.

ഇവിടെ ഒരു വവ്വാൽ ഇല്ല! (ഒന്നാം ഭാഗം)

ബ്രോഡ്‍വേയിൽ നാടകകൃത്തായും ഹോളിവുഡിൽ തിരക്കഥാകൃത്തായും വർഷങ്ങൾ ചെലവഴിച്ച റോബർട്ട് ആർഡ്രെ ആഫ്രിക്കയിൽ എത്തിയപ്പോൾ ഒരു പക്ഷേ സ്വയമറിയാതെയാണ് മനുഷ്യ പരിണാമമെന്ന മഹാനാടകത്തിൻ്റെ ഏറ്റവും പ്രതിബദ്ധനായൊരു പ്രേക്ഷകനായി മാറിയത് ("കല ഒരു സാഹസികതയാണ്" എന്നറിയിച്ച ഈ മനുഷ്യനാണ് പാരിണാമിക നരവംശ ശാസ്ത്രത്തിൽ എന്നെ എത്തിച്ചത്). ഒരിക്കൽ, പ്രാക്തന ഗുഹാചിത്രങ്ങളെ ചൂഴുന്ന നിഗൂഢതയെ നേരിട്ട് ആർഡ്രെ ആശ്ചര്യപ്പെട്ടു: ഇവയുടെ അതുല്യ സ്രഷ്ടാക്കൾ എന്തുകൊണ്ടാണ് ഇപ്പോൾ പോലും ദുർഗ്ഗമവും ഇരുളടഞ്ഞതുമായ ഗുഹകളുടെ ആഴങ്ങൾ തിരഞ്ഞെടുത്തത്! ഒരിക്കൽ എനിക്കൊരു ഉത്തരമുണ്ടായിരുന്നു. 'ചില ചുവർച്ചിത്രങ്ങൾ' എന്ന കവിതയിൽ ഞാനതു രേഖപ്പെടുത്തിയിരുന്നു.

ഒരിക്കൽ എൻ്റെയൊരു കാരണവർ / പിൻകഴുത്തിൽ മരണം ഉച്ഛ്വസിക്കുന്ന ഹിമയുഗങ്ങളിലൊന്നിൽ / നിയാൻഡർതാൽ മനുഷ്യരുടെ കണ്ണുകൾ വെട്ടിച്ച് /  ഇരുണ്ട് ദുർഗ്ഗമമായൊരു ഗുഹയിലേക്ക് നുഴഞ്ഞു കയറി / ചുവരിലൊരു വേട്ടമൃഗത്തിൻ്റെ അതിർരേഖകൾ കോറിയിട്ടു; / ഏറ്റവും പ്രാഥമികമായ എഴുത്തുകൾ ഇങ്ങനെത്തന്നെയുണ്ടാകുന്നു -- / ആരോ പിടികൂടും മുൻപുള്ള നൊടിയിടയുടെ രഹസ്യത്തിൽ!

പഴയ നരവംശ ശാസ്ത്രം ഉപബോധത്തിലേക്ക് പ്രക്ഷേപിച്ച നിയാൻഡർതാലുകളുടെ ഭീതിദമായ നിഴലുകൾ 1990ൽ ഞാനെഴുതിയ കവിതയിൽ പതിയുന്നു. ഏറ്റവും പുതിയ ഗവേഷണങ്ങളിൽ തെളിയുന്നത് പിൻകഴുത്തിൽ പിടികൂടാൻ പോകുന്ന സത്വങ്ങളല്ല. "ആർദ്രതയോടും അറിവോടെയുമാണ് അവർ പരിക്കുകളോടും രോഗത്തോടും പ്രതികരിച്ചിരുന്നത്," ഡോക്റ്റർ പെനി സ്പൈക്കിൻസ് എഴുതുന്നു. ഇന്നേ വരെ അറിയപ്പെട്ടതിലേക്കും വെച്ച് ഏറ്റവും പഴക്കമുള്ള ഗുഹാകല നിയാൻഡർതാലുകളുടെ സൃഷ്ടിയാണെന്ന് അത് കണ്ടെത്തിയ ഡോക്റ്റർ ക്രിസ് സ്റ്റാൻഡിഷ് ഉറപ്പിച്ച് പറയുന്നു. എങ്കിൽ, "ഏറ്റവും പ്രാഥമികമായ എഴുത്തുകൾ"?

ചില കാലരേഖകൾ ഒത്തുനോക്കുക. സ്‌പെയ്‌നിലെ മൂന്നു ഗുഹകളിൽ ഡോക്റ്റർ സ്റ്റാൻഡിഷ് കണ്ടെത്തിയ ചുവർച്ചിത്രങ്ങൾക്ക് 64,000 വർഷം പഴക്കമുണ്ട്. ഏറ്റവും ചുരുങ്ങിയത്, ആധുനിക മനുഷ്യർ ആഫ്രിക്കയിൽ നിന്ന് യൂറോപ്പിൽ എത്തുന്നതിന് 20,000 വർഷം മുൻപ് ആ രഹസ്യ ഗാലറികൾ സജ്ജമായിക്കഴിഞ്ഞിരുന്നു! പല പ്രകരണങ്ങളിലും നിയാൻഡർതാലുകളുടെ നിർമ്മിതികൾ മനുഷ്യ നിർമ്മിതികളുടെ അനുകരണമാണെന്ന് ആരോപിക്കപ്പെടുന്നു. യൂറോപ്പിൽ പ്രത്യക്ഷപ്പെടുന്നതിനു മുൻപ്  ആധുനിക മനുഷ്യൻ്റെ ഗുഹാചിത്രങ്ങൾ ഇന്തോനേഷ്യയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പഴക്കം 40,000 വർഷം.

ഗുഹാചിത്രങ്ങൾ എന്തെന്നും എന്തിനെന്നും എളുപ്പത്തിൽ വ്യഖ്യാനിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നിയിരുന്നു. ഒമ്പതാഴ്ചകൾക്കു മുൻപ് റിസേർച്ഗേറ്റിൽ ഞാൻ എഴുതി: "പ്രാകൃത സൗന്ദര്യബോധത്തിൻ്റെ നിര്‍വ്വഹണമെന്ന നിലയ്ക് ഗുഹാചിത്രങ്ങളെക്കുറിച്ച് നമുക്കറിയാവുന്നതെല്ലാം അബദ്ധമാണ്‌. മനുഷ്യവർഗ ആത്മാരാധനയുടെ നാള്‍വിവരവരപ്പുകളാണവ ("ഞാനാണ് ഈ ജന്തുവെ കൊന്നത്!") ഒരു പരിധിയോളം പുതിയ തലമുറയ്ക്കുള്ള വിദ്യാഭ്യാസ ഉരുപ്പടികൾ (ജന്തു രൂപ/സ്വഭാവ നിരീക്ഷണം; ഉചിത മൃഗയാ തന്ത്രം, ആയുധം). നൂറോളം ഗുഹാചിത്രങ്ങളുടെ സ്ഥിതിവിവരപരമായ താരതമ്യത്തിന്നിടയിൽ ഞാൻ ഒറ്റയ്ക്കും കൂട്ടമായും വേട്ടയിൽ ഏർപ്പെട്ടവരെ കണ്ടു, ഇറച്ചിയാകാൻ കുറിക്കപ്പെട്ട മൃഗങ്ങളെ കണ്ടു, മുറിവേറ്റോ മരിച്ചോ നിലം പതിച്ച ചില ആളുകളെയും കണ്ടു. പക്ഷേ, ആഹാരമാകാത്തൊരു ജന്തു, അല്ലെങ്കിൽ ഭൂദൃശ്യത്തിൻ്റെ ഘടകം മാത്രമായൊരു ജന്തു ഇവിടെയുണ്ടോ? ഒരു പക്ഷി, തുമ്പി, ഉറുമ്പ്, തേള്? ഇല്ല. കലാകാരന്മാരുമായി ഗുഹ പങ്കിട്ടിരിക്കാവുന്നൊരു വവ്വാൽ പോലുമില്ല!"

വിഷയത്തിൽ വിസ്തൃതമായ അറിവുള്ള ഗെറിറ്റ് ഡസൽഡോർപ്പാണ് ആദ്യം എൻ്റെ കുറിപ്പിനോട് പ്രതികരിച്ചത്: "ആദ്യ  നോട്ടത്തിൽ വളരെ ആകര്‍ഷകമെങ്കിലും, നിങ്ങളുടെ അനുമാനം ഒത്തു വരില്ല. ഗുഹാചിത്രങ്ങളിലേയും, പുറത്തെ പല അസ്ഥിശേഖരങ്ങളിലേയും  മൃഗങ്ങളുടെ പ്രതിനിധാനം വ്യത്യസ്തമാണ്." / "നന്ദി, ഗെറിറ്റ്, ഞാൻ തിരുത്തപ്പെട്ട് നിൽക്കുന്നു."

എഴുതുമ്പോൾ (ഒരു ഖണ്ഡികയ്ക്ക് മുകളിൽ) ആകസ്മികമായി കടന്നു വന്ന വവ്വാലിൻ്റെ ബിംബം സാധാരണ നിലയ്ക്ക്, ഉടനടി, നേരിട്ട്, അത്ഭുതകരമായൊരു ബന്ധത്തിൽ എന്നെ എത്തിക്കേണ്ടതായിരുന്നു; എത്തിച്ചില്ല. പക്ഷേ, ഞാൻ എന്തോ വിട്ടു പോയിട്ടുണ്ടെന്ന് അത് സൂചിപ്പിച്ചു. വിട്ടു പോയ ധാര ഇപ്പോൾ എനിക്ക് പിടിച്ചെടുക്കാം.

 വവ്വാൽ > മാറ്റൊലി > സ്റ്റീവൻ വാലർ. പ്രാക്തന കലാരൂപങ്ങൾ കണ്ടെത്തപ്പെട്ട എല്ലാ ഗുഹകളും സന്ദർശിച്ച ശബ്ദശാസ്ത്ര വിദഗ്ദ്ധനായ വാലർ ശ്രദ്ധിച്ചത് മറ്റുള്ളവരുടെ അന്വേഷണങ്ങളുടെ പരിധിയിൽപ്പോലും ഇല്ലാതിരുന്നൊരു അപ്രതീക്ഷിത ഭൗതിക വ്യതിയാനമാണ്. ഈ ഗുഹകളും, ഇവയുടെ പരിസരങ്ങളും മാറ്റൊലികളിൽ സമൃദ്ധമാണ്! ഈ ഗുഹകളിലെ ചിത്രരചയിതാക്കൾ വവ്വാലുകൾ ചെയ്യുന്നതു പോലെ തികച്ചും സവിശേഷമായൊരു അവബോധത്തിലായിരിക്കണം മാറ്റൊലികളോട്  പ്രതികരിച്ചിരുന്നത് (വാലർ വവ്വാലുകളെക്കുറിച്ച് പറഞ്ഞിട്ടില്ല; ഉപമ എന്റേത്).

ഇന്നും കുട്ടികളിൽ ആദ്യാനുഭവത്തിലെങ്കിലും കൗതുകം ഉണർത്തുന്നൊരു പ്രതിഭാസം പ്രാകൃത മനസ്സുകളിൽ ആശ്ചര്യവും ഭയവും വിഭ്രമവും ആയിരുന്നിരിക്കണം. മാറ്റൊലികളുടെ കേൾവിയിലൂടെ ആവാഹനം ചെയ്യപ്പെട്ട ദൃശ്യങ്ങളാണ് ഗുഹകളിലെ ചുവർരൂപങ്ങൾ. കൊട്ടുവാദ്യങ്ങളുടെ ശബ്ദം (കയ്യടി പോലെ) മാറ്റൊലികളിൽ കുളമ്പടികളാകുന്നു. കുളമ്പുകളുള്ള മൃഗങ്ങൾ (കാളകളുടെയും കുതിരകളുടെയും ആദിരൂപങ്ങൾ) ഗുഹാചിത്രങ്ങളിൽ മിക്കവാറുമൊരു സ്ഥിര പ്രത്യക്ഷതയാണെന്നോർക്കുക. ശിലകൾ പോലുള്ള ഉപരിതലങ്ങളിൽനിന്ന് ഒച്ചകൾ ആവിർഭവിക്കുന്നു!.

ഏകദേശം പതിമൂന്നു വർഷം മുൻപാണ് ഞാൻ വാലറുടെ ദർശനത്തെക്കുറിച്ച് ആദ്യം എഴുതിയത്. പിന്നീട്, ശബ്ദശാസ്ത്രത്തിൻ്റെ ദൃഢഭൂമികളിൽ ഉറച്ചു നിന്ന് മാന്ത്രിക പ്രതീതികളുള്ള അന്തരീക്ഷങ്ങൾ പിടിച്ചെടുക്കുന്ന ഈ അസാധാരണ വ്യക്തിയെ  പിന്തുടരുകയായിരുന്നു ഞാൻ. സാങ്കേതികമായി അനുഭവജ്ഞനായ ഈ ആധുനിക താന്ത്രികൻ (ഷാമൻ), പറഞ്ഞു, പൗരാണിക സങ്കല്പങ്ങളിൽ മാറ്റൊലികൾ ചേതനകളായിരുന്നു, ഉണ്മകളും പൊരുളുകളും ആയിരുന്നു. പാറകൾക്കുളളിൽ ബന്ദികളായ മാറ്റൊലികളെക്കുറിച്ചുള്ള സങ്കല്പവും ആ അവസ്ഥയെക്കുറിച്ചുള്ള പ്രാകൃത ഭയവും വാലർ വിവരിക്കുമ്പോൾ, ഗുഹാചിത്രങ്ങളെക്കുറിച്ചുള്ള എല്ലാ ധാരണകളെയും താറുമാറാക്കിക്കൊണ്ട് അനുഷ്‌ഠാനങ്ങളുടെ ആവശ്യം അതേ ചുവരിൽ തട്ടിവിളിക്കുന്നു.

(തുടരും)

അപ്ഡേറ്റ്:
ഒരേ അക്ഷരം രണ്ടു രൂപങ്ങളിൽ

[കുറിപ്പ്: ഏപ്രിൽ 13 ലക്കത്തിൽ, നിറങ്ങൾ നമുക്കെങ്ങനെ അനുഭവപ്പെടുന്നുവെന്ന് നാം കണ്ടു. അതിനു സമാന്തരമായി ആകൃതികൾ (ഉദാഹരണത്തിന് ഒരേയൊരു അക്ഷരം) നമുക്കെങ്ങനെ അനുഭവപ്പെടുന്നുവെന്ന് ഈ ആഴ്ച കാണാം.]

കുട്ടിക്കാലത്ത് കട്ടുറുമ്പുക്കൂട്ടങ്ങളുടെ ഗതാഗതം ഒരു തരം വാചകമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒരു വാചകത്തിൽ വാക്കുകളുടെയും അക്ഷരങ്ങളുടെയും സ്ഥാനം പോലെ, കൂട്ടത്തിൽ ഓരോ ഓരോ ഉറുമ്പിൻ്റെയും ആപേക്ഷിക സ്ഥാനം വളരെ സൂചകമാണെന്നും തോന്നിയുട്ടുണ്ട്. ആംഗല അക്ഷരമാല പഠിക്കാൻ തുടങ്ങിയപ്പോൾ, ഞാൻ ശരിക്കുമൊരു ഉറുമ്പിനെ കണ്ടു: "g" (ഇതിൻ്റെ മറ്റേ സ്പർശിനിയെവിടെ!)

കീഴ്നിര (lowercase) അക്ഷരങ്ങളിൽ ആംഗലത്തിലെ "G" വിചിത്രമാം വിധം രണ്ട് വ്യത്യസ്ത ആകൃതികളിൽ പ്രത്യക്ഷപ്പെടുന്നു. ഓപ്പൻടെയ്ൽ "g", അഥവാ ഒരുനിലയുള്ള "g", ഇന്ന് സാർവത്രികം -- അച്ചടിയിലും വെബ്‌സൈറ്റുകളിലും. പക്ഷേ, ടൈംസ് ന്യൂ റോമൻ, കലീബ്രീ എന്നീ ഫോണ്ടുകളിൾ കാണാവുന്നത് ലൂപ്പ്ടെയ്ൽ  "g", അഥവാ ഇരുനില "g" (എന്റെ ഉറുമ്പ്!). ആംഗലം പഠിക്കാൻ തുടങ്ങിയ കാലം തൊട്ട് ഇന്നേ വരെ പല ലക്ഷം പ്രാവശ്യം നാം ഈ അക്ഷരം വായിച്ചിട്ടിട്ടുണ്ട്. പ്രസൻറ് കണ്ടിന്യൂവസ് ടെൻസ് എന്ന വകുപ്പിലെ ക്രിയാപദങ്ങൾ മുഴുവൻ "ing" എന്നവസാനിക്കയാൽ പ്രത്യേകിച്ചും.

നിരന്തര പരിചയത്തിൽ എന്തിൻ്റെയും ആകൃതി നമ്മുക്ക് ഹൃദിസ്ഥമാകുമെന്ന് നാം വിശ്വസിക്കുന്നു. പക്ഷേ, ജോൺ ഹോപ്‌കിൻസ്‌ സർവകലാശാലയിൽ നടന്നൊരു പരിശോധന ഈ ധാരണയെ ചോദ്യം ചെയ്യുന്നു. കയ്യെഴുത്തിൽ ബഹു ഭൂരിപക്ഷം ആളുകളും ഉപയോഗിക്കുന്നത് ഒരുനില "g". അതിൻ്റെ ലൂപ്പ്ടെയ്ൽ മാതൃക എന്തെന്ന് മിക്കവാറും ഒരാൾക്കും അറിയില്ല.


അല്പം അങ്ങോട്ടും ഇങ്ങോട്ടും കറക്കിയെടുത്താൽ ലൂപ്പ്ടെയ്ൽ മാതൃകയുടെ നാല് വ്യത്യസ്ത രൂപങ്ങൾ കിട്ടും (ചിത്രം കാണുക). ഇവയിൽ ഏതാണ് ശരിക്കും ലൂപ്പ്ടെയിലിനെ കുറിക്കുന്നതെന്ന് ജോൺ ഹോപ്‌കിൻസിലെ പരീക്ഷണത്തിൽ ഭൂരിപരിപക്ഷം പേർക്കും അറിയില്ലായിരുന്നു! ഗവേഷകരിലൊരാൾ അമ്പരപ്പോടെ ചോദിച്ചു: "എന്താണ് സംഭവിക്കുന്നത്?" പ്രത്യക്ഷത്തിൽ ഒരുത്തരമുണ്ട്: ലൂപ്പ്ടെയ്ൽ നാം എഴുതാറില്ല; നാം എഴുതാത്തതെന്തോ അത് ക്രമേണ വിസ്മൃതിയിലാകുന്നു. ഇലട്രോണിക ഉപാധികളോടുള്ള വിധേയത്വത്തിൽ, കയ്യെഴുത്തിൻ്റെ അപചയത്തിൽ, ഭാഷയും മസ്തിഷ്കവും തമ്മിലുള്ള ബന്ധത്തിൻ്റെ പരിണാമം എന്തായിരിക്കുമെന്നത് തൽക്കാലം അപ്രവചനീയം.

ഒരു വിശദാംശം ഞാൻ ശ്രദ്ധിക്കുന്നു. ലൂപ്പ്ടെയ്ൽ ശരിയായി എഴുതാൻ കഴിയാത്തവർ പോലും വായനക്കിടയിൽ "ഇതെന്ത്!" എന്നോർത്ത് അന്തിച്ചു നിൽക്കാറില്ല. വളരെ അനായാസമായി ആ അക്ഷരമുള്ള വാക്കുകൾ അവർ വായിച്ചു മനസ്സിലാക്കുന്നു. ഇതെങ്ങനെ സംഭവിക്കുന്നു?

ഒരു പക്ഷേ(കഴിഞ്ഞ ആഴ്‌ചയിലെ കുറിപ്പിൽ നാം കണ്ടതു പോലെ), ചുവപ്പിൻ്റെ എല്ലാ ഛായാ ഭേദങ്ങൾക്കുമായി "ചുവപ്പ്" എന്ന ലേബൽ മതിയെങ്കിൽ, ഏതു ഭാഗത്തുനിന്ന് നോക്കിയാലും തിരിച്ചറിയും വിധം വളവുപുളവുകള്ളൊരു അക്ഷരത്തിന്റെ ഏകദേശ രൂപം മതിയാകാം മസ്തിഷ്ക്കത്തിന് ലൂപ്പ്ടെയ്ൽ "g"  പിടിച്ചെടുക്കാൻ! ചിത്രത്തിലെ നാല് വരഭേദങ്ങൾ ആശയക്കുഴപ്പം ഉണ്ടാക്കുന്നത് പോലും അവയുടെ സദൃശത കാരണമല്ലേ!


Login | Register

To post comments for this article