻ ശ്രവ്യത്തിൽ നിന്ന് ദൃശ്യത്തിൽ എത്തുന്നു. ഒരു കാളയെ സൂചിപ്പിക്കാൻ മാത്രം ഋഷഭത്വമുള്ള പതിനൊന്നാം ചിത്രത്തെ "ഇസെൻഷൽ ബുൾ" എന്നാണ് പിക്കാസോ വിശേഷിപ്പിച്ചത്. അതൊരു അക്ഷരം, ലിപി. ചിത്രം ഭാഷയാകാം.

എന്തുകൊണ്ട് പിറ്റ്‌മാൻ? ഓരോ ധ്വനിയേയും ഓരോ പ്രത്യേക ലിപികൊണ്ടു കുറിക്കുന്ന ലേഖന സമ്പ്രദായമെന്നു വിളിക്കാവുന്ന 'ഫോണോഗ്രഫി' എന്ന ചുരുക്കെഴുത്തിൽ പിറ്റ്‌മാൻ പെൻസിൽ കൊണ്ട് ശബ്ദത്തെ തൊടുന്നു. പിറ്റ്‌മാൻ്റെ ഒരു നിർദ്ദേശം ഞാൻ പ്രത്യേകിച്ചും ഓർക്കുന്നു. എഴുതാൻ തൂവലോ, പേനയോ, പെൻസിലോ ഉപയോഗിക്കാം. പക്ഷേ സാധാരണ എഴുത്തിന് പാകമായ വിധത്തിൽ അത് കയ്യിൽ മുറുക്കി പിടിക്കാതിരിക്കാൻ പ്രത്യേകിച്ച് ശ്രദ്ധിക്കണം. കാരണം, ശബ്ദമെഴുത്തിൻ്റെ പ്രമാണമനുസരിച്ചല്ല സാധാരണ എഴുത്തിലെ അക്ഷര രൂപീകരണം. പെൻസിൽ കൊണ്ട് ചിത്രം വരക്കുമ്പോളെന്നതു പോലെ, എഴുത്തുപകരണം അയച്ചു പിടിക്കണം. പിറ്റ്‌മാൻ വരച്ചത് ഒച്ചയാണ്.

ലാസ്‌കോയിലെ ഗുഹയിൽ ഒരു പിക്കാസോ ഉണ്ടായിരുന്നു. അൾത്തമീരയിലെ ഗുഹയിൽ ഒരു പിറ്റ്‌മാൻ ഉണ്ടായിരുന്നു. വ്യത്യസ്ത നടപടിക്രമങ്ങളുടെ അതിക്രമണം. വിവര മാറ്റത്തിൻ്റെ  ഒരു തരം  ക്രോസ്-മൊഡാലിറ്റി.  

ഷിഗറു മിയാഗവ (ഭാഷാശാസ്ത്രകാരന്‍, എം.ഐ.ടി) പറഞ്ഞു: വിദൂര ഭൂതത്തിൽ ഈ ഗുഹകളിൽ ശരിക്കും എന്താണ് സംഭവിച്ചത് എന്നതിൻ്റെ  99.9999 ശതമാനവും നമുക്ക് അജ്ഞാതമാണ്. ഭാഷകളും പിന്നിൽ ഫോസിലുകൾ അവശേഷിപ്പിക്കില്ലെന്നത് ശരിയാവാം. പക്ഷേ, മനുഷ്യ നിർമ്മിതികളായ ഗുഹാചിത്രങ്ങളിൽ, പ്രതീകബദ്ധ ജീവികൾ എന്ന നിലക്ക് നമ്മുടെ കുലപൂർവ്വികരുടെ തുടക്കങ്ങൾ നമുക്ക് കാണാം. ക്രിസ് സ്റ്റാൻഡിഷ് കണ്ടെത്തിയൊരു നിയാൻഡർതാൽ ചിത്രത്തിൽ വേട്ടക്കാരില്ല, മൃഗങ്ങളില്ല.

കോണികളെ തോന്നിപ്പിക്കുന്നൊരു അമൂർത്ത രചനയാണത്. ഒരു പ്രതീകം.

ഗുഹാചിത്രങ്ങൾ പ്രതിനിധാനം ചെയ്യുന്നത്  ഒന്നുകിൽ അറിവിൻ്റെ സംഭരണത്തെക്കുറിച്ചുള്ള കഥകൾ, അല്ലെങ്കിൽ അനുഷ്‌ഠാന കർമ്മങ്ങൾ (ഞാനിവിടെ "ഒന്നുകിൽ/അല്ലെങ്കിൽ" എന്നാക്കി വേർതിരിച്ച രണ്ടും ഒരു പക്ഷേ അന്യോന്യബദ്ധമാകാം). ഗുഹാചിത്രങ്ങൾ ഭാഷയുടെ ഗുണവിശേഷങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്ന് തിരിച്ചറിയുന്നേടത്താണ് മിയാഗവയുടെ സമീപനത്തിൻ്റെ വ്യത്യസ്തത ദൃഢ രേഖകളിലാവുന്നത്. റിച്ചാഡ് കോസ് പ്രാചീന വേട്ടക്കാരുടെ ആയുധ പ്രയോഗ പാടവത്തിന്റെ ഉത്പത്തി കണ്ടെത്തിയത് ഗുഹാചിത്രങ്ങൾ വരച്ചവരുടെ കരവിരുതിലായിരുന്നു. മിയാഗവ പറഞ്ഞു: "അവബോധപരമായി പ്രതീകാത്മകമായ നമ്മുടെ മനസ്സിൻ്റെ രൂപീകരണത്തിൽ ശബ്ദശാസ്ത്ര അധിഷ്‌ഠിതമായ ഗുഹാകലക്ക് ഒരു കൈ ഉണ്ടായിരുന്നിരിക്കണം". അദ്ദേഹം പ്രത്യേകിച്ചും ഒരു സമാന്തരം അവതരിപ്പിക്കുന്നു.

വരപ്പ്: ക്രിയ (action), വസ്തുക്കൾ, ഭേദപ്പെടുത്തല്‍.

ഭാഷ: ക്രിയ (verb), നാമം, നാമവിശേണം.

അപാരമായൊരു സമാന്തരമാണിത്. ഒരു വ്യതിചലിത സിദ്ധാന്തത്തിന് തുടക്കം കുറിച്ചിട്ടേയുള്ളു മിയാഗവ. അദ്ദേഹം പറഞ്ഞു: നാം ഉള്ളടക്കത്തിൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അതിൽ ഒരുപാട് ഭാഷയുണ്ട്. പക്ഷേ, ഗുഹാചിത്രങ്ങളുടെ പുനർ വ്യാഖ്യാനം ഭാഷോന്മുഖമായി എത്രത്തോളം വഴങ്ങിത്തരും? മനുഷ്യ ചരിത്രത്തിൽ ഭാഷയുടെ ആവിർഭാവം എളുപ്പമുള്ള വിഷയമല്ല. നമ്മുടെ വർഗത്തിന് 200,000 വർഷം പഴക്കം; ഭാഷക്ക് 100,000 വർഷത്തിലധികം പഴക്കം. 

ഗുഹാചിത്രങ്ങളിലെ വാക്യഘടന നമുക്കറിഞ്ഞു കൂടാ. ഭാഷയുടെ വികാസത്തിൽ ഗുഹാചിത്രങ്ങൾ ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിൽ, എത്രയോ കൂടുതൽ പഴക്കമുള്ള വരപ്പിൻ്റെ ഉദാഹരണങ്ങൾ (ശരിക്കും തുടക്കങ്ങൾ) തിരക്കേണ്ടി വരും. ആരെങ്കിലും ആഫ്രിക്കയിൽ 120,000 വർഷം പഴക്കമുള്ള ചിത്രങ്ങൾ കണ്ടെത്തുന്നതു വരെ നമുക്ക് കാത്തിരിക്കേണ്ടി വരും.


Login | Register

To post comments for this article