.

ഇവിടെ ഒരു വവ്വാൽ ഇല്ല! (രണ്ട്)

തെക്കൻ ഫ്രാൻസിലെ ഒരു ഗുഹ (Chauvet-Pont-d'Arc) സന്ദർശിക്കുക. റിച്ചാഡ് കോസ് ഈ ഗുഹയിൽ പരിശോധിച്ച മൃഗപ്രതിനിധാനങ്ങൾ ഏതോ കരികൊണ്ടുള്ള വരപ്പുകളിലും കൊത്തുപണികളിലുമായിരുന്നു. പഴക്കം 28,000-32,000 വർഷം. ഇവിടെ "വ്യാപാരമേ ഹനനം" എന്ന അവസ്ഥയിലേക്ക് സിരകൾ പോലെ പടരുന്ന സൗന്ദര്യ രേഖകൾ കോസിനെ അലട്ടിയെങ്കിൽ നാം അതറിയുകയില്ല. എന്തെന്നാൽ, സൗന്ദര്യ സങ്കല്പങ്ങൾ അദ്ദേഹത്തിൻ്റെ വിവരണത്തിലേയ്ക്ക് പടരുന്നില്ല. പക്ഷേ, സൗന്ദര്യാവബോധത്തിൻ്റെ ഒരന്തരീക്ഷം സ്വയം ഉളവാകുന്നു. എന്നെ സംബന്ധിച്ച് ഗുഹാചിത്രങ്ങളുടെ ഏറ്റവും വലിയ പ്രശ്‌നം ഇതാണ്.

വരകൾ സൂചിപ്പിക്കുന്ന സ്പർശ-ബല രേഖകളിൽ നിന്ന് ഗ്രഹിക്കാവുന്ന ചലന ശാസ്ത്രമായിരിക്കണം കോസ് ശ്രദ്ധിച്ചത്. ഇരയുടെ ഉടലിൽ തറയാൻ ആവശ്യമായ വളവിലൂടെ കുന്തം കൃത്യമായെങ്ങനെ സഞ്ചരിക്കണമെന്ന് മനസ്സിൽ വിഭാവനം ചെയ്യാനുള്ള കഴിവിലേക്ക് ക്രമീകരിക്കാവുന്നതാണ് ഗുഹാചിത്രങ്ങൾ തീർത്ത വേട്ടക്കാരുടെ കൈകളുടെ ചലന രീതികളെന്ന് കോസ് കണ്ടെത്തി. അദ്ദേഹം പറഞ്ഞു: "കൂട്ടത്തിലെ അംഗങ്ങളുമായി മനോബിംബങ്ങൾ വിനിമയം ചെയ്യാനുള്ള ഈ കഴിവിന് ബൃഹത്തായ സാമൂഹിക വിവക്ഷിതങ്ങളുണ്ട്."

നിയാൻഡർതാലുകളുടെ 64,000 വർഷം പഴക്കമുള്ള ഗുഹാകലയെക്കുറിച്ചുള്ള വിവരം പുറത്താകും മുൻപാണ് റിച്ചാഡ് കോസിൻ്റെ നിരീക്ഷണങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടത് (ശാസ്ത്ര വാർത്ത ദിനപത്രമായ എൻ്റെ ഓർമ്മകളിലും കുറിപ്പുകളിലും അതങ്ങനെയാണ്). ആകയാൽ, സ്വാഭാവികമായും, നമ്മുടെ കുലപൂർവ്വികരും നിയാൻഡർതാലുകളും ഉൾപ്പെടുന്ന താരതമ്യത്തിൽ കോസിൻ്റെ മനുഷ്യ മഹത്വ ബോധം അത്യുക്തിയിൽ എത്തുന്നു.

വേട്ടയിൽ നിന്ന് വരപ്പിലേക്കായിരിക്കണം (മറിച്ചാവില്ല) കോസിൻ്റെ മനസ്സ് ചരിച്ചത്. കയ്യിൽപ്പിടിച്ച് നേരിട്ട് കുത്താനുള്ള കുന്തങ്ങൾ ഉപയോഗിച്ച് നിയാൻഡർതാലുകൾ കൊന്നു വീഴ്ത്തിയത് മിക്കവാറും മെരുങ്ങിയ ജീവികളെയായിരുന്നു; നമ്മുടെ മുന്തിയ പൂർവ്വികരാകട്ടെ, ഏറുകുന്തങ്ങൾ ഉപയോഗിച്ച് നൂറായിരക്കണക്കിനു വർഷങ്ങളോളം വേട്ടയാടിയത് ആപത്കാരികളായ വൻമൃഗങ്ങളെയായിരുന്നു. വരപ്പിൽ നിന്ന് വേട്ടയിലേക്ക് ചരിക്കാൻ ഇവിടെ പഴുതില്ല. വരപ്പിന്‌ ആവശ്യമായ ഏകോപിത വിരൽച്ചലന ക്രമങ്ങളിലേക്ക് മനോബിംബങ്ങൾ വിവർത്തനം ചെയ്യാനുള്ള കഴിവ് നിയാൻഡർതാലുകൾക്ക് ഇല്ലായിരുന്നെന്ന് കോസ് ഉപസംഹരിക്കുന്നു. ചിത്രം വരക്കാൻ കഴിയില്ലെങ്കിൽ നിങ്ങൾക്കൊരു കുന്തം എറിയാൻ കഴിയില്ല!

റോബർട് ആർഡ്രെ, ഒരു താരതമ്യത്തിലല്ലാതെ, നിയാൻഡർതാലുകളുടെ താടിയെല്ലിൻ്റെ അസാധ്യ ശക്തിയെക്കുറിച്ചു പറഞ്ഞു; അത്താഴത്തിനു ക്ഷണിച്ചാൽ, ഇവർ നിങ്ങളുടെ കിണ്ണങ്ങൾ കടിച്ചു പൊട്ടിക്കുമെന്നൊരു തമാശയും പറഞ്ഞു. ഒരു ജേംസ് ബോണ്ട് ചലച്ചിത്രത്തിൽ പടുകൂറ്റനായൊരു സ്രാവിനെ കടിച്ചു കീറുന്ന ജോസ് (Jaws) എന്ന കഥാപാത്രത്തെ ഞാൻ ഓർത്തു. പക്ഷേ, ഉപകരണങ്ങളിൽ അവയുടെ ഉദ്ദേശ്യം പോലെ നിഴലിക്കുന്ന സൗന്ദര്യ പരിഗണനകളുടെ താരതമ്യത്തിൽ, നമ്മുടെ കുലപൂർവ്വികരെ ആർഡ്രെ വാഴ്ത്തുന്നു (ഓർക്കുക, 1976ലാണ് അദ്ദേഹം തൻ്റെ 'മൃഗയാ സിദ്ധാന്തം' പ്രസിദ്ധീകരിച്ചത്).

നിയാൻഡർതാൽ ഉപകരണങ്ങളുടെ പ്രയോഗക്ഷമത ആർഡ്രെ തിരിച്ചറിഞ്ഞു. തികച്ചും പര്യാപ്തം, പക്ഷേ, പര്യാപ്തം മാത്രം. അതിൻ്റെ ദശാംശ സ്ഥാനങ്ങളിൽ പോലും സൗന്ദര്യാവിഷ്ടമായൊരു മനസ്സിൻ്റെ സാന്നിധ്യം ആർഡ്രെയ്ക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് എൻ്റെ ഭാഷയിൽ ഞാൻ പറയട്ടെ. മറിച്ച്, സൗന്ദര്യത്തിന്മേലുള്ള ധൂർത്തമായ ഊന്നലാണ്‌ ചില ഹോമോ സാപിയൻ  ഉപകരണങ്ങളിൽ ആർഡ്രെ കണ്ടത്‌. ഉദ്ദേശ്യത്തെ അതിശയിക്കയാൽ ഉപയോഗ ശൂന്യതയിൽ പര്യവസാനിച്ച സൗന്ദര്യ ബദ്ധത; "കല കലയ്ക്കു വേണ്ടി" എന്ന ശാഠ്യത്തിൻ്റെ ആദ്യത്തെ ആധികാരിക മുദ്ര. ആർഡ്രെ സംശയിച്ചു: നിയാൻഡർതാലുകളുടെ തിരോഭാവത്തിന്നെതിരെ നമ്മുടെ വമ്പിച്ച തുടർച്ചയുടെ രഹസ്യം ഇതാണോ!

ആർഡ്രെയുടെ സംശയം അസ്ഥാനത്തെന്ന് നമുക്കിപ്പോൾ അറിയാം. അതിജീവനത്തിനും വംശനാശത്തിനും ഇടയിൽ ഒരു സൗന്ദര്യരേഖയുടെ അതിർത്തിയില്ല. പ്രസക്ത ചോദ്യം മറ്റൊന്നാണ്: ഉപകരണ നിർമ്മാണത്തിൽ പ്രകടിപ്പിച്ച സൗന്ദര്യധൂർത്ത് ഗുഹാചിത്ര നിർമ്മാണത്തിൽ നമ്മുടെ പൂർവികർ പ്രകടിപ്പിച്ചിട്ടുണ്ടോ? ഇവിടെയാണ് പ്രശ്നം. ഗുഹാചിത്രങ്ങളിൽ സൗന്ദര്യോർജ്ജം കാളപ്പോരിലെ കാളയെപ്പോലെ ചുര മാന്തുന്നുവെന്ന് നമുക്ക് തോന്നുന്നു. പിക്കാസോ ചിത്രീകരിച്ച കാളകളും ഗുഹാചിത്രങ്ങളിലെ കാളകളും തുല്യനിലയിൽ നമ്മെ പിടിച്ചു നിർത്തുന്നത് കലയുടെ, സൗന്ദര്യത്തിൻ്റെ, പ്രകരണത്തിലാണ്. പക്ഷേ, പ്രേരണയിൽ, ഉദ്ദേശ്യത്തിൽ, നിർവ്വഹണത്തിൽ, ഗുഹാചിത്രങ്ങൾ ശരിക്കും കലാസൃഷ്ടികളാണോ? ഗുഹകളിൽ സ്റ്റീവൻ വാലർ പിടിച്ചെടുത്ത പ്രതിദ്ധ്വനികളുടെ ലോകം പരിഗണിച്ചാൽ, "അല്ല" എന്നാവും ഉത്തരം.

ഒരു പക്ഷേ, നമുക്ക് പിക്കാസോയിൽ നിന്ന് തുടങ്ങേണ്ടിയിരിക്കുന്നു. നമുക്കൊരു ആധുനിക കലാകാരനെ ആവശ്യമുണ്ട്. ഈ കാലാകാരൻ്റെ ഏറ്റവും അറിയപ്പെടുന്ന കാള 'ഗ്വയർണിക'യിലെ കാളയാണ്. പക്ഷേ, അത്രയും അറിയപ്പെടാത്തതും, അതേ സമയത്ത് പിക്കാസോയുടെ സൂക്ഷ്മമായൊരു രൂപ വിസ്തരണ-ലഘൂകരണ പദ്ധതിയിലെ പ്രതിപാദ്യമെന്ന നിലയ്ക് തടിച്ചും ചടച്ചും പ്രത്യക്ഷപ്പെടുന്നതുമായൊരു കാള കൂടുതൽ ശ്രദ്ധ അർഹിക്കുന്നു. ഒരേ കാളയുടെ ഒരു പരമ്പരയാണത്.

പിക്കാസോ ഒരു കാളയുടെ സാധാരാണ രേഖാചിത്രത്തിൽ നിന്ന് തുടങ്ങുന്നു; പിന്നെ, വരകൾക്കു മേൽ വരകൾ വികസിപ്പിച്ചെടുത്ത് കാളയെ അതിൻ്റെ നിറവിലേക്ക് മുഴപ്പിക്കുന്നു (വിസ്തരണം); പിന്നെ,കാളക്ക് സമനില തെറ്റും വിധം അതിൻ്റെ ഓരോരോ അവയവങ്ങൾ മായ്ച്ചുകളയുന്നു (ലഘൂകരണം). ഒടുവിൽ കാണാവുന്ന കാള ആദ്യത്തെ രേഖാചിത്രത്തേക്കാൾ ലളിതം. ഈ പതിനൊന്നു കാളകളിൽ ഏതാണ് ശരിക്കും പിക്കാസോയുടെ കാള?  ഏതു കാളയെ വരച്ച പിക്കാസോയാണ് അസ്സൽ കലാകാരൻ? പുതിയൊരു സൗന്ദര്യ ശിക്ഷണത്തിൽ നിങ്ങൾ ചോദ്യങ്ങളായി അവതരിപ്പിച്ച ഉത്തരങ്ങളാണിവ. ഇനി പിക്കാസോയുടെ കാളകളിൽ നിന്ന് പെട്ടെന്നു കണ്ണുകളകറ്റി പിന്നിലേക്ക് നോക്കുക. തല തിരിക്കാൻ വേണ്ട ഒരു നിമിഷത്തിനുള്ളിൽ, നോക്കാൻ പോകുന്നേടത്ത് നിങ്ങളെന്തു കാണുമെന്നത് പ്രവചിതം, നിർവ്വചിതം: "ഈ ഗുഹാചിത്രങ്ങൾ സുന്ദരമല്ലേ!" തീർച്ചയായും. ആ സൗന്ദര്യം നിങ്ങളുടെ മനസ്സിൻ്റെ വിക്ഷേപമാണ്.

പിക്കാസോയുടെ കാളകളും ഗുഹാചിത്രങ്ങളിലെ കാളകളും തമ്മിലുള്ള ബന്ധം ചിലർ സൂചിപ്പിച്ചിട്ടുണ്ട്. എതിർക്കാൻ തുനിയാതിരിക്കുക. പകരം പറയുക, ഗുഹകളിൽ കാളകളെ വരച്ചവർ പിക്കാസോയുടെ പൂർവ്വഗാമികളായിരുന്നു. പക്ഷേ,​ ഈ പ്രസ്‌താവന പിക്കാസോയുടെ മൗലികതയെ ചോദ്യം ചെയ്യലല്ലേ? അല്ല, ഹോർഹെ ബോർഹസിന്റെ വാക്കുകൾ നിങ്ങൾ ശ്രദ്ധിക്കുമെങ്കിൽ. റോബർട് ബ്രൗണിങ്ങിന്റെ ഒരു കവിത കഫ്‌കയുടെ രചനകളെ ദീർഘ ദർശനം ചെയ്തെന്നു പറഞ്ഞാൽ അത് കഫ്‌കയെ ലഘൂകരിക്കില്ലെന്ന് ബോർഹസ് സൂചിപ്പിച്ചു. മറിച്ച് കഫ്‌കയുടെ രചനകൾ ബ്രൗണിങ്ങിൻ്റെ കവിതയെ നിശിതമാകുന്നു, വ്യതിചലിതമാക്കുന്നു. ഓരോ എഴുത്തുകാരനും കലാകാരനും തൻ്റെ സ്വന്തം പൂർവ്വഗാമികളെ സ്ര്യഷ്ടിക്കുന്നു. അയാൾ ഇല്ലെങ്കിൽ ആ പൂർവ്വഗാമികളുമില്ല.

പിക്കാസോ ഇല്ലെങ്കിൽ ആ പഴയ ഗുഹകളിൽ അദ്ദേഹത്തിൻ്റെ പൂർവ്വഗാമികളുമില്ല. ഭൂത ഭാവികളുടെ ഈ സവിശേഷ ബന്ധത്തിൽ, നാം സൗന്ദര്യ സ്രഷ്‌ടാക്കളായതു കൊണ്ടാണ് ഗുഹാചിത്രങ്ങൾ കലാസൃഷ്ടികളാവുന്നത്. കലാസൃഷ്ടികളെന്ന നിലക്കല്ല അവ നിർമ്മിക്കപ്പെട്ടത്‌.  

(നാം പറഞ്ഞു, ഇവിടെ ഒരു വവ്വാൽ ഇല്ല! പിക്കാസോയുടെ ഒരു ചിത്രത്തിൽ വവ്വാൽ ഉണ്ട്, വവ്വാലുകളുടെ ഒരു പരമ്പര തന്നെയുണ്ട്! പിക്കാസോയുടെ ജീവിതത്തിൽ, കലാ ചരിത്രകാരന്മാർ രേഖപ്പെടുത്തിയൊരു "വവ്വാൽ കാലഘട്ടം" ഉണ്ടായിരുന്നു. ഈ കാലഘട്ടത്തിലെ സെൽഫ്-പോർറ്റ്ററ്റിൽ പിക്കാസോ ഒരു വവ്വാലായാണ് തന്നെ  അവതരിപ്പിച്ചത്. പിക്കാസോയുടെ ഒരു വവ്വാലിനെ നാം സ്‌പെയിനിലെ അൾട്ടമീറ ഗുഹയിലേക്ക് പറത്തുക. വർത്തമാനത്തിൻ്റെ മാറ്റൊലിയായി ഭൂതം അവിടെ തൂങ്ങിക്കിടക്കട്ടെ.)

(തുടരും)

അപ്ഡേറ്റ്:
ദാവീദിൻ്റെ കവണയുടെ രഹസ്യം

റോബർട് ആർഡ്രെയുടെ സാഹസികമായ മൃഗയാ സിദ്ധാന്തം പറയുന്നു: മനുഷ്യൻ മനുഷ്യനാണെങ്കിൽ, മറിച്ച് ഒരു ചിമ്പാൻസി അല്ലെങ്കിൽ, അതിനു കാരണം പരിണാമത്തിൻ്റെ  ദശലക്ഷങ്ങൾക്കു മേൽ ദശലക്ഷം വർങ്ങളോളം നാം ഉപജീവനാർത്ഥം ഹനനത്തിൽ ഏർപ്പെട്ടിരുന്നുവെന്നതാണ്. ഇത് പോലൊരു സിദ്ധാന്തം അവതരിപ്പിച്ചൊരാൾ പ്രാക്തന ആയുധങ്ങൾ പരിശോധിച്ചത് ചന്തം കാണാൻ വേണ്ടി മാത്രമാവില്ല. ആയുധങ്ങളെ ഉപകരണങ്ങളെന്നു വിളിക്കുകയും, അതിലുമുപരി എല്ലാ ആയുധങ്ങളെയും ഒരേ പോലെ ആയുധങ്ങളായി കാണുകയും ചെയ്യുന്നവരോടൊപ്പം ആർഡ്രെക്ക് ഒരെല്ലു പെറുക്കാനുണ്ടായിരുന്നു (ആർഡ്രെയുടെ തന്നെ പ്രയോഗമാണിത്: Picking a bone with [somone] = ആരോടെങ്കിലും വഴക്കിടുക).

ഇതിവൃത്തത്തിന് ആർഡ്രെയുടെ പ്രബുദ്ധ സംഭാവന "ആയുധം തിരഞ്ഞെടുക്കൽ" (weapon choice) എന്ന നിർണായക കർമ്മമായിരുന്നു. ബൈബിളിൽ, ശമുവേലിൻ്റെ ഒന്നാം പുസ്തകത്തിൽ, ഭീമാകാരനായ ഗോലിയാത്തിനു മേൽ വെറുമൊരു പയ്യനായ ദാവീദ് നേടിയ വിജയത്തിന് ശാസ്ത്രീയ വിശ്വാസ്യത നൽകുന്നു ആർഡ്രെയുടെ വിവേചനം.

ഗോലിയാത്ത് അഭേദ്യമായ തലച്ചട്ടയും മാർച്ചട്ടയും അണിഞ്ഞിരുന്നു. ദാവീദാകട്ടെ, ശൗൽ രാജാവ് തനിക്ക് നൽകിയ കവചവും മറ്റും ഉപേക്ഷിക്കുന്നു. ഗോലിയാത്തിൻ്റെ ആയുധം കുന്തം, ഗദ, വാള് (എല്ലാ ഭാഷ്യങ്ങളും ഇക്കാര്യത്തിൽ യോജിക്കുന്നില്ല). ഏതായാലും അതൊരു ഏറുകുന്തമായിരിക്കാൻ വഴിയില്ലെന്ന് കഥാന്തരം സൂചിപ്പിക്കുന്നു. ദാവീദിൻ്റെ കയ്യിലുള്ളത് കവണയും ഉരുളങ്കല്ലുകളും. ദാവീദിൻ്റെ അടുത്തെത്തിയില്ലെങ്കിൽ ഗോലിയാത്തിന് ആയുധ പ്രയോഗം സാധ്യമല്ല.​ മറിച്ച്, വാരകൾക്കകലെ നിന്ന് ദാവീദിന് എതിരാളിയെ ആക്രമിക്കാം. ദാവീദ് തൊടുത്തൊരു കല്ലിൻ്റെ ആഘാതം നെറ്റിക്കു നടുവിൽ ഏറ്റു വാങ്ങിക്കൊണ്ട് ഗോലിയാത്ത് നിലം പതിക്കുന്നു. വെപ്പൻ ഫിക്സേഷൻ!

അകലെ  നിന്ന് വിക്ഷേപിക്കാവുന്ന ആയുധങ്ങൾ വേട്ടയിലും പിൽക്കാല യുദ്ധങ്ങളിലും സൃഷ്ടിച്ച സാങ്കേതിക കലാപം ആർഡ്രെയെക്കാൾ കൃത്യമായി ഗ്രഹിക്കാനും വിവരിക്കാനും കഴിഞ്ഞൊരാളെ എനിക്കറിഞ്ഞു കൂടാ. ദാവീദിന് സാധ്യമായ അകലത്തിനു പരിമിതിയുണ്ടായിരുന്നു. ഈ പരിമിതി പരമാവധി ഭേദിക്കലായിരുന്നു സാങ്കേതിക ശാസ്ത്രത്തിന്റെ വെല്ലുവിളി. ഏറ്റവും ചുരുക്കം നഷ്ടത്തോടെ എറ്റവുമധികം വിനാശം സാധിക്കുക! അകലെ നിന്ന് വിക്ഷേപിക്കാവുന്ന മരണമാണ് സംഘടിത യുദ്ധ രൂപങ്ങൾ സൃഷ്ടിച്ചതെന്ന്​ ആർഡ്രെ രേഖപ്പെടുത്തി.

ഒരിക്കൽ ഞാൻ ചിന്തിച്ചിരുന്നു: വിദൂരസ്ഥ ഉപാധികൾക്ക് രക്തരൂഷിതമായ മരണദൃശ്യങ്ങളുടെ ഓർമ്മകളിൽ നിന്ന് നമ്മുടെ മനസ്സിനെ കഴിയുന്നതും അകലത്താക്കൻ കഴിയുമോ? അതിലൂടെ നമ്മുടെ പാപബോധത്തിൻ്റെ സാന്ദ്രത ചുരുക്കാൻ അവയ്ക്കു കഴിയുമോ? ഉത്തരം തികച്ചും ആത്മനിഷ്‌ഠമാണെന്ന്, കര്‍തൃവിഷയകമാണെന്ന്, എനിക്ക് തോന്നി. ആയിരിക്കാം. പക്ഷേ, അമേരിക്കയിലെ പത്രപ്രവർത്തകനായ വില്യം സാലറ്റൻ എൻ്റെ ചോദ്യം മറ്റു വാക്കുകളിൽ ചോദിച്ചു: "വളരെ ദൂരത്തു നിന്ന് ഒരു വീഡിയോ സ്‌ക്രീനിലൂടെ ആളുകളെ കൊല്ലുന്നത് അവരെ അടുത്തു നിന്നു കൊല്ലുന്നതിനേക്കാൾ എളുപ്പമാണോ?" .

കവണ ഉപയോഗിച്ച ദാവീദിന് സങ്കൽപ്പിക്കാൻ പോലും കഴിയാത്തൊരു ദൂരത്തെയാണ് സാലറ്റൻ 2008ൽ നേരിട്ടത്. അമേരിക്ക 7,000 നാഴിക അകലെ തെക്കൻ കലിഫോർണിയയുടെ സുരക്ഷിതത്വത്തിലിരുന്ന് 'പ്രെഡെറ്റർ' എന്ന ആളില്ലാ വിമാനങ്ങൾ (ഡ്രോണുകൾ) ഉപയോഗിച്ച് ഇറാഖിന് നേർക്ക് മിസൈലുകൾ അയക്കുമ്പോൾ അസോസിയേറ്റഡ് പ്രസ് എഴുതി: 'പ്രെഡെറ്റർ' പ്രവർത്തിപ്പിക്കുന്ന വിദഗ്ദ്ധർ ഇറാഖിലെ യുദ്ധക്കളങ്ങളിൽ നേരിട്ട് പൊരുതുന്ന സഖാക്കൾക്ക് തുല്യം മാനസികാഘാതത്തിന് വശംവദരാണ്! ഒരു കാരണം സാലറ്റൻ എടുത്തു പറഞ്ഞു: അവർ എല്ലാം കാണുന്നത് ഹൈ-റെസലൂഷൻ വിശദാംശങ്ങളായാണ്.Login | Register

To post comments for this article